അന്ന് മുറിക്കുള്ളിൽ ഉറങ്ങാതെ ഇരുന്നു; മോശം അനുഭവം തുറന്നു പറയാൻ പോലും ആരുമില്ലാത്ത അവസ്ഥയുണ്ടായി
ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ ഉയർന്നു വരുന്ന ആരോപണങ്ങൾ മലയാള സിനിമയെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്നതായി. നിരവധി പ്രമുഖരുടെ പേരുകൾ ഉയർന്നു പൊങ്ങി. പലരും പല രീതിയിലാണ് ആരോപണ വിധേയരാവുന്നത്. അങ്ങനെയാണ് സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പടുത്തൽ പുറത്ത് വന്നത്.
എന്നാൽ രഞ്ജിത്ത് ചെയർമാൻ സ്ഥാനത്തു നിന്ന് രാജി വെച്ചതിൽ തനിക്ക് സന്തോഷമില്ലെന്നും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കണമെന്ന് താത്പര്യമില്ലെന്നും ശ്രീലേഖ പറഞ്ഞു. അദ്ദേഹം ഒരു ക്രിമിനൽ അല്ല, പക്ഷേ ഇത്തരം പെരുമാറ്റത്തെ ഞാൻ സപ്പോർട്ട് ചെയ്യില്ല. ശ്രീലേഖ കൂട്ടിച്ചേർത്തു. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമാണ് രഞ്ജിത്ത്. അദ്ദേഹത്തിനെതിരെ ആരോപണം ഉയർന്നതോടെ മന്ത്രി സജി ചെറിയാൻ ഉൾപ്പെടെ പലരും രഞ്ജിത്തിനു വേണ്ടി സംസാരിച്ചിരുന്നു.

എന്നാൽ ആരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു സിദ്ധിഖിനു പിന്നാലെ രഞ്ജിത്തും രാജി വെച്ചത്. ഇത് സര്‍ക്കാരിനെതിരായ സംഘടിത ആക്രമണമെന്ന് രഞ്ജിത്ത് പ്രതികരിച്ചു. സത്യം ഒരുനാള്‍ പുറത്തുവരും. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും രഞ്ജിത്ത് പറഞ്ഞു. നടി ശ്രീലേഖയുടെ ആരോപണങ്ങൾ വ്യക്തമായിരുന്നു. ഹേമ കമ്മിറ്റിയുടെ പശ്ചാത്തലത്തിലാണ് താൻ നേരിട്ട പ്രശ്നം തുറന്ന് പറയാൻ നടി തയ്യാായത്. മാത്രമല്ല മറ്റു താരങ്ങളെ പോലെ ആ വ്യക്തിയുടെ പേര് പറയാൻ ശ്രീലേഖ മടിച്ചിരുന്നില്ല.
പാലേരി മാണിക്യം സിനിമയിലേക്കായിരുന്നു താരത്തെ അഭിനയിക്കാൻ ക്ഷണിച്ചത്. എന്നാൽ സംവിധായകന്റെ മോശം പ്രവൃത്തി മൂലം താൻ ആ സിനിമ ഉപേക്ഷിക്കുകയായിരുന്നെന്നും നടി പറഞ്ഞു. രാത്രി ഉറക്കമില്ലാതെ മുറിക്കുള്ളിൽ പരിഭ്രമിച്ച് ഇരുന്നിട്ടുണ്ട്. ഒരുപക്ഷേ ഒരു കൂട്ടം ആളുകൾ തന്റെ റൂം ആക്രമിച്ച് ഉള്ളിൽ കയറുമോ എന്ന ഭയം ശ്രീലേഖയുടെ മനസിൽ ഉണ്ടായിരുന്നു. അതിനാൽ ആ ദിവസം രാത്രി ഉറങ്ങിയിരുന്നില്ലെന്നും നടി കൂട്ടിച്ചേർത്തു.
സിനിമയിൽ നിരവധി പേർക്ക് ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ട്. മലയാള സിനിമയിൽ മാത്രമല്ല ബംഗാളി, ബോളിവുഡ് തുടങ്ങി എല്ലായിടത്തുമുണ്ട്. ഞാൻ മനുഷ്യർക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. സ്ത്രീകൾ സ്വന്തം ശക്തി തിരിച്ചറിയണമെന്ന് ശ്രീലേഖ മിത്ര പറഞ്ഞു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെ എന്ന സിനിമയിൽ ചെറിയൊരു വേഷം അഭിനയിച്ചു കൊണ്ടാണ് മലയാള സിനിമയിലേക്ക് ബംഗാളി സുന്ദരിയായ ശ്രീലേഖ മിത്ര എത്തിയത്.
രണ്ടാമത് 2009-10 കാലഘട്ടത്തിലാണ് രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയിലേക്കുള്ള അവസരം ലഭിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ഒരവസരം ലഭിക്കുന്നത് ഒരു അഭിനേത്രിയെ സംബന്ധിച്ച് വലിയൊരു അംഗീകാരമാണ്. ആ പ്രതീക്ഷയിലാണ് ഈ ചിത്രത്തിലേക്ക് ശ്രീലേഖ എത്തുന്നത്. എന്നാൽ നേരിട്ട ദുരനുഭവം വല്ലാത്ത ഞെട്ടലായിരുന്നു. പേടിച്ച് വിറച്ച് മുറിയിൽ ഇരുന്നപ്പോൾ ആരും സഹായിക്കാൻ ഉണ്ടായിരുന്നില്ല. ഭർത്താവുമായി ആ സമയത്ത് നല്ല ബന്ധത്തിലായിരുന്നില്ല. മറ്റാരെയും ആശ്രയിക്കാനും സാധിച്ചിരുന്നില്ല.

രഞ്ജിത്തിനെ സംബന്ധിച്ച കാര്യം ആദ്യം പരാതിപ്പെട്ടത് ഡോക്യുമെൻ്ററി സംവിധായകൻ ജോഷി ജോസഫിനോടാണ്. എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി പറയുന്നു. സംവിധായകന്റെ ആവശ്യത്തിനെ എതിർത്തതിനാൽ ശ്രീലേഖക്ക് പിന്നീട് മലയാളത്തിൽ നിന്ന് അവസരങ്ങളൊന്നും ലഭിച്ചില്ല.
എന്നെപ്പോലെ മറ്റു നടിമാർക്കും ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. അവർക്ക് അത് തുറന്നു പറയാൻ സാധിക്കുമെങ്കിൽ പറയട്ടെ. ചിലപ്പോൾ ആ സംവിധായകന്റെ സ്വാധീനം മൂലമാവാം പലരും മിണ്ടാതിരിക്കുന്നതെന്നും ശ്രീലേഖ പറയുന്നുണ്ട്. ബംഗാളി സിനിമാ മേഖലയിൽ തനിക്ക് ഇതുപോലുള്ള അനുഭവങ്ങൾ ഇതുവരെ നേരിട്ടിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











