ഈ ഫാമിലിയെ നമ്മളറിയും! അനുഭവ പരിസരത്തെ ഫാലിമി
കാണണം എന്ന് മുന്‍കൂട്ടി തീരുമാനിച്ച് കാത്തിരുന്ന സിനിമയല്ല ഫാലിമി. തലേന്ന് രാത്രി മാത്രമെടുത്ത തീരുമാനമായിരുന്നു. ചിത്രത്തിലെ കാസ്റ്റ് ആയിരുന്നു ആ തീരുമാനത്തിന്റെ കാരണം. ജഗദീഷും ബേസില്‍ ജോസഫും അച്ഛനും മകനുമായി എത്തുന്നു. ബോയ് നെക്‌സ്റ്റ് ഡോര്‍ വേഷങ്ങള്‍ ഒരുപാട് ചെയ്തിട്ടുള്ള നടനാണ് ജഗദീഷ്. ജഗദീഷിന്റെ നായകന്മാരൊക്കെയും മിഡില്‍ ക്ലാസ് യുവാക്കളുടെ പ്രതിനിധികളായിരുന്നു. ആ ബാറ്റണ്‍ ഇന്ന് ഏറ്റെടുത്തിരിക്കുന്ന നടനാണ് ബേസില്‍ ജോസഫ്.
അതുകൊണ്ട് തൊട്ടടുത്ത വീട്ടിലുള്ളവരെന്നോ, നമ്മള്‍ തന്നെയായോ പരിചിതരായ രണ്ടു പേര്‍. അവര്‍ അച്ഛനും മകനുമായി എത്തുന്നു. അവര്‍ക്കൊപ്പം അത്ര തന്നെ പരിചിത മുഖമായ മഞ്ജു പിള്ളയും. അത്തരമൊരു അഭിനേതാക്കളുടെ നിരയുമായി എത്തുന്ന ചിത്രത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്താണോ അത് നല്‍കാന്‍ ഫാലിമിയ്ക്ക് സാധിച്ചിട്ടുണ്ട്.

ഫാലിമിയുടെ കഥയും കഥാപരിസരവും ഒട്ടും അപരിചതമോ അതിഭാവുത്വം നിറഞ്ഞതോ അല്ല. ബേസില്‍ ജോസഫ് അവതരിപ്പിക്കുന്ന നായകന്റെ പേര് തന്നെ അനു എന്നാണ്. വളരെ കോമണയൊരു പേരാണത്. അതുപോലെ തന്നെ എല്ലാവരുടേയും പ്രതിനിധിയാണ് ബേസിലിന്റെ അനു, ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളുടെ പേരിലുമുണ്ട് ഈ 'കോമണ്‍ ഫാക്ടര്‍'.
സോ കോള്‍ഡ് കല്യാണ പ്രായമെത്തി നില്‍ക്കുന്ന നായകന്‍, മദ്യപാനിയും ഉത്തരവാദിത്തമില്ലാത്തവനുമായ അച്ഛന്‍, ഒറ്റയ്ക്ക് യാത്ര പോകാന്‍ ആഗ്രഹിക്കുന്ന അപ്പൂപ്പന്‍, വിദേശത്തേക്ക് പോകാന്‍ ആഗ്രഹിച്ച് നടക്കുന്ന അനിയന്‍, പിന്നെ അവരെയൊക്കെ ചേര്‍ത്ത് പിടിച്ച് കുടുംബം മുന്നോട്ട് കൊണ്ടു പോകുന്ന, മുത്ത് മാലയിലെ നൂല് പോലൊരു അമ്മ. ഈ കഥാ പരിസരവും കഥാപാത്രങ്ങളും ഏതൊരു മധ്യവര്‍ഗ്ഗ മലയാളിയ്ക്കും സ്വന്തം വീടെന്നത് പോലെ പരിചിതമാണ്.
അവനവന്റെ അസ്ഥിത്വ പ്രശ്‌നങ്ങളും പരസ്പര ബന്ധത്തിലെ വിള്ളലുകളുമൊക്കെയായി ആ കുടുംബം നടത്തുന്നൊരു യാത്രയാണ് ഫാലിമിയുടെ കഥ. വലിയ ബഹളങ്ങള്‍ക്കോ നാടകീയ രംഗങ്ങള്‍ സൃഷ്ടിക്കാനോ ഫാലിമി ഒരുങ്ങുന്നില്ല. ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ശ്രമിക്കുന്ന ലളിതമായൊരു സിനിമ. കഥാപാത്രങ്ങളുടെ പ്രസംഗങ്ങളോ, പ്രേക്ഷകരോട് ഇതാണ് ഞങ്ങള്‍ നിങ്ങള്‍ക്കു നല്‍കുന്ന ഉപദേശം എന്ന് വിളിച്ച് പറയുന്ന രംഗങ്ങളോ ഫാലിമിയിലില്ല. മറിച്ച് ഒരു കണ്ണാടി പോലെ പ്രവര്‍ത്തിക്കുകയാണ് ചിത്രം പലപ്പോഴും.
ജഗദീഷിന്റേയും ബേസിലിന്റേയും അച്ഛന്‍-മകന്‍ ബന്ധം തന്നെയാണ് സിനിമയുടെ പ്രധാന യുഎസ്പി. ഈഗോ പ്രശ്‌നങ്ങളുള്ള ആ അച്ഛനേയും മകനേയും അത്ര ഫില്‍മിയല്ലാത്തൊരു അച്ഛന്‍-മകന്‍ ബന്ധമുള്ളയാളെന്ന നിലയില്‍ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. അതേസമയം, അതില്‍ മാത്രം ഒതുങ്ങി നില്‍ക്കാന്‍ ചിത്രം തയ്യാറാകുന്നില്ല. ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളുടെയെല്ലാം ആത്മസംഘര്‍ഷങ്ങള്‍ ആത്മാര്‍ത്ഥമായി തന്നെ നിതിഷ് സഹദേവ് അവതരിപ്പിക്കുന്നുണ്ട്. മികച്ചൊരു തുടക്കമാണ് നിതീഷിനിത്.
മറ്റുള്ളവരേയും അവനവനേയും കണ്‍ഫ്രണ്ട് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ബേസിലിന്റെ നായകന്‍ അദ്ദേഹത്തിന്റെ മുന്‍ കഥാപാത്രങ്ങളുടെ എക്‌സ്‌റ്റെന്‍ഷന്‍ ആണെങ്കില്‍ കൂടിയും മികച്ചൊരു സൃഷ്ടിയാണ്. അച്ഛനായുള്ള ജഗദീഷിന്റെ പ്രകടനവും ശ്രദ്ധേയാണ്. അതേസമയം ജഗദീഷിനെ പോലെ അനുഭവസമ്പത്തും ക്രാഫ്റ്റുമുള്ളൊരു നടനെ കുറേക്കൂടി ഉപയോഗിക്കാമായിരുന്നു. മഞ്ജു പിള്ളയുടെ അമ്മ ഹോമിലെ അമ്മയുടെ കുറേക്കൂടി ചെറുപ്പമുള്ള പതിപ്പാണ്. അപ്പോഴും ആ അമ്മയുമായി നമുക്ക് റിലേറ്റ് ചെയ്യാന്‍ സാധിക്കുന്നുണ്ട്.
പ്രകടനത്തില്‍ തീര്‍ത്തും സര്‍പ്രൈസിംഗ് ആയത് മീനരാജ് പള്ളുരുത്തിയാണ്. സ്ഥിരം അപ്പൂപ്പന്മാരെ പോലെ തന്റെ വീരകഥള്‍ വിളമ്പാനോ ഉപദേശങ്ങള്‍ ചൊരിയാനോ ശ്രമിക്കാത്ത അപ്പൂപ്പനെ അദ്ദേഹം മനോഹരമാക്കുന്നുണ്ട്. ചിത്രത്തില്‍ കാഴ്ചക്കാരന് ഏറ്റവും ഇഷ്ടം തോന്നുന്ന കഥാപാത്രം അപ്പൂപ്പന്റേതായിരിക്കും. വിഷ്ണു വിജയുടെ സംഗീതവും ബബ്ലു അജുവിന്റെ ഛായാഗ്രഹണവും റോഡ് മൂവിയെന്ന നിലയില്‍ ഫാലിമിയെ മികവുറ്റതാക്കുന്നുണ്ട്.
ഫാലിമി നേരിടുന്ന വെല്ലുവിളി എന്നത് എവിടെ നിന്ന് എങ്ങോട്ട് പോകണം എന്നതിലെ ആശങ്കയാണ്. തങ്ങള്‍ക്ക് മുന്നില്‍ വലിയ സാധ്യതയുടെ വാതിലുകള്‍ തുറക്കപ്പെടുമ്പോഴെല്ലാം ഫാലിമി അകത്ത് കടക്കാതെ തിരികെ പരിചിതമായ വഴികളിലേക്ക് തന്നെ മടങ്ങുന്നതായി കാണാം. അച്ഛനും മകനും മുഖാമുഖം വരുന്ന രംഗം ഇതിനൊരു ഉദാഹരണമാണ്.

കൃത്യമായി അടിത്തറ പാകിയുണ്ടാക്കിയ ആ രംഗം അവസാനിക്കുന്നത് അപൂര്‍ണമായിട്ടാണ്. അനുവിന്റെ പ്രായത്തിലുള്ള ഏതൊരു മകനും അംഗീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ കൂടിയും, തന്റെ അച്ഛനെ തിരിച്ചറിയുന്നൊരു നിമിഷമുണ്ടാകും. ആ സാധ്യത ഉപയോഗിക്കാന്‍ സാധിച്ചിട്ടില്ല ചിത്രത്തിന്. ഒരുപക്ഷെ ഡ്രമാറ്റിക് ആകുന്നതില്‍ നിന്നും തടഞ്ഞതായിരിക്കണം. അതുപോലെ മഞ്ജു പിള്ളയുടെ അമ്മ കുറേക്കൂടി മെച്ചപ്പെട്ടൊരു ആര്‍ക്ക് ഡിമാന്റ് ചെയ്യുന്നുണ്ട്.
വലിയ അവകാശ വാദങ്ങള്‍ക്കോ ബുദ്ധിജീവി ചമയാനോ ശ്രമിക്കാത്ത, സട്ടില്‍ മൊമന്റ്‌സിന്റെ മനോഹാരിതയില്‍ വിശ്വാസമര്‍പ്പിക്കുന്ന ലളിതമായൊരു സിനിമയാണ് ഫാലിമി. 'We Are A Generation of Broken Hearts and Broken People' എന്നൊരിക്കല്‍ സാക്കിര്‍ ഖാന്‍ പറഞ്ഞിട്ടുണ്ട്. തകര്‍ന്നു പോയ മനുഷ്യര്‍ക്ക് വേണ്ടത് അവരെ ചേര്‍ത്തു പിടിക്കുന്നൊരു ഒരു ഫാമിലിയാണ്, കുറഞ്ഞപക്ഷം ഒരു ഫാലിമിയെങ്കിലും.


Click it and Unblock the Notifications