For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാ രഞ്ജിത്തിന്റെ 'പൊളിറ്റിക്കല്‍ പഞ്ച്'; കണ്ണും കാതും തുറന്ന് വച്ച് കാണേണ്ട 'ഇടിപ്പടം'

  |

  Rating:
  4.0/5
  Star Cast: Arya, John Kokken, Kalaiyarasan
  Director: Pa. Ranjith

  കഴിഞ്ഞ ദിവസം പുറത്തു വന്ന, ബോളിവുഡില്‍ നിന്നുമുള്ള ബോക്‌സിംഗ് കഥ പറയുന്ന ചിത്രമായിരുന്നു തൂഫാന്‍. എന്നാല്‍ തൂഫാന്‍ ഒരു കൊടുങ്കാറ്റിന് പകരം ഒരു ഇളം തെന്നലായി കടന്നു പോവുകയായിരുന്നു. തൊട്ടുപിന്നാലെ പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ ആര്യയെ കേന്ദ്ര കഥാപാത്രമാക്കി എത്തിയ ചിത്രമാണ് സര്‍പ്പാട്ട പരമ്പര. എപ്പിക് എന്നു വിളിക്കാവുന്നൊരു സിനിമാ അനുഭവുമായിരുന്നു സര്‍പ്പാട്ട പരമ്പര. ആര്യയുടെ കരിയറിലെ ഏറ്റവും നിര്‍ണായകമായൊരു ചിത്രമായി വേണം സര്‍പ്പാട്ട പരമ്പരയെ കാണാന്‍.

  സ്‌പോര്‍ട്‌സ് സിനിമയുടെ ഏറ്റവും വലിയ ന്യൂനത അതിന്റെ പ്രവചനീയതയാണ്. സിനിമയുടെ തുടക്കവും മധ്യവും ഒടുക്കവുമെല്ലാം എന്തായിരിക്കുമെന്ന് നമുക്ക് ഏറെക്കുറെ ഊഹിക്കാവുന്നതായിരിക്കും. മിക്കപ്പോഴും പറയാനുണ്ടാവുക അണ്ടര്‍ഡോഗ് vs ഓള്‍ ഓഡ്‌സ് കഥയായിരിക്കും. എന്നാല്‍ ഇതേ ന്യൂനത തന്നെയാണ് സ്‌പോര്‍ട്‌സ് ഡ്രാമയെ കാഴ്ചക്കാരനെ കാണാന്‍ പ്രേരിപ്പിക്കുന്നതും. നമുക്ക് സാധിക്കാതെ പോയ, സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പോവുകയും വിജയം കൈവരിക്കുകയും ചെയ്യുന്ന ഹീറോയെ കാണുക എന്ന കാഴ്ചക്കാരന്റെ സ്വാഭാവികമായ ആഗ്രഹമാണ് സ്‌പോര്‍ട്‌സ് ഡ്രാമയെ വളരെ പെട്ടെന്നു തന്നെ കാഴ്ചക്കാരുമായി കണക്ട് ചെയ്യിക്കുന്നത്.

  സ്‌പോര്‍ട്‌സ് ഡ്രാമയുടെ ഈ സ്വഭാവം സര്‍പ്പാട്ട പരമ്പരയും കാണിക്കുന്നുണ്ട്. പക്ഷെ സര്‍പ്പാട്ട പരമ്പര വ്യത്യസ്തമാകുന്നത് അത് ഹീറോയുടെ വ്യക്തിപരമായ ജേര്‍ണി അവതരിപ്പിക്കുന്നത് കൊണ്ടല്ല, മറിച്ച് ഒരു നാടിന്റെ സംസ്‌കാരത്തെ അടയാളപ്പെടുത്തുന്നുവെന്നത് കൊണ്ടാണ്. 1970 കളിലെ നോര്‍ത്ത് മദ്രാസാണ് സിനിമയുടെ പശ്ചാത്തലം. ബ്രിട്ടീഷുകാരില്‍ നിന്നും പഠിച്ചെടുത്ത ബോക്‌സിംഗ് തങ്ങളുടെ സംസ്‌കാരമാക്കി മാറ്റിയെടുത്ത വര്‍ക്കിംഗ് ക്ലാസ് ജീവിതങ്ങളാണ് നോര്‍ത്ത് മദ്രാസിലേത്. എങ്ങനെയാണ് ഒരു സമൂഹത്തിന് ബോക്‌സിംഗ് എന്നത് തങ്ങളുടെ പ്രാണവായുപോലെ അത്യാവശ്യവും സ്വാഭാവികവുമായി മാറുന്നതെന്ന് സര്‍പ്പാട്ട പരമ്പര കാണിച്ചു തരുന്നു.

  ആര്യ അവതരിപ്പിക്കുന്ന കബിലന്‍ ആണ് ചിത്രത്തിലെ നായകന്‍. സര്‍പ്പാട്ട പരമ്പര, ഇടിയപ്പ പരമ്പര എന്നീ രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വര്‍ഷങ്ങളുടെ വൈര്യത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഒരേ സമയം ഹീറോയുടെ ജേര്‍ണിയും ഒരു സമൂഹത്തിന്റെ ജേര്‍ണിയും അടയാളപ്പെടുത്തുക എന്ന ശ്രമകരമായൊരു ജോലിയാണ് പാ രഞ്ജിത്ത് എന്ന സംവിധായകന്‍ വിജയകരാമായി പൂര്‍ത്തിയാക്കുന്നത്.

  ചിത്രത്തിന്റെ ആദ്യ പകുതി ആകാംഷയും ആവേശം നിറഞ്ഞതാണ്. ഹീറോയുടെ ഉദയം അവതരിപ്പിക്കുന്ന ഈ പകുതിയില്‍ ബോക്‌സിംഗ് എങ്ങനെയാണ് സമൂഹത്തെ സ്വാധീനിക്കുന്നതെന്നും സമൂഹം എങ്ങനെയാണ് ബോക്‌സിംഗിനെ സ്വാധീനിക്കുന്നതെന്നും വ്യക്തമാക്കുന്നുണ്ട്. ജാതിയുടേയും മതത്തിന്റേയും അതിരുകള്‍ക്കപ്പുറത്ത് ബോക്‌സിംഗ് ഒരു സമൂഹത്തെ സൃഷ്ടിക്കുന്നത് ഇവിടെ കാണാം.

  അടിസ്ഥാനപരമായ സര്‍പ്പാട്ട പരമ്പര ഒരു പാന്‍ രഞ്ജിത്ത് ചിത്രമാണ്. പാ രഞ്ജിത്തിന്റെ ചിത്രങ്ങളില്‍ രാഷ്ട്രീയം സംസാരിക്കുക എന്നത് വളരെ സുപ്രധാനമായ ഘടകമാണ്. അദ്ദേഹത്തിന്റെ മുന്‍ സിനിമകളില്‍ തന്റെ രാഷ്ട്രീയം പറയാന്‍ അദ്ദേഹം സിനിമയെ ഉപയോഗിക്കുന്നതാണ് കണ്ടിട്ടുള്ളത്. അതൊരു തെറ്റല്ല, അനിവാര്യത തന്നെയായിരുന്നു. പക്ഷെ സര്‍പ്പാട്ട പരമ്പരയില്‍ രാഷ്ട്രീയം സിനിമയെ ഓവര്‍ ലാപ്പ് ചെയ്യാതെ വളരെ മനോഹരമായി ഇഴുകി ചേര്‍ന്നിരിക്കുന്നത് കാണാം.

  സംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ അടയാളങ്ങളും മെറ്റഫറുകളും ചിത്രത്തില്‍ പലയിടത്തായി കടന്നു വരുന്നുണ്ട്. പാട്ടിലും ചുവരിലെ ചിത്രത്തിലും കഥാപാത്രങ്ങളുടെ പേരിലും ഡയലോഗുകളിലുമെല്ലാം പാ രഞ്ജിത്തിന് മാത്രം സാധ്യമാകുന്ന തരത്തില്‍ റഫറന്‍സുകളുണ്ട്. അവ തിരിച്ചറിയുന്നിടത്ത് സിനിമ നിങ്ങളോട് കാഴ്ചയ്ക്കപ്പുറത്ത് സംവദിക്കും.

  രണ്ടാം പകുതിയില്‍ ഹീറോയുടെ വീഴ്ച കാണിക്കുന്ന സിനിമ സ്ഥിരം വര്‍ക്കൗട്ട് മൊണ്ടാഷുകളിലേക്ക് കടക്കുന്നുണ്ടെങ്കിലും ജാതി രാഷ്്ട്രീയവും റിയലിസ്റ്റിക് രംഗങ്ങളും കൊണ്ട് പാ രഞ്ജിത്ത് ഇവിടേയും വ്യത്യസ്തനാകുന്നുണ്ട്. ക്ലൈമാക്‌സിലേക്ക് എത്തും മുമ്പ് ചിത്രം അല്‍പ്പം സ്ലോ ആകുന്നുണ്ട്, പക്ഷെ അത് കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയാണ്. അടിയന്തരാവസ്ഥ കാലത്തെ തമിഴ്‌നാടിനേയും ചിത്രം അടയാളപ്പെടുത്തുന്നു. രാഷ്ട്രീയ സംഭവവികാസങ്ങളെ സിനിമയുടെ ജേര്‍ണിയുമായി ബന്ധപ്പെടുത്തുന്നതിലും പാ രഞ്ജിത്ത് വിജയിച്ചിട്ടുണ്ട്.

  പാ രഞ്ജിത്തിന്റെ മുന്‍ സിനിമകളിലെ സ്ത്രീകഥാപാത്രങ്ങളെ പോലെ തന്നെ സര്‍പ്പാട്ട പരമ്പരയിലെ സ്ത്രീകളും സ്വന്തമായ ശബ്ദമുള്ളവരാണ്. കബിലന്റെ അമ്മയുടെ കഥാപാത്രം വണ്‍ ലൈനില്‍ ഒതുങ്ങുന്നതാണെങ്കിലും മാരിയമ്മ എന്ന നായിക കഥാപാത്രം കുറേക്കൂടെ ആഴമുള്ളതാണ്. ചിത്രത്തിലെ ഏറ്റവും മനോഹരമായൊരു രംഗങ്ങളില്‍ ഒന്നില്‍ ഭര്‍ത്താവിനോട് കയര്‍ക്കുകയും മര്യാദയ്ക്ക് തനിക്ക് ചോറ് വാരി തരാന്‍ പറയുകയും ചെയ്യുന്ന മാരിയമ്മയെ കാണാം. പരമ്പരയുടെ അഭിമാനമെന്നത് 'മാന്‍ലി'യായൊരു കാര്യമായിരിക്കുമ്പോഴും സ്ത്രീയുടെ മേല്‍ അധികാരം നടപ്പിലാക്കുന്ന പുരുഷത്വമല്ല സര്‍പ്പാട്ടയുടേത്.

  പശുപതി തന്റെ കഥാപാത്രത്തെ അനായാസമായി തന്നെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ ഏറ്റവും രസകരമായ കഥാപാത്രങ്ങളിലൊന്ന് ഡാന്‍സിംഗ് റോസ് ആണ്. കബിലനും ഡാന്‍സിംഗ് റോസും തമ്മിലുള്ള ബോക്‌സിംഗ് മത്സരം ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ രംഗങ്ങളിലൊന്നാണ്. സ്‌ക്രീന്‍ സ്‌പേസ് കുറവായിരുന്നിട്ടും ഷബീര്‍ കല്ലറക്കല്‍ അവതരിപ്പിച്ച ഡാന്‍സിംഗ് റോസ് മനസിലിടം നേടുന്നതാണ്. ജോണ്‍ കൊക്കന്റെ വെമ്പുലിയും ശക്തമായ സാന്നിധ്യമാണ്. ഓരോ ബോക്‌സര്‍ക്കും വ്യത്യസ്തമായ ബോക്‌സിംഗ് സ്‌റ്റൈല്‍ നല്‍കാനും പാ രഞ്ജിത്ത് ശ്രമിച്ചിട്ടുണ്ട്.

  Recommended Video

  ആ സംഭവത്തിന് ശേഷം മമ്മൂട്ടിയുടെയും സുഹാസിനിയുടെയും പേരുകള്‍ ഗോസിപ്പുകളില്‍ നിറഞ്ഞു

  സന്തോഷ് നാരായണന്റെ മ്യൂസിക്കും മുരളി ജിയുടെ ക്യമറയും ചിത്രത്തിന് വലിയ പ്ലസ് ആണ്. അതോടൊപ്പം വലിയ കൈയ്യടി അര്‍ഹിക്കുന്നത് ചിത്രത്തിന്റെ കലാസംവിധാന വിഭാഗമാണ്. 70കളിലെ നോര്‍ത്ത് മദ്രാസിനെ വളരെ നന്നായി തന്നെ കലാവിഭാഗത്തിന് പുനസൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്.

  സര്‍പ്പാട്ട പരമ്പര വെറുമൊരു സ്‌പോര്‍ട്‌സ് ഡ്രാമയല്ല. പാ രഞ്ജിത്തിന്റെ സ്‌പോര്‍ട്‌സ് ഡ്രാമയാണ്. കണ്ണും കാതും തുറന്നു വച്ച് വേണം ഓരോ രംഗവും കാണാന്‍.

  Read more about: review റിവ്യു
  English summary
  Arya Starrer And Directed By Pa Ranjith Sarpatta Parambarai Movie Review in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X