For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരുപാട് വീടുകളുടെ കഥ പറയുന്ന 'ഹോം'; മനസ് നിറയ്ക്കുന്ന സിനിമ, ഉളള് പൊള്ളിക്കുന്ന ഇന്ദ്രന്‍സ്

  |

  പുതിയ കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ സന്തോഷത്തോടെ, സ്മാര്‍ട്ട് ഫോണ്‍ കൈയ്യിലെടുത്ത് മക്കളേ ഇതില്‍ വാട്‌സ് ആപ്പ് എവിടെയാ? ഫെയ്‌സ്ബുക്കിലെങ്ങനാ കേറുന്നേ? വീഡിയോ കോള്‍ ചെയ്യുന്നത് എങ്ങനാ? എന്നൊക്കെ ചോദിച്ച് വരുന്ന അച്ഛനും അമ്മയും. ഒരു വട്ടം പറഞ്ഞു കൊടുത്തിട്ടും മനസിലാകാതെ നൂറ് ചോദ്യങ്ങളുമായി അവര്‍ വീണ്ടും വരുന്നു. തെല്ലരിശത്തോടെ വീണ്ടും പറഞ്ഞു കൊടുക്കുന്നു. മൂന്നാമതും അവര്‍ പുതിയ നൂറ് സംശയവുമായി വരുന്നു. ഇത്തവണ പക്ഷെ പറഞ്ഞു കൊടുക്കാനുള്ള ക്ഷമയില്ലാതെ എഴുന്നേറ്റ് പോവുകയോ മുഖം കറുത്ത് സംസാരിക്കുകയോ ചെയ്യുന്ന മക്കള്‍.

  പലര്‍ക്കും റീലേറ്റ് ചെയ്യാന്‍ പറ്റുന്ന, ഏത് വീട്ടിലും അരങ്ങേറുന്ന രംഗമാണിത്. ഈയൊരു രംഗത്തെക്കുറിച്ചാണ് ഹോം സംസാരിക്കുന്നത്. അതുകൊണ്ട് തന്നെ ഹോമിലെ വീട് ഒരു വീടല്ല. ഒരുപാട് പേരുടെ, നമ്മുടെയൊക്കെ വീടാണ്.

  ഹോട്ട് ലുക്കില്‍ യുവതാരം ജാന്‍വി കപൂര്‍; ഹോട്ട് ഫോട്ടോഷൂട്ട് കാണാം

  മലവെള്ളപ്പാച്ചിലുപോലെ ത്രില്ലര്‍ സിനിമകള്‍ വന്നടിഞ്ഞപ്പോള്‍ അതില്‍ നിന്നുമൊരു മോചനമാണ് ഹോം എന്ന ഫീല്‍ ഗുഡ് സിനിമ. ഹീല്‍ ഗുഡിന് വേണ്ടി മറ്റുള്ളവരുടെ കഥകള്‍ തേടി പോകുന്നതിന് പകരം ഹോം അവതരിപ്പിക്കുന്നത് നമ്മുടെ കഥയാണ്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കാണുന്ന ഓരോ പ്രേക്ഷകര്‍ക്കും റീലേറ്റ് ചെയ്യാന്‍ പറ്റുന്നൊരു സിനിമ. ഹോം എന്ന പേരില്‍ തന്നെ സിനിമ എന്തെന്നുണ്ട്. അതിനോടൊപ്പം ഒരു ഹാഷ് ടാഗ് കൂടെ ചേര്‍ത്തു വെക്കപ്പെടുമ്പോള്‍ ചിത്രം പറയാന്‍ ഉദ്ദേശിക്കുന്നത് എല്ലാം പൂര്‍ണം. ജീവിതം മൊബൈല്‍ ഫോണിന്റെ സ്‌ക്രീനിലേക്ക് ചുരുങ്ങിയ, ഹാഷ്ടാഗുകളായി മാറിയ ഈ കാലത്തെ ഒരു വീടിന്റെ കഥയാണ് ചിത്രം പറയുന്നത്.


  ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന ഒലിവര്‍ ട്വിസ്റ്റ് ആണ് ചിത്രത്തിലെ നായകന്‍. ഒലിവര്‍ ട്വിസ്റ്റിന്റെ കുടുംബം എന്നത് മക്കള്‍ ആന്റണിയും (ശ്രീനാഥ് ഭാസി) ചാള്‍സും (നസ്ലെന്‍) ഭാര്യ കുട്ടിയമ്മയും (മഞ്ജു പിള്ള) അപ്പച്ചനും അടങ്ങുന്നതാണ്. പേരില്‍ മാത്രം അസാധാരണത്വമുള്ള, സാധാരണക്കാരില്‍ സാധാരണക്കാരനാണ് ഒലിവര്‍ ട്വിസ്റ്റ്. ചാള്‍സ് ഡിക്കന്‍സിന്റെ ഒലിവര്‍ ട്വിസ്റ്റ് 'ഐ വാണ്ട് സം മോര്‍' എന്നായിരുന്നു പറഞ്ഞിരുന്നത്. പക്ഷെ റോജിന്‍ തോമസിന്റെ ഒലിവര്‍ ട്വിസ്റ്റ് കൂടതലൊന്നും ചോദിക്കുന്നില്ല. അയാള്‍ക്ക് വേണ്ടത് മിനിമം മാത്രമാണ്. മക്കളുടെ സ്‌നേഹവും ബഹുമാനവും പരിഗണനയും. ആ മിനിമം ആവശ്യം ഒലിവറിനെ സംബന്ധിച്ച് 'മോര്‍' ആയി മാറുകയാണ്.

  വളരെ ലളിതവും റിലേറ്റബിളും എഫക്ടീവുമായൊരു കഥയാണ് ചിത്രം പറഞ്ഞു പോകുന്നത്. ഫോണ്‍ ഉപയോഗം ഒരു അഡിക്ഷനായി മാറിയ കാലത്ത് ഒട്ടും അപ്പ്‌ഡേറ്റഡ് അല്ലാത്തൊരു അച്ഛന്‍ തന്റെ മക്കളുടെ ലോകത്തിന് പുറത്താണ്. ആ ലോകത്തേക്ക് എത്താനും അവരുടെ സ്‌നേഹം നേടാനും അയാള്‍ നടത്തുന്ന നിഷ്‌കളങ്കമായ ശ്രമങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.

  മകന്‍ വന്നെന്നറിഞ്ഞ് വീട്ടിലേക്ക് ഒലിവര്‍ ഓടി വരുന്നത് ഒരു കൊച്ചുകുട്ടിയുടെ നിഷ്‌കളങ്കത നിറഞ്ഞ സന്തോഷത്തോടെയാണ്. പക്ഷെ ഓടി അരികിലെത്തിയിട്ടും ഒലിവറിന് മകനിലേക്ക് എത്താന്‍ പറ്റുന്നില്ല. മകന്‍ അപ്പോഴേക്കും ഒരുപാട് മുന്നോട്ട് സഞ്ചരിച്ചിരുന്നു. അവന്റെ ലോകം ഒലിവറിന്റെ ലോകത്തു നിന്നും വളരെ ദൂരെയായിരുന്നു. സോഷ്യല്‍ മീഡിയയുടെ, ഫോണിലൂടെ തുടങ്ങി ഫോണിലൂടെ അവസാനിക്കുന്ന ദിവസങ്ങളുടെ ലോകത്തിലാണ് ആന്റണി. ഈ ലോകത്തേക്ക് എത്താനായി ഒലിവര്‍ ശ്രമിക്കുന്നു. മകന്‍ നേരിട്ട് സംസാരിക്കാറില്ല, പക്ഷെ ഫോണിലൂടെ കുറേനേരം സംസാരിക്കുന്നത് കാണാം അതുകൊണ്ട് തനിക്കും ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങണം എന്നു തീരുമാനിക്കുന്നത്ര നിഷ്‌കളങ്കനായൊരു മനുഷ്യനാണ് ഒലിവര്‍.

  ആന്റണിയെ സംബന്ധിച്ച് പപ്പയില്‍ എക്‌സ്ട്രാ ഓര്‍ഡനറിയായിട്ടോ, ആരാധിക്ക തക്കതോ, ബഹുമാനിക്ക തക്കതോ ആയ ഒന്നും കാണുന്നില്ല. അവനത് കാണുന്നത് കാമുകിയുടെ ഡാഡിയിലാണ്. തനിക്ക് ലഭിക്കേണ്ട സ്‌നേഹവും ബഹുമാനവും കിട്ടാന്‍ വേണ്ടി ഒലിവര്‍ ട്വിസ്റ്റ് ചെയ്യുന്ന കാര്യങ്ങളും അത് വീട്ടിലെ അന്തരീക്ഷത്തിലുണ്ടാക്കുന്ന മാറ്റങ്ങളും പൊട്ടിത്തെറികളുമൊക്കെയാണ് ചിത്രം അവതരിപ്പിക്കുന്നത്.

  തുടക്കം മുതല്‍ ഒടുക്കം വരെ വീടിനെ തന്റെ ചെറിയ ചുമലുകളില്‍ എടുത്ത് നടക്കുന്ന കുടുംബനാഥനായി മാറുകയാണ് ഇന്ദ്രന്‍സ് എന്ന നടനും. ഡയലോഗുകളിലെ സ്വാഭാവികത കൊണ്ടും ശബ്ദത്തിലെ ഇടര്‍ച്ച കൊണ്ടുമെല്ലാം ഇന്ദ്രന്‍സ് എന്ന നടന്‍ ജീവിക്കുകയാണ് ഒലിവര്‍ ട്വിസ്റ്റായി. ഡയലോഗൊന്നുമില്ലാതെ ഒരച്ഛന്റെ നിസഹായത അദ്ദേഹം വരച്ചിടുന്നുണ്ട്. മകനോട് എന്തെങ്കിലും സംസാരിക്കാനായി, അവന്‍ ഫോണ്‍ താഴെ വെക്കുന്നതും കാത്ത് അടുത്ത് ഇരിക്കുമ്പോള്‍, തന്റെ കണ്ണുനിറഞ്ഞത് ആരും കാണാതിരിക്കാന്‍ ഇരുട്ടിലേക്ക് കയറി നില്‍ക്കുമ്പോള്‍, ഇന്ദ്രന്‍സ് എന്ന മനുഷ്യന്‍ നടന്‍ എന്നതിന് അപ്പുറത്ത് നമുക്ക് ആരെല്ലാമോ ആയി മാറുകയാണ്. I know this man. I can Feel him.

  പ്രകടനം കൊണ്ട് ഇന്ദ്രസിന്റെ പേരിന് തൊട്ടടുത്ത് ചേര്‍ത്തുവെക്കേണ്ടത് ഒലിവര്‍ ട്വിസ്റ്റിന്റെ ഭാര്യയായ കുട്ടിയമ്മയെയാണ്. മഞ്ജു പിള്ള എന്ന നടിയുടെ, ഇതുവരെ കാണാത്ത, ഇതുവരെ ഉപയോഗിക്കാതിരുന്ന ടാലന്റിനെ കണ്ടെത്തിയിരിക്കുകയാണ് ഹോം. രൂപം കൊണ്ടും ഭാവം കൊണ്ടും മഞ്ജു പിള്ള കുട്ടിയമ്മയാണ്. കുട്ടിയമ്മ സിനിമയിലെ അമ്മയല്ല, നമ്മുടെ വീടുകളിലെ അമ്മയാണ്. കുട്ടിയമ്മ പറയുന്ന പല വാക്കുകളും ജീവിതത്തില്‍ നിന്നുമുള്ളതാണ്. ജീവിതത്തിന്റെ ഉപ്പുരസമുള്ള സന്ദര്‍ഭങ്ങളാണ് ഹോമിനെ ഹോം എന്ന സിനിമയെ കാഴ്ചക്കാരുടെ വീടാക്കുന്നത്.

  ചിത്രം ആരേയും വില്ലനാക്കുന്നില്ലെന്നതും സിനിമയെ കൂടുതല്‍ റീലേറ്റബിള്‍ ആക്കുന്നുണ്ട്. ശ്രീനാഥ് ഭാസിയുടെ ആന്റണി തന്റെ അച്ഛനെ ബഹുമാനിക്കാതിരിക്കുകയും അവഗണിക്കുകയും ചെയ്യുമ്പോഴും അയാളോട് വെറുപ്പ് തോന്നുന്നില്ല. പകരം ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ നമ്മളും ഒരു ആന്റണിയായിരുന്നില്ലേ എന്ന് തോന്നിപ്പിക്കുന്നു. നസ്ലെന്റെ പ്രകടനവും ശ്രദ്ധയേമാണ്. കുരുതിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായൊരു മൂഡിലുള്ള സിനിമയും കഥാപാത്രവുമായാണ് ഒരാഴ്ചയുടെ വ്യത്യാസത്തില്‍ ഈ ചെറുപ്പക്കാരന്‍ എത്തിയിരിക്കുന്നത്. നസ്ലെനില്‍ മികച്ചൊരു ഭാവി കാണാനുണ്ട്.

  ചിത്രത്തിലെ സപ്പോര്‍ട്ടിംഗ് കാസ്റ്റില്‍ എടുത്ത് പറയേണ്ട പേര് ജോണി ആന്റണിയുടേതാണ്. സംവിധാനത്തില്‍ നിന്നും അഭിനയത്തിലേക്കുള്ള ജോണി ആന്റണിയുടെ ചുവടുമാറ്റം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് പൊട്ടിച്ചിരിക്കാനുള്ള ഒരുപാട് അവസരങ്ങളാണ്. ടെന്‍ഷനില്‍ വീടുവിച്ച് ജീവിക്കുന്ന സൂര്യന്‍ എന്ന ഒലിവറിന്റെ ആത്മമിത്രമായി ജോണി ആന്റണി നിറഞ്ഞു നില്‍ക്കുകയാണ്. തൊണ്ടയില്‍ മീന്‍ മുള്ള് കുടുങ്ങി ഒരാള്‍ മരിച്ചുവെന്ന വാര്‍ത്ത കണ്ട് മീന്‍ തിന്നാന്‍ തന്ന പേടിയുള്ള, ഞെട്ടി എഴുന്നേറ്റാല്‍ ഹാര്‍ട്ട് അറ്റാക്ക് വരുമെന്ന് പേടിക്കുന്ന സൂര്യന്‍ ആ കരങ്ങളില്‍ ഭദ്രം. ജോണി ആന്റണി ഒരു കിടിലന്‍ നടനാണ്.

  Interview with Vijay Babu and Rojin Thomas | Home Movie | Indrans | FilmiBeat Malayalam

  നൂറ് ശതമാനവും റിലേറ്റബിളാകുന്ന സിനിമയായി മാറുമ്പോഴും മെലോഡ്രാമാറ്റിക് ആകുന്നുവെന്നൊരു വിമര്‍ശനം ഹോമിനെക്കുറിച്ചുണ്ട്. അതുപോലെ വീട്ടമ്മയുടെ 'ജോലികള്‍' അവളുടെ സ്‌നേഹത്തിന്റെ അടയാളമായി മാറുന്നുവെന്ന ക്ലീഷേയും ഹോമില്‍ കാണാം. മറ്റൊന്ന്, ഓർഡിനറിയായൊരു മനുഷ്യനെക്കുറിച്ച് സംസാരിക്കുന്ന സിനിമ, അയാളെ അംഗീകരിക്കപ്പെടാന്‍ തക്കതായ മനുഷ്യനാക്കി മാറ്റുന്നത് ഒരു എക്‌സ്ട്രാ ഓര്‍ഡിനറിയായ കഥയിലൂടെയാണ് എന്നതാണ്. സാധാരണക്കാരനായി തന്നെ അയാള്‍ ആ പരിഗണന ലഭിക്കാന്‍ അര്‍ഹനാകേണ്ടതല്ലേ?

  പറയാന്‍ ഉദ്ദേശിക്കുന്ന ഇടത്തേക്ക് എത്താന്‍ ഒഴിവാക്കാമായിരുന്ന വഴികളിലൂടെയാണ് സിനിമ ചിലപ്പോഴൊക്കെ സഞ്ചരിക്കുന്നത്. രണ്ടാം പകുതിയിലാണ് സിനിമ ഇങ്ങനെ ഡീവേയേറ്റ് ചെയ്ത് പോകുന്നത്. എങ്കിലും ഒടുവില്‍ ലക്ഷ്യത്തിലേക്ക് എത്തുന്നുണ്ട്. ഇവിടെ സിനിമ അല്‍പ്പം അതിനാടകീയമാകുന്നുണ്ടെങ്കിലും ഉപദേശ പ്രസംഗത്തിനോ മെല്‍റ്റ് ഡൗണിനോ മുതിരാതെ സിനിമ സേഫ് ആയി തന്നെ ലാന്റ് ചെയ്യുകയാണ്.

  ഇന്ദ്രന്‍സ് എന്ന ചെറിയ മനുഷ്യന്റെ, വലിയ നടന്റെ ഹൃദയ സ്പര്‍ശിയായ പ്രകടനം കൊണ്ടും യൂണിവേഴ്‌സലായ കഥ കൊണ്ടും മനസ് നിറയ്ക്കുന്ന സിനിമയാണ് ഹോം.

  Read more about: indrans
  English summary
  #Home Movie Review Indrans Steals The Show In This Heart Touching And Relatble Story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X