ഭീതിയും അധികാരവും വിലസുന്ന ഭ്രമയുഗം; പരകായ പ്രവേശത്തിന്റെ മമ്മൂട്ടിയുഗം
ഒരു അഭിനേതാവിനെ സംബന്ധിച്ച് സ്വയം ആവര്‍ത്തിക്കപ്പെടാതിരിക്കുക എന്നത് വെല്ലുവിളിയാണ്. പ്രത്യേകിച്ചും വര്‍ഷങ്ങളോളം തുടര്‍ച്ചയായി അഭിനയിച്ചു കൊണ്ടിരിക്കുന്ന ഒരാളാണെങ്കില്‍. അവനവന്റെ തന്നേയും മുമ്പ് അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളുടേയും ഭാവങ്ങള്‍ മറ്റൊന്നിലേക്ക് കടന്നു വരാനുള്ള സാധ്യത എപ്പോഴും മുന്നിലുണ്ടാകും. അവിടെയാണ് മമ്മൂട്ടി എന്ന നടനും അയാളുടെ സ്വയം പുതുക്കലും മലയാള സിനിമയുടെ തന്നെ ഉടച്ചുവാര്‍ക്കലാകുന്നത്.
റെഡ് റെയ്‌നും ഭൂതകാലവും ചെയ്ത രാഹുല്‍ സദാശിവനും മമ്മൂട്ടിയും കൈകോര്‍ത്തിരിക്കുന്നത് എല്ലാ അര്‍ത്ഥത്തിലും ഒരു പരീക്ഷണ സിനിമയ്ക്ക് വേണ്ടിയാണ്. കറുപ്പും വെളുപ്പും മാത്രമുള്ള സ്‌ക്രീന്‍ മുതല്‍ അവതരണത്തിലും കാസ്റ്റിംഗിലുമെല്ലാം പരീക്ഷണമാണ് ഭ്രമയുഗം. ആ പരീക്ഷണങ്ങളിലെല്ലാം വിജയിക്കാനും സിനിമയ്ക്ക് സാധിച്ചിരിക്കുന്നു.

അഭയം തേടി, കാടിനുള്ളിലെ ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ മനയിലേക്ക് ഓടിയെത്തുന്ന പാണനില്‍ നിന്നുമാണ് സിനിമ ആരംഭിക്കുന്നത്. രാഹുലിന്റെ മുന്‍ സിനിമയായ ഭൂതകാലത്തില്‍ ഒരു വീടും അതിനകത്തും അവനവനിലും പെട്ടുപോയ ഒരമ്മയും മകനുമായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. ഭ്രമയുഗത്തിലേക്ക് എത്തുമ്പോഴും പ്രധാന കഥാപാത്രങ്ങള്‍ ഒരു വീടും അതില്‍ പെട്ടു പോയവരും തന്നെയാണ്.
ജമ്പ് സ്‌കെയറില്ലാതെ ഭയം ഒരു ഇഴജന്തുവായി ആത്മാവിലേക്ക് ഇഴഞ്ഞു കയറുന്ന അനുഭവമാണ് ഭ്രമയുഗം. പാണനെ പോലെ തന്നെ ആ വീടും അവിടുത്ത സര്‍വ്വാധികാരിയായ പോറ്റിയും എന്താണ് ഓരോ നിമിഷവും നമുക്കായി കരുതി വച്ചിരിക്കുന്നതെന്ന ഭീതിയാണ് സിനിമ കാഴ്ചക്കാര്‍ക്കും നല്‍കുന്നത്. മുത്തശ്ശികഥകളുടെ കാലം മുതല്‍ക്കെ കേട്ടിട്ടുള്ളൊരു കഥയായിരിക്കുമ്പോഴും തന്റെ മേക്കിംഗ് സ്‌റ്റൈലുകൊണ്ട് രാഹുല്‍ സദാശിവന്‍ തുടക്കം മുതല്‍ അവസാന ഫ്രെയിം വരെ പിടിച്ചിരുത്തുന്നു.
ക്രിസ്റ്റോ സേവ്യറിന്റെ സംഗീതവും ഷെഹ്നാദ് ജലാലിന്റെ ഛായാദ്രഹണവും ഷഫീഖ് മുഹമ്മദ് അലിയുടെ എഡിറ്റിംഗും സിനിമയുടെ സ്പൂക്കി മൂഡിനൊപ്പം സഞ്ചരിക്കുന്നതാണ്. അസാധരണമായൊരു സിനിമയ്ക്ക് ചേരുന്നതാണ് ക്രിസ്‌റ്റോയുടെ പശ്ചാത്തല സംഗീതം. എന്തിനായിരുന്നു സിനിമ ബ്ലാക്ക് ആന്റ് വൈറ്റിലൊരുക്കിയതെന്നതിന്റെ ഇത്തരം സിനിമ കാണുമ്പോള്‍ വ്യക്തമാണ്. ആനിമേഷന്‍ രംഗങ്ങളില്‍ ഈ കളര്‍ടോണ്‍ നല്‍കുന്ന ഫീല്‍ അസാധ്യമാണ്.
എല്ലാ അര്‍ത്ഥത്തിലും ഭ്രമയുഗം മമ്മൂട്ടിയുഗമാണ്. അത്ഭുതകരമാം വിധമാണ് മമ്മൂട്ടിയില്‍ നിന്നും കൊടുമണ്‍ പോറ്റിയിലേക്കുള്ള അദ്ദേഹത്തിന്റെ പരകായ പ്രവേശം. നാളിതുവരെ കണ്ടിട്ടുള്ള മമ്മൂട്ടി ഭാവങ്ങളൊന്നും പോറ്റിയിലില്ല. മമ്മൂട്ടിയുടെ ചിരികള്‍ കോര്‍ത്തുവച്ചൊരു റീല്‍ കഴിഞ്ഞ ദിവസം കണ്ടിരുന്നു. സിനിമ കാണുമ്പോള്‍ മനസിലേക്ക് അത് വന്നു. തന്റെ കഥാപാത്രത്തിന്റെ സൈക്കിനെ അടയാളപ്പെടുത്താന്‍ ചിരിയെ ഇതുപോലെ ഉപയോഗിക്കുന്ന മറ്റൊരു നടനുണ്ടാകില്ല. ഓരോ കഥാപാത്രങ്ങള്‍ക്കും വ്യത്യസ്തമായ ചിരികള്‍ കരുതി വച്ചിട്ടുണ്ട് മമ്മൂട്ടി. പോറ്റിയുടെ ചിരിയില്‍ കാണാനാവുക മനുഷ്യനെയല്ല, ചെകുത്താനെ തന്നെയായിരുന്നു.
സട്ടില്‍നെസില്‍ നിന്നും ഡ്രാമയിലേക്കും തിരികെയുമുള്ള മമ്മൂട്ടിയുടെ ഭാവമാറ്റങ്ങള്‍ ഒരു സിംഫണി പോലെ മനോഹരവും യക്ഷിക്കഥ പോലെ ഭയപ്പെടുത്തുന്നതുമാണ്. കോവിഡാനന്തരം തന്നിലെ നടനേയും താരത്തേയും മമ്മൂട്ടിയെന്ന മനുഷ്യന്‍ ഉപയോഗിക്കുന്ന രീതി അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. തന്റെ സോകോള്‍ഡ് അപ്പ്‌ഡേഷന്‍ കാലത്തെ മമ്മൂട്ടിയുടെ ഏറ്റവും മികച്ച പ്രകടനമാണ് ഭ്രമയുഗം.
ഹൊറര്‍ സിനിമ മാത്രമാകുമായിരുന്നിടത്തു നിന്നും ഭ്രമയുഗത്തെ കാലത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാക്കാന്‍ രാഹുല്‍ സദാശിവന് സാധിച്ചിട്ടുണ്ട്. ജാതിയുടേയും അധികാരത്തിന്റേയും രാഷ്ട്രീയം പറയുന്നിടത്താണ് സിനിമ അതുവരെയുള്ള യക്ഷിക്കഥയില്‍ നിന്നും ഒരു സ്‌റ്റേറ്റ്‌മെന്റ് കൂടിയായി മാറുന്നത്. റാഹി അനില്‍ ബാര്‍വെയുടെ തുമ്പാഡില്‍ മനുഷ്യമനസിലെ ഒടുങ്ങാത്ത ആര്‍ത്തി എങ്ങനെയാണ് ചെകുത്താനായി മാറുന്നതെന്ന് കാണിച്ചു തന്നിരുന്നു. സമാനമായ രീതിയില്‍ അധികാരബോധവും അതിനോടുള്ള മനുഷ്യന്റെ അഭിനിവേശവും ഭ്രമയുഗത്തില്‍ അടയാളപ്പെടുത്തുന്നുണ്ട്.
മമ്മൂട്ടിയ്ക്ക് പുറമെ, അര്‍ജുന്‍ അശോകനും സിദ്ധാര്‍ത്ഥ് ഭരതനുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. മണികണ്ഠന്‍ ആചാരി, അമല്‍ഡ ലിസ് എന്നിവരും ചിത്രത്തിലുണ്ട്. ഇതുവരേയും നമ്മുടെ അനുഭവപരിസരത്തെ പയ്യന്‍ എന്നതാണ് അര്‍ജുന്‍ അശോകനുണ്ടായിരുന്ന ഓണ്‍ സ്‌ക്രീന്‍ ഇമേജ്. തന്റെ ആ ഇമേജിനെ, കരിയറിലെ ഏറ്റവും മികച്ച പ്രകടനം കൊണ്ട് തച്ചുടച്ചുകളയുകയാണ് അര്‍ജുന്‍ അശോകന്‍. പാണന്റെ ഉള്ളിലെ ഭയവും നിസഹായവസ്ഥയും അര്‍ജുന്‍ അശോകനില്‍ ഭദ്രമായിരുന്നു.

സിദ്ധാര്‍ത്ഥ് ഭരതനും പ്രകടനം കൊണ്ട് മിന്നിതിളങ്ങുന്നുണ്ട്. തന്നിലെ നടനെ സിദ്ധാര്‍ത്ഥ് ഭരതനും മലയാള സിനിമയും കൂടുതല്‍ ഉപയോഗിക്കേണ്ടിയിരിക്കുന്നുവെന്ന് തന്നെ വേണം പറയാന്‍. ഒരേസമയം ദാസനും എതിരാളിയുമായി ജീവിക്കേണ്ടി വരുന്ന വെപ്പുകാരനെ കൃത്യമായി അടയാളപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അമല്‍ഡയുടെ കഥാപാത്രം സിനിമയുടെ ദുരൂഹ ഭാവത്തെ എലിവേറ്റ് ചെയ്യുന്നതാണ്.
പരീക്ഷണങ്ങള്‍ തുടരും, ഇട്ടിട്ടുപോകരുത് എന്നാണ് കഴിഞ്ഞ ദിവസം ഭ്രമയുഗത്തിന്റെ പ്രസ് മീറ്റില്‍ വച്ച് മമ്മൂട്ടി പറഞ്ഞത്. താന്‍ പറഞ്ഞ വാക്ക് അദ്ദേഹം പാലിച്ചിരിക്കുകയാണ്. ഇനി ഊഴം കാഴ്ച്ചക്കാരുടേതാണ്.


Click it and Unblock the Notifications











