കുറ്റാന്വേഷണ കഥയുടെ ജംഗ്ഷനില്‍ ടൊവിനോ; അന്വേഷണവും കണ്ടെത്തലും തമ്മിലുള്ള അകലം!
'യാചിപ്പിന്‍ എന്നാല്‍ നിങ്ങള്‍ക്കു കിട്ടും; അന്വേഷിപ്പിന്‍ എന്നാല്‍ നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍ എന്നാല്‍ നിങ്ങള്‍ക്കു തുറക്കും' എന്നാണ് ബൈബിള്‍ വാക്യം. പക്ഷെ എല്ലാ അന്വേഷണങ്ങളും ഉത്തരത്തിലേക്ക് എത്തുമോ, ഉത്തരം മുന്നിലുണ്ടായിട്ടും എത്തിപ്പിടിക്കാന്‍ പറ്റുമോ? ടൊവിനോ തോമസ് നായകനായ അന്വേഷിപ്പിന്‍ കണ്ടെത്തും, പേര് പോലെ തന്നെ അന്വേഷണത്തിന്റേയും കണ്ടെത്തലിന്റേയും കഥയാണ്. ചില അന്വേഷണങ്ങള്‍ തുടരുന്നതിന്റേയും.
പോസ്റ്റ് രാക്ഷസന്‍, മലയാളത്തില്‍ പോസ്റ്റ് അഞ്ചാം പാതിര, ത്രില്ലര്‍ സിനിമകള്‍ പിന്തുടരുന്നത് ട്വിസ്റ്റുകളെ ആശ്രയിച്ച് കഥ പറയുന്ന പാറ്റേണായിരുന്നു. ഓരോ ഇടവേളകളിലും കാഴ്ചക്കാരെ ഞെട്ടിക്കുന്ന (ചിലപ്പോഴൊക്കെ ഞെട്ടാന്‍ നിര്‍ബന്ധിക്കുന്ന) ട്വിസ്റ്റുകളായിരുന്നു സിനിമയുടെ പ്രധാന ഹുക്ക്. അങ്ങനെ വന്നൊരു സിനിമയായിരുന്നു ഫോറന്‍സിക്. നായകന്‍ ടൊവിനോ തോമസ്. ബോക്‌സ് ഓഫീസില്‍ സിനിമ വിജയം നേടുകയും ചെയ്തു.

എന്നാല്‍ സമീപകാലത്തായി ആ പാറ്റേണില്‍ മാറ്റം വന്നിരിക്കുന്നു. അന്വേഷണത്തിന്റെ പ്രൊസീജ്യറുകള്‍ വിശദമായി തന്നെ അവതരിപ്പിക്കുന്ന, സ്ലോ ബേണ്‍ ത്രില്ലറുകളാണ് പുതിയ കാലം മുന്നോട്ട് വെക്കുന്നത്. അക്കൂട്ടത്തിലേക്ക് എല്ലാ ലക്ഷണവുമൊത്തൊരു ത്രില്ലര്‍ സിനിമ വന്നിരിക്കുകയാണ്. ഇത്തവണയും നായകന്‍ ടൊവിനോ തോമസാണ്. റൈറ്റ് മാന്‍ അറ്റ് ദ റൈറ്റ് ടൈം എന്നതിന്റെ മലയാള സിനിമയിലെ ഉദാഹരണമാണ് ടൊവിനോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
സാങ്കേതിക വിദ്യയുടെ എല്ലാ സഹായത്തോടും കൂടി വേഗത്തില്‍ കുറ്റാന്വേഷണം പോകുന്ന കാലത്ത് പതിഞ്ഞ താളത്തില്‍ കഥ പറയാനാണ് ഡാര്‍വി കുര്യാക്കോസ് തീരുമാനിക്കുന്നത്.
സത്യസന്ധനും ചെറുപ്പത്തിന്റെ ഉത്സാഹവുമുള്ള എസ്‌ഐ ആനന്ദ് നാരയണന്‍. കരിയറിന്റെ തുടക്കത്തില്‍ തന്നെ വലിയൊരു കേസിന്റെ അന്വേഷണത്തിന്റെ ഭാഗമാവുകയാണ് അയാള്‍. എന്നാല്‍ ആനന്ദ് നമ്മള്‍ കണ്ട് ശീലിച്ച മാച്ചോ-വിസില്‍ പോട് പോലീസ് നായകനല്ല. അയാളൊരു സാധാ എസ്‌ഐ ആണ്. മേലുദ്യോഗസ്ഥരും സിസ്റ്റവുമെല്ലാം നിയന്ത്രിക്കുന്ന പോലീസുകാരന്‍.
ടൊവിനോയുടെ കരിയറിലെ നാലാമത്തെ പോലീസ് കഥാപാത്രമാണ് ആനന്ദ്. മുന്നേ അവതരിപ്പിച്ച മൂന്ന് പോലീസ് കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് ആനന്ദ്. കുറേക്കൂടി ഹ്യൂമനൈസ് ചെയ്യപ്പെട്ട കഥാപാത്രം. ബുദ്ധിരാക്ഷസനോ, കയ്യടി കിട്ടുന്ന ഡയലോഗ് കസര്‍ത്തു നടത്തുന്ന ഹീറോ കോപ്പോ അല്ല ആനന്ദ്. തന്റെ പ്രകടനം കൊണ്ട് ടൊവിനോ ആനന്ദിനെ റിലേറ്റബിളാക്കുന്നുണ്ട്. ഒരിടത്തും തന്റെ മുന്‍ കഥാപാത്രങ്ങളെയൊന്നും ടൊവിനോ ഓര്‍മ്മപ്പെടുത്തുന്നില്ല. വളരെ സട്ടിലും മനോഹരവുമായ പ്രകടനം.
ടൊവിനോയ്‌ക്കൊപ്പമുള്ള മറ്റ് മൂന്ന് പോലീസുകാര്‍ മുതല്‍ വെട്ടുകിളി പ്രകാശ്, സിദ്ദീഖ്, ഷമ്മി തിലകന്‍, ബാബുരാജ്, കോട്ടയം നസീര്‍,അസീസ് നെടുമങ്ങാട് തുടങ്ങിയവരെല്ലാം തന്നെ ഒട്ടും നാടകീയതയില്ലാതെയാണ് അഭിനയിച്ചിരിക്കുന്നത്. അത് സിനിമയുടെ ടോട്ടല്‍ സ്വഭാവത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്.
സിനിമയുടെ ആദ്യ പകുതിയും രണ്ടാം പകുതിയും ഒരു സിനിമയില്‍ തന്നെ രണ്ട് സിനിമകളാകുന്നുണ്ട്. ആദ്യ പകുതിയിലെ നായകനെ പോലെ തന്നെ വേഗത്തില്‍, ഗ്രിപ്പിംഗ് ആയി കഥ പറയുമ്പോള്‍ രണ്ടാം പകുതിയുടെ താളം വേറെയാണ്. കേന്ദ്ര കഥാപാത്രങ്ങളുടെ ജീവിതത്തില്‍ വന്നു ചേര്‍ന്ന വേഗക്കുറവ് കഥയിലും കാണാം. ഒട്ടും തിടുക്കമില്ലാതെ, എന്നാല്‍ സ്പൂണ്‍ ഫീഡിംഗ് ആകാതെയാണ് സിനിമ കഥ പറയുന്നത്. ഡിറ്റെയ്‌ലിംഗിന്റെ പ്രധാന്യം മനസിലാക്കിയൊരുക്കിയ തിരക്കഥയും മേക്കിംഗും.
പൊതുവെ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറുകളില്‍ കാണാറുള്ള നായകന്റെ വ്യക്തി ജീവിതത്തിലെ ദുരന്തം പോലുള്ള ക്ലീഷേകള്‍ ബോധപൂര്‍വ്വം തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, സിനിമയുടെ ടാഗ് ലൈന്‍ പറയുന്നത് പോലെ അന്വേഷണത്തിന്റെ മാത്രമല്ല കഥയല്ല, അന്വേഷണ ഉദ്യോഗസ്ഥരുടേയും കഥയാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. വീണു പോവുകയും എഴുന്നേല്‍ക്കുകയും വീണ്ടും വീഴുമ്പോഴും എഴുന്നേല്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒട്ടും അസാധാരണമില്ലാത്തവര്‍.
കാഴ്ചക്കാരുടെ കണ്ണില്‍ പൊടിയിടുന്ന ഗിമ്മിക്കുകളോ, കാതടപ്പിക്കുന്ന സംഗീതമോ, ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റുകളോ ഇല്ലാതെ, ജെനുവിനായ അവതരണവും മേക്കിംഗുമാണ് ഡാര്‍വിന്റേത്. ഗോര്‍ വൈലന്‍സോ, സൈക്കോ വില്ലനോ ഇല്ല എന്നതും സിനിമയിലെ മറ്റൊരു ക്ലീഷെ ബ്രേക്കറാണ്. പകരം കൊലപാതകങ്ങള്‍ക്ക് പിന്നിലെ സോഷ്യോ-പൊളിറ്റിക്കല്‍ കാരണങ്ങള്‍ കണ്ടെത്താനുള്ള ശ്രമം ചിത്രം നടത്തുന്നുണ്ട്. ക്രൈമിലും ക്രിമിനലിലും മാത്രം ശ്രദ്ധ ചെലുത്തുന്ന ത്രില്ലര്‍ കാലത്തില്‍ അതൊരു നല്ല മാറ്റമാണ്.

തമിഴ് സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്റെ ആദ്യ മലയാള സിനിമയാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. തന്റെ ജീനിയസ് കാണിക്കാന്‍ ശ്രമിക്കാതെ, എന്താണോ സിനിമ ആവശ്യപ്പെടുന്നത് അതാണ് സന്തോഷ് നാരായണന്‍ നല്‍കിയിരിക്കുന്നത്. സിനിമയിലെ ഡള്‍ മൊമന്റുകളെ ബോധപൂര്‍വ്വം എലിവേറ്റ് ചെയ്യാന്‍ വേണ്ടി സംഗീതത്തെ ഉപയോഗിക്കുന്നതിന് പകരം, കഥാഗതിയ്‌ക്കൊപ്പം സഞ്ചരിക്കുന്നതാണ് ചിത്രത്തിന്റെ സംഗീതം. സ്ഥിരം പാറ്റേണുകളില്‍ നിന്നും മാറിയുള്ള സന്തോഷിന്റെ സംഗീതം റിഫ്രഷിംഗ് ആയിരുന്നു.
ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണവും മികവുറ്റതാണ്. സിനിമയുടെ ആത്മാവ് അറിഞ്ഞാണ് ഗിരീഷ് തന്റെ ജോലി പൂര്‍ത്തിയാക്കിയിരിക്കുന്നത്. 1980-90 കാലഘട്ടം പുനരാവിഷ്‌കരിക്കാന്‍ ചിത്രത്തിന്റെ ആര്‍ട്ട് വിഭാഗവും വസ്ത്രാലങ്കാര വിഭാഗവും എടുത്തിരിക്കുന്ന എഫേര്‍ട്ടും പ്രശംസനീയമാണ്.
ക്ലീഷെകള്‍ പലതും ബ്രേക്ക് ചെയ്യാന്‍ ആത്മാര്‍ത്ഥമായി തന്നെ തിരക്കഥാകൃത്തും സംവിധായകനും ശ്രമിച്ചിട്ടുണ്ടെന്ന് കാണാം. അതേസമയം ചില ക്ലിഷെകള്‍ അതേപടി ആവര്‍ത്തിക്കുന്നതും. എങ്കിലും, അതിമാനുഷികമായി ഒന്നുമില്ലാതെ തന്നെ എന്‍ഗേജിംഗ് ആക്കുന്ന, യഥാര്‍ത്ഥ്യത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഡീസന്റ് ത്രില്ലറാണ് അന്വേഷിപ്പിന്‍ കണ്ടെത്തും.


Click it and Unblock the Notifications