ജ്യോതിര്‍മയിയുടെ ശക്തമായ തിരിച്ചുവരവ്; റൂത്തിനൊപ്പം സഞ്ചരിക്കുന്ന റീത്തുവിന്‍റെ ലോകം
എഴുത്തിന്റെ ഭംഗി സിനിമയിലേക്ക് കൊണ്ടു വരിക എന്നത് ഏറെ ശ്രമകരമായ ജോലിയാണ്. അക്ഷരങ്ങളില്‍ നിന്നും ദൃശ്യത്തിലേക്ക് എത്തുമ്പോള്‍ പലപ്പോഴും അതിന്റെ അന്തസത്ത നഷ്ടപ്പെടുന്നത് കാണാറുണ്ട്. എന്നാല്‍ എല്ലാ അര്‍ത്ഥത്തിലും ലാജോ ജോസിന്റെ റൂത്തിന്റെ ലോകം എന്ന നോവലിനോട് നീതി പുലര്‍ത്തുന്ന ചിത്രമാണ് ബൊഗയ്ന്‍വില്ല.
കുട്ടിക്കാനമാണ് സിനിമയുടെ ലൊക്കേഷന്‍. ഓര്‍മ്മകള്‍ ഇയാം പാറ്റകളെ പോലെ നഷ്ടമായിക്കൊണ്ടിരിക്കുന്ന റീത്തയും അയാളുടെ ഭര്‍ത്താവ് റോയ്‌സും കുട്ടികളും അടങ്ങുന്ന കൊച്ചു ലോകത്തു നിന്നുമാണ് സിനിമ ആരംഭിക്കുന്നത്. വാഹനപാകടത്തെ തുടര്‍ന്ന് റെട്രോഗ്രേഡ് അംനേഷ്യ ബാധിതയായി മാറിയവളാണ് റീത്ത. അവളുടെ ഓര്‍മകള്‍ക്ക് അല്‍പ്പായുസാണ്. ഏത് നിമിഷം വേണമെങ്കിലും അവ അവളെ കയ്യൊഴിയാം.

ഏത് നിമിഷവും നഷ്ടപ്പെടുന്ന ഓര്‍മ്മകളിലൂടെ തന്റേതായൊരു ലോകം സൃഷ്ടിച്ചെടുക്കുകയാണ് ജ്യോതിര്‍മിയയുടെ റീത്ത. ആലോചിക്കുക, നമ്മുടെ ലോകം എന്നത് നമ്മുടെ ഓര്‍മ്മകളുടെ ആകെ തുകയാണ്. ഓര്‍മ്മകള്‍ നഷ്ടമാകുന്നതോടെ നമുക്ക് ചുറ്റുമുള്ള ലോകവും അവസാനിക്കുന്നു. അതോടെ ഓരോ ദിവസവും ഓരോ നിമിഷവും എത്ര ശ്രമകരമായിരിക്കും ജീവിതം. ഒരു പസില്‍ ബോക്‌സെന്നത് പോലെ നിത്യവും തനിക്കു ചുറ്റുമുള്ളൊരു ലോകം സൃഷ്ടിച്ചെടുക്കുക, പൂര്‍ത്തിയാകും മുമ്പും ആ പസില്‍ തകരുന്നു. വീണ്ടും ഒന്നില്‍ നിന്നും നിന്നും ആരംഭിക്കുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജ്യോതിര്‍മയി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. എന്നാല്‍ റീത്തയാകുന്നതില്‍ ഒരിക്കല്‍ പോലും അവര്‍ ആ ഇടവേളയുടെ ആനുകൂല്യം കൈപ്പറ്റുന്നില്ല. ലാജോ ജോസ് റൂത്തിനേയും റീത്തയേയും ജ്യോതിര്‍മയിയെ മനസില്‍ കണ്ട് എഴുതിയത് പോലെയാണ് അവരുടെ പ്രകടനം. എപ്പോള്‍ വേണമെങ്കിലും നഷ്ടമാകുന്ന ഓര്‍മ്മയെ, ചില്ലു പാത്രമെന്നത് പോലെ സൂക്ഷ്മമായി ചേര്‍ത്തു പിടിക്കുന്ന റീത്തയായി മിന്നും പ്രകടനമാണ് ജ്യോതിര്‍മയി കാഴ്ചവച്ചിരിക്കുന്നത്. ഒരിടത്തു പോലും ഇത്രയും നാള്‍ അഭിനയത്തില്‍ നിന്നും അവര്‍ പാലിച്ച അകലം നിഴലിക്കുന്നില്ല.
റീത്ത അനുഭവിക്കുന്ന ആന്തരികവും ബാഹ്യവുമായ സംഘര്‍ഷങ്ങളെ ഒരുപോലെ പ്രതിഫലിപ്പിക്കാന്‍ ജ്യോതിര്‍മയിയ്ക്ക് സാധിച്ചിട്ടുണ്ട്. എല്ലാ അര്‍ത്ഥത്തിലും ബൊഗയ്ന്‍വില്ല ജ്യോതിര്‍മയിയുടെ സിനിമയാണ്. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ കാഴ്ച്ചവച്ചിരിക്കുന്നത്. മാറുന്ന മലയാള സിനിമയെ ഇത്രത്തോളം ഉള്‍ക്കൊണ്ട, അതിനനുസരിച്ച് തന്റെ സ്‌ക്രിപ്റ്റ് സെലക്ഷനിലും പ്രകടനത്തിലും മാറ്റം വരുത്തിയ മറ്റൊരു നടനുണ്ടാകില്ല. റീത്ത എത്രത്തോളം സംഘീര്‍ണമാണോ അത്രത്തോളം തന്നെ ആഴമുള്ളവനാണ് ചാക്കോച്ചന്റെ റോയ്‌സ്. അയാളുടെ അന്തരിക യാത്ര കുഞ്ചാക്കോ ബോബന്‍ കൃത്യമായി തന്നെ അടയാളപ്പെടുത്തുന്നുണ്ട്.
പൊതുവെ സ്റ്റൈലും സബ്സ്റ്റന്‍സും തമ്മിലുള്ള മത്സരത്തില്‍ സ്റ്റൈലിനൊപ്പം നില്‍ക്കുന്നതാണ് അമല്‍ നീരദിന്റെ രീതി. എഴുതി വച്ചിരിക്കുന്നതിനെ തന്റേതായ സ്റ്റൈലു കൊണ്ട് അയാള്‍ അലങ്കരിക്കാറുണ്ട്. എന്നാല്‍ ബൊഗെയ്ന്‍വില്ലയിലേക്ക് എത്തുമ്പോള്‍ ഇതുവരെ കണ്ടു ശീലിച്ചൊരു മേക്കിംഗ് അല്ല അമല്‍ നീരദ് സ്വീകരിച്ചിരിക്കുന്നത്. കളര്‍ ടോണിലും രൂപത്തിലുമെല്ലാം അമല്‍ നീരദ് സിനിമയായിരിക്കുമ്പോഴും പൊതുവെ അമല്‍ നീരദ് സിനിമകള്‍ക്കുള്ളൊരു പേസും മൂഡുമല്ല ബൊഗെയ്ന്‍വില്ലയ്ക്കുള്ളത്. പകരം പതിഞ്ഞ താളത്തില്‍, ക്യാരക്ടര്‍ ഡെവലപ്‌മെന്റില്‍ ഊന്നിയാണ് സിനിമ കഥ പറയുന്നത്.
അതേ സിനിമ തന്നെ തേര്‍ഡ് ആക്ടിലേക്ക് കടക്കുന്നതോടെ മാത്രമാണ് സോള്‍ കോള്‍ഡ് അമല്‍ നീരദ് സിനിമയായി മാറുന്നത്. രണ്ടിടത്തും അമല്‍ നീരദ് എന്ന സംവിധായകന്റെ കയ്യൊപ്പ് പ്രകടനമാണ്. ജ്യോതിര്‍മയിയ്ക്കും കുഞ്ചാക്കോ ബോബനും പുറമെയെത്തുന്ന വലിയ താരമാണ് ഫഹദ് ഫാസിലാണ്. എന്നാല്‍ ഫഹദിന്റേത് എക്‌സ്റ്റെന്റഡ് കാമിയോ എന്ന് പറയാന്‍ സാധിക്കുന്നൊരു കഥാപാത്രമാണ്. ശ്രിന്ദ, വീണ നന്ദകുമാര്‍, ഷറഫുദ്ദീന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങളെ വൃത്തിയായി അവതരിപ്പിച്ചിരിക്കുന്നു.
അതുവരെ കൊണ്ടു വന്ന രഹസ്യം വെളിപ്പെടുന്നിടത്തുമാണ് റൂത്തിന്റെ ലോകം മറ്റൊരു തലത്തിലേക്ക് കടക്കുന്നത്. സോ കോള്‍ഡ് മിസ്ട്രി പ്രവചനീയമാണെങ്കിലും അതിന് ശേഷമുള്ള സ്‌ഫോടനാത്മകമായ രംഗങ്ങള്‍ നോവലില്‍ ഹുക്ക് ചെയ്യുന്നവയായിരുന്നു. എന്നാല്‍ സിനിമയിലെത്തുമ്പോള്‍ ട്വിസ്റ്റിന് ശേഷമുള്ള രംഗങ്ങളില്‍ ആ സ്‌ഫോടനാത്മകത നഷ്ടമാകുന്നുണ്ട്. അവസാന ഭാഗങ്ങളില്‍ നേരത്തെ തന്നെ കണ്‍വെ ചെയ്ത കാര്യങ്ങള്‍ വാക്കുകളിലൂടെ വീണ്ടും വീണ്ടും വിശദീകരിക്കുന്നുണ്ട് സിനിമ. പ്രേക്ഷകരുടെ യുക്തിയെ മാനിക്കുന്ന സിനിമ അല്‍പ്പം മുമ്പ് തന്നെ അവസാനിപ്പിക്കാമായിരുന്നു.

സുഷിന്‍ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. പൊതുവെ തിരക്കഥയുടെ പകുതി ജോലി ചെയ്യാറുള്ളത് സുഷിന്റെ സംഗീതമാണ്. എന്നാല്‍ ബൊഗയ്ന്‍വില്ലയില്‍ വളരെ സട്ടിലായാണ് സുഷിന്‍ സംഗീതമൊരുക്കിയിരിക്കുന്നത്. റീത്തയുടെ ആത്മസംഘര്‍ഷങ്ങളെ കയറ്റിറക്കങ്ങളുടെ കൂടെയാണ് സുഷിന്റെ സംഗീതം സഞ്ചരിക്കുന്നത്. ആനന്ദ് സി ചന്ദ്രന്റെ ഛായാഗ്രഹണവും സിനിമയുടെ മൂഡ് നിലനിര്‍ത്തുന്നതാണ്.
റൂത്തിന്റെ ലോകം വായിച്ചവര്‍ക്ക് കഥാപരമായി പുതിയതൊന്നും നല്‍കുന്നില്ലെങ്കിലും നോവലിനോട് നീതിപുലര്‍ത്തുന്നൊരു ചലച്ചിത്രാവിഷ്‌കാരമാണ് ബൊഗെയ്ന്‍വില്ല. അമല്‍ നീരദ് എന്ന സംവിധായകനും ജ്യോതിര്‍മയി എന്ന നായികയ്ക്കും സ്തുതി.


Click it and Unblock the Notifications











