For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പിടികിട്ടാത്ത കുറുപ്പും പിടിവിട്ട തിരക്കഥയും; വിരസത മാത്രം ബാക്കിയാകുന്ന കുറുപ്പ്

  |

  Rating:
  2.5/5

  മാസങ്ങള്‍ക്ക് ശേഷം തീയേറ്ററിന്റെ ഇരുണ്ട വെളിച്ചത്തിലൊരു സിനിമ കാണുകയാണ്. അത് മലയാളത്തിന്റെ അതിരും കടന്ന് പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന സിനിമ. ദുല്‍ഖറിനെ ആദ്യമായി മലയാളികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പ്. രാജ്യം കണ്ട ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പിന്റെ കഥ പറയുന്ന കുറുപ്പ് ആണ് സിനിമ. സുകുമാര കുറുപ്പ് എന്ന പേര് കേള്‍ക്കാതെ മലയാളിയുണ്ടാകില്ല. എന്നോ നടന്ന സംഭവങ്ങള്‍ ഇന്നും മലയാളികളെ ഭീതിപ്പെടുത്തുന്നു ഒരു മുത്തശ്ശി കഥ കേള്‍ക്കാനിരിക്കുന്ന കുട്ടിയുടെ കണ്ണിലേത് പോലെ ആകാംഷ നിറയ്ക്കുന്നുണ്ട് ഇന്നും ആ പേര്. മലയാളികളുടെ പോപ്പ് കള്‍ച്ചറിനെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു പേരുണ്ടാകില്ല.

  വെള്ളയണിഞ്ഞ് വിന്റേജ് ലുക്കില്‍ ദീപ്തി; ഹോട്ട് ചിത്രങ്ങള്‍

  കുറുപ്പിന്റെ ജീവിതം സിനിമയാക്കുമ്പോള്‍ ശ്രീനാഥിനും ദുല്‍ഖറിനും അവരുടെ ടീമിനും മുന്നില്‍ തിരഞ്ഞെടുക്കാന്‍ രണ്ട് മാര്‍ഗ്ഗങ്ങളാണുണ്ടായിരുന്നത്. ഒന്നാമത്തേത് കുറപ്പിനെ ഗ്ലോറിഫൈ ചെയ്തു കൊണ്ടുള്ളൊരു ആന്റി ഹീറോ ചിത്രമൊരുക്കുക എന്നതായിരുന്നു. രണ്ടാമത്തെ മാര്‍ഗ്ഗം കുറേക്കൂടി ഉത്തരവാദിത്തമുള്ളതാണ്. കുറുപ്പ് എന്ന ക്രൂരനായ ക്രിമിനലിന്റെ ജീവിതം ഒട്ടും ഗ്ലോറിഫൈ ചെയ്യാതെ, വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളൊരു സിനിമയൊരുക്കുക എന്നതാണ്.

  സുകുമാര കുറുപ്പും ചാക്കോ വധവുമെല്ലാം മുമ്പും സിനിമയായിട്ടുണ്ട്. പലപ്പോഴും പല സിനിമകളിലും പരാമര്‍ശിക്കപ്പെടുകയും ചെയ്തിട്ടുണ്ട് ഈ പേരുകള്‍. അവിടെ നിന്നും കുറുപ്പിലേക്ക് എത്തുമ്പോള്‍ മുഖ്യാകര്‍ഷണം ദുല്‍ഖര്‍ സല്‍മാന്‍ എന്ന സൂപ്പര്‍ താരം കുറുപ്പ് ആകുന്നുവെന്നതാണ്. സുകുമാര കുറുപ്പിനെ സുധാകര കുറുപ്പ് ആക്കിയും ചാക്കോയെ ചാര്‍ളിയാക്കിയും യഥാര്‍ത്ഥ സംഭവങ്ങളില്‍ തങ്ങളുടെ ഭാവന കൂടി ചേര്‍ത്താണ് ശ്രീനാഥും തിരക്കഥാകൃത്തുകളായ കൈസ് അരവിന്ദും ഡാനിയല്‍ സായൂജ് നായരും കുറുപ്പ് എന്ന സിനിമയൊരുക്കിയിരിക്കുന്നത്.

  മേല്‍പ്പറഞ്ഞത് പോലെ രണ്ട് വഴികള്‍ മുന്നിലുണ്ടായിരുന്നപ്പോള്‍ ചിത്രം രണ്ട് വഴികളിലൂടേയും മാറി മാറി സഞ്ചരിക്കുന്നത് കാണാം. ചാക്കോ വധം എന്ന സംഭവത്തെ നോര്‍മലൈസ് ചെയ്യാന്‍ സിനിമ മുതിരുന്നില്ലെങ്കിലും കുറുപ്പ് എന്ന ക്രിമിനലിലെ ആന്റി ഹീറോയാക്കി മാറ്റാനും ആ ഹീറോയെ ഗ്ലോറിഫൈ ചെയ്യാനുമുള്ള ശ്രമം ചിത്രത്തിലുടനീളമുണ്ട്. അവസാന നിമിഷം തങ്ങള്‍ ചെയ്യുന്നതിലെ രാഷ്ട്രീയ ശരികേട് പൊടുന്നനെ ഓര്‍മ്മ വന്നിട്ടെന്ന വണ്ണം കുറുപ്പിനെ ക്രൂരനായ വില്ലനായി വിധിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും.

  ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടന്റെ താര പരിവേഷത്തെ മുതലെടുത്തു കൊണ്ട് സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ചിത്രം ആദ്യ പകുതിയില്‍ നിന്നും രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ കുറുപ്പിനെ പോലെ തന്നെ പിടിതരാതെ പോവുകയാണ്. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും ഭാവനയിലേക്ക് എത്തുമ്പോള്‍ എഴുത്തിലെ ഭാവന പലപ്പോഴും യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നു നില്‍ക്കുന്നതല്ല. ലോജിക്കിനും അപ്പുറത്തെ ജീവിതമാണ് കുറുപ്പിന്റേതെങ്കിലും അത് കംവിന്‍സിംഗായി അവതരിപ്പിക്കാന്‍ സാധിക്കുന്നില്ല. ചാക്കോ വധവുമായോ കുറുപ്പ് എന്ന വ്യക്തി ചെയ്ത ക്രൈമിനെക്കുറിച്ചോ പുതിയ എന്തെങ്കിലും അറിവോ ആംഗിളോ സമ്മാനിക്കാന്‍ സാധിക്കാതെ വരുന്ന തിരക്കഥ അക്ഷരാര്‍ത്ഥത്തില്‍ നൂല് പൊട്ടിയ പട്ടം പോലെ ലക്ഷ്യമില്ലാതെ പായുകയാണ്.

  പ്രകടനത്തില്‍ ദുല്‍ഖറിലെ താരത്തിന്റെ സ്‌ക്രീന്‍ പ്രസന്‍സ് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നുണ്ടെങ്കിലും ദുല്‍ഖറിന് പോലും എക്‌സ്ട്രാ ഓര്‍ഡനറിയായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. കുറുപ്പിനെ വ്യത്യസ്തനാക്കുന്ന ഒന്നും നല്‍കാന്‍ ദുല്‍ഖറിന് സാധിച്ചിട്ടില്ല. ഒരു താരത്തിന്റെ പ്രകടനം കൊണ്ട് ലിഫ്റ്റ് ചെയ്യപ്പെടുന്ന രംഗങ്ങള്‍ അവകാശപ്പെടാനുള്ളത് ഷൈന്‍ ടോം ചാക്കോയ്ക്ക് മാത്രമാണ്. ഷൈന്‍ കടന്നു വരുന്നതോടെ സിനിമയ്ക്ക് അല്‍പ്പം ജീവന്‍ വെക്കുന്നുണ്ട്. ഇന്ദ്രജിത്ത്, ശോഭിത ധൂലിപാല എന്നീ മികവ് തെളിയിച്ച അഭിനേതാക്കളെ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താനും ചിത്രത്തിന് സാധിക്കുന്നില്ല. സര്‍പ്രൈസുകളും അതിഥി വേഷങ്ങളുമെല്ലാം പ്രതീക്ഷ ഇംപാക്ട് കാഴ്ചക്കാരില്‍ സൃഷ്ടിക്കാതെ കടന്നു പോവുകയാണ്.

  കുറുപ്പിനെ കാഴ്ച്ചക്കാര്‍ വെറുക്കുമെന്ന ദുല്‍ഖറിന്റെ വാഗ്ദാനം വെറുതെയായി മാറുന്നത് കുറുപ്പിന്റെ പ്രവര്‍ത്തികള്‍ മാസ് ബിജിഎം ഇട്ട് ഹിറോയിക് ആയി അവതരിപ്പിക്കുന്നിടത്ത് മാത്രമല്ല, കുറുപ്പിന്റെ പ്രവര്‍ത്തിയുടെ ഇരകളെ വേണ്ടത്ര രജിസ്റ്റര്‍ ചെയ്യാനാകാതെ കടന്നു പോകുന്നതു കൊണ്ട് കൂടിയാണ്. മറ്റൊരു ആംഗിളിലേക്കും ക്യാമറ ചലിപ്പിക്കാന്‍ സിനിമ ശ്രമിക്കുന്നതേയില്ല. കുറുപ്പിന്റെ ഒളിവ് ജീവിതമോ, രണ്ടാം പകുതിയില്‍ അവതരിപ്പിക്കുന്ന ഭാവനാലോകമോ വേണ്ടത്ര കയ്യടക്കത്തോടെയല്ല അവതരിപ്പിച്ചിരിക്കുന്നത്. പ്രത്യേകിച്ചും പ്രേക്ഷകര്‍ക്ക് അറിയാത്തതും, അറിയാന്‍ അതിയായ ആഗ്രഹമുള്ളതുമായ ഭാഗം ഇതാണെന്നിരിക്കെ. തിരക്കഥാകൃത്തിന് തന്റെ ഭാവനയെ ഉപയോഗിച്ചു കൊണ്ട് പ്രേക്ഷകരെ ഹുക്ക് ചെയ്ത് ഇരുത്താന്‍ സാധിക്കുമായിരുന്ന ഭാഗവും ഇതായിരുന്നു.

  Also Read: ദിലീപേട്ടനെ കണ്ടിട്ട് മനസിലാവാതെ പോയി; കുഞ്ഞിക്കൂനന്‍ ലൊക്കേഷനില്‍ നടന്ന സംഭവത്തെ കുറിച്ച് പറഞ്ഞ് നടി മന്യ

  Dulquer Salmaan Exclusive Interview | FilmiBeat Malayalam

  ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള സിനിമ എന്നത് മാറ്റി വച്ച് നോക്കിയാലും കുറുപ്പ് ശരാശരിയില്‍ ഒതുങ്ങുന്നൊരു സിനിമാനുഭവമാണ്. സുഷിന്‍ ശ്യാമിന്റെ സംഗീതവും നിമീഷ് രവിയുടെ ക്യാമറയും നിലവാരം പുലര്‍ത്തിയെങ്കിലും കെട്ടുറപ്പില്ലാത്ത തിരക്കഥ കൊണ്ടും, ഓര്‍ത്തുവെക്കാവുന്ന പ്രകടനങ്ങളുടെ അഭാവം കൊണ്ടും തീയേറ്ററിലേക്കുള്ള തിരിച്ചുപോക്കെന്ന അനുഭവത്തെ വിരസമാക്കി മാറ്റുകയാണ് കുറുപ്പ്.

  Read more about: dulquer salmaan
  English summary
  Dulquer Salmaan And Indrajith Sukumaran Starrer Kurup Movie Review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X