ആര്‍ട്ടിസ്റ്റുകളുടെ പ്രകടനത്തിന് തുരങ്കം വെക്കുന്ന തിരക്കഥ; അപ്പ്‌ഡേറ്റാകാന്‍ 90 കളിലേക്ക് മടങ്ങുന്ന ജോഷി

Rating:
2.0/5

ഹോളിവുഡിലെ മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സ് മുതല്‍ ബോളിവുഡിലെ വൈആര്‍എഫിന്റെ സ്‌പൈ സിനിമാറ്റിക് യൂണിവേഴ്‌സും തമിഴില്‍ ലോകേഷിന്റെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സും ഇങ്ങിവിടെ ബേസില്‍ സിനിമാറ്റിക് യൂണിവേഴ്‌സുമൊക്കെ അരങ്ങു തകര്‍ക്കുന്ന കാലമാണ്. ഇതിനിടെ മലയാളത്തിന്റെ മാസ്റ്റര്‍ ക്രാഫ്റ്റ്മാന്മാരില്‍ ഒരാള്‍ അറിഞ്ഞോ അറിയാതെയോ തന്റേതായൊരു യൂണിവേഴ്‌സുണ്ടാക്കാനുള്ള ശ്രമത്തിലാണ്.

മറ്റ് യൂണിവേഴ്‌സുകളൊക്കെ ഒരേ ലോകത്തുള്ള കഥ പറയുമ്പോള്‍ ജോഷി ശ്രമിക്കുന്നത് ഒരേ താരങ്ങളെ വച്ചു കൊണ്ട് സമാനമായ പല ലോകങ്ങള്‍ സൃഷ്ടിക്കാനാണ്. ഏതാണ്ട്, മള്‍ട്ടിവേഴ്‌സ് പോലൊരു പരിപാടി. ജോഷിയുടെ ഏറ്റവും പുതിയ ചിത്രമായ ആന്റണി അത്തരത്തിലൊരു പരിപാടിയാണ്. ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ് ജോസ്, നൈല ഉഷ, വിജയരാഘവന്‍ എന്നിവരാണ് ജോഷിയുടെ അവഞ്ചേഴ്‌സ് ഒറിജിനല്‍. അതിലേക്ക് കല്യാണി പ്രിയദര്‍ശനും മറ്റും ജോയിന്‍ ചെയ്യുകയാണ്.

Antony

ഇതേ ടീമിനെ വച്ചൊരുക്കിയ പൊറിഞ്ചു മറിയം ജോസിന്റെ സ്പിരിച്വല്‍ ട്വിന്‍ ആണ് ആന്റണി. വേഷത്തിലും രൂപത്തിലും മാറ്റമുണ്ടെങ്കിലും ജോജും ചെമ്പനും നൈലയും വിജയരാഘവനുമൊക്കെ പൊറിഞ്ചുവിലെ തങ്ങളുടെ കഥാപാത്രങ്ങളുടെ മറ്റൊരു വേര്‍ഷന്‍ തന്നെയാണ് ആന്റണിയില്‍ അവതരിപ്പിക്കുന്നതെന്ന് കാണാം.

ജോജു അവതരിപ്പിക്കുന്ന ആന്റണിയെന്ന ടൈറ്റില്‍ കഥാപാത്രവും അയാള്‍ സാഹചര്യവശാല്‍ കൂടെ കൂട്ടേണ്ടി വരുന്ന അന്നയുടേയും കഥയാണ് സിനിമ പറയുന്നത്. അവറാന്‍ സിറ്റിയിലെ കിരീടം വെക്കാത്ത രാജാവാണ് ആന്റണി. ക്രിമിനലുകള്‍ യഥേഷ്ടം വാഴുന്ന കിനാശ്ശേരിയാണ് അവറാന്‍ സിറ്റി. ആ സിറ്റിയുടെ മുന്‍ രാജാവാണ് വിജയരാഘവന്‍. അവറാന്‍ സിറ്റി എന്ന പേര് തന്നെ പുള്ളിയുടേതാണ്. ആന്‍റണിയുടെ കൂട്ടുകാരനാണ് പള്ളീലച്ചനായ ചെമ്പന്‍ പോള്‍.

തന്റെ സമകാലികര്‍ പലരും കാലത്തിനൊത്ത് നവീകരിക്കപ്പെടാന്‍ സാധിക്കാതെ വീണു പോകുമ്പോഴും കാലത്തിനൊപ്പം സഞ്ചരിക്കാന്‍ ശ്രമിക്കുന്ന സംവിധായകന്‍ എന്നതാണ് ജോഷിയെക്കുറിച്ചുള്ള ധാരണ. സമീപകാലത്തിറങ്ങിയ സിനിമകളിലെല്ലാം കാലത്തിനൊത്ത് അപ്പ്‌ഡേറ്റ് ആകാന്‍ ശ്രമിക്കുന്ന ജോഷിയെ കാണാം. ആ ജോഷി ആന്റണിയിലുമുണ്ട്. എന്നാല്‍ ജോഷി അവനവനെ നവീകരിക്കേണ്ടത് എങ്ങനെ എന്നതില്‍ വ്യക്തത കണ്ടെത്താതെ വലയുകയാണെന്ന് തോന്നുന്നു.

ടെക്‌നിക്കലി അപ്‌ഡേറ്റഡ് ആകാന്‍ ശ്രമിക്കുമ്പോഴും പ്ലോട്ടുകളുടെ കാര്യത്തിലും തിരക്കഥയുടെ കാര്യത്തിലും ജോഷി തൊണ്ണൂറുകളിലേക്ക് മടങ്ങുന്നതാണ് കാണുന്നത്. ആന്റണിയുടെ പ്രധാന കഥാതന്തു മുതല്‍ ചിത്രത്തിലെ ഒരോ ആക്ടുകളും കണ്ടുമടുത്തതും കാലപ്പഴക്കം ചെന്നതുമാണ്. കൗരവ്വരിലൊക്കെ ജോഷി തന്നെ വിജയിപ്പിച്ച അതേ ഫോര്‍മുലയുടെ മറ്റൊരു പതിപ്പ്.

തിരക്കഥയാണ് ആന്റണിയുടെ പ്രധാന ദൗര്‍ബല്യം. ജോജുവും കല്യാണിയും ചെമ്പനും വിജയരാഘവനും നൈലയുമൊക്കെ തങ്ങളുടെ കഥാപാത്രങ്ങളെ പരമാവധി കണ്‍വിന്‍സിംഗ് ആക്കാന്‍ ശ്രമിക്കുമ്പോഴും അവര്‍ അര്‍ഹിക്കുന്ന ആത്മാര്‍ത്ഥതയും കണ്‍വിക്ഷനും തിരക്കഥയില്‍ കാണാനില്ല. പ്രധാന കഥാപാത്രങ്ങളുടെ ഇന്‍ട്രോ സീനുകളിലടക്കം എഴുത്തിലെ അസഹനീയമായ മടി കാണാം. ഇന്റര്‍-ജെന്റര്‍ ബോക്‌സിംഗ് രംഗത്തിലൂടെ കല്യാണിയുടെ അന്നയെ അവതരിപ്പിക്കുന്നിടത്ത് തന്നെ സിനിമ മുന്നോട്ട് പോകവെ എന്തായിരിക്കും അവസ്ഥ എന്ന് വ്യക്തമാക്കുന്നുണ്ട്.

ചിത്രത്തിലെ പ്ലസ് പോയന്റ് അതിലെ അഭിനേതാക്കളാണ്. മുമ്പ് ചെയ്ത് ഫലിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളുടെ ഷെയ്ഡ് ഉണ്ടായിരുന്നിട്ട് കൂടി ജോജു ജോര്‍ജ് ആന്റണിയെ ഫീല്‍ ചെയ്യിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ചും അയാളുടെ വള്‍നറബിളായ നിമിഷങ്ങള്‍. എഴുത്തും മേക്കിംഗും ശരാശരിയാകുമ്പോഴും തന്നിലെ പ്രതിഭ കൊണ്ട് ജോജു പല രംഗങ്ങളേയും ലിഫ്റ്റ് ചെയ്യുന്നത് മനോഹരമായ കാഴ്ചയാണ്. ലോഹയിട്ട ആന്റണിയെന്ന് വിളിക്കുന്ന ചെമ്പന്‍ വിനോദിന്റെ പോളച്ചനും ആന്റണിയും തമ്മിലുള്ള കെമിസ്ട്രി ചിത്രത്തിലെ ഏറ്റവും ഊഷ്മളമായ നിമിഷങ്ങളാണ്.

ജോഷിയുടെ സിനിമാറ്റിക് യൂണിവേഴ്‌സില്‍ അല്‍പ്പമെങ്കിലും വേറിട്ട് നില്‍ക്കുന്നത് കല്യാണിയുടെ കഥാപാത്രവും പ്രകടനവുമാണ്. ഇന്‍ട്രോ രംഗത്തിന്റെ വീഴ്ചയെ പിന്നീടുള്ള രംഗങ്ങളില്‍ സ്വന്തമായ ഏജന്‍സിയുള്ള അന്നയെ സൃഷ്ടിച്ചു കൊണ്ട് തിരക്കഥാകൃത്ത് മറി കടക്കാന്‍ ശ്രമിക്കുന്നുണ്ട്. തന്റെ സേഫ് സോണില്‍ നിന്നും പുറത്തു കടക്കാനുള്ള കല്യാണിയുടെ ശ്രമവും കയ്യടി അര്‍ഹിക്കുന്നതാണ്. അടുത്തടുത്തായി വന്ന രണ്ട് സിനിമകളിലും കല്യാണി ഈ ശ്രമം നടത്തുന്നത് കാണാം.

Antony

ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളില്‍ ജോജു പതിവ് പോലെ തന്റെ ലേസി എലഗന്‍സു കൊണ്ട് നിറഞ്ഞു നില്‍ക്കുമ്പോള്‍ കല്യാണിയും തന്റെ റോള്‍ മികച്ചതാക്കാന്‍ ശ്രമിക്കുന്നതായി കാണാം. ഇരുവരും ഒരുമിച്ച് വരുന്ന രംഗങ്ങളും നന്നായിട്ടുണ്ട്. രണ്ടു പേരും സ്‌ക്രീന്‍ പ്രസന്‍സുള്ളവരാണെന്നതും ഈ രംഗങ്ങളെ ഇമോഷണലി ലോക്ക്ഡ് ആക്കുന്നുണ്ട്. പ്രതീക്ഷിച്ചത് പോലെ തന്നെ തന്റെ കഥാപാത്രത്തെ വിജയരാഘവന്‍ എന്ന വെറ്ററനും മനോഹരമാക്കുന്നു. അതേസമയം നൈല ഉഷയുടെ കഥാപാത്രം തുടക്കത്തില്‍ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും യാതൊരു ആർക്കുമില്ലാതെയാണ് അവസാനിക്കുന്നത്. പാടെ മറന്നു പോയെരു അവസ്ഥ.

ആന്റണി നേരിടുന്ന മറ്റൊരു വെല്ലുവിളി ശക്തമായ വില്ലന്മാരുടെ അഭാവമാണ്. ടെറര്‍ ബിജിഎമ്മും ഇന്‍ട്രോയുമൊക്കെ ലഭിക്കുന്നുണ്ടെങ്കിലും അവസാന ഭാഗത്തിലേക്ക് എത്തുമ്പോള്‍ വെറുതെയായി പോവുകയാണ് അവരെല്ലാം. ഒരു ഘട്ടത്തിലും ആന്റണിയ്ക്ക് വെല്ലുവിളിയായി മാറാന്‍ ഇവരെക്കൊണ്ട് സാധിക്കുമെന്ന തോന്നല്‍ ജനിപ്പിക്കാന്‍ സാധിക്കാത്ത സൃഷ്ടികളാണ് ചിത്രത്തിലെ വില്ലന്മാര്‍.

പഴയതെങ്കിലും ഇന്നും ഇമോഷണലി കാഴ്ചക്കാരെ ലോക്ക് ചെയ്യാന്‍ സാധിക്കുന്നൊരു പ്ലോട്ടിനെ അത് അര്‍ഹിക്കുന്ന തരത്തിലുള്ള തിരക്കഥയിലേക്കും സിനിമയിലേക്കും എത്തിക്കാന്‍ സാധിക്കാതെ പോയതാണ് ആന്‍റണിയുടെ വീഴ്ചയുടെ കാരണം. കുറഞ്ഞ പക്ഷം, ഈ അഭിനേതാക്കളുടെ നിരയെങ്കിലും കുറേക്കൂടി നല്ലൊരു സിനിമ അര്‍ഹിക്കുന്നുണ്ട്.

Read more about: joju george Year Ender 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X