നിങ്ങളുടെ മുഖ്യമന്ത്രിയാണ് സൂപ്പര്‍! മനസു തുറന്ന് വിജയ് സേതുപതി
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പിസ എന്ന ചിത്രത്തിലൂടെ തമിഴകത്ത് ശ്രദ്ധേയനായ താരാണ് വിജയ് സേതുപതി. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയില്‍ വന്ന താരത്തിന് കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രമായിരുന്നു പിസ. മലയാളി നടി രമ്യാ നമ്പീശന്‍ നായികാ വേഷത്തിലെത്തിയ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. സിനിമാ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലുളള വ്യത്യസ്ഥ സിനിമകള്‍ ചെയ്താണ് വിജയ് സേതുപതി തമിഴകത്ത് താരമായി മാറിയത്. മാസ് മസാല സിനിമകള്‍ക്ക് പകരം അഭിനയപ്രാധാന്യമുളള സിനിമകളായിരുന്നു വിജയ് സേതുപതി തന്റെ കരിയറില്‍ കൂടുതലായും ചെയ്തിരുന്നത്.

നളന്‍ കുമാരസ്വാമി സംവിധാനം ചെയ്ത സൂതു കവും എന്ന ചിത്രം വിജയ് സേതുപതിയുടെ കരിയറില്‍ പുറത്തിറങ്ങിയ വ്യത്യസ്ഥ ചിത്രങ്ങളിലൊന്നായിരുന്നു. ബ്ലാക്ക് കോമഡി വിഭാഗത്തില്‍പ്പെട്ട ചിത്രം ഒരു പരീക്ഷണ ചിത്രമായിട്ടാണ് സംവിധായകന്‍ ഒരുക്കിയിരുന്നത്. കൈനിറയെ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ കാര്‍ത്തിക്ക് സുബ്ബരാജിന്റെ രജനി ചിത്രത്തില്‍ വിജയ് സേതുപതി അഭിനയിക്കുന്നുവെന്ന പ്രഖ്യാപനം ഉണ്ടായിരുന്നു. താരത്തിന്റെ ആരാധകരെല്ലാം തന്നെ ആവേശത്തോടെയാണ് ഈ വാര്‍ത്തയെ സമീപിച്ചിരുന്നത്. രജനികാന്ത് ചിത്രത്തിനു പുറമെ തല അജിത്തിന്റെ പുതിയ ചിത്രമായ വിശ്വാസത്തിലും വിജയ് സേതുപതി അഭിനയിക്കുന്നുണ്ട്. സാധാരണക്കാരനെ പോലെ ജീവിക്കുന്നതും സാധാരണക്കാരോട് ഇടപെടുന്ന രീതിയും കൊണ്ടാണ് ആരാധകര്‍ അദ്ദേഹത്തിന് മക്കള്‍ സെല്‍വന്‍ എന്ന പേര് നല്‍കിയിരുന്നത്.
കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന്റ ഉദ്ഘാടനത്തിനായി വിജയ് സേതുപതി കേരളത്തിലെത്തിയിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്ത ചടങ്ങില്‍ അദ്ദേഹത്തെ പ്രശംസിച്ച് വിജയ് സേതുപതി സംസാരിച്ചിരുന്നു. ഇത്രയും ലാളിത്യമുളള മറ്റൊരു മുഖ്യമന്ത്രിയെ താനിതുവരെ കണ്ടിട്ടില്ലെന്നാണ് വിജയ് സേതുപതി ചടങ്ങില്‍ പിണറായിയെ പറ്റി പറഞ്ഞത്. ജാതീയതയ്ക്കെതിരെ അദ്ദേഹം നടത്തുന്ന ശ്രമങ്ങള്‍ സമാനതകളില്ലാത്തതാണെന്നും ചടങ്ങില്‍ താരം അഭിപ്രായപ്പെട്ടു. കേരളത്തില്‍ മികച്ച ഭരണാധികാരികള്‍ ഉളളതു കാരണമാണ് ജാതീയതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അധികമില്ലാത്തതെന്നും ചടങ്ങില്‍ വിജയ് സേതുപതി പറഞ്ഞു. കേരളത്തിലെ ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയായിരുന്നു സ്വകാര്യ ചാനലിന്റെ ഉദ്ഘാടനത്തിനായി വിജയ് സേതുപതി കേരളത്തിലെത്തിയിരുന്നത്.


Click it and Unblock the Notifications











