twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിശ്വാസം കാത്ത് ജീത്തുവും മോഹന്‍ലാലും; അടച്ചിട്ട മുറിയിലെ രഹസ്യങ്ങളുമായി ട്വല്‍ത്ത് മാന്‍

    |

    Rating:
    3.0/5

    ദൃശ്യത്തിനും ദൃശ്യം ടുവിനും ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒരുമിക്കുന്ന സിനിമയാണ് 12ത് മാന്‍. മൂന്നാമത്തെ സിനിമയിലേക്ക് എത്തുമ്പോഴും ഈ കോമ്പോയില്‍ നിന്നും പ്രതീക്ഷിക്കുന്ന നിലവാരം കാത്തുസൂക്ഷിക്കാന്‍ ജീത്തുവെന്ന സംവിധായകന് സാധിച്ചിട്ടുണ്ട്. സമീപകാല മോഹന്‍ലാല്‍ സിനിമകളെ വച്ചു നോക്കുമ്പോള്‍ അദ്ദേഹത്തിലെ താരത്തേയും നടനേയും വേണ്ട തരത്തില്‍ ഉപയോഗിക്കാന്‍ ജീത്തുവിന് സാധിച്ചിട്ടുണ്ടെന്ന് തന്നെ പറയാം.

    ട്വല്‍ത്ത് മാന്‍ എന്ന പേര് മനസിലേക്ക് ആദ്യം കൊണ്ടു വരുന്നത് 12 ആംഗ്രി മെന്‍ എന്ന ലോക ക്ലാസിക് സിനിമയാണ്. കുറ്റവാളിയെയോ ഇരയേയോ കുറ്റകൃത്യമോ കാണിക്കാതെ അടച്ചിട്ട മുറിയിലിരുന്ന് പ്രതിയ്ക്ക് എന്ത് ശിക്ഷ നല്‍കണമെന്ന 12 അംഗ ജൂറിയുടെ ചര്‍ച്ചയിലൂടെ കേസ് തെളിയിക്കുന്നതാണ് ആ സിനിമ പറഞ്ഞത്. ലോകത്തിന്നുവരെ ഇറങ്ങിയ ത്രില്ലര്‍-കുറ്റാന്വേഷണ സിനിമകളിലൊരു ബെഞ്ച് മാര്‍ക്കും അത്ഭുതവുമാണ് ഈ സിനിമ.

    Mohanlal

    ഇവിടെ ട്വല്‍ത്ത് മാന്‍ പറയുന്നതും അടച്ചിട്ട മുറിയ്ക്കുള്ളില്‍ നടക്കുന്ന തുറന്നു പറച്ചിലുകളെക്കുറിച്ചാണ്. പക്ഷെ പ്രതിയും ഇരയുമൊക്കെ ആ പന്ത്രണ്ട് പേരില്‍ തന്നെയുണ്ട്. അഗതാ ക്രിസ്റ്റിയുടെ വിഖ്യാതമായ ചെറുകഥകളെ ഓര്‍മ്മിപ്പിക്കുന്നൊരു ഹുഡണ്‍ ഇറ്റ് ത്രില്ലറാണ് ട്വല്‍ത്ത് മാന്‍. കൊവിഡ് പശ്ചാത്തലത്തില്‍ ചിത്രീകരിച്ച സിനിമ ആ ബാഹ്യ വെല്ലുവിളികളെ സ്റ്റോറി ടെല്ലിംഗ് മികവിലൂടെ നേരിടുന്ന ഒന്നാണ്.

    പതിനൊന്ന് പേര്‍ അടങ്ങുന്നൊരു സൗഹൃദ സംഘം. ഒരുമിച്ച് പഠിച്ചവരും അവരുടെ പങ്കാളികളും. പതിനൊന്ന് പേരും താമസിക്കുന്നതും ഒരിടത്ത്. കൂട്ടത്തില്‍ മിസ്റ്റര്‍ പെര്‍ഫെക്ടായ സിദ്ധാര്‍ത്ഥിന്റെ വിവാഹത്തിന് മുന്നോടിയായുള്ള ബാച്ചിലര്‍ പാര്‍ട്ടിയ്ക്ക് വേണ്ടിയാണ് അവര്‍ ഹില്‍ടോപ്പിലുള്ള റിസോര്‍ട്ടിലേക്ക് എത്തുന്നത്. അവിടെ അവരെ കാത്ത് ക്ഷണിക്കപ്പെടാത്ത അതിഥിയായി ചന്ദ്രശേഖര്‍ എന്ന പന്ത്രണ്ടാമനും.

    ഈ സംഘത്തിലൂടെ ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കുകയാണ് ജീത്തു ജോസഫ്. മുമ്പും ഇത്തരത്തിലുള്ള ക്ലോസ്ഡ് ആയൊരിടത്തു നടക്കുന്ന കുറ്റാന്വേഷണ കഥകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അതിലൊക്കെ കണ്ടത് പോലെ ആര്?, എന്തിന്? എന്നീ ചോദ്യങ്ങളുടെ ഉത്തരമാണ് ചിത്രം തേടുന്നത്. ആ ഉത്തരങ്ങള്‍ തേടിയുള്ള യാത്രയില്‍ അനാവരണം ചെയ്യപ്പെടുന്ന രഹസ്യങ്ങള്‍ കുറ്റാന്വേഷണത്തെ ജീവന്‍ മരണ പോരാട്ടത്തിന്റെ സ്വഭാവമുള്ളൊരു ഗെയിമാക്കി മാറ്റുകയാണ്.

    കഥാപാത്രങ്ങളുടെ ബാക്ക്‌സ്റ്റോറിയോ മാനസികാവസ്ഥയോ എസ്റ്റാബ്ലിഷ് ചെയ്യാതെ നേരിട്ട് അവരെ അവതരിപ്പിച്ചാണ് സിനിമ തുടങ്ങുന്നത്. പ്രേക്ഷകര്‍ക്കായി വളരെ ബേസിക്കായ അറിവ് മാത്രമാണ് ഓരോ കഥാപാത്രത്തെക്കുറിച്ചും നല്‍കുന്നത്. പോകെ പോകെയാണ് കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷതകളെക്കുറിച്ചും അവര്‍ക്കിടയിലെ ബന്ധത്തിലെ വിള്ളലുകളെക്കുറിച്ചും ആഴത്തെക്കുറിച്ചുമൊക്കെ സിനിമ സംസാരിക്കുന്നത്.

    വളരെ ലിമിറ്റഡ് ആയൊരിടത്ത് നടക്കുന്ന കഥ എന്നതിന്റേയും കൊവിഡ് സാഹചര്യത്തിന്റേയും പരിമിതികള്‍ സിനിമയുടെ പ്രൊഡക്ഷനിലും മറ്റും വ്യക്തമാണെങ്കിലും ജീത്തു ജോസഫ് എന്ന തെളിയിക്കപ്പെട്ട സംവിധായകന്‍ സ്റ്റോറി ടെല്ലിംഗ് മികവ് തന്നെയാണ് ട്വല്‍ത്ത് മാനെ ഒരു സ്ലോ ബേണിംഗ് ത്രില്ലറാക്കി മാറ്റുന്നത്. ജീത്തുവിന്റെ മുന്‍ സിനിമകളെ പോലെ നാടകീയത നിറഞ്ഞ ഡയലോഗുകള്‍ ട്വല്‍ത്ത് മാനിലില്ല. നായകന്റെ അതിമാനുഷികതയും ആഘോഷിച്ച് കാണുന്നില്ല. വളരെ സട്ടിലായാണ് സിനിമ പ്രേക്ഷകരുമായി സംവദിക്കുന്നത്.

    വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഇവരെ തന്റെ കഥയുടെ ഗതിയെ മുന്നോട്ട് നയിക്കാനായി വേണ്ട വിധത്തില്‍ തന്നെ ജീത്തു ഉപയോഗിച്ചിട്ടുണ്ട്. കഥാപാത്രങ്ങളുടെ ഭാവങ്ങളിലൂടെ നേരത്തെ തന്നെ താനാണ് വില്ലന്‍ എന്ന് തോന്നിപ്പിക്കാതെ, രഹസ്യങ്ങള്‍ തുറന്നു വരുന്നത് പോലെ ഓരോ കഥാപാത്രത്തേയും തുറന്ന് കാണിക്കാനാണ് ജീത്തുവും തിരക്കഥാകൃത്ത് കെആര്‍ കൃഷ്ണ കുമാറും ശ്രമിച്ചിരിക്കുന്നത്.

    മോഹന്‍ലാല്‍ എന്ന നടനെ സംബന്ധിച്ച് സമീപകാലത്ത് ഏറ്റവും തൃപ്തി നല്‍കിയ സിനിമയാണ് ട്വല്‍ത്ത്മാന്‍. ഏച്ചുകെട്ടുകളോ, ബഹളങ്ങളോ ഇല്ലാതെ തന്നില്‍ ഏല്‍പ്പിച്ച കഥാപാത്രത്തെ അദ്ദേഹം വൃത്തിയായി അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിലെ നടന് വളരെ അനായാസം ചെയ്ത് ഫലിപ്പിക്കാനാകുന്ന, വെല്ലുവിളിക്കാത്ത കഥാപാത്രമായിരുന്നു ചന്ദ്രശേഖര്‍. സിനിമയുടെ ഛായാഗ്രഹണവും, വിഎഫ്എക്‌സും സിനിമയുടെ ഒഴുക്കിനെ സഹായിക്കുന്നതാണ്. പശ്ചാത്തല സംഗീതവും ഗ്രിപ്പ് നല്‍കുന്നുണ്ട്. അതേസമയം ചിലയിടത്ത് മൂഡിന് ചേരുന്നുണ്ടോ എന്നതും സംശയമാണ്.

    കല്ലുകടിയായി തോന്നുന്നത് ക്ലൈമാക്‌സില്‍ ഒരു വാഹ് ഫാക്ടര്‍ ഇല്ല എന്നതാണ്. അതുവരെ പിടിച്ചിരുത്തിയ ചോദ്യത്തിനുള്ള ഉത്തരം തൃപ്തികരമായി തോന്നിയേക്കില്ല പലര്‍ക്കും. എങ്കിലും മൂന്നാം വരവിലും ജീത്തുവും മോഹന്‍ലാലും വിഷമിച്ചിട്ടില്ല. ആകാംഷ നിലനിര്‍ത്തി കൊണ്ട് തന്നെ കഥ പറഞ്ഞു പോകുന്ന, സ്ലോ ബേണര്‍ ആയൊരു ത്രില്ലര്‍ ആണ് ട്വല്‍ത്ത് മാന്‍..!

    Read more about: mohanlal jeethu joseph
    English summary
    12th Man Movie Review Mohanlal And Jeethu Joseph Keeps The Promise In Third Outing Too
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X