മമ്മൂട്ടിയുടെ അപ്പ്‌ഡേഷനിലെ ബഗ്ഗ്! ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കുന്നവരുടെ വോക്ക് സിനിമക്കാഴ്ച
മലയാളത്തിലെ ബിഗ് എംസ് ആയ മമ്മൂട്ടിയും മോഹന്‍ലാലും നായകന്മാരായ ചിത്രങ്ങള്‍ ഇന്ന് തീയേറ്ററുകളിലേക്ക് എത്തിയിട്ടുണ്ട്. ഒരിടത്ത് മോഹന്‍ലാലിന്റെ 1995ല്‍ പുറത്തിറങ്ങിയ സ്ഫടികത്തിന്റെ പുതുക്കിയ പതിപ്പ് കളിക്കുന്നു. മറ്റൊരിടത്ത് മമ്മൂട്ടിയുടെ പുതിയ സിനിമയായ ക്രിസ്റ്റഫറും. മോഹന്‍ലാല്‍ പഴയ ഓര്‍മ്മകളിലേക്ക് പഴയ സിനിമയിലൂടെ തന്നെ കൊണ്ടു പോകുമ്പോള്‍ മമ്മൂട്ടി പുതിയ ചിത്രത്തിലൂടെ പഴയകാലത്തിലേക്ക് കൊണ്ടു പോകുന്നു. രണ്ടും നല്‍കുന്നത് നൊസ്റ്റാള്‍ജിയ ആണ്.
ക്രിസ്റ്റഫര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രം. സ്ത്രീകളോടുള്ള അതിക്രമങ്ങളില്‍ തോക്കിന്‍ കുഴയിലൂടെ നീതി നടപ്പിലാക്കുന്ന, സിസ്റ്റത്തിനെതിരെ സഞ്ചരിക്കുന്ന, പോലീസുകാരനാണ് ക്രിസ്റ്റഫര്‍. ടാഗ് ലൈന്‍ സൂചിപ്പിക്കുന്നത് പോലെ ക്രിസ്റ്റഫിന്റെ ബയോഗ്രഫിയാണ് ചിത്രം. എന്തുകൊണ്ട് ക്രിസ്റ്റഫര്‍ ഇങ്ങനെയായി തീര്‍ന്നു എന്നു പറയുന്നതിനൊപ്പം അയാളുടെ ചെയ്തികളേയും ചിന്തകളേയും ന്യായീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു ചിത്രം.

ഈയ്യടുത്തിറങ്ങിയ ജനഗണ മന എന്ന ചിത്രം എന്‍കൗണ്ടര്‍ കില്ലിംഗുകളേയും അതിനെ ആഘോഷിക്കുന്നതിനേയുമൊക്കെ മറ്റൊരു കണ്ണിലൂടെ നോക്കി കാണാന്‍ പ്രേരിപ്പിക്കുന്ന ഒന്നായിരുന്നു. അല്‍പ്പം പ്രീച്ചിയായിരുന്നുവെങ്കിലും ആള്‍ക്കൂട്ടത്തില്‍ നിന്നും മാറി നടക്കാന്‍ പ്രേക്ഷകരോട് പറയാനുള്ളൊരു ശ്രമമായിരുന്നു ആ ചിത്രം. എന്നാല്‍ ക്രിസ്റ്റഫര്‍ മാറാന്‍ ആഗ്രഹിക്കുക പോലും ചെയ്യാതെ, പ്രേക്ഷകരെ വീണ്ടും തൊണ്ണൂറുകളിലെ പോലീസ് രാജിനെ ആഘോഷിക്കുന്ന സിനിമകളുടെ തനിയാവര്‍ത്തനം മാത്രമാണ്.
ഒരു ക്രൈമില്‍ നിന്നുമാണ് സിനിമ കഥ ആരംഭിക്കുന്നത്. അവിടെ നിന്നും അഞ്ച് കൊല്ലം പിന്നിലേക്ക് കഥ പോകുന്നു. അവിടെ നിന്നും പതിനേഴ് കൊല്ലം പിന്നിലേക്കും അവിടെ നിന്നും തിരിച്ച് വരികയും പിന്നേയും എങ്ങോട്ടൊക്കയോ പോവുകയാണ് കഥ. തുടക്കത്തില്‍ ഈ ടൈം ലൈനുകളെ മനസിലാക്കാന്‍ കാഴ്ചക്കാരന്‍ എന്ന നിലയില്‍ ആത്മാര്‍ത്ഥമായി തന്നെ ശ്രമിച്ചുവെങ്കിലും ഒരു പരിധി കഴിഞ്ഞതോടെ ആ ശ്രമം തന്നെ ഉപേക്ഷിക്കുകയായിരുന്നു.

സോഷ്യല്‍ മീഡിയയിലെ വോക്ക് കള്‍ച്ചറും പൊളിറ്റിക്കല്‍ കറക്ട്‌നെസും ഇന്‍സ്റ്റന്റ് നീതിയുമൊക്കെ ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഉദയകൃഷ്ണയെ സാരമായി തന്നെ സ്വാധീനിച്ചിട്ടുണ്ട്. കാലത്തിനൊപ്പം സഞ്ചരിക്കാനുള്ള തിരക്കഥാകൃത്തിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്നില്ലെങ്കിലും തനിക്ക് കൃത്യമായ ബോധ്യമില്ലാത്ത വിഷയത്തില്‍ സംസാരിക്കേണ്ടി വരുന്ന പ്രസംഗകനെ പോലെ അവിടെ നിന്നും ഇവിടെ നിന്നും കിട്ടിയ ചില വാക്കുകള്‍ യാതൊരു അടുക്കും ചിട്ടയുമില്ലാതെ വിളിച്ചു പറയുക മാത്രമാണ് ഉദയകൃഷ്ണ ചെയ്യുന്നത്.
തങ്ങളുടെ തൊട്ട് മുമ്പത്തെ സിനിമയില്‍ നിന്നും സംവിധാനത്തില്‍ ബി ഉണ്ണികൃഷ്ണനും തിരക്കഥയില്‍ ഉദയകൃഷ്ണയും ഒരു പടി മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും സമകാലിക സിനിമക്കാഴ്ചപ്പാടുകള്‍ക്കൊപ്പമെത്താന്‍ ഇരുവര്‍ക്കും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്.

ക്രിസ്റ്റഫര്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെ ചുറ്റിപ്പറ്റി മാത്രമാണ് സിനിമ കഥ പറയുന്നത്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളുടെ സൃഷ്ടിയുടെ ലക്ഷ്യം ഒന്നെങ്കില്‍ ക്രിസ്റ്റഫിനെക്കുറിച്ച് സംസാരിക്കുക അല്ലെങ്കില്‍ അയാളുടെ തോക്കിന് ഇരയാവുക എന്നത് മാത്രമാണ്. ഐശ്വര്യ ലക്ഷ്മി, അമല പോള്‍, സ്‌നേഹ, വിനീത കോശി എന്നിങ്ങനെ എസ്റ്റാബ്ലിഷ്ഡ് ആയ നടിമാര്‍ ഒരു വശത്തും, സിദ്ധീഖ്, ദിലീഷ് പോത്തന്‍, ഷൈന്‍ ടോം ചാക്കോ, ജിനു ജോസഫ് തുടങ്ങിയ നടന്മാര്‍ മറ്റൊരു ഭാഗത്തും നിരന്ന് നിന്ന് തങ്ങളുടെ ഡയലോഗ് പറഞ്ഞു പോവുന്നു.
ചിത്രത്തിലെ നായകനെ തന്റെ സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ട് മമ്മൂട്ടി പരമാവധി കണക്ട് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ മറ്റൊരു കഥാപാത്രത്തെക്കുറിച്ചും ഒരു വരിയില്‍ കൂടുതല്‍ സംസാരിക്കാനാകില്ല. അത്യാവശ്യം നല്ലൊരു ക്യാര്ക്ടര്‍ ആര്‍ക്കിന് സാധ്യതയുള്ള കഥാപാത്രമായിരുന്നു അമല പോളിന്റേത്. അമല കഥാപാത്രത്തിന് നടിയെന്ന നിലയില്‍ ഡെപ്ത് നല്‍കാന്‍ ശ്രമിക്കുമ്പോഴും തിരക്കഥ അവരെ സഹായിക്കുന്നില്ല. സ്‌നേഹയുടെ കഥാപാത്രവും നഷ്ടമായ അവസരമാണ്. ബി ഉണ്ണികൃഷ്ണന്റെ മുന്‍ പോലീസ് സിനിമകള്‍, തീയേറ്ററില്‍ പരാജയപ്പെട്ടപ്പോഴും, പ്രധാന കഥാപാത്രങ്ങളെ കുറേക്കൂടി ഹ്യൂമന്‍ ആയി അവതരിപ്പിക്കുന്നവയായിരുന്നു.

ഷൈന്‍ ടോം ചാക്കോയുടെ കറപ്പ്റ്റഡ് കോപ് സത്യത്തില്‍ അദ്ദേഹത്തിന്റെ ഓഫ് സ്‌ക്രീന്‍ പെരുമാറ്റങ്ങളേയും അഭിമുഖങ്ങളേയും ചൂഷണം ചെയ്ത് ഒരുക്കിയിരിക്കുന്നതാണ്. ചില ഡയലോഗുകളും ചെയ്തികളും അത്തരത്തില്‍ ബോധപൂര്‍വ്വം സിനിമയില്‍ ഉള്‍പ്പെടുത്തിയത് കഥാപാത്രത്തിന് ചേരുന്നതായിരുന്നില്ല. ഉദയകൃഷ്ണ തന്റെ കോമഡി ലോകത്തേക്ക് ഒന്ന് എത്തി നോക്കുന്നുണ്ട് ഇവിടെ. ഐശ്വര്യ ലക്ഷ്മിയുടെ കഥാപാത്രവും യാതൊരു തരത്തിലും സ്വാധീനം സൃഷ്ടിക്കുന്നില്ല. മറ്റൊരു പ്രമുഖനായ സിദ്ധീഖിന്റെ കഥാപാത്രം സ്ത്രീ സുരക്ഷയെക്കുറിച്ചും അക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ ധീരയെന്ന് വിളിക്കുന്നതുമൊക്കെ മെറ്റാ റഫറന്‍സില്‍ ക്രിഞ്ച് അടിപ്പിക്കുന്നതാണ്.
ചിത്രത്തിലെ വില്ലനെക്കുറിച്ച് പ്രേക്ഷകരെ പോലെ സിനിമയ്ക്കും വലിയ ധാരണയൊന്നുമില്ല. അതുകൊണ്ട് തന്നെ ബാക്ഗ്രൗണ്ട് മ്യൂസിക്കും അയാളുടെ ഇരകളുടെ ഡയലോഗുകളും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഭീതി കാഴ്ചക്കാരില്‍ എവിടേയും ജനിക്കുന്നില്ല.

ആദ്യ പകുതി ക്രിസ്റ്റഫര്‍ ആരാണെന്ന് പറഞ്ഞു കൊണ്ട് അയാളുടെ പ്രവര്‍ത്തികളെ ന്യായീകരിക്കുന്ന സിനിമ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോള്‍ അയാളുടെ ചെയ്തികളെ ആഘോഷിക്കുകയാണ്. ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക് ഡയലോഗുകള്‍ വളരെ കുറവാണെന്നത് ശ്രദ്ധേയമാണ്. തന്റെ സ്‌ക്രീന്‍ പ്രന്‍സിലൂടെ പക്ഷെ മമ്മൂട്ടി കഥാപാത്രത്തെ അടയാളപ്പെടുത്തുന്നുണ്ട്. വരുന്നവരും പോകുന്നവരുമൊക്കെ ക്രിസ്റ്റഫറിനെക്കുറിച്ച് സംസാരിക്കുമ്പോഴും ക്രിസ്റ്റഫര്‍ മിതഭാഷിയാണ്. എന്നാല്‍ അവസാനം അയാളും നിയന്ത്രണം വിടുകയാണ്. അതോടെ ക്രിസ്റ്റഫറിന്റെ ഏറ്റവും വലിയ ഫാന്‍ ക്രിസ്റ്റഫര്‍ തന്നെയാണെന്ന് ബോധ്യമാകും.
ചിത്രത്തില്‍ ഇരകളുടെ ഉറ്റവരുടെ തോളില്‍ ഞാനുണ്ട് കൂടെ എന്ന അര്‍ത്ഥത്തില്‍ ക്രിസ്റ്റഫര്‍ തട്ടുന്നുണ്ട്. സാധാരണ ലോകത്തില്‍ കാഴ്ചക്കാരിലേക്ക് ആ ഇമോഷന്‍ എത്തിക്കാന്‍ മമ്മൂട്ടിയുടെ പ്രകടനത്തിനും കഥയിലെ സന്ദര്‍ഭത്തിനും സാധിക്കും. പക്ഷെ ഇവിടെ ടപ്പ് ടപ്പ് എന്ന് ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിട്ട് നിങ്ങള്‍ക്കിത് ഫീല്‍ ചെയ്‌തേ മതിയാകൂവെന്ന് പറയുകയാണ് സിനിമ.
അതേസമയം, തരക്കേടില്ലാത്ത പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും ലൈറ്റിംഗുമൊക്കെ ചിത്രത്തിന്റെ മൂഡ് സെറ്റ് ചെയ്യുന്നതില്‍ കാര്യമായി തന്നെ സഹായിച്ചിട്ടുണ്ട്. തൊണ്ണൂറുകളില്‍ ഇറങ്ങിയിരുന്നുവെങ്കില്‍ തീയേറ്ററില്‍ കയ്യടി കിട്ടാന്‍ സാധ്യതയുണ്ടായിരുന്ന സിനിമയാണ് ക്രിസ്റ്റഫര്‍. പക്ഷെ ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയ്ക്കും മാത്രമാണ് കാലം മാറാത്തതായുള്ളു, സമൂഹം ഒരുപാട് മുന്നോട്ട് വന്നിട്ടുണ്ട്.


Click it and Unblock the Notifications