ഒപ്പത്തിനൊപ്പം സുരേഷ് ഗോപിയും ബിജു മേനോനും; കൂടെ പിടിക്കാനാകാതെ സിനിമ
രണ്ട് സിനിമകളുണ്ട്. ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാതെ പോകുന്നതും. പക്ഷെ മൂന്നാമൊതാരു സിനിമ കൂടിയുണ്ട്. ഇഷ്ടപ്പെട്ടെന്നോ ഇഷ്ടപ്പെട്ടില്ലെന്നോ പറയാന്‍ സാധിക്കാത്തവ. എന്താണ് ആ സിനിമയോട് നമുക്ക് തോന്നേണ്ട വികാരം എന്നിടത്ത് കണ്‍ഫ്യൂഷന്‍ ആക്കിക്കളയുന്ന സിനിമ. നമുക്കതിനോട് അനിഷ്ടം തോന്നില്ല. എന്നാല്‍ കൂടെ കൂട്ടാനും മാത്രം സ്‌നേഹവും തോന്നില്ല. ഫ്രണ്ട്‌സോണില്‍ ആകപ്പെടുന്ന സിനിമ. അത്തരത്തിലൊരു സിനിമയാണ് ഗരുഡന്‍.
അരുണ്‍ വര്‍മ സംവിധാനം ചെയ്യുന്ന സിനിമയുടെ കഥ ജിനേഷും തിരക്കഥ മിഥുന്‍ മാനുവല്‍ തോമസും ഒരുക്കിയിരിക്കുന്നു. ജേക്ക്‌സ് ബിജോയ് സംഗീതവും അജയ് ഡേവിഡ് കാച്ചപ്പള്ളി ക്യാമറയും ചെയ്യുന്നു. നിര്‍മ്മാണം ലിസ്റ്റ് സ്റ്റീഫന്‍. പ്രധാന വേഷങ്ങളില്‍ സുരേഷ് ഗോപിയും ബിജു മേനോനും. അണിയറയിലും വേദിയിലുമെല്ലാം ഹെവി വെയ്റ്റുകളാണുള്ളത്. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് ഗരുഡന്‍.

ചിത്രത്തിന്റെ കാസ്റ്റ് ആന്റ ക്രൂ നല്‍കുന്ന മിനിമം ക്വാളിറ്റി എന്ന പ്രതീക്ഷ നിലനിര്‍ത്താന്‍ ഗരുഡന് സാധിച്ചിട്ടുണ്ട്. കൊച്ചി നഗരത്തെ പിടിച്ചുലച്ചൊരു ക്രൈമില്‍ നിന്നുമാണ് സിനിമ ആരംഭിക്കുന്നത്. സുരേഷ് ഗോപി അവതരിപ്പിക്കുന്ന ഹരീഷ് മാധവ് ആണ് കേസ് അന്വേഷിക്കുന്നത്. പക്ഷെ ഗരുഡന്‍ ഒരു സാധാരണ കുറ്റാന്വേഷണ ചിത്രമല്ല. കേസും അന്വേഷണവും വിധി നിര്‍ണയവുമൊക്കെ സിനിമയുടെ ആദ്യ മണിക്കൂറില്‍ തന്നെ പൂര്‍ത്തായാകുന്നുണ്ട്.
ഗരുഡന്‍ കഥ പറയാന്‍ ആരംഭിക്കുന്നത് വിധി പ്രഖ്യാപനവും ശിക്ഷാ കാലാവധിയുമെല്ലാം കഴിഞ്ഞ ശേഷമാണ്. കുറ്റാന്വേഷണത്തിന്റേയും കോര്‍ട്ട് റൂം ഡ്രാമയുടേയും സ്വഭാവങ്ങളുള്ള ചിത്രമാണ് ഗരുഡന്‍. ചിത്രം കൂടുതലും ആശ്രയിച്ചിരിക്കുന്നത് സുരേഷ് ഗോപിയുടേയും ബിജു മേനോന്റേയും പ്രകടനങ്ങളിലാണ്. രണ്ടു പേരും പ്രൂവണ്‍ നടന്മാരാണ്. രണ്ടു പേരും അവരവരുടേതായ ലെഗസിയുള്ളവരും.
അന്വേഷിച്ച കേസുകളിലൊന്നും യാതൊരു പിഴവും വരുത്താത്ത, അഴിമതിയുടെ കറ പുരളാത്ത യൂണീഫോമുള്ള പോലീസ് ഓഫീസറാണ് സുരേഷ് ഗോപിയുടെ ഹരീഷ്. സര്‍വ്വീസിലെ അവസാന ദിവസം ഹരീഷിനെ തേടി ഭൂതകാലം തിരിച്ചുവരുന്നു. തുടര്‍ന്നുള്ള അയാളുടെ വൈകാരിക സംഘര്‍ഷത്തിലൂടേയും കുറ്റാന്വേഷണത്തിലൂടേയുമൊക്കെയുള്ള യാത്രയാണ് ഗരുഡന്‍. പോലീസ് വേഷങ്ങളിലൂടെ താനുണ്ടാക്കിയെടുത്ത ലെഗസിയും ഓറയുമാണ് സുരേഷ് ഗോപിയുടെ യുഎസ്പി. അതിനെ ഉപയോഗിക്കാന്‍ ചിത്രത്തിന് സാധിച്ചിട്ടുണ്ട്.
അതേസമയം, സുരേഷ് ഗോപിയുടെ ആ ലെഗസി തന്നെയാണ് ഗരുഡനെ പറയുന്നയര്‍ത്തുന്നതില്‍ നിന്നും തടയുന്നതും. ചിത്രത്തിന്റെ ബേസിക് പ്ലോട്ടില്‍ തന്നെ ഗരുഡന്‍ വെല്ലുവിളി നേരിടുന്നുണ്ട്. എ ഓര്‍ ബി എന്ന രണ്ട് ഓപ്ഷന്‍ മാത്രമുളളിടത്ത് രണ്ട് മണിക്കൂറോളം പ്രേക്ഷകനെ പിടിച്ചിരുത്തുന്ന സസ്‌പെന്‍സോ ട്വിസ്‌റ്റോ ഓഫര്‍ ചെയ്യാന്‍ പരിമിതികളുണ്ട്. ആ പരിമിതിയാണ് ഗരുഡന്‍ നേരിടുന്ന പ്രധാന വെല്ലുവിളി.
പ്രകടനത്തിലൂടെ സുരേഷ് ഗോപിയും ബിജു മേനോനും ചിത്രത്തെ ലിഫ്റ്റ് ചെയ്യുന്നുണ്ട്. പ്രത്യേകിച്ചും ഇരുവരും ഒരുമിച്ചുള്ള രംഗങ്ങളില്‍. സുരേഷ് ഗോപിയേയും ബിജു മോനോനേയും ഫ്രെയിമിന്റെ ഇടതും വലതുമായി മാറ്റി മാറ്റി നിര്‍ത്തുന്നതും മിടുക്കാണ്. ബിജു മേനോന്‍റെ കണ്‍ട്രോള്‍ഡ് ആയ പ്രകടനം കയ്യടി അർഹിക്കുന്നതാണ്. മിഥുന്‍ മാനുവലിന്റെ തിരക്കഥയും ചിത്രത്തിലെ ബോറടിപ്പിക്കാത്തൊരു കാഴ്ചയാക്കുന്നുണ്ട്. എന്നാല്‍ ഡയലോഗിലേയും സന്ദര്‍ഭങ്ങളിലേയും നാടകീയത സിനിമയെ തളര്‍ത്തുന്നു. ചിത്രത്തിന്റെ ട്രീറ്റ്‌മെന്റിന് ചേരാത്തതാണ് ആ നാടകീയത. കടപ്പുറം നിവാസികളെക്കുറിച്ചുള്ള അനാവശ്യ പരാമര്‍ശം പോലെ ഒഴിവാക്കാന്‍ സാധിക്കുന്ന ഡയലോഗുകളും രസംകൊല്ലിയാകുന്നു. പ്രോമിംസിംഗായൊരു തുടക്കത്തില്‍ നിന്നും ക്ലൈമാക്‌സിലെത്തുമ്പോള്‍ ചിത്രത്തിന്റെ അതുവരെയുള്ള ആര്‍ക്ക് തന്നെ അപൂര്‍ണമായി നില്‍ക്കുകയാണ്.

അഭിരാമി, ദിവ്യ പിള്ള എന്നിങ്ങനെ രണ്ട് നായികമാരുള്ള ചിത്രമാണ് ഗരുഡന്‍. പക്ഷെ ചിത്രത്തിലെ ഡ്രേക്ക് എന്ന നായയ്ക്ക് പോലും ഈ രണ്ട് കഥാപാത്രങ്ങളേക്കാളും പ്രാധാന്യം സിനിമ നല്‍കുന്നുണ്ട് എന്നതാണ് സങ്കടകരമായ വസ്തുത. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തിരക്കഥയെഴുതിയ സിനിമയിലും സമാന പ്ലോട്ട് വരുന്നുവെന്നതും ശ്രദ്ധേയമാണ്. സൈക്കോപ്പാത്തിനെ നിര്‍വചിക്കാന്‍ ശ്രമിക്കുന്നൊരു മിഥുന്‍ മാനുവലിനെ ഇവിടെ കാണാന്‍ സാധിക്കുന്നുണ്ട്.
ജേക്‌സ് ബിജോയുടെ പതിഞ്ഞ താളത്തിലുളള സംഗീതവും ചിത്രത്തിന്റെ മൂഡ് സെറ്റ് ചെയ്യുന്നുണ്ട്. നവാഗതന്‍ എന്ന നിലയില്‍ അരുണ്‍ വര്‍മയുടെ സംവിധാനവും പ്രശംസനീയമാണ്. വിരസതയില്ലാതെ കാണാന്‍ സാധിക്കുന്ന ചിത്രമാണ് ഗരുഡന്‍. അതേസമയം ക്യാമറയുടെ മുന്നിലും പിന്നിലുമുള്ള ഹെവിവെയ്റ്റുകളില്‍ നിന്നും പ്രതീക്ഷിക്കുന്ന മികച്ചൊരു അനുഭവം നല്‍കാന്‍ ചിത്രത്തിന് സാധിച്ചിട്ടില്ല. വാഹ് മൊമന്റുകളുടെ അഭാവം ഗരുഡനെ പലപ്പോഴും ഫ്‌ളാറ്റാക്കുന്നു. ചിറകുകളും ആകാശവും ഉണ്ടായിരുന്നിട്ടും ഉയര്‍ന്നു പറക്കാന്‍ ഗരുഡന്‍ തയ്യാറാകുന്നില്ല.


Click it and Unblock the Notifications











