കളിയാക്കിയവര്‍ പോലും കയ്യടിക്കും! ട്രെയ്‌ലറിലും ത്രീഡി മാജിക്കുമായി ബറോസ് വരുന്നു
കാത്തിരിപ്പിന് വിരാമമാകുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി മലയാളികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ബറോസ് ത്രീ ഡി തീയേറ്ററിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നേരത്തെ സൂര്യയുടെ കങ്കുവയുടെ റിലീസിനൊപ്പം തീയേറ്ററില്‍ ബറോസിന്റെ ട്രെയ്‌ലറും റിലീസ് ചെയ്തിരുന്നു. വലിയ ആവേശത്തോടെയാണ് ആരാധകര്‍ ട്രെയ്‌ലറിനെ വരവേറ്റത്.
അഞ്ച് വര്‍ഷമായുള്ള കാത്തിരിപ്പിനാണ് ഈ ക്രിസ്തുമസിന് അവസാനമാവുക. ത്രീഡി സിനിമയായ ബറോസിന്റെ റിലീസ് ഡിസംബര്‍ 25 നാണ്. മലയാള സിനിമ ഇതുവരെ കാണാത്തെ ദൃശ്യമിഴിവോടെയാണ് ബറോസ് വരുന്നതെന്നാണ് ട്രെയ്‌ലര്‍ വ്യക്തമാക്കുന്നത്. അതിലും ഉപരിയായി മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ബറോസിനുണ്ട്.

മോഹന്‍ലാലിന്റെ ഇതുവരെ കാണാത്ത ലുക്ക് നേരത്തെ തന്നെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരുന്നു. വെര്‍ച്വല്‍ ത്രീഡിയായാണ് ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഫ്രെയിം ബ്രേക്ക് ചെയ്തുള്ള ട്രെയ്‌ലര്‍ ത്രീ കണ്ണടയില്ലാതെ തന്നെ ത്രീഡി എഫക്ട് നല്‍കുന്നതാണ്. വരാനിരിക്കുന്ന കാഴ്ച വിസ്മയത്തിന്റെ സൂചന നല്‍കുന്നതാണ് ട്രെയ്‌ലര്‍ എന്ന് വ്യക്തം. ചിത്രത്തില്‍ നിധി കാക്കുന്ന ഭൂതമായാണ് മോഹന്‍ലാല്‍ എത്തുന്നത്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ചിത്രമായിരിക്കും ബറോസ് എന്നാണ് കരുതപ്പെടുന്നത്.
ഡി ഗാമയുടെ നിധി കാക്കുന്ന ഭൂതമായ ബറോസ് ആയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ഒരുക്കിയ ജിജോയുടെ കഥയാണ് മോഹന്‍ലാല്‍ സിനിമയാക്കിയിരിക്കുന്നത്. മോഹന്‍ശര്‍മ, തുഹിന്‍ മേനോന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മായാ, സീസര്‍ ലോറന്റെ തുടങ്ങിയ വിദേശ താരങ്ങളും ചിത്രത്തില്‍ അഭിനിയിച്ചിട്ടുണ്ട്. ബറോസും ഒരു കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് സിനിമ പറയുന്നത്. ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

'ലാലേട്ടന്റെ നടന്‍ ആയുള്ള തുടക്കവും സംവിധായകന്‍ ആയുള്ള തുടക്കവും ഒരേ ദിവസം. വന്‍ വിജയം ആവട്ടെ ലാലേട്ട, ലാലേട്ടന്റെ ഇത്രയും നാളത്തെ കഷ്ടപാടിന് അര്‍ഹിച്ച വിജയം തന്നെ കിട്ടണെ എന്ന പ്രാര്‍ത്ഥന മാത്രം, ഒരു മമ്മൂക്ക ഫാന്‍ ആയി തന്നെ പറയട്ടെ പടം നല്ലതോ ചീത്തയോ ആയിരുന്നാലും മോഹന്‍ലാല്‍ എന്ന നടന്റെ ജീവിതത്തിന്റെ ഒരു പക്ഷെ ഏറ്റവും വലിയ ഒരു പ്രതീക്ഷ ആയിരിക്കും ഈ സിനിമ.. കൂടെ ഉണ്ടാവും ലാലേട്ടാ ഞങ്ങളും..എല്ലാവിധ ഭാവുകങ്ങളും സിനിമ ഗംഭീര വിജയമായി തീരട്ടെ, കളിയാക്കിയവരെ കൊണ്ട് മാറ്റിപറയിപ്പിക്കുന്ന തരത്തില്‍ ഉള്ള ഒരു ചിത്രമായി മാറട്ടെ' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.


Click it and Unblock the Notifications