ചിക്കന്‍ ഫോര്‍ ലിന്റ: ചിരിപ്പിച്ചും ഉള്ള് തൊട്ടും ഈ അമ്മയും മകളും
ഫ്രാന്‍സില്‍ നിന്നുള്ള ആനിമേഷന്‍ ചിത്രമാണ് ചിക്കന്‍ ഫോര്‍ ലിന്റ. സെബാസ്റ്റിയന്‍ ലൗഡന്‍ബാച്ചും കിയാര മാല്‍ട്ടയും ചേര്‍ന്നാണ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. വളരെ സീരീയസായ ഫെസ്റ്റിവല്‍ സിനിമകള്‍ക്കിടയിലൊരു തണുത്ത കാറ്റാണ് ചിക്കന്‍ ഫോര്‍ ലിന്റ. കണ്ടു കഴിയുമ്പോഴേക്കും മനസിനെ തണുപ്പിച്ച് കടന്നു പോകുന്നൊരു കാറ്റ്.
ലിന്റ എന്ന കൊച്ചുകുട്ടിയാണ് കേന്ദ്ര കഥാപാത്രം. കുട്ടിക്കാലത്തേ അച്ഛനെ നഷ്ടമായ ലിന്റയെ വളര്‍ത്തുന്നത് അമ്മയാണ്. ഒരു നാള്‍ ലിന്റയുടെ അമ്മയുടെ വിവാഹ മോതിരം കാണാതാവുന്നു. മകള്‍ക്ക് നേരത്തെ ആ മോതിരത്തിലൊരു കണ്ണുള്ളതിനാല്‍ അമ്മ കുറ്റം ലിന്റയില്‍ ആരോപിക്കുന്നു. എന്നാല്‍ പിന്നീട് ലിന്റ കുറ്റക്കാരിയല്ലെന്നും തനിക്ക് തെറ്റു പറ്റിയതാണെന്നും അമ്മ തിരിച്ചറിയുന്നു. മകളുടെ കരണം പുകച്ചതിന് പകരം എന്ത് ആഗ്രഹവും സാധിച്ചു തരുമെന്ന് അമ്മ വാഗ്ദാനം ചെയ്യുന്നു.

തനിക്ക് പെപ്പര്‍ ചിക്കന്‍ വേണമെന്നായിരുന്നു ലിന്റയുടെ ആഗ്രഹം. കേള്‍ക്കുമ്പോള്‍ വളരെ നിസാരമായൊരു ആഗ്രഹം. എന്നാല്‍ ലിന്റയുടെ അമ്മയെ സംബന്ധിച്ച് അത് അത്ര എളുപ്പത്തില്‍ സാധിച്ചു കൊടുക്കുക സാധ്യമല്ല. തന്റെ ഭര്‍ത്താവ്, ലിന്റയുടെ പപ്പ തയ്യാറാക്കിയിരുന്ന റെസിപ്പിയില്‍ തന്നെയായിരിക്കണം ചിക്കന്‍ ഒരുക്കേണ്ടത് എന്ന നിബന്ധനയും അമ്മ മകള്‍ക്ക് മുന്നില്‍ വെക്കുന്നുണ്ട്. മകള്‍ക്ക് അമ്മ വാക്ക് നല്‍കുന്നു, നിനക്ക് ചിക്കന്‍ തയ്യാറാക്കി തന്നിരിക്കും.
പക്ഷെ അവര്‍ക്ക് മുന്നില്‍ തടസമായി സമരമെത്തുന്നു. സിറ്റി നിശ്ചലമാണ്. ഈ പ്രതിസന്ധിയെ മറി കടന്ന് ലിന്റയ്ക്ക് പപ്പയുടെ ചിക്കന്‍ കറിയുണ്ടാക്കി നല്‍കാന്‍ അമ്മയ്ക്ക് സാധിക്കുമോ എന്നതാണ് ചിക്കന്‍ ഫോര്‍ ലിന്റയുടെ മുന്നോട്ടുള്ള യാത്ര അവതരിപ്പിക്കുന്നത്.
ലിന്റയെ സംബന്ധിച്ച് ചിക്കന്‍ എന്ന് പപ്പയുണ്ടാക്കി തരുന്ന രുചിയുടെ വീണ്ടെടുക്കല്‍ മത്രമല്ല. മറിച്ച് തന്റെ കുട്ടിക്കാലത്തിന്റെ വര്‍ണവും പപ്പയുടെ തന്നെ ഓര്‍മ്മയുടെ ശേഷിപ്പുകള്‍ തിരയലാണ്. തന്റെ കൂട്ടുകാരെ പോലെ നല്ലൊരു കുട്ടിക്കാലമല്ല ലിന്റയുടേത്. നല്ല വീടും വസ്ത്രങ്ങളുമെല്ലാം അവളുടെ സ്വപ്‌നമാണ്. അതില്‍ നിന്നും അവളുടേതായി മാത്രമായൊരു സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ലിന്റ. അതോടൊപ്പം തന്നെ തന്റെ പപ്പയെക്കുറിച്ചുള്ള അവസാന ഓര്‍മ്മ വീണ്ടെടുക്കാനുള്ള നിഷ്‌കളങ്കമായ ശ്രമവും.
അതേസമയം, ലിന്റയുടെ അമ്മ പോളെറ്റിനെ സംബന്ധിച്ച് മകളുടെ ആഗ്രഹം സാക്ഷാത്കരിക്കുന്നതിലൂടെ ഇപ്പോഴും മനസില്‍ സൂക്ഷിക്കുന്ന ഭര്‍ത്താവിന്റെ ഓര്‍മ്മകള്‍ക്ക് ജീവന്‍ നല്‍കുകയാണ്. ഭര്‍ത്താവ് പോയ ശേഷം അവരുടെ ജീവിതത്തിന്റെ വര്‍ണങ്ങള്‍ നഷ്ടമായിരുന്നു. ഭര്‍ത്താവ് തന്റെ വിരലലിട്ട മോതിരത്തോടും അദ്ദേഹത്തിന്റെ ഓര്‍മ്മകളോടും അവര്‍ തന്റെ ജീവിതം ചേര്‍ത്തു വച്ചിരിക്കുകയാണ്.
ചിക്കന്‍ ഫോര്‍ ലിന്റയില്‍ ചിക്കന്‍ എന്നത് അമ്മയുടേയും മകളുടേയും ജീവിതവുമായി ബന്ധപ്പെടുന്നത് രണ്ട് തരത്തിലാണ്. ലിന്റയ്ക്ക് അച്ഛന്റെ ഓര്‍മ്മകളും തന്റെ കുട്ടിത്തത്തിന്റെ വീണ്ടെടുക്കലുമാണ്. എന്നാല്‍ അമ്മയെ സംബന്ധിച്ച് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന വര്‍ത്തമാനത്തിന്റെ തന്നെ പ്രതീകമാണ്.
സ്ലാപ്സ്റ്റിക് കോമഡിയായാണ് സെബാസ്റ്റിയനും കിയാരയും ചിക്കന്‍ ഫോര്‍ ലിന്റ ഒരുക്കിയിരിക്കുന്നത്. തുടക്കം മുതല്‍ ചിരി സമ്മാനിച്ചാണ് സിനിമ കടന്നു പോകുന്നത്. വൈകാരികമായി കണക്ട് ചെയ്യുവാനും സിനിമയ്ക്ക് സാധിച്ചിരിക്കുന്നു. മിനിമലായ ആര്‍ട്ട് വര്‍ക്കായിരിക്കുമ്പോഴും മികവുറ്റ ആനിമേഷനിലൂടെ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തേയും യൂണീക് ആക്കാനും, വ്യക്തമായ ക്യാരക്ടര്‍ നല്‍കാനും സാധിച്ചിട്ടുണ്ട്. ലിന്‍റയ്ക്കും അമ്മയ്ക്കും പുറമെ ലിന്റയുടെ ആന്‍റിയും പൊലീസുകാരനും ലിന്റയുടെ കൂട്ടുകാരുമൊക്കെ മനസില്‍ ബാക്കിയാകുന്നുണ്ട്.
ഈ ഐഎഫ്എഫ്‌കെ സീസണ്‍ ഞാന്‍ ആരംഭിച്ചത് ചിക്കന്‍ ഫോര്‍ ലിന്റയിലൂടെയാണ്, ഇതിലും മികച്ചൊരു തുടക്കം ലഭിക്കാനില്ല.


Click it and Unblock the Notifications











