മലയാള സിനിമ പ്രണയത്തിനു പിന്നാലെ
യഥാര്‍ഥത്തില്‍ മലയാള സിനിമ കൊതിച്ചു നില്‍ക്കുകയായിരുന്നു. ഇതുപോലെയൊരു പ്രണയചിത്രത്തിനും സിനിമാ വിജയത്തിനും. എല്ലാതരം പ്രേക്ഷകരും ഇഷ്ടപ്പെടുന്നൊരു ചിത്രം മലയാളത്തില്‍ എത്തിയിട്ട് നാളേറെയായി. വെള്ളിമൂങ്ങയ്ക്കു ശേഷം എല്ലാവരെയും രസിപ്പിച്ചൊരു ചിത്രം ഉണ്ടായില്ലെന്ന് പ്രേക്ഷകര്‍ പരിഭവം പറയുമ്പോഴാണ് ജനൂസ് മുഹമ്മദിന്റെ 100 ഡെയ്‌സ് ലവ് എത്തുന്നത്. കഴിഞ്ഞവര്‍ഷം ബാംഗ്ലൂര്‍ ഡെയ്‌സ് എത്തിയതുപോലെ എല്ലാവരെയും രസിപ്പിക്കുന്നൊരു ന്യൂജനറേഷന്‍ പ്രണയചിത്രം.
പുതിയ തലമുറയ്ക്ക് നല്ല പ്രണയചിത്രമൊരുക്കാന്‍ അറിയില്ല എന്നു പറയുന്നവര്‍ക്കു ചുട്ടമറുപടിയാണ് ജനൂസിന്റെ ഈ ചിത്രം. മൊത്തം യുവനിരയാണ് ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. അതുപോലെ എല്ലാറ്റിലും പുതുമ കൊണ്ടുവരാനും സംവിധായകനു സാധിച്ചു. ചിത്രത്തിന്റെ പേരു തന്നെ അത്തതരത്തിലൊന്നായിരുന്നു. യുവനിരയിലെ ശ്രദ്ധേയനടന്‍ ദുല്‍ക്കര്‍ സല്‍മാന്‍ ഞാന്‍ എന്ന ചിത്രത്തിനു ശേഷം ചെയ്യുന്ന ഗംഭീര കഥാപാത്രമാണ് ഇതിലെ ബാലന്‍ കെ. നായര്‍. അതേ പോലെ ശേഖര്‍ മേനോന്റെ ഉമ്മര്‍, നിത്യ മേനോന്റെ ഷീല, രാഹുല്‍ മാധവിന്റെ രാഹുല്‍.

ഒരിടത്തുപോലും ചിത്രത്തിനു ഇഴച്ചില്‍ സംഭവിക്കുന്നില്ല എന്നതാണ് എടുത്തുപറയേണ്ട മറ്റൊന്ന്. വിഷ്വലിനും സംഗീതത്തിലുമെല്ലാം ഫ്രഷ്‌നസ് കൊണ്ടുവരാന്‍ കാമറാമാന്‍ പ്രതീഷ് വര്‍മ്മയ്ക്കും സംഗീതമൊരുക്കിയ ഗോവിന്ദ് മേനോനും സാധിച്ചിട്ടുണ്ട്. സംവിധായകന്റെ കഥയ്ക്ക് സംഭാഷണം എഴുതിയിരിക്കുന്നത് എം.ആര്‍. വിപിനും സുഹൈല്‍ ഇബ്രാഹിമും ആണ്.
പ്രേമത്തിന് എന്നും പുതുമയുണ്ടെന്നു സ്ഥാപിക്കാന്‍ സംവിധായകനു സാധിച്ചു. പഴയ തലമുറയ്ക്കാണ് പൈങ്കിളി പ്രമേം കൊണ്ടുനടക്കാന്‍ സാധിക്കുകയുള്ളൂ എന്ന പുതിയ തലമുറയുടെ കാഴ്ചപ്പാട് തിരുത്തുന്നതായിരുന്നു ഇതിലെ പ്രമേയം. എതുതലമുറയ്ക്കും അസ്ഥിക്കു പിടിക്കുന്ന പ്രേമം സാധ്യമാകുമെന്ന് തെളിയിക്കാന്‍ സംവിധായനു സാധിച്ചു. മുന്‍പ് കമല്‍ നിറംഎന്നൊരു കാംപസ് ചിത്രമൊരുക്കിയപ്പോള്‍ അത് മലയാളത്തിലെ ട്രന്‍ഡ് ആയിരുന്നു. അതേപോലെ തന്നെയായിരിക്കും മകന്റെ ചിത്രവും.
മലയാള സിനിമകള്‍ കോമഡി ട്രാക്ക വിട്ട് പ്രണയത്തിന്റെ വഴിയിലേക്കു മാറുമെന്ന ഉറപ്പാണ്. നിറത്തിനു ശേഷം ഈ പുഴയും കടന്ന്, മേഘമല്‍ഹാര്‍ തുടങ്ങിയ വ്യത്യസ്ത പ്രണയചിത്രങ്ങള്‍ കമല്‍ ഒരുക്കിയിരുന്നു. അതേപോലെ തന്നെ മകനും കഴിയുമെന്ന് പ്രതീക്ഷിക്കാം. അതിനുള്ള വിഭവങ്ങള്‍ ആദ്യ ചിത്രത്തില്‍ തന്നെ അദ്ദേഹം കാണിച്ചു തന്നിട്ടുണ്ട്. അടുത്തിടെയായി ഒട്ടേറെ പുതുമുഖ സംവിധായകര്‍ ഓരോ ചിത്രങ്ങള്‍ കാണിച്ചു ഇറങ്ങിപ്പോയി. അവര്‍ക്കൊന്നും സാധിക്കാത്തൊരു മാജിക് ജനൂസിനു സാധിച്ചു. ഇനിയും പ്രതീക്ഷിക്കാം ഇതുപോലെയുള്ള പ്രണയ ചിത്രങ്ങള്‍.


Click it and Unblock the Notifications











