പ്രചരിക്കുന്നത് പഴയ ഫോട്ടോ; ജഗതിയുടെ ആ ചിത്രം സിബിഐ അഞ്ചിലേതല്ല!
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ 5. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് സീരിസുകളിലൊന്നാണ് സിബിഐ. മുന്‍സിനിമകളെല്ലാം വന്‍ വിജയമായി മാറുകയും മമ്മൂട്ടി അവതരിപ്പിച്ച സേതുരാമയ്യര്‍ സിബിഐ മലയാള സിനിമയിലെ തന്നെ ഐക്കോണിക് കഥാപാത്രങ്ങളിലൊന്നായി മാറുകയും ചെയ്തു. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം കേസന്വേഷിക്കാന്‍ സിബിഐ വീണ്ടും വരുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകളും വാനോളമാണ്. അതേസമയം ആരാധകര്‍ക്ക് ആവേശം പകരുന്ന മറ്റൊരു വാര്‍ത്ത കൂടിയുണ്ട്. മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ആയ ജഗതി ശ്രീകുമാര്‍ വീണ്ടും സ്‌ക്രീനില്‍ എത്തുന്നു എന്നതാണ് ആ സന്തോഷം.
സിബിഐ അഞ്ചാം ഭാഗത്തിലൂടെ ജഗതി തിരിച്ചുവരുന്നുവെന്ന് അറിഞ്ഞത് മുതല്‍ ആരാധകര്‍ ആവേശത്തിലാണ്. ഇതിനിടെയാണ് ഇന്ന് ജഗതിയുടെ സിബിഐ അഞ്ചാം ഭാഗത്തിന്റെ സെറ്റില്‍ നിന്നുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ ആരംഭിച്ചത്. നടന്‍ ജഗതി സിബിഐ അഞ്ചാം ഭാഗത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തുവെന്ന കുറിപ്പോടെ ജഗതിയുടെ മുഖത്ത് മേക്കപ്പിടുന്ന ചിത്രമായിരുന്നു പ്രചരിച്ചത്. ഈ ചിത്രം നടന്‍ അജു വര്‍ഗ്ഗീസ് അടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. പിന്നാലെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി, നടി ശ്വേത മേനോന്‍ തുടങ്ങിയവരും ഈ ചിത്രം പങ്കുവച്ചു കൊണ്ട് രംഗത്ത് എത്തുകയുണ്ടായി.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഈ ചിത്രങ്ങള്‍ സിബിഐ അഞ്ചാം ഭാഗത്തിന്റെ സെറ്റില്‍ നിന്നുമുള്ളതല്ല എന്നാണ്. കഴിഞ്ഞ വര്‍ഷം ജഗതി അഭിനയിച്ചൊരു പരസ്യത്തില്‍ നിന്നുമുള്ളതാണ് ഈ ചിത്രമെന്നാണ് അറിയാന്‍ സാധിക്കുന്നത്. സിബിഐ 5ലെ ജഗതിയുടെ ഭാഗങ്ങള്‍ ഇതുവരേയും ചിത്രീകരിച്ചിട്ടില്ലെന്നാണ് അറിയാന്‍ സാധിക്കുന്നത്. സിബിഐ അഞ്ചാം ഭാഗത്തോട് അടുത്ത വൃത്തങ്ങളുടെ വാക്കുകളെ അടിസ്ഥാനമാക്കി മനോരമയാണ് ചിത്രം വ്യാജമാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആരാധകരുടെ ആവേശത്തേയും നിഷ്‌കളങ്കതയേയും ചില വിരുതന്മാര്‍ മുതലെടുക്കുകയായിരുന്നുവെന്നു വേണം ഇതോടെ വിലയിരുത്താന്‍.
സിബിഐ പരമ്പരയില്‍ ജഗതി അവതരിപ്പിച്ച വിക്രം എന്ന കഥാപാത്രം ഏറെ ഹിറ്റായി മാറിയ ഒന്നായിരുന്നു. വേഷം മാറി കേസ് അന്വേഷിക്കുന്ന വിക്രം സേതുരാമയ്യരുടെ ഇഷ്ട അസിസ്റ്റന്റുമാരില്‍ ഒരാളാണ്. പരമ്പരയുടെ തുടക്കം മുതല്‍ തന്നെ ജഗതി കൂടെ തന്നെയുണ്ട്. എന്നാല്‍ 2012 ല്‍ ഉണ്ടായ വാഹനാപകടം ജഗതി എന്ന പ്രതിഭയെ മലയാള സിനിമയില്‍ നിന്നും അകറ്റി നിര്‍ത്തുകയായിരുന്നു. പക്ഷെ സിബിഐയുടെ അഞ്ചാം ഭാഗം എത്തുമ്പോള്‍ അതില്‍ ജഗതി ഉണ്ടാകണമെന്നത് മമ്മൂട്ടിയുടെ നിര്‍ബന്ധമായിരുന്നു. ഇതോടെയാണ് അഞ്ചാം ഭാഗത്തില്‍ ജഗതി അഭിനയിക്കുമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്.
എന്നാല്‍ നിലവിലെ ആരോഗ്യസ്ഥിതി കാരണം ജഗതിയ്ക്ക് യാത്ര ചെയ്യാനോ സെറ്റിലേക്ക് എത്താനോ സാധിക്കില്ല. അതിനാല്‍ ജഗതിയുള്ള രംഗം അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചു തന്നെ ചിത്രീകരിക്കാനാണ് ആലോചിക്കുന്നതെന്നാണ് വിവരം. തിരുവനന്തപുരത്താണ് ജഗതിയുടെ വീട്. മുഴുനീള വേഷമായിരിക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്തായാലും ജഗതിയെ വീണ്ടും സ്‌ക്രീനില്‍ കാണാന്‍ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.
Recommended Video
അതേസമയം വന്‍ താരനിര തന്നെ അണിനിരക്കുന്ന സിനിമയാണ് സിബിഐ അഞ്ചാം ഭാഗം. മമ്മൂട്ടിക്കൊപ്പം മുകേഷ്, രണ്‍ജി പണിക്കര്‍, ആശാ ശരത്ത്, രമേശ് പിഷാരടി, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാന കഥാപാതങ്ങലെ അവതരിപ്പിക്കുന്നു. സ്വര്‍ഗ്ഗ ചിത്ര അപ്പച്ചനാണ് സിനിമയുടെ നിര്‍മ്മാണം. നീണ്ടൊരു ഇടവേളയ്ക്ക് ശേഷമാണ് അപ്പച്ചന്‍ നിര്‍മ്മാണത്തിലേക്ക് തിരികെ എത്തുന്നത്. വേഷം ആയിരുന്നു അവസാനം നിര്‍മ്മിച്ച ചിത്രം. എസ്എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്യുന്ന സിനിമയുടെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ് ആണ്. ഇത്തവണ സംഗീത സംവിധാനം ജേക്‌സ് ബിജോയ് ആണ്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു വരികയാണ്.


Click it and Unblock the Notifications











