വിജയ് സേതുപതിയും നിത്യാ മേനോനും തൊടുപുഴയില്‍, വൈറലായി ലൊക്കേഷന്‍ ചിത്രങ്ങള്‍
മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി മുഖ്യവേഷത്തില്‍ എത്തുന്ന പുതിയ മലയാള ചിത്രം 19 (1) (a) തൊടുപുഴയില്‍ ആരംഭിച്ചു. മാര്‍ക്കോണി മത്തായി എന്ന സിനിമയ്ക്ക് ശേഷമാണ് നടന്‍ വീണ്ടും മോളിവുഡില്‍ എത്തുന്നത്. നവാഗതയായ ഇന്ദു വിഎസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സേതുപതിക്കൊപ്പം നിത്യാ മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചിരിക്കുന്നത്.

സോഷ്യല്‍ പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍പ്പെട്ട സിനിമയാണ് വിജയ് സേതുപതിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. നായകന്‍, നായിക എന്നുളള സാമ്പ്രദായിക സിനിമാ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറി, കുറച്ചു കഥാപാത്രങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന ചിത്രം കൂടിയാണിത്. ഗോവിന്ദ് വസന്തയാണ് സിനിമയ്ക്ക് സംഗീതമൊരുക്കുന്നത്. മനീഷ് മാധവന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സലീം അഹമ്മദിനൊപ്പം മുന്‍പ് ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച സംവിധായികയാണ് ഇന്ദു വിഎസ്. അതേസമയം കാ പെ രണസിംഗം ആണ് വിജയ് സേതുപതിയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഒടിടി പ്ലാറ്റ്ഫോം വഴിയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്. ഇതിന് പുറമെ കൈനിറയെ ചിത്രങ്ങള്‍ നടന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ദളപതി വിജയുടെ എറ്റവും പുതിയ ചിത്രമായ മാസ്റ്ററില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത് മക്കള്‍സെവനാണ്. മാസ്റ്റര്‍ റിലീസിങ്ങിനൊരുങ്ങുന്ന വേളയിലാണ് അപ്രതീക്ഷിതമായി ലോക്ഡൗണ്‍ വന്നത്.
മാസ്റ്ററിന് പുറമെ പത്തിലധികം സിനിമകള്‍ വിജയ് സേതുപതിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ആമിര്‍ ഖാന്റെ എറ്റവും പുതിയ ബോളിവുഡ് ചിത്രമായ ലാല്‍സിംഗ് ഛദ്ദയില്‍ വിജയ് സേതുപതിയും അതിഥി വേഷത്തില്‍ എത്തുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം കോളാമ്പി എന്ന ചിത്രത്തിന് ശേഷം നിത്യാ മേനോന്‍ മലയാളത്തിലേക്ക് എത്തുന്ന സിനിമ കൂടിയാണ് 19 (1) (a). മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും അഭിനയിച്ച താരമാണ് നിത്യാ മേനോന്‍.


Click it and Unblock the Notifications