ഉത്തരങ്ങളേക്കാള്‍ ചോദ്യങ്ങള്‍ ബാക്കിയാകുന്ന കടങ്കഥ; എത്രനേരം മമ്മൂട്ടിയെ മാത്രം കണ്ടിരിക്കും?
കൊവിഡിന് ശേഷമുള്ള മമ്മൂട്ടിയുടെ തിരക്കഥകളുടെ തിരഞ്ഞെടുപ്പ് വളരെ രസകരമാണ്. സിനിമയുടെ വാണിജ്യ വിജയത്തിനുമപ്പുറം വ്യത്യസ്തമായ കഥകളും കഥാപാത്രങ്ങളുമാണ് അദ്ദേഹം തിരഞ്ഞെടുത്തതില്‍ അധികവും. അങ്ങനെ മമ്മൂട്ടി തിരഞ്ഞെടുത്ത തിരക്കഥകളില്‍ ഒന്നാണ് ബസൂക്ക. കൊവിഡ് ലോക്ക്ഡൗണിന് പിന്നാലെ പ്രഖ്യാപിക്കപ്പെട്ട സിനിമ തീയേറ്ററിലേക്ക് എത്താന്‍ അല്‍പ്പം കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്.
സമീപകാല മമ്മൂട്ടി സിനിമകള്‍ പോലെ തന്നെ പ്രമേയത്തിലും മമ്മൂട്ടിയുടെ കഥാപാത്ര രൂപീകരണത്തിലും വ്യത്യസ്തമാണ് ബസൂക്ക. മമ്മൂട്ടിയെന്ന താരത്തേയും നടനേയും ഒരുപോലെ ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടുള്ള, മമ്മൂട്ടി ആരാധകര്‍ക്ക് ആഘോഷിക്കാനുള്ളത് നല്‍കുന്ന മാസ് ആക്ഷന്‍ ചിത്രം.

വീഡിയോ ഗെയ്മിംഗിന്റെ ലോകത്തോട് ചേര്‍ന്ന് നിന്നാണ് ബസൂക്ക കഥ പറയുന്നത്. കൊച്ചിയിലാണ് കഥ നടക്കുന്നത്. അക്രമങ്ങളുടേയും ലഹരിയുടേയുമെല്ലാം ഹബ് ആയി മാറിക്കൊണ്ടിരിക്കുന്ന കൊച്ചി. നഗരത്തെ ശൂചീകരിക്കാനായി എസിപി ബെഞ്ചമിന്‍ ജോഷ്വ എത്തുന്നു. ഒപ്പം അദ്ദേഹത്തിന്റെ കരുത്തരായ ടീം അംഗങ്ങളും. ഒരു ദിവസം അവര്‍ക്ക് മുന്നിലേക്ക് ഒരുപാട് കടങ്കഥകളുമായി ഒരു മോഷണ പരമ്പര അരങ്ങേറുന്നു. തുടര്‍ന്നങ്ങോട്ടുള്ള സംഭവങ്ങളാണ് സിനിമയുടെ കഥാ പരിസരം.
എല്ലാ അര്‍ത്ഥത്തിലും മമ്മൂട്ടി ആരാധകര്‍ക്കുള്ളതാണ് ബസൂക്ക. തന്റെ സ്വാഗും അഭിനയത്തില്‍ പുതുമേച്ചില്‍ പുറങ്ങള്‍ തേടാനുള്ള ത്വരയും 73-ാം വയസിലും മമ്മൂട്ടിയിലുണ്ട്. ഇനിയും കാണാനും അനുഭവിക്കാനും ഒരുപാട് മമ്മൂട്ടി ഭാവങ്ങള്‍ ബാക്കിയുണ്ടെന്ന് ഒരിക്കല്‍ കൂടി അടവരയിട്ടു പറയുകയാണ് ബസൂക്കയിലൂടെ മമ്മൂട്ടി എന്ന നടന്‍. സ്റ്റൈലിഷ് ലുക്കില്‍ മാത്രമല്ല, അഭിനയത്തിലെ പരകായ പ്രവേശത്തിലും അദ്ദേഹം വീണ്ടും വീണ്ടും കൊതിപ്പിക്കുകയാണ്. അവസാന 20-25 മിനുറ്റ് നേരത്തെ അദ്ദേഹത്തിന്റെ ട്രാന്‍സ്ഫര്‍മേഷന്‍ അമ്പരപ്പിക്കുന്നതാണ്.
പതിഞ്ഞ താളത്തിലാണ് ബസൂക്ക കഥ പറഞ്ഞു തുടങ്ങുന്നത്. ആദ്യ പകുതി കഥാപരിസരവും കഥാപാത്രങ്ങളും പരിചയപ്പെടുത്താനാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടാം പകുതിയിലേക്ക് കടക്കുന്നതോടെ സിനമ ഗിയര്‍ മാറ്റുന്നു. തേര്‍ഡ് ആക്ടില്‍ അതൊരു പൊട്ടിത്തെറിയിലേക്ക് കടക്കുന്നു. മമ്മൂട്ടിയ്‌ക്കൊപ്പം ഗൗതം വാസുദേവ് മേനോനും നിറ സാന്നിധ്യമായി സിനിമയിലുണ്ട്. ഇരുവരും ഒരുമിച്ചുള്ള രംഗങ്ങളെല്ലാം മികവ് പുലര്‍ത്തിയവയാണ്. അതുപോലെ തന്നെ ഹക്കീം ഷാജഹാന്‍-മമ്മൂട്ടി രംഗങ്ങളും ശ്രദ്ധേയമാണ്. ഹക്കീം ഷാ എന്ന നടനെ എന്തുകൊണ്ട് മലയാള വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നില്ലെന്നത് ഒരു ചോദ്യമാണ്.
വ്യത്യസ്തമായൊരു പ്രിമൈസ് ആയിരുന്നു ബസൂക്കയുടേത്. എന്നാല്‍ അതിനെ നല്ലൊരു തിരക്കഥയിലേക്ക് എത്തിക്കുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ട്. കഥാപാത്ര രൂപീകരണത്തിലും കഥാസന്ദര്‍ഭങ്ങളുടെ ഒഴുക്കിലുമെല്ലാം കൃത്രിമത്വം അനുഭവപ്പെടുന്നു. മമ്മൂട്ടിയുടെ ലുക്കും സ്വാഗുമെല്ലാം ആസ്വദിക്കാന്‍ സാധിക്കുന്നതാണ്. പക്ഷെ അതിനുമപ്പുറത്തേക്ക് അദ്ദേഹത്തിലെ നടനും താരവും അര്‍ഹിക്കുന്നുണ്ടല്ലോ.
്‌മോഷണ രംഗങ്ങള്‍ വിശ്വാസ യോഗ്യമാക്കുന്നതിലും സിനിമ പലപ്പോഴും പിന്നിലാകുന്നുണ്ട്. നല്ലൊരു ആശയത്തെ എക്‌സിക്യൂഷനിലെ അപാകത തളര്‍ത്തുന്നതാണ് ബസൂക്കയില്‍ കാണാന്‍ സാധിക്കുന്നത്. നവാഗത സംവിധായകനാണ് ഡീനോ ഡെന്നീസ്. അതിനാലാം മേക്കിംഗില്‍ കയ്യടം കാണാന്‍ സാധിക്കാതെ പോകുന്നത്. തിരക്കഥ ഒന്നു കൂടി വികസിപ്പിക്കുകയും എക്‌സിക്യൂഷനിലും മേക്കിംഗിലും കുറേക്കൂടി മികവ് പുലര്‍ത്തുവാനും സാധിച്ചിരുന്നുവെങ്കില്‍ അതിഗംഭീരമായൊരു സിനിമയായേനെ ബസൂക്ക.
മമ്മൂട്ടിയ്‌ക്കൊപ്പം നല്ല അഭിനേതാക്കാളുടെ വലിയൊരു നിര തന്നെയുണ്ട് ബസൂക്കയില്‍. യുവതാരങ്ങളും തെളിയിച്ചവരാണ്. എന്നാല്‍ അവര്‍ അര്‍ഹിക്കുന്ന ആര്‍ക്കും പ്രകടന സാധ്യതയും കഥാപാത്രങ്ങള്‍ക്കില്ലാതെ പോകുന്നു. മമ്മൂട്ടിയെന്ന താരത്തേയും നടനേയും മാത്രം ആശ്രയിച്ചാണ് ബസൂക്കയൊരുക്കിയിരിക്കുന്നത്. പതിഞ്ഞ താളത്തില്‍ തുടങ്ങി തേര്‍ഡ് ആക്ടില്‍ ഒരു വലിയ പൊട്ടിത്തെറിയായി മാറേണ്ടതായിരുന്നു സിനിമ. അവസാന ഭാഗത്ത് മമ്മൂട്ടിയുടെ ട്രാന്‍സ്ഫര്‍മേഷന്‍ അതിനുള്ള സാധ്യത നല്‍കുന്നതായിരുന്നു. എന്നാല്‍ ആ ചാന്‍സ് മുതലെടുക്കാന്‍ സിനിമയ്ക്ക് സാധിക്കുന്നില്ല. ഒരുപക്ഷെ കാലത്തിന് മുമ്പേ സഞ്ചരിക്കുന്ന മമ്മൂട്ടിയുടെ അല്‍പ്പം വൈകിപ്പോയ സിനിമയും കഥാപാത്രമായിരിക്കണം ബസൂക്ക.
മിക്ക കുറ്റാന്വേഷണ/ത്രില്ലര്‍ സിനികളെപ്പോലെ ക്ലൈമാക്‌സ് ട്വിസ്റ്റില്‍ ആശ്രയിച്ചുള്ളൊരു യാത്രയാണ് ബസൂക്കയുടേത്. എന്നാല്‍ സിനിമ പൂര്‍ത്തിയാകുന്നത് ഒരുപാട് ചോദ്യങ്ങളും, ലൂസ് എന്‍ഡുകളും ബാക്കിയാക്കിയാണ്. ഗെയ്മുകളുടെ ലോകത്ത് പൊതു സമൂഹത്തിന്റെ നിയമങ്ങളും ലോജിക്കുകളും അസാധുവാണ്. അതിനാല്‍ ഗെയ്മുകളിലൂടെ കഥ പറയുന്ന സിനിമയും അങ്ങനെയാകാം എന്ന് മനസിനെ പഠിപ്പിക്കാന്‍ സാധിക്കുമെങ്കില്‍ ആശങ്ക വേണ്ട.

എന്തിനായിരുന്നു ചില രംഗങ്ങളും സബ് പ്ലോട്ടുകളും എന്ന ചോദ്യവും സിനിമ ബാക്കിയാക്കുന്നുണ്ട്. സംഘട്ടന രംഗങ്ങളില്‍ അഡ്രിനാലിന്‍ റഷ് നല്‍കുന്ന ചടലുതയില്ലാതെ പോയതും രസം കൊല്ലിയാകുന്നുണ്ട്. പ്രത്യേകിച്ചും നിമിഷ് രവിയേയും റോബി വര്‍ഗീസ് രാജിനേയും പോലുള്ള പ്രതിഭയുള്ള ഛായാഗ്രാഹകരുണ്ടായിരുന്ന സിനിമയായിട്ടും.
എല്ലാ ചേരുവകളും ഉണ്ടായിട്ടും, എന്തെന്ന് പേരെടുത്ത് പറയാന്‍ സാധിക്കാത്ത, എന്നാല്‍ അതിന്റെ ഇല്ലായ്മ മുഴച്ച് നില്‍ക്കുന്ന, ഒരു എക്‌സ് ഫാക്ടറുടെ കുറവുണ്ട് ബസൂക്കയ്ക്ക്. ഓരോ സീനിലും വേഷവും കൂളിംഗ് ഗ്ലാസും മാറ്റിമാറ്റി വരുന്ന മമ്മൂട്ടി സോഷ്യല്‍ മീഡിയ റീലുകള്‍ ഭരിച്ചേക്കും. പക്ഷെ നമ്മൂടെയൊക്കെ ഹൃദയം ഭരിക്കുന്ന മമ്മൂട്ടി അതിനും ഒരുപാട് മുകളിലാണല്ലോ.


Click it and Unblock the Notifications











