'കുട്ടികള്‍ക്കുള്ള സിനിമ' കുട്ടിക്കളിയല്ല, സംവിധാനവും; ത്രീഡിയ്ക്കും മാറ്റാനാകാത്ത വിരസത
മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ. ജിജോ പുന്നൂസും സന്തോഷ് ശിവനും മുതല്‍ അണിയറയിലെല്ലാം പ്രതിഭകള്‍. ലോകനിരവാരമുള്ള ടെക്‌നിക്കല്‍ ടീമും സംഗീതവും. ഭൂതത്തിന്റേയും കുട്ടിയുടേയും സൗഹൃദത്തിന്റെ കഥ പറയുന്ന ത്രീഡി സിനിമ. അണിയറയില്‍ മാത്രമല്ല, അരങ്ങത്തും മോഹന്‍ലാലുണ്ട്. അങ്ങനെ ഒരൊന്നന്നര വരവാണ് സംവിധാനത്തില്‍ മോഹന്‍ലാല്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. പക്ഷെ വിരസമായൊരു സിനിമാക്കാഴ്ചയായി അവസാനിക്കുകയാണ് ബറോസ്. സിനിമയേക്കാള്‍ ആസ്വാദനം തീയേറ്ററിലെ പോപ്‌കോണും കാപ്പിയും നല്‍കുന്നുണ്ട്.
നാനൂറ് വര്‍ഷത്തോളമായി ഡി ഗാമയുടെ നിധി കാക്കുന്ന ഭൂതമാണ് ബറോസ്. നിധിയുടെ യഥാര്‍ത്ഥ അനന്തരവകാശി വരുന്നതോടെ താക്കോല്‍ അയാളെ ഏല്‍പ്പിക്കുക എന്നതാണ് ബറോസിന്റെ ദൗത്യം. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ അയാളേയും അയാള്‍ കാക്കുന്ന നിധിയേയും തേടി അവള്‍ എത്തുന്നു, ഇസബെല്ല.

കേട്ടു പരിചയമുള്ളതെങ്കിലും രസിപ്പിക്കാന്‍ തക്കതുള്ളതായിരുന്നു ബറോസിന്റെ പ്ലോട്ട്. എന്നാല്‍ അതില്‍ ഒരിഞ്ച് പോലും മുന്നോട്ട് കൊണ്ടു പോകാന്‍ തിരക്കഥയ്ക്ക് സാധിക്കുന്നില്ല. മനോഹരമായ ആര്‍ട്ട് വര്‍ക്കും, ത്രീഡിയുടെ മാജിക്കുമെല്ലാമുണ്ട് ബറോസില്‍. പക്ഷെ അടിസ്ഥാനമായി വേണ്ടത് ഒന്നു മാത്രമില്ല, കെട്ടുറപ്പുള്ള തിരക്കഥ. സിനിമയുട കോർ എന്ന് പറയുന്ന കുട്ടിയും ഭൂതവും തമ്മിലുള്ള ആത്മബന്ധം പോലും രജിസ്റ്റർ ചെയ്യാനാകുന്നില്ല.
സംവിധായകന്‍ കൂടിയായ മോഹന്‍ലാല്‍ അടക്കമുള്ള ഒരാള്‍ക്കും എന്താണ് നടക്കുന്നതെന്ന് യാതൊരു നിശ്ചയവുമില്ലെന്ന് തോന്നുന്ന തരത്തിലാണ് സിനിമ സഞ്ചരിക്കുന്നത്. സീനുകള്‍ പലതും ഓണ്‍ ദ സ്‌പോട്ടില്‍ ഉണ്ടാക്കിയത് പോലെ. രംഗങ്ങള്‍ തമ്മിലുള്ള ബന്ധം പോലും പലപ്പോഴും നഷ്ടമാകുന്നു.
മോഹന്‍ലാല്‍ മലയാളത്തിന്റെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ്. പതിറ്റാണ്ടുകളുടെ പരിചയമുണ്ട് സിനിമാ ലോകത്ത്. എന്നാല്‍ യാതൊരു കയ്യടക്കവുമില്ലാതെ, തീര്‍ത്തും അമേച്ച്വര്‍ ആയ മേക്കിംഗ് ആണ് മോഹന്‍ലാല്‍ എന്ന സംവിധായകന്റേത്. കണ്ടിന്യുവിറ്റി മിസ്‌റ്റേക് പോലും എഡിറ്റ് ചെയ്യപ്പെടുന്നില്ല.
നാടോടിക്കഥയേയും നാടകത്തേയുമൊക്കെ ഓര്‍മ്മിപ്പിക്കുന്നതാണ് ബറോസിന്റെ തുടക്കം. 1600 കളില്‍ ആരംഭിക്കുന്ന സിനിമ ബറോസിന്റെ ലോകം നമുക്ക് കാണിച്ചു തരുന്നുണ്ട്. അവിടെ നിന്നും 2020 കളിലേക്ക് വരുന്നതോടെ സിനിമ കയ്യില്‍ നിന്നും പോവുകയാണ്. വിഷ്വലി മനോഹരമായിരിക്കുമ്പോഴും കഥാപാത്രങ്ങളോടും കഥാ സന്ദര്‍ഭങ്ങളോടും യാതൊരു തരത്തിലുള്ള അറ്റാച്ചുമെന്റും തോന്നിപ്പിക്കാന്‍ തിരക്കഥയ്ക്ക് സാധിക്കുന്നില്ല. നാടകത്തെ നാണിപ്പിക്കുന്ന കലവൂർ രവികുമാറിന്റെ ഡയലോഗുകള്‍ കൂടിയാകുമ്പോള്‍ ശുഭം.
മോഹന്‍ലാലും ഗുരു സോമസുന്ദരവും മാത്രമാണ് പരിചയമുള്ള മുഖങ്ങള്‍. മോഹന്‍ലാല്‍ ലുക്കില്‍ വ്യത്യസ്തമായിരിക്കുമ്പോഴും പെര്‍ഫോം ചെയ്യാന്‍ ഒന്നുമില്ലാത്ത തിരക്കഥ അദ്ദേഹത്തിന് പോലും തിരിച്ചടിയാകുന്നു. സമീപകാലത്ത് മോഹന്‍ലാല്‍ എന്ന നടനെ ഏറ്റവും മോശം രീതിയില്‍ ഉപയോഗിച്ച സംവിധായകന്‍ മോഹന്‍ലാല്‍ തന്നെയായിരിക്കും. മറ്റ് കഥാപാത്രങ്ങള്‍ക്ക് ഒന്നും യാതൊരു ആര്‍ക്കും ഐഡന്റിറ്റിയും ഇല്ല. പ്രധാന കഥാപാത്രമായ കുട്ടിയെ പോലും വൃത്തിയായി എഴുതിയിട്ടില്ല. പല സബ് പ്ലോട്ടുകളും നടുന്നുണ്ടെങ്കിലും വേണ്ട വെള്ളവും വളവും നല്‍കാതെ ഒക്കത്തിനേയും നശിപ്പിച്ചു കളയുകയാണ്.

കുട്ടികള്‍ക്കുള്ള സിനിമ എന്നാണ് ബറോസിനെക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ അത് വെറും കൈകഴുകല്‍ ശ്രമം മാത്രമാണ്. ലോകത്തിതുവരെ ഇറങ്ങിയ ഒരു കുട്ടികളുടെ സിനിമയും നല്ല സിനിമ അല്ലാതായിട്ടും സ്വീകരിക്കപ്പെട്ടിട്ടില്ല. കുട്ടികളുടെ കഥ പറയുമ്പോഴും സിനിമയുണ്ടാക്കല്‍ കുട്ടിക്കളിയല്ല.
പലപ്പോഴും വലിയ ലോകവീക്ഷണവും തത്വചിന്തയും പറയുന്നവയായിരിക്കും കുട്ടികളുടെ സിനിമ. കുട്ടികള്‍ക്ക് വേണ്ടി മാത്രമായി ഉണ്ടാക്കുന്നവയും ആയിരിക്കില്ല അവ. എല്ലാവരുടേയും മനസുള്ള കുട്ടിയായിരിക്കും അത്തരം സിനിമകളുടെ ടാര്‍ജറ്റ്. ഇവിടെ കൊച്ചുകുട്ടികളുടെ ലോജിക്കിനേയും ശ്രദ്ധയേയും പോലും ആകര്‍ഷിക്കാന്‍ ബറോസിന് സാധിക്കുന്നില്ലെന്നതാണ് വാസ്തവം.


Click it and Unblock the Notifications











