For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ധര്‍മപുത്രന് മോക്ഷം നല്‍കാന്‍ വന്ന ചാര്‍ലി ചാപ്ലിന്‍; ഹൃദയസ്പര്‍ശിയായി ചാര്‍ലി

  |

  Rating:
  3.5/5

  ആക്ഷന്‍, കോമഡി ഡ്രാമകളില്‍ നിന്നും വഴിയൊന്ന് മാറി നടക്കുകയാണ് രക്ഷിത് ഷെട്ടി. കേരളത്തിലും കള്‍ട്ട് സ്റ്റാറ്റസുകളുള്ള സിനിമകള്‍ ഒരുക്കിയ കന്നഡ സിനിമയിലെ യുവ നടന്റെ ഏറ്റവും പുതിയ സിനിമയാണ് 777 ചാര്‍ലി. ചിത്രത്തിന്റെ ട്രെയിലറും ടീസറുമൊക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു നായയും അവളുടെ യജമാനനും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് സിനിമ പറയുന്നത്. എല്ലാ അര്‍ത്ഥത്തിലും നായപ്രേമികള്‍ക്കായി ഒരുക്കിയ സിനിമ സൂചന ടീസറും ട്രെയിലറുമൊക്കെ നല്‍കിയിരുന്നു.

  Also Read: റിയാസിനെ സോഷ്യൽ മീഡിയയിൽ ചീത്തവിളിക്കുന്നവർ ഈ അമ്മക്ക് പറയാനുള്ളത് കൂടി അറിയണം

  ആ പ്രതീക്ഷകളൊന്നും തെറ്റിക്കാത്ത മനോഹരമായൊരു ചിത്രമാണ് ചാര്‍ലി. നായയെന്ന, പലപ്പോഴും മനുഷ്യന്റെ ഏറ്റവും മികച്ച സഹയാത്രികരാകുന്ന ജീവിയെ സ്‌നേഹിക്കുന്നവരുടെ മനസ് നിറയ്ക്കാനുള്ളതെല്ലാം തന്നെ ചാര്‍ലിയിലുണ്ട്. ഏകാന്തത ജീവിതം നയിക്കുന്ന രണ്ട് പേര്‍ എങ്ങനെ പരസ്പരം താങ്ങായി മാറുന്നുവെന്നും രണ്ടു പേരുടേയും ജീവിതങ്ങള്‍ എങ്ങനെ മാറി മറയുന്നുവെന്നും ചിത്രം പറയുന്നു.

  രക്ഷിത് അവതരിപ്പിക്കുന്ന ധര്‍മയാണ് ചിത്രത്തിലെ നായകന്‍. ആരുമായും സൗഹൃദമോ അടുപ്പമോ ഇല്ല ധര്‍മയ്ക്ക്. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ധര്‍മയെ ഭയക്കുന്നു. ധര്‍മയെ ചിരിച്ച് ആരും കണ്ടിട്ടില്ല. പൊളിഞ്ഞ് വീഴാറായൊരു വീട്ടില്‍ അതിലും തകര്‍ന്ന ഹൃദയവുമായി ധര്‍മ ജീവിക്കുന്നു. ധര്‍മ തന്നെ പറയുന്നത് പോലെ ബിയര്‍, ഫാക്ടറി, ഇഡ്ഡലി, സിഗരറ്റ് ഇതല്ലാതെ ധര്‍മയുടെ ജീവിതത്തില്‍ ഒന്നുമില്ല. ഒന്നിന്റേയും ആവശ്യമുളളതായി അവന് തോന്നിയിട്ടുമില്ല. ക്രൂരനായ ബ്രീഡറുടെ കൈയ്യില്‍ നിന്നും രക്ഷപ്പെട്ട് ഓടി വരികയാണ് 'നായിക'യായ ചാര്‍ലി. അവള്‍ക്ക് വേണ്ടതും ഒരു കൂട്ടായിരുന്നു.


  മറ്റൊരു സാഹചര്യത്തിലൊരു റൊമാന്റിക് മൂവിയിലെ രംഗത്തില്‍ സംഭവിക്കാവുന്നത് പോലെ ചാര്‍ലി ധര്‍മയെ കാണുന്നു. ആദ്യ കാഴ്ചയിലെ ധര്‍മയെ തന്റെ ഉടമയായി ചാര്‍ലി തിരഞ്ഞെടുത്തു കഴിഞ്ഞിരുന്നു. സ്‌നേഹവും അനുകമ്പയുമൊന്നും ഇല്ലാത്ത ധര്‍മയ്ക്ക് കുറച്ച് നാളത്തേക്ക് ചാര്‍ലിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുന്നു. ആ കുറച്ച് ദിവസങ്ങള്‍ അയാളുടെ ജീവിതം തന്നെ മാറ്റി മറിക്കുകയായിരുന്നു. ചാര്‍ലിയുടേയും. ആ കഥയാണ് സിനിമ പറയുന്നത്.

  പ്രവചനീയമായൊരു കഥയാണ് ചാര്‍ലിയുടേത്. കന്നഡ സിനിമകളുടെ പൊതുസ്വഭാവമെന്ന നിലയിലുള്ള അതിഭാവുകത്വവും നാടകീയതയും ചാര്‍ലിയിലും കാണാം. എന്നാല്‍ അതിനുമെല്ലാം അപ്പുറത്ത് ചാര്‍ലിയെ ഹൃദയസ്പര്‍ശിയാക്കി നിര്‍ത്തുന്നത് ചാര്‍ലിയും ധര്‍മയും തമ്മിലുള്ള ബോണ്ടാണ്. തുടക്കത്തിലെ ചാര്‍ലിയെ വെറുപ്പോടെ നോക്കുന്ന ധര്‍മയില്‍ നിന്നും തന്റെ എല്ലാമായി ചാര്‍ലി മാറുന്നതിലേക്കുള്ള ധര്‍മയുടെ മാറ്റം തീര്‍ത്തും ഓര്‍ഗാനിക്കാണ്. ഒരു രംഗത്തിലും ഇരുവര്‍ക്കുമിടയിലെ സ്‌നേഹവും സൗഹൃദവും 'ചെയ്യിപ്പിക്കുന്നതായി' തോന്നുന്നില്ല. സംവിധായകന്‍ കിരണ്‍രാജിന്റെ ക്രാഫ്റ്റിന്റെ മുകളിലുള്ള നിയന്ത്രണം പ്രശംസനീയമാണ്.

  സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ചാര്‍ലി ചാപ്ലിനും അദ്ദേഹത്തിന്റെ നിശബ്ദ സിനിമകള്‍ക്കുമുള്ളൊരു ഹോമേജ് കൂടിയാണ് ചാര്‍ലി. ചാപ്ലിന്‍ സിനിമകളെ ഓര്‍മ്മപ്പെടുത്തുന്നതാണ് ചാര്‍ലിയുടെ ചെയ്തികള്‍. നായ ചാര്‍ലിയാകുമ്പോള്‍ ധര്‍മ ചാപ്ലിനായി പരിണമിക്കുകയാണ്. അതോടൊപ്പം തന്നെ ധര്‍മപുത്രര്‍ക്ക് ശാപമോക്ഷം നല്‍കാന്‍ പട്ടിയുടെ രൂപത്തില്‍ വന്ന യമരാജന്റെ മിത്തിനേയും ചിത്രം ധര്‍മയുടേയും ചാര്‍ലിയുടേയും യാത്രയിലൂടെ അവതരിപ്പിക്കുന്നുണ്ട്.

  രക്ഷതിനൊപ്പം രാജ് ബി ഷെട്ടി, സംഗീത, ബോബി സിംഹ തുടങ്ങിയവരും ചിത്രത്തിലുണ്ട്. രാജിന്റെ വെറ്റിനറി ഡോക്ടറും സംഗീതയുടെ ആനിമല്‍ വെല്‍ഫെയര്‍ ഓഫീസറും ബോബിയുടെ അതിഥി വേഷവുമൊക്കെ ശ്രദ്ധിക്കപ്പെടുന്നതും നന്നായി തന്നെ അവതരിപ്പിക്കുകയും ചെയ്തതാണ്. രാജിന്റെ മുമ്പത്തെ സിനിമകളില്‍ നിന്നും കുറേക്കൂടി ലൈറ്റായ കഥാപാത്രം പുതുമ നല്‍കുന്നതാണ്. പക്ഷെ പെര്‍ഫോമന്‍സില്‍ തിളങ്ങുന്നത് ചാര്‍ലി എന്ന നായ തന്നെയാണ്. ഒരിടത്ത് പോലും നായയുടെ റിയാക്ഷന്‍ കൃത്രിമമായി തോന്നുന്നില്ല. ചാര്‍ലിയുടെ റിയാക്ഷന്‍ ഷോട്ടുകളും ക്ലോസപ്പുകളുമെല്ലാം മനോഹരമായി പകര്‍ത്തിയ അരവിന്ദ് കശ്യപും എഡിറ്റ് ചെയ്ത പ്രതീക് ഷെട്ടിയും കയ്യടി അര്‍ഹിക്കുന്നുണ്ട്.

  Recommended Video

  Dr. Robin On His Angry Behavior | ബിഗ് ബോസിലെ വിന്നര്‍ ഞാന്‍ തന്നെ | *Interview | FilmiBeat

  സിനിമ അവസാനത്തിലേക്ക് എത്തുമ്പോള്‍ മെലോഡ്രമാറ്റിക് ആയി മാറുന്നുണ്ടെങ്കിലും അതൊരിക്കലും സിനിമയുടെ മൊത്തത്തിലുള്ള അനുഭവത്തെ തടയുന്നില്ല. രക്ഷിതിന്റേയും ചാര്‍ലിയുടേയും പെര്‍ഫോമന്‍സിലൂടെ ചില രംഗങ്ങളിലെ ലോജിക്കില്ലായ്മയും അതിനാടകീയതും മറക്കപ്പെടുകയാണ്.

  ആത്യന്തികമായി 777 ചാര്‍ലി നായപ്രേമികള്‍ക്കായി നായപ്രേമികള്‍ ഒരുക്കിയ സിനിമയാണ്. മറ്റുള്ളവര്‍ക്ക് അതിവൈകാരികം എന്ന് തോന്നിയേക്കുമെങ്കിലും വളര്‍ത്തുമൃഗങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നവരെ സ്പര്‍ശിക്കാന്‍ ചാര്‍ലിയ്ക്ക് സാധിക്കും. സമ്മര്‍ദ്ദങ്ങളുടെ നാളുകളില്‍ അല്‍പ്പം കുളിരും സന്തോഷവുമെല്ലാം മനസിലേക്ക് കോരിയിടാന്‍ ചാര്‍ലിയ്ക്ക് സാധിക്കുമെന്നുറപ്പാണ്.

  Read more about: review
  English summary
  777 Charlie Movie Review: This Rakshit Shetty Starrer To Warm You Hearts With Love And Friendship
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X