മാസ് സിനിമയുടെ ആഘോഷം! മുഖാമുഖം സ്റ്റീഫനും ഖുറേഷിയും; വിജയം പൃഥ്വിരാജിലെ സംവിധായകന്

Rating:
3.5/5

2019 ലാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരു ചെറിയ സിനിമ ചെയ്യുന്നത്. ലൂസിഫര്‍ പൃഥ്വിരാജ് എന്ന സംവിധായകന്റെ അരങ്ങേറ്റം കൂടിയായിരുന്നു. ആ ചെറിയ സിനിമ വളര്‍ന്ന് പന്തലിച്ചു. മലയാളത്തിന്റെ അതിരുകള്‍ക്കും അപ്പുറത്തേക്ക്. എല്‍ ബ്രാന്റിനൊപ്പം പൃഥ്വിരാജ് എന്ന സംവിധായകനിലുള്ള ആസ്വാദകരുടെ വിശ്വാസവും വളര്‍ന്നു. ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം ലൂസിഫറിന്റെ തുടര്‍ച്ചയായ എമ്പുരാന്‍ വരുന്നത് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ഹൈപ്പുള്ള സിനിമയായിട്ടാണ്.

വാണിജ്യ സിനിമകള്‍ക്കൊരു ബെഞ്ച് മാര്‍ക്കായിരുന്നു ലൂസിഫറെങ്കില്‍ ആ ബെഞ്ച് മാര്‍ക്കില്‍ നിന്നും താഴോട്ട് പോകാതെ മുകളിലേക്ക് സഞ്ചരിക്കുന്ന സിനിമയാണ് എമ്പുരാന്‍. മോഹന്‍ലാല്‍, പൃഥ്വിരാജ്, മുരളി ഗോപി ഈ പേരുകളിലുള്ള ആരാധകരുടെ വിശ്വാസം സിനിമ കാക്കുന്നുണ്ട്.

empuraan

ആദിമദ്യാന്തം എമ്പുരാന്‍ ഒരു പൃഥ്വിരാജ് സുകുമാരന്‍ സിനിമയാണ്. ലൂസിഫര്‍ എന്ന ബ്രാന്റിനുമുള്ള അള്‍ട്ടിമേറ്റ് ഫാന്‍ ബോയ് ട്രിബ്യൂട്ട്. സ്റ്റീഫന്‍ നെടുമ്പള്ളിയെക്കുറിച്ച് ഒരുപാട് ചോദ്യങ്ങള്‍ അവശേഷിപ്പിച്ചാണ് ലൂസിഫര്‍ അവസാനിക്കുന്നത്. ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നല്‍കിക്കൊണ്ടാണ് എമ്പുരാന്‍ ആരംഭിക്കുന്നത്. അവസാനിക്കുന്നത് പുതിയ കുറച്ച് ചോദ്യങ്ങള്‍ ബാക്കിയാക്കിയും.

പൃഥ്വിരാജ് എന്ന സംവിധായകന്റെ കയ്യൊപ്പ് ഓരോ ഫ്രെയ്മിലും അടയാളപ്പെടുത്തിയിട്ടുള്ള എമ്പുരാന്റെ ആദ്യ പകുതി പതിഞ്ഞ താളത്തിലുള്ളതാണ്. ലൂസിഫറില്‍ സ്റ്റീഫന്റെ എന്‍ട്രിയ്ക്കായി കാത്തിരിപ്പിച്ച പൃഥ്വി എമ്പുരാനില്‍ അബ്രാം ഖുറേഷിയെ അവതരിപ്പിക്കാന്‍ അത്രയൊന്നും കാത്തിരിപ്പിക്കുന്നില്ല. എന്നാല്‍ അബ്രാമിനേക്കാളും കാത്തിരിപ്പ് നല്‍കിയാണ് സ്റ്റീഫനെ അവതരിപ്പിക്കുന്നത്. അതിനിടയ്ക്ക് നിലവിലെ കഥ പറയുന്ന ലോക പരിസരം വിശദമായി തന്നെ അടയാളപ്പെടുത്തുന്നുണ്ട്. കഥാപാത്രങ്ങള്‍ക്ക് ബാക്ക്‌സ്റ്റോറി നല്‍കുകയും ചെയ്യുന്നു.

സിനിമയെക്കുറിച്ചുള്ള ഹൈപ്പിനെ മുതലെടുക്കാന്‍ വേണ്ടി കോമ്പ്രമെസ് ചെയ്ത് മാസ് രംഗങ്ങള്‍ കൊണ്ട് കയ്യടി നേടാന്‍ ആദ്യപകുതിയില്‍ പൃഥ്വിരാജും എഴുത്തുകാരന്‍ മുരളി ഗോപിയും ശ്രമിക്കുന്നില്ല. പകരം തങ്ങളുടെ കഥാപരിസരവും കഥാപാത്രവും എങ്ങനെ എസ്റ്റാബ്ലിഷ് ചെയ്യാം എന്നതിലാണ് അവരുടെ ശ്രദ്ധ. തന്റെ ക്രാഫ്റ്റിലും തിരക്കഥയിലും വിശ്വാസമുള്ളൊരു സംവിധായകനെ അവിടെ കാണാം.

ആദ്യ പകുതിയില്‍ കൊളുത്തിയ തീയില്‍ കഥിന പൊട്ടുന്നത് പോലെ മാസ് രംഗങ്ങള്‍ ഒന്നിന് പുറകെ ഒന്നായി അടുക്കി വച്ചിരിക്കുകയാണ് രണ്ടാം പകുതിയില്‍. ആക്ഷന്‍ സെറ്റ്പീസുകളും ട്വിസ്റ്റുകളുമൊക്കെയായി (not so surprising though) രണ്ടാം പകുതി ആവേശകരമായി മാറുന്നു. ഇന്റര്‍വെല്ലിന് തൊട്ടു പിന്നാലെയുള്ള ഫൈറ്റ് സീനിലാണ് സിനിമയും മോഹന്‍ലാല്‍ എന്ന താരവും പൃഥ്വിരാജ് എന്ന സംവിധായകനും പൂര്‍ണതയിലേക്ക് എത്തുന്നത്. സമീപകാലത്ത് മോഹന്‍ലാലിനെ ഇത്ര വിദഗ്ധമായി ഉപയോഗിച്ച മറ്റൊരു ആക്ഷന്‍ രംഗമുണ്ടാകില്ല. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തിനുള്ള ഓറയെ മാനിച്ചു കൊണ്ടുകൂടിയൊരുക്കിയതാണ് ഈ സംഘട്ടന രംഗം.

അബ്രാം ഖുറേഷി/സ്റ്റീഫന്‍ നെടുമ്പള്ളി എന്നിങ്ങനെ രണ്ട് അള്‍ട്ടര്‍നേറ്റീവ് ഈഗോകളിലാണ് മോഹന്‍ലാല്‍ അവതരിക്കുന്നത്. സ്റ്റീഫനാണോ ഖുറേഷിയാണോ വലുതെന്ന് ചോദിച്ചാല്‍ ഖുറേഷിയാകും വലിയ പുള്ളി. പക്ഷെ ഓറയും കയ്യടിയും സ്റ്റീഫനുള്ളതാണ്. ലൂസിഫറിലെ സന്ദര്‍ഭങ്ങളും ഡയലോഗുകളുമൊക്കെ റഫറന്‍സുകളായി കടന്നു വരുന്ന ഓരോ രംഗവും നേടുന്ന കയ്യടികള്‍ ലൂസിഫര്‍ ഉണ്ടാക്കിയ സ്വാധീനവും സ്റ്റീഫന്‍ നെടുമ്പള്ളിയുടെ വേരാഴവും ഓര്‍മ്മപ്പെടുത്തുന്നതാണ്.

ഓരോ സീനിലും പൃഥ്വിരാജ് എന്ന സംവിധായകനെ കാണാം. ഫ്രെയ്മിം സെറ്റിംഗിലും സംഗീതത്തിന്റെ ഉപയോഗത്തിലുമെല്ലാം അടിമുടി പൃഥ്വിരാജ് സിനിമയാണ് എമ്പുരാന്‍. അതുപോലെ തന്നെ എടുത്ത് പറയേണ്ട ഒന്നാണ് ഇരുട്ടിനേയും വെളിച്ചത്തേയും പൃഥ്വിരാജ് ഉപയോഗിക്കുന്നത്. പ്രശാന്ത് നീല്‍ സിനിമകളെ ഓര്‍മ്മപ്പെടുത്തുന്ന കളര്‍ടോണ്‍ ഉപയോഗിക്കുന്നതിന് പകരം ഇരുട്ടും വെളിച്ചവും ഉപയോഗിച്ചു കൊണ്ട് പൃഥ്വിരാജ് ഒരുക്കിയിരിക്കുന്നത് ഒന്നൊന്നര ഡാന്‍സ് കൊറിയോഗ്രഫിയാണ്.

മോഹന്‍ലാല്‍ എന്ന താരത്തേയും നടനേയും ഒരുപോലെ വിദഗ്ധമായി ഉപയോഗിക്കാനും പൃഥ്വിരാജിന് സാധിച്ചിട്ടുണ്ട്. വലിയ ഡ്രമാറ്റിക് പ്രകടനത്തിന്റെ ആവശ്യമൊന്നുമില്ലാതെ തന്നെ, സട്ടിലായ പ്രകടനത്തിലൂടെ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ തനിക്കിപ്പോഴും സാധിക്കുമെന്ന് പൃഥ്വിരാജ് കാണിച്ചു തരുന്നുണ്ട്. സ്‌ക്രീന്‍സ്‌പേസില്‍ കുറവെങ്കിലും പ്രധാന്യമുള്ള സ്റ്റോറി ആര്‍ക്കുള്ള കഥാപാത്രമാണ് പൃഥ്വിരാജിന്റെ സയ്യിദ് മസൂദ്. ആക്ഷന്‍ രംഗത്തില്‍ പൃഥ്വിരാജും മോഹന്‍ലാലും ഒരുമിച്ച് വരുന്നിടത്ത് ഒരുപാട് കാര്യങ്ങള്‍ പറയാതെ പറയാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.

മഞ്ജു വാര്യര്‍, ടൊവിനോ തോമസ് എന്നിവരുടേതാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. മഞ്ജുവിന്റെ കഥാപാത്രത്തിന് ആദ്യ ഭാഗത്തിന്റെ അത്ര സ്‌ക്രീന്‍ സ്‌പേസ് ഇല്ലെങ്കിലും കഥാഗതിയില്‍ വളരെ നിര്‍ണായകമാണ് പ്രിയദര്‍ശിനി രാംദാസ്. മൂന്നാം ഭാഗത്തില്‍ സുപ്രധാന കഥാപാത്രമായിരിക്കും മഞ്ജുവിന്റേത്. തന്നിലെ താരത്തെ എസ്റ്റാബ്ലിഷ് ചെയ്യുന്ന രംഗങ്ങളില്‍ മഞ്ജു ഒരു ക്വീന്‍ ആയി മാറുന്നത് മനോഹരമായ കാഴ്ച കൂടിയാണ്. തന്നിലേല്‍പ്പിച്ച ജോലി ടൊവിനോയും വൃത്തിയായി ചെയ്തിരിക്കുന്നു.

സിനിമ പുറത്തിറങ്ങും മുമ്പ് പലരും സംശയത്തോടെ നോക്കിയിരുന്നത് ദീപക് ദേവിന്റെ സംഗീതത്തിലേക്കായിരുന്നു. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന സംശയങ്ങളെ നിശബ്ദമാക്കാന്‍ ദീപക് ദേവിന് സാധിച്ചിട്ടുണ്ട്. ആദ്യം ഭാഗം പോലെ തന്നെ എമ്പുരാന്റേയും ആത്മാവ് മുരളി ഗോപിയുടെ തിരക്കഥയും സംഭാഷണവുമാണ്. കാച്ചിക്കുറുക്കിയ ഡയലോഗുകളാണ് മുരളിയുടേത്. കഥാപാത്രങ്ങള്‍ക്ക് കൃത്യമായ ആര്‍ക്കുകള്‍ നല്‍കാന്‍ തിരക്കഥയ്ക്ക് സാധിക്കുന്നുണ്ട്. പൃഥ്വിരാജിന്റെ സ്റ്റോറി ടെല്ലിംഗ് രീതിയോട് ചേര്‍ന്നു നല്‍ക്കുന്ന സുജിത് വാസുദേവിന്റെ ഛായാഗ്രഹണം സിനിമയുടെ ഹൈ മൊമന്റുകളെ എലിവേറ്റ് ചെയ്യുന്നതിനൊപ്പം സട്ടില്‍ രംഗങ്ങളെ എസ്റ്റാബ്ലിഷ് ചെയ്യുന്നതിലും മികവ് പുലര്‍ത്തുന്നുണ്ട്.

ലൂസിഫറിലേത് പോലെ തന്നെ വര്‍ത്തമാന ഇന്ത്യന്‍-കേരള രാഷ്ട്രീയ പരിസരത്തോടുള്ള സംവിധായകന്റേയും തിരക്കഥാകൃത്തിന്റേയും പ്രതികരണവും കമന്ററിയും എമ്പുരാനിലും കാണാം. കേരളത്തിന്റെ ലെഫ്റ്റ്-റൈറ്റ് പൊളിറ്റിക്‌സിനിടയിലേക്ക് വര്‍ഗീതയെ മുതലെടുക്കാന്‍ ശ്രമിച്ചു കൊണ്ട് കടന്നു വരുന്ന വര്‍ഗീയ ശക്തികളെ സിനിമയില്‍ കാണാം. ആരാണ് കേരളത്തിന്റെ, മതേതര സമൂഹത്തിന്റെ യഥാര്‍ത്ഥ ശത്രു എന്ന ചോദിപ്പിക്കാന്‍ സിനിമ പ്രേരിപ്പിക്കുന്നുണ്ട്.

ഇങ്ങനൊക്കെ ആയിരിക്കുമ്പോഴും പരിപൂര്‍ണ സിനിമയാണ് എമ്പുരാന്‍ എന്നും പറയാനാകില്ല. തുടക്കത്തിലെ കലാപ രംഗത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കാന്‍ സാധിക്കുന്ന ഒന്നായിരുന്നു. കാലങ്ങളായി കാണുന്ന നല്ല മുസ്ലിം/ചീത്ത മുസ്ലീം ബൈനറി സ്റ്റീരിയോടൈപ്പ് ബാധ എമ്പുരാനേയും ബാധിച്ചതായി കാണാം. കഥാപാത്രങ്ങള്‍ക്ക് ഡീറ്റെയ്‌ലിംഗും ബാക്ക് സ്റ്റോറിയും നല്‍കുന്നിടത്ത് പലപ്പോഴും സിനിമ സ്പൂണ്‍ ഫീഡിംഗ് ആവുന്നുണ്ട്. വിദേശ താരങ്ങളുടെ പ്രകടനത്തിലുള്ള നാടകീയതയും രസം കൊല്ലിയാകുന്നുണ്ട്. കേരളത്തിലും വിദേശത്തുമായാണ് കഥാഗതി പുരോഗമിക്കുന്നത്. വിദേശ രംഗങ്ങള്‍ ചിലപ്പോഴൊക്കെ അന്യത അനുഭവപ്പെടുത്തുന്നുണ്ട്.

empuraan

ആദ്യ ഭാഗം അവസാനിച്ച രീതിയും തുടക്കത്തിലെ ബില്‍ഡ് അപ്പും ജതിന്‍ രാംദാസിന് കുറേക്കൂടി വലിയൊരു ആര്‍ക്ക് വാഗ്ദാനം ചെയ്യുന്നതാണ്. ടൊവിനോ എന്ന താരത്തേയും നടനേയും ഉപയോഗിക്കാനുള്ള സാധ്യത സിനിമ മുതലെടുത്തിട്ടില്ല. സുരാജിന്റെ കഥാപാത്രവും നല്ലൊരു ഇന്‍ട്രോയ്ക്ക് ശേഷം ഹാസ്യകഥാപാത്രമായി ഒതുങ്ങിപ്പോവുകയാണ്. വില്ലന്‍ വേഷത്തില്‍ വന്ന അഭിമന്യു സിംഗിന് ഗംഭീരമായൊരു ഇന്‍ട്രോ നല്‍കുന്നുണ്ട് സിനിമ. എന്നാല്‍ ക്ലൈമാക്‌സിലേക്ക് എത്തുമ്പോള്‍ അബ്രാം ഖുറേഷിക്ക് ഒത്തൊരു വില്ലനായി മാറുന്നില്ല ബല്‍രാജ്. അതേസമയം മൂന്നാം ഭാഗത്തിലേക്കുള്ള ചവിട്ടുപടിയായി മാത്രം കാണുകയാണെങ്കില്‍ ബല്‍രാജ് വര്‍ക്കാണ്.

പക്ഷെ ഇതൊന്നും സിനിമയുടെ തീയേറ്റര്‍ എക്‌സ്പീരിയന്‍സിനെ റദ്ദ് ചെയ്യുന്ന ഘടകങ്ങളല്ല. മോഹന്‍ലാല്‍ എന്ന മലയാളത്തിന്റെ എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാള്‍ക്ക് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആരാധകന്‍ ഒരുക്കിയ ലക്ഷണമൊത്ത ട്രീബ്യൂട്ട് തന്നെയാണ് എമ്പുരാന്‍. മൂന്നാം ഭാഗത്തിലേക്കുള്ള കാത്തിരിപ്പ് ഇവിടെ ആരംഭിക്കുന്നു.

More from Filmibeat

Read more about: empuraan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X