Don't Miss!
- News
'തൃക്കാക്കരയിലെ 20 ശതമാനം വോട്ടിന് വേണ്ടി പിണറായി ഭീകരവാദികളെ സഹായിക്കുന്നു': കെ സുരേന്ദ്രൻ
- Lifestyle
Vat Savitri Vrat 2022: ഏഴ് ജന്മത്തിലും ദാമ്പത്യ വിജയവും ഐശ്വര്യവും വട സാവിത്രി വ്രതം
- Finance
രണ്ട് ലക്ഷം ലാഭം തന്നെ; സർട്ടിഫിക്കറ്റാണ് ഉറപ്പ്; പോസ്റ്റോഫീസ് സ്കീമിൽ ചേരാം
- Technology
ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ചെയ്ത് കൂടാത്ത കാര്യങ്ങൾ
- Automobiles
പുത്തൻ RC 390 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ച് KTM, വില 3.14 ലക്ഷം രൂപ
- Sports
IND vs SA: ഈ മൂന്നു പേരെ എന്തിന് ഇന്ത്യന്‍ ടീമിലെടുത്തു?
- Travel
പറമ്പിക്കുളം തുറന്നു...കാടു കയറിക്കാണുവാന്‍ ട്രക്കിങ് പാക്കേജുകള്‍
മട്ടാഞ്ചേരിയിലെ മഹാഭാരത യുദ്ധവും പടവെട്ടുന്ന ഗോഡ്ഫാദറും; ഭീഷ്മ പര്‍വ്വം പവര്‍ഫുള്‍ ആണ്!
മലയാള സിനിമയുടെ ഭൂമിശാസ്ത്രം തന്നെ മാറ്റിയെഴുതിയ ബിഗ് ബി എന്ന കള്‍ട്ട് ക്ലാസിക്ക് പുറത്തിറങ്ങി പതിനഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും കൈകോര്‍ത്ത സിനിമയാണ് ഭീഷ്മ പര്‍വ്വം. ആ കോമ്പോയില്‍ നിന്നും സിനിമാപ്രേമികള്‍ എന്താണോ പ്രതീക്ഷിച്ചിരുന്നത് അത് അത്രയും തന്നെ നല്കുന്ന ചിത്രമാണ് ഭീഷ്മ പര്‍വ്വം. മമ്മൂട്ടിയെന്ന താരത്തേയും നടനേയും അമല്‍ നീരദ് എന്ന ആരാധകനും ഫിലിംമേക്കറും ചേര്‍ന്ന് പരമാവധി ചൂഷണം ചെയ്തൊരുക്കിയ ചിത്രമാണ് ഭീഷ്മ പര്‍വ്വം.
മൈക്കിള്‍ അഞ്ഞൂറ്റിക്കാരന്‍ എന്ന മട്ടാഞ്ചേരിയിലെ വിറ്റോ കോറിലോണിന്റെ കഥയാണ് ഭീഷ്മ പര്‍വ്വം പറയുന്നത്. മട്ടാഞ്ചേരിയുടെ പശ്ചാത്തലത്തില്‍ മഹാഭാരതവും ഗോഡ്ഫാദറും കണ്ടുമുട്ടുകയാണ്. സിനിമയുടെ തുടക്കം തന്നെ ഗോഡ്ഫാദറിന്റെ തുടക്കത്തെ ഓര്‍മ്മപ്പെടുത്തുന്നതാണ്. വിറ്റോ കോര്‍ലിയോണ്‍ മകളുടെ കല്യാണത്തിനിടെയായിരുന്നു തനിക്ക് മുന്നിലെത്തിയവരുടെ പരാതി കേട്ടിരുന്നതെങ്കില്‍ മൈക്കിള്‍ പരാതി കേള്‍ക്കുന്നതും പരിഹാരം കാണുന്നതും ഒരു പിറന്നാള്‍ ആഘോഷത്തിനിടെയാണ്. ഗോഡ്ഫാദറില് മര്‍ലോണ്‍ ബ്രാന്‍ഡോയ്ക്ക് ലഭിച്ചതിന് സമാനമായൊരു ഇന്‍ട്രോ ഷോട്ടും മമ്മൂട്ടിയ്ക്ക് ലഭിക്കുന്നുണ്ട്.

തന്റെ കുടുംബത്തെ സംരക്ഷിക്കാനായി ഭീഷ്മ ശപഥമെടുത്ത ഡോണ്‍ ആണ് മൈക്കിള്‍. ഈ രണ്ട് സമാന്തര ട്രാക്കുകളിലൂടെ സഞ്ചരിക്കുന്നതാണ് ഭീഷ്മപര്‍വ്വത്തിന്റെ കഥ. രണ്ട് ക്ലാസിക്കുകളിലേയും കഥാപാത്രങ്ങളേയും സന്ദര്‍ഭങ്ങളേയും ഭീഷ്മ പര്‍വ്വത്തിലും കാണാന്‍ സാധിക്കും. അതുകൊണ്ട് തന്നെ കഥാപരമായി പുതിയതായി ഒന്നും പറയാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ കൂടിയും ഈ രണ്ട് ട്രാക്കും മനോഹരമായി ചേര്‍ത്തു വെക്കുന്നിടത്തു തന്നെ ഭീഷ്മ പര്വ്വത്തിനൊരു പുതുമ ലഭിക്കുന്നുണ്ട്. ബിഗ് ബിയിലും ഇയോബിന്റെ പുസ്തകത്തിലും അമല്‍ അവതരിപ്പിച്ച സഹോദരന്മാര്ക്കിടയിലെ കോണ്‍ഫ്ളിക്റ്റിന്റെ മറ്റൊരു തലം കൂടിയാണ് ഭീഷ്മ പര്‍വ്വം.

മമ്മൂട്ടിയെന്ന താരത്തേയും നടനേയും പരമാവധി ഉപയോഗപ്പെടുത്താന്‍ അമല്‍ നീരദിലെ സംവിധായകന് സാധിച്ചിട്ടുണ്ട്. നോട്ടം കൊണ്ടും ഭാവം കൊണ്ടും ശബ്ദത്തിലെ നിയന്ത്രണങ്ങള്‍ കൊണ്ടുമെല്ലാം മമ്മൂട്ടിയെന്ന നടനെ പരമാവധി സ്റ്റൈലിഷ് ആയി അവതരിപ്പിക്കാന്‍ അമലിന് സാധിച്ചിട്ടുണ്ട്. മൈക്കിളിന് ചുറ്റുമൊരു ഓറ സൃഷ്ടിക്കാനും അത് നിലനിര്‍ത്താനും അമലിന് സാധിച്ചിരിക്കുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ അടി എന്ന രീതിയല്ല ഭീഷ്മ പര്‍വ്വത്തില്‍ കാണാന്‍ സാധിക്കുക. രണ്ട് സംഘട്ടന രംഗങ്ങളാണ് മമ്മൂട്ടിയ്ക്ക് വേണ്ടിയൊരുക്കിയിരിക്കുന്നത്. ഈ രംഗങ്ങള്‍ റോബോട്ടിക് ക്യാമറയുടെ സാധ്യതകള്‍ മനോഹരമായി ഉപയോഗിച്ചു കൊണ്ട് അതിഗംഭീരമാക്കിയിരിക്കുന്നു. അതിനൊപ്പം സുഷിന് ശ്യാമിന്റെ സംഗീതവും ചേരുമ്പോള്‍ ആവേശത്തിന് മറ്റെവിടേയും പോകേണ്ടതില്ല.

പുറമെ ഒന്നായി കാണുന്ന, എന്നാല്‍ ഉള്ളില്‍ രണ്ടായ കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അതുകൊണ്ട് തന്നെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എന്നാല്‍ ചിത്രത്തില്‍ വന്ന് പോകുന്ന ഓരോ കഥാപാത്രങ്ങളും കൃത്യമായ വേരുള്ളവരാണ്. ചിത്രത്തിന്റെ ഗതിയെ നിയന്ത്രിക്കുന്നതും കൃത്യമായ നിലനില്പ്പുള്ളവയുമാണ്. അതുകൊണ്ട് തന്നെ സ്ക്രീന്‍ സ്പെയ്സ് കുറവാണെങ്കില്‍ പോലും ഓരോ കഥാപാത്രങ്ങളും ഓര്‍ത്തിരിക്കാന്‍ പാകത്തിനുള്ളതാണ്.
കഥാപാത്രങ്ങളെ അടയാളപ്പെടുത്താനും കഥഗതിയിലെ കോണ്‍ഫ്ളിക്റ്റ് അവതരിപ്പിക്കാനുമാണ് സിനിമയുടെ ആദ്യ പകുതി ഉപയോഗിച്ചിരിക്കുന്നത്. ഈ ദൗത്യം വളരെ ഭംഗിയായി തന്നെ അമലും ദേവദത്ത് സജിയും ചേര്‍ന്നൊരുക്കിയ തിരക്കഥ പൂര്‍ത്തിയാക്കുന്നുണ്ട്. മമ്മൂട്ടിയുടെ നായകഥാപാത്രത്തെ മാറ്റി നിര്‍ത്തിയാല്‍ കൃത്യമായ ക്യാരക്ടര്‍ ആര്‍ക്കുള്ള മറ്റ് കഥാപാത്രങ്ങള്‍ സൗബിന്റെ അജാസും ശ്രീനാഥിന്റെ അമിയും ഷൈന്‍ ടോം ചാക്കോയുടെ പീറ്ററും ദിലീഷ് പോത്തന്റെ ജെയിംസുമാണ്. ഈ കഥാപാത്രങ്ങളിലൂടെ വികസിക്കുന്നതാണ് സിനിമയെന്ന് പറയാം. എന്നാല്‍ രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ തുടക്കത്തില്‍ നല്കിയ ബില്‍ഡ് അപ്പിനൊപ്പിച്ച് ഉയരാന്‍ സാധിക്കാതെ, തങ്ങളുടെ ആര്‍ക്ക് പൂര്‍ത്തിയാക്കാനാകെ ചില കഥാപാത്രങ്ങള്‍ നില്‍ക്കുന്നത് കാണാം. സുദേവ് അവതരിപ്പിക്കുന്ന രാജന് ഉദാഹരണം. മൈക്കിളിനെ വീഴ്ത്താന്‍ പാകത്തിനുള്ളവനാണ് രാജനെന്ന തോന്നലുണ്ടാക്കാന്‍ സാധിക്കുന്നില്ല. സുദേവിന്റെ സ്ക്രീന്‍ പ്രസന്‍സ് സഹായിക്കുന്നുണ്ടെങ്കില്‍ കൂടിയും.

സൗബിന്റെ സമീപകാലത്തെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി മാറുന്നുണ്ട് അജാസ്. തുടക്കത്തിലെ ധര്മ്മിഷ്ടനില് നിന്നും മൈക്കിള്‍ കോര്‍ലിയോണ്‍ ഗതിയില്‍ സഞ്ചരിക്കുന്ന അജാസ് കയ്യടി നേടുന്നുണ്ട്. നടിമാരുടെ വലിയൊരു നിര തന്നെ ചിത്രത്തിലുണ്ടായിരുന്നുവെങ്കിലും നദിയ മൊയ്തുവടക്കമുള്ളവരുടെ ടാലന്റിനെ വേണ്ട വിധത്തില്‍ ചിത്രം ഉപയോഗപ്പെടുത്തിയോ എന്നതും സംശയമാണ്. സ്ഥിരം മോഡേണ്‍ അമ്മ വേഷത്തില്‍ നിന്നുമുള്ള മാലാ പാര്‍വതിയുടെ ചുവടുമാറ്റം പുതുമ നല്‍കുന്നതാണ്. ചിത്രത്തിലെ ഓര്‍ത്തിരിക്കുന്ന രംഗങ്ങളില്‍ ചിലത് അവരുടേതാണ്. ശ്രീനാഥ് ഭാസി, അനഘ, ശ്രിന്ദ, ലെന, ഫര്ഹാന് ഫാസില്‍, ലെന, അനസൂയ ഭരദ്വാജ് തുടങ്ങിയവരെല്ലാം തങ്ങളുടെ ഭാഗം ഭംഗിയാക്കുന്നുണ്ട്. ദിലീഷ് പോത്തന്റെ കഥാപാത്രം മാലിക്കിലെ കഥാപാത്രത്തെ ഓര്മ്മിപ്പിക്കുന്നതെങ്കിലും ജെയിംസിനെ വ്യത്യസ്തനാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഷൈന്‍ ടോം ചാക്കോയുടെ പീറ്ററും എടുത്ത് പറയേണ്ട പ്രകടനമാണ്. ഷൈന്‍ ഒരു അസാധ്യ നടനാണ്.

പാണ്ഡവ പക്ഷത്തുള്ളവരെ വ്യക്തമായി എസ്റ്റാബ്ലിഷ് ചെയ്യുന്ന സിനിമ കൗരവ്വ പക്ഷത്തുള്ളവരെ എസ്റ്റാബ്ലിഷ് ചെയ്യുന്നതില്‍ അത്രകണ്ട് വിജയിച്ചിട്ടില്ലെന്നും ചിത്രത്തിന്റെ ന്യൂനതയായി കാണാം. ഹരീഷ് ഉത്തമന്റെ മാര്ട്ടിന് ഇത്തരത്തിലൊരു കഥാപാത്രമാണ്. വാക്കുകളിലൂടെ മാര്ട്ടിന് എന്താണെന്ന് പറയുന്നുണ്ടെങ്കിലും കാഴ്ചക്കാര്‍ക്ക് അത് അനുഭവപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. സിനിമ അതിന്റെ ക്ലൈമാക്സിലേക്ക് എത്തുമ്പോള്‍ തുടക്കത്തിലുണ്ടായിരുന്ന താളം നഷ്ടപ്പെടുന്നതായും കാണാം. സൗബിന്റെ ഗതിമാറ്റത്തിലടക്കം പ്രതീക്ഷിച്ചിരുന്ന പഞ്ചില്‍ തന്നെ അവസാനിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടോ എന്നതും സംശയമാണ്.
ഭീഷ്മ പര്‍വ്വത്തെ ആവേശം നിറഞ്ഞൊരു സിനിമാക്കാഴ്ചയാക്കി മാറ്റുന്നില്‍ സുഷിന് ശ്യാമിന്റെ സംഗീതത്തിനും ആനന്ദ് സി ചന്ദ്രന്റെ ക്യാമറയ്ക്കും വലിയൊരു പങ്കുണ്ട്. പ്രവചനീയമായ രംഗങ്ങളെ പോലും എലിവേറ്റ് ചെയ്യുന്നത് സുഷിന്റെ സംഗീതമാണ്. ഓരോ സിനിമ കഴിയുന്തോറും സുഷിനിലെ സംഗീതജ്ഞന് അത്ഭുതപ്പെടുത്തുകയാണ്.

തന്റെ മുന്‍ സിനിമകളെ അപേക്ഷിച്ച് അമല്‍ നീരദ് കുറേക്കൂടി 'വ്യൂവർ ഫ്രെണ്ട്ലി' ആയി ഒരുക്കിയ സിനിമ കൂടിയാണ് ഭീഷ്മ പർവ്വം. തുടക്കം മുതല്‍ തന്റെ കഥാപശ്ചാത്തലും ഗതിയും കഥാപാത്രങ്ങളേയും കാഴ്ചക്കാരന് ബോധ്യപ്പെടാനായി ഡയലോഗുകളിലൂടെയുള്ള സ്പൂണ്‍ ഫീഡിംഗിന് അദ്ദേഹം തയ്യാറായിട്ടുണ്ട്. സിനിമയുടെ കഥാ പശ്ചാത്തലത്തെ ആ കാലഘട്ടത്തിന്റെ ചരിത്രത്തോട് ചേർത്തു നിർത്തുന്നതിലൂടെ റിയലിസ്റ്റാക്കി തോന്നിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അമലിന്റെ നേരത്തെയുളള സിനിമകളിലും ഇത് കണ്ടിട്ടുണ്ട്.
മമ്മൂട്ടി ആരാധകര്‍ക്കും അമല്‍ നീരദ് ആരാധകര്‍ക്കും വേണ്ടതെല്ലാമുള്ള, തീയേറ്ററില്‍ നിന്നു തന്നെ കണ്ടനുഭവിക്കേണ്ട ചിത്രമാണ് ഭീഷ്മ പര്‍വ്വം.