മോഹന്‍ലാലിനൊപ്പമുള്ള വേഷം കിട്ടി, വേറൊരു നടി തട്ടിയെടുത്തു; കരിയര്‍ മാറ്റേണ്ടിയിരുന്ന വേഷം: ലീല പണിക്കര്‍
മലയാളികളുടെ അഭിമാന താരമാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ എമ്പുരാനിലൂടെ ഒരിക്കല്‍ കൂടി മലയാള സിനിമയുടെ തലവര മാറ്റിയിരിക്കുകയാണ് മോഹന്‍ലാല്‍. ഇത്ര വലിയ താരമായിരിക്കുമ്പോഴും ഓഫ് സ്‌ക്രീനില്‍ സൗമ്യനായിട്ടേ മോഹന്‍ലാലിനെ കണ്ടിട്ടുള്ളൂ. അന്തര്‍മുഖനും നാണം കുണുങ്ങിയുമായ ഈ മനുഷ്യന്‍ തന്നെയാണോ തിരശ്ശീലയ്ക്ക് തീ പടര്‍ത്തിയ പല കഥാപാത്രങ്ങളും ചെയ്തതെന്ന് ആരും അത്ഭുതപ്പെട്ടു പോകും.
മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുകയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ലീല പണിക്കര്‍. മോഹന്‍ലാലിനെ ചെറുപ്പം മുതലേ പരിചയമുണ്ട് ലീല പണിക്കര്‍ക്ക്. ഇരുവരുടേയും കുടുംബങ്ങള്‍ തമ്മില്‍ നല്ല അടുപ്പമുണ്ടായിരുന്നു. താരമാകുന്നതിന് വര്‍ഷങ്ങള്‍ മുമ്പുള്ള മോഹന്‍ലാലിനെയാണ് അവര്‍ ഓര്‍ക്കുന്നത്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ ്ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലീല പണിക്കര്‍ മനസ് തുറന്നത്.

''മോഹന്‍ലാല്‍ നടനാകുന്നതിന് മുമ്പ്, അന്ന് പഠിച്ചു കൊണ്ടിരിക്കുകയാണ്, സഹോദരന്‍ പ്യാരിലാല്‍ വീട്ടില്‍ വരുമായിരുന്നു. എന്റെ അനിയന്റെ സുഹൃത്തായിരുന്നു. മോഹന്‍ലാലിന്റെ അച്ഛനും എന്റെ അച്ഛനും അറിയുന്നവരായിരുന്നു. ഞങ്ങളെല്ലാവരും കൂടെ ഒരിക്കല്‍ അവിടെ പോയിട്ടുണ്ട്. മോഹന്‍ലാലിന്റെ അമ്മ ശാന്തിയാന്റിയേയും അറിയാം. മോഹന്‍ലാല്‍ മിണ്ടുകയൊക്കെ ചെയ്യും. പക്ഷെ പ്യാരിലാലിനെ പോലെയല്ല. കുറച്ച് ഒതുങ്ങി, ദൂരെ നിന്ന് വിക്ഷീക്കുന്ന ആളാണ്'' എന്നാണ് ലീല പണിക്കര്‍ പറയുന്നത്.
''പിന്നെ നമ്മള്‍ അന്ന് അങ്ങനെ ശ്രദ്ധിക്കത്തുമില്ലല്ലോ. ഇത്രയും വലിയ ആളായി മാറുമെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ അന്നേ ശ്രദ്ധിച്ചേനെ. എന്നേക്കാളും ഇളയതാണ്. ഞാനും ഒരുപാട് ഹെഡ് ചെയ്ത് സംസാരിക്കുന്ന ആളായിരുന്നില്ല. മോഹന്‍ലാല്‍ അന്നൊരു നാണംകുണുങ്ങിപ്പയ്യനാണ്. കൂടെ വന്നിരുന്ന് സംസാരിക്കുകയുമൊന്നുമില്ല. വന്ന് നോക്കിയിട്ട് ഓടിപ്പോകും. പിന്നെ അവര്‍ ആണ്‍പിള്ളേര്‍ മൂന്ന് പേരും കൂടെയിരുന്ന് സംസാരിക്കും. കലാപരമായ കാര്യങ്ങളും ചര്‍ച്ചയായിട്ടില്ല'' എന്നും അവര്‍ ഓര്‍ക്കുന്നുണ്ട്.
വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടപ്പോള്‍ വീട്ടിലുള്ള ഓരോരുത്തരുടേയും പേര് എടുത്തു പറഞ്ഞുവെന്നും ലീല പണിക്കര്‍ ഓര്‍ക്കുന്നുണ്ട്. ''വലിയ താരമായ ശേഷം ഒരിക്കല്‍ ഡബ്ബിംഗ് തിയറ്ററായ ചിത്രാഞ്ജലിയില്‍ വച്ച് കണ്ടു. എന്നെ ശരിക്കും മനസിലായോ എന്ന് ഞാന്‍ ചോദിച്ചു. മനസിലായി എന്ന് പറഞ്ഞു. എന്നിട്ട് അനിയത്തിയുടേയും വീട്ടിലെ മറ്റുള്ളവരുടേയും പേര് പറഞ്ഞു. വീട്ടിലെ പട്ടിക്കുട്ടിയുടെ പേര് വരെ പറഞ്ഞു. പിന്നീട് കാണുന്നത് കാവാലം സാറിന്റെ നാടകത്തില്‍ അഭിനയിക്കാന്‍ വന്നപ്പോഴാണ്. അന്നും നന്നായി സംസാരിച്ചു'' എന്നാണ് താരം പറയുന്നത്.

മഞ്ഞില്‍ വിരഞ്ഞ പൂക്കള്‍ കണ്ടപ്പോള്‍ ഇത് അന്ന് കണ്ട പയ്യനാണല്ലോ എന്ന് അത്ഭുതപ്പെട്ടിട്ടുണ്ടെന്നും താരം പറയുന്നു ആ വളര്‍ച്ച കാണുന്നത് സന്തോഷമാണ്. ഇപ്പോള്‍ കണ്ടാലും സംസാരിക്കാറുണ്ട്. ഭാഗ്യം ചെയ്ത മനുഷ്യനാണ്. ദൈവം ഇത്രയും അനുഗ്രഹിച്ച മനുഷ്യനാണ്. എന്നാല്‍ അതിന്റെ അഹങ്കാരമൊന്നും കാണിക്കുന്നില്ലെന്നും അവര്‍ പറയുന്നു. അതേസമയം മോഹന്‍ലാലിന്റെ കൂടെ അഭിനയിച്ചിട്ടില്ലെന്നത് വിഷമമാണെന്ന് ലീല പറയുന്നുണ്ട്. മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഒരു നടി അത് തട്ടിക്കളഞ്ഞുവെന്നാണ് ലീല പണിക്കര്‍ പറയുന്നത്.
''ഒരു ചാന്‍സ് വന്നിരുന്നു. ആരോ പറഞ്ഞു എന്റെ പേര് എഴുതി വച്ചിരുന്നുവെന്ന്. എന്നാല്‍ ആരോ ഒരാള്‍ അത് വേണ്ട എന്ന് പറഞ്ഞ് തട്ടിക്കളഞ്ഞു. റെക്കമെന്റ് ചെയ്തുവെങ്കിലും വേറെ ആരോ വന്ന് തടസപ്പെടുത്തി. എന്തെങ്കിലും കാരണം കാണും. സിനിമയുടെ പേര് പറയാന്‍ ആഗ്രഹമില്ല. നല്ല വേഷമായിരുന്നു. ആ വേഷം ചെയ്തിരുന്നുവെങ്കില്‍ വേറൊരു ലെവലിലേക്ക് ഞാന്‍ പോയേനെ. മോഹന്‍ലാലിന്റെ ചേട്ടത്തി വേഷമായിരുന്നു. മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും കൂടെ അഭിനയിക്കുക എന്നത് ഭാഗ്യമാണ്'' എന്നാണ് താരം പറയുന്നത്.


Click it and Unblock the Notifications