ആദ്യ ചിത്രം മമ്മൂട്ടിയെ നായകനാക്കി, മുടക്കിയ പണം പോലും കിട്ടിയില്ല; പരാജയത്തിന്റെ കാരണം പറഞ്ഞ് നിര്‍മ്മാതാവ്
മമ്മൂട്ടിയെ നായകനാക്കി ഫാസില്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു പൂവിന് പുതിയ പൂന്തെന്നല്‍. മമ്മൂട്ടിക്കൊപ്പം നദിയ മൊയ്തു, സുരേഷ് ഗോപി, സുജിത എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം. ആനന്ദകുട്ടനായിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം. ഫാസില്‍ തന്നെ തിരക്കഥയെഴുതിയ ചിത്രം തീയേറ്ററില്‍ പരാജയമായിരുന്നു. എന്നാല്‍ പിന്നീട് സിനിമാപ്രേമികള്‍ സിനിമ ഏറ്റെടുത്തു.
ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയത്തിന് പിന്നിലെ കാരണം എന്താണെന്ന് വിശദീകരിക്കുകയാണ് നിര്‍മ്മതാവായ സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍. അദ്ദേഹത്തിന്റെ ആദ്യ സിനിമയായിരുന്നു പൂവിന് പുതിയ പൂന്തെന്നല്‍. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ സിനിമയായിരുന്നിട്ടും ചിത്രം വിജയിച്ചില്ല. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തെ കുറിച്ച് മനസ് തുറക്കുകയാണ് സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍.

1986 സെപ്തംബറിലാണ് പൂവിന് പുതിയ പൂന്തെന്നല്‍ റിലീസ് ചെയ്യുന്നത്. ഓണസമയത്തായിരുന്നു റിലീസ്. അന്ന് എന്റെ സിനിമയടക്കം ആറ് സിനിമകളാണ് ഒരാഴ്ച തന്നെ മമ്മൂട്ടിയുടേത് തന്നെയായി റിലീസ് ചെയ്യുന്നത്. ഇതില്‍ ആവനാഴി ഹിറ്റായി. ബാക്കി അഞ്ച് ചിത്രങ്ങളും ആവറേജായിരുന്നു. ഒരുപക്ഷെ അതാകാം ചിത്രം പരാജയപ്പെടാനൊരു കാരണമായതെന്നും തോന്നുന്നു.
ഫാസിലായിരുന്നു സംവിധായകന്‍. ആ സിനിമയുടെ തൊട്ട് മുമ്പത്തെ സിനിമയിലാണ് സിദ്ധീഖും ലാലും ബാബു ഷാഹിറുമൊക്കെ അദ്ദേഹത്തിന്റെ അസിസ്റ്റന്റ്‌സ് ആകുന്നത്. ഞാന്‍ നിര്‍മ്മാതാവ് ആണെങ്കിലും അവര്‍ക്കൊപ്പം തന്നെയായിരുന്നു. അവരുടെ മുറിയില്‍ താമസിച്ചു. അവര്‍ക്കൊപ്പം സഞ്ചരിക്കും. ചിത്രത്തെ കുറിച്ച് സംസാരിക്കാന്‍ അവരെ വിളിക്കുമ്പോള്‍ ഫാസില്‍ സര്‍ എന്നേയും വിളിക്കുമായിരുന്നു. എല്ലാകാര്യത്തിലും എന്റെ അഭിപ്രായവും ചോദിക്കുമായിരുന്നു.
ആ സിനിമയുടെ ക്ലൈമാക്‌സ് മമ്മൂട്ടി മരിക്കുന്നതാണ്. അത് ജനങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയാതെ വന്നതാകാം പരാജയകാരണമെന്നും അദ്ദേഹം പറയുന്നു. പിന്നീട് ഈ സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ സത്യരാജ് ആയിരുന്നു നായകന്‍. തമിഴില്‍ സൂപ്പര്‍ഹിറ്റായിരുന്നു ചിത്രം. യാതൊരു മാറ്റവുമില്ലായിരുന്നു ചിത്രത്തില്‍. രഘുവരന്‍ വരുന്നത് പൂഴിവാസല്‍ എന്ന ആ റീമേക്കിലായിരുന്നു.
Recommended Video
അതായിരിക്കാം എന്നത് ഇന്നത്തെ ചിന്തയാണ്. സിനിമയുടെ ക്ലൈമാക്‌സ് മാറ്റാന്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. പക്ഷെ അതാണ് അന്ന് ശരിയായി തോന്നിയത്. അന്നത്തെ ശീലമാണ് പിന്നീട് ചെയ്ത സിനിമകളുടെ കഥകളെ ശ്രദ്ധിക്കാനുള്ള ശീലത്തിലേക്ക് എത്തിക്കുന്നതെന്നും അപ്പച്ചന്‍ പറയുന്നു.


Click it and Unblock the Notifications











