For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വര്‍ത്തമാന ഇന്ത്യയുടെ ശബ്ദം! ആള്‍ക്കൂട്ട കയ്യടികളെ ചോദ്യം ചെയ്യുന്ന സിനിമ

  |

  Rating:
  3.0/5

  സുരാജ് വെഞ്ഞാറമൂട്, പൃഥ്വിരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത സിനിമയാണ് ജന ഗണ മന. ഷാരിസ് മുഹമ്മദ് ആണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ക്വീന്‍ എന്ന കോളേജ് കഥ പറഞ്ഞ സിനിമയ്ക്ക് ശേഷം ഡിജോ സംവിധാനം ചെയ്ത സിനിമയാണ് ജന ഗണ മന. രണ്ടാമത്തെ സിനിമയും ഡിജോ ആരംഭിക്കുന്നത് കോളേജില്‍ നിന്നുമാണ്. മംമ്ത മോഹന്‍ദാസ് അവതരിപ്പിക്കുന്ന സബ എന്ന കോളേജ് അധ്യാപികയുടെ കൊലപാതകവും തുടര്‍ന്ന് നടക്കുന്ന കേസ് അന്വേഷണവുമൊക്കെയാണ് ചിത്രം പറയുന്നത്.

  അവര് വാങ്ങുന്ന കാശിനുള്ള പണി എടുക്കട്ടെ; ഭാര്യയെ വിമര്‍ശിക്കുന്നവരോട് ധന്യയുടെ ഭര്‍ത്താവ് ജോണിന്റെ മറുപടി

  സിനിമയുടെ രണ്ട് പകുതികളേയും തീര്‍ത്തും വ്യത്യസ്തമായ രീതിയില്‍ കഥ പറയുന്ന തരത്തിലാണ് ഡിജോയും ഷാരിസും ചേര്‍ന്നൊരുക്കിയിരിക്കുന്നത്. ക്വീനിന്റെ അവസാനത്തിലേക്ക് എത്തുമ്പോള്‍ ഉയരുന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിന്റെ തുടര്‍ച്ചയെന്നവണ്ണം ജന ഗണ മനയുടെ തുടക്കം വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ നിന്നുമാകുന്നു. ക്വീനിലേത് പോലെ തന്നെ ഒരു കോര്‍ട്ട് റൂം ഡ്രാമയായി ജന ഗണ മന രണ്ടാം പകുതിയില്‍ മാറുന്നതും കാണാം.

  ഒരു സിനിമ എന്നതിലുപരിയായി, ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തിനും സകമകാലിക ഇന്ത്യയില്‍ നടക്കുന്ന, അനിതീകളോടും വിവേചനങ്ങളോടും ഫാസിസ പ്രവണതകളോടുമുള്ള പ്രതിഷേധം ആണ് ജന ഗണ മന. ആ പേര് സൂചിപ്പിക്കും പോലെ തന്നെ ഏതൊരു ഇന്ത്യന്‍ പൗരന്റേയും മനസില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അണപൊട്ടാന്‍ കാത്തു നില്‍ക്കുന്ന പ്രതിഷേധത്തിന്റെ ശബ്ദം. സമീപകാലത്ത് രാജ്യം ചര്‍ച്ചയാക്കിയ സ്ത്രീകള്‍ക്കെതിരെ ഉയര്‍ന്നു വരുന്ന അതിക്രമങ്ങള്‍, ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍, വര്‍ഗ്ഗീയത, എന്‍കൗണ്ടര്‍ കില്ലിംഗ്, ജാതി വിവേചനം, അഴിമതി, മാധ്യമങ്ങളുടെ അജണ്ട സെറ്റിംഗ്, സോഷ്യല്‍ മീഡിയ ക്യാംപയിനുകള്‍, ഇസ്ലാമോഫോബിയ തുടങ്ങിയ വിഷയങ്ങളെല്ലാം തന്നെ സിനിമ പരാമര്‍ശിക്കുകയും അതിലെല്ലാമുള്ള തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും ചെയ്യുന്നുണ്ട്.

  സിനിമ തുടങ്ങുന്നത് തന്നെ രാഷ്ട്രീയ പ്രസ്താവനയിലൂടെയാണ്. കൊല്ലപ്പെട്ട അധ്യാപികയുടെ ഓര്‍മ്മയ്ക്കായി നടത്തുന്ന പരിപാടിയില്‍ വച്ച് അവരെ വ്യക്തിഹത്യ ചെയ്യുന്ന വൈസ് ചാന്‍സിലര്‍, ആളുകളെ അവര്‍ ധരിക്കുന്ന വസ്ത്രം കണ്ട് തിരിച്ചറിയാമെന്ന് പറഞ്ഞു കൊണ്ട് ചാപ്പയടിക്കുകയാണ്. ആ പ്രസംഗത്തിന് ശേഷം നിശബ്ദമായി ഇറങ്ങി പോകുന്ന വിദ്യാര്‍ത്ഥികളെ തടഞ്ഞു നിര്‍ത്തിക്കൊണ്ട് സബ തങ്ങള്‍ക്കാരായിരുന്നുവെന്ന് പറയുകയാണ് ഗൗരി. തന്റെ പ്രസംഗം ഗൗരി അവസാനിപ്പിക്കുന്നത് വസ്ത്രം നോക്കി കണ്ടു പിടിക്കാമെങ്കില്‍ ആയിക്കോളൂ എന്നു പറഞ്ഞു കൊണ്ട് ഷാള്‍ കൊണ്ട് തല മറച്ചു കൊണ്ടാണ്. വരാനിരിക്കുന്ന രംഗങ്ങളുടെ സൂചന ഇവിടെ തന്നെ നല്‍കുന്നുണ്ട് ഡിജോ.

  രണ്ട് പകുതിയിലും രണ്ട് തരം സമീപനത്തിലൂടെ ഒരേ വിഷയത്തെ കാണിക്കുന്ന സിനിമയാണ് ജന ഗണ മന. പൊതു ബോധം ആവശ്യപ്പെടുന്നതിന് അനുസരിച്ച് ഗ്യാലറിയ്ക്ക് വേണ്ടി പണിയെടുക്കുന്നവരെയാണ് ആദ്യ പകുതിയില്‍ കാണാന്‍ കഴിയുന്നത്. സൂരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന സജ്ജന്‍ കുമാര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന് സിനിമയ്ക്ക് അകത്തും പുറത്തും ലഭിക്കുന്ന കൈയ്യടികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഭയപ്പെടുത്തുന്നത് തന്നെയായിരുന്നു. ഒരു ക്രൈം നടക്കുമ്പോള്‍ ഇന്‍സ്റ്റന്റ് നീതിയ്ക്കായി സോഷ്യല്‍ മീഡിയയിലൂടെ ഒച്ചവെക്കുന്നവരുടേതാണ് ആ കയ്യടികള്‍.


  എന്നാല്‍ കയ്യടിച്ച അതേ കാഴ്ചക്കാരെ കൊണ്ട് തങ്ങള്‍ എന്തിനായിരുന്നു കയ്യടിച്ചതെന്ന് ചിന്തിപ്പിക്കുകയാണ് സിനിമയുടെ രണ്ടാം പകുതി. തീര്‍ത്തും പ്രോബ്ലമാറ്റിക്കായൊരു കാര്യത്തെ പൊതുബോധത്തിന് തൃപ്തിപ്പെടുത്തുന്ന തരത്തില്‍ അവതരിപ്പിക്കുകയും ഒടുവില്‍ ആ പൊതുബോധത്തെ തന്നെ ചോദ്യം ചെയ്യുകയും ചെയ്യുന്ന ബ്രില്യന്‍സിന് കയ്യടിക്കേണ്ടത്. സ്വന്തം രംഗങ്ങളെ മാത്രമല്ല, നാളിതുവരെ കണ്ട പല മാസ് പോലീസ് സിനിമകളേയും തന്നെ ചോദ്യം ചെയ്യുകയാണ് ജന ഗണ മന.

  ആദ്യ പകുതിയിലെ താരം സുരാജ് വെഞ്ഞാറമൂട് എന്ന നടനാണ്. സ്റ്റീരിയോടൈപ്പായി തോന്നാവുന്നൊരു കഥാപാത്രത്തെ തന്റെ അഭിനയ മികവുകൊണ്ട് ലെയറുകളുള്ള ഒന്നാക്കി മാറ്റുന്നുണ്ട് അദ്ദേഹം. ആദ്യ പകുതിയില്‍ സുരാജ് തന്റെ പ്രകടനം കൊണ്ട് ഒരുക്കിയ കളത്തിലാണ് രണ്ടാം പകുതിയില്‍ സിനിമ കാഴ്ചക്കാരെ പിടിച്ചിരുത്തുന്നത്. പൃഥ്വിരാജ് എന്ന താരത്തിന്റെ, നടന്റെ, വിസില്‍ വര്‍ത്തി പ്രകടനമാണ് രണ്ടാം പകുതിയിലുടനീളം. എന്നാല്‍ പൃഥ്വിയുടെ എല്ലാ ഡയലോഗും പഞ്ച് ഡയലോഗ് എന്ന തരത്തിലുള്ള ഡയലോഗ് ഡെലിവറി ചിലപ്പോഴൊക്കെ വേണ്ട ഇംപാക്ട് സൃഷ്ടിക്കുന്നില്ല.

  ശക്തമായ രാഷ്ട്രീയ ചോദ്യങ്ങള്‍ ചോദിക്കുന്നുന്നുണ്ട് ജന ഗണ മന. എന്നാല്‍ അതിനെ സട്ടിലായി അവതരിപ്പിക്കുന്നതിന് പകരം, പ്രസംഗം ആയോ സോഷ്യല്‍ മീഡിയ ഓട്ട്‌റേജ് ആയോ മാറുന്നുണ്ട് പലപ്പോഴും ജന ഗണ മന. പൊളിറ്റിക്കല്‍ ക്ലാസിലെ വിദ്യാര്‍ത്ഥികളോട് പ്രതിഷേധവുമായി തെരുവിലിറങ്ങുകയാണ് രാഷ്ട്രീയം എന്ന് പറയുന്ന അധ്യാപകനെ സിനിമ കാണിച്ചു തരുന്നുണ്ട്. ആദ്യ കാഴ്ചയില്‍ കൊള്ളാലോ എന്ന് തോന്നുമെങ്കിലും, അവരൊന്നും ചുംബന സമരത്തിന് പോയല്ല അടി കൊണ്ടതെന്ന ഡയലോഗ് ആ രംഗത്തെ വിരോധാഭാസമാക്കി മാറ്റുകയാണ്.


  തന്റെ ആദ്യ സിനിമയായ ക്വീനില്‍ കണ്ട പലതും രണ്ടാം സിനിമയായ ജന ഗണ മനയിലും ഡിജോ ആവര്‍ത്തിക്കുന്നതായി കാണാം. എന്നാല്‍ അതിനെല്ലാം കുറേക്കൂടി ഗൗരവ്വം കൈവന്നിട്ടുണ്ട്. അതേസമയം തന്നെ സ്പൂണ്‍ ഫീഡിംഗും, രംഗങ്ങളുടെ ആവര്‍ത്തനവും, കഥാപാത്രങ്ങളുടെ നിര്‍മ്മിതിയില്‍ പുലര്‍ത്തിയിരിക്കുന്ന സ്റ്റീരിയോടൈപ്പുകളുടെ കാര്യത്തിലും ചിത്രം നിരാശപ്പെടുത്തുന്നുണ്ട്. മംമ്ത അവതരിപ്പിക്കുന്ന സബ എന്ന അധ്യാപിക സിനിമയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമായി മാറുന്ന അധ്യാപികയാണ്, എന്നാല്‍ കാഴ്ചക്കാരെ സംബന്ധിച്ച് മുമ്പ് പലപ്പോഴും കണ്ടിട്ടുള്ള 'റോള്‍ മോഡല്‍' അധ്യാപിക മാത്രമാണ് സബ. ശാരിയുടെ അമ്മ വേഷവും, വിന്‍സിയുടെ ഗൗരിയുമെല്ലാം പ്രതീക്ഷ നല്‍കിയ ശേഷം സ്റ്റീരിയോടൈപ്പില്‍ ഒതുങ്ങുന്ന കഥാപാത്രങ്ങളാണ്.

  വര്‍ത്തമാന ഇന്ത്യയിലെ യാഥാര്‍ത്ഥ്യങ്ങളെ അക്ഷരാര്‍ത്ഥത്തിലും പ്രയോഗാര്‍ത്ഥത്തിലും വിളിച്ചു പറയുന്നുണ്ട് സിനിമ. എന്നാല്‍ കോടതി രംഗങ്ങളില്‍ അത് കാണാനില്ല. ഗ്യാലറിയ്ക്ക് ചിന്തിക്കാനും പിന്നീട് കയ്യടിക്കാനും വേണ്ടി മാത്രമാക്കി ഒരുക്കിയ രംഗങ്ങള്‍ കുറേക്കൂടി റിയലിസ്റ്റാക്കിയിരുന്നുവെങ്കില്‍ നന്നാകുമായിരുന്നു. അവസാന രംഗങ്ങളിലേക്ക് എത്തുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ കുത്തിനിറയ്ക്കുന്നതും, രണ്ടാം ഭാഗത്തിന് വേണ്ടി ഡെസ്പറേറ്റായത് പോലെ ഒരുക്കിയ രംഗങ്ങളും രസം കൊല്ലിയാകുന്നുണ്ട്.

  Recommended Video

  സ്വന്തം നിലപാട് മാറ്റാറുണ്ടോ എന്ന ചോദ്യത്തിന് പൃഥ്വിയുടെ മറുപടി

  എന്നാല്‍ ഈ പോരായ്മകളെല്ലാം തന്നെ മാറ്റി വച്ചു കൊണ്ട് ജന ഗണ മന എന്ന സിനിമ കാണേണ്ടതും ചര്‍ച്ചയായി മാറ്റേണ്ടതുമാക്കുന്നതും ഈ സിനിമ ഇറങ്ങുന്ന കാലഘട്ടമാണ്. മനുഷ്യരെ പച്ചയ്ക്ക് മതത്തിന്റേയും ജാതിയുടേയും പേരില്‍ ധ്രുവീകരിക്കുന്ന, ഭരണകൂട അജണ്ടകള്‍ക്ക് താളം തുള്ളുന്ന മാധ്യമങ്ങളും സോഷ്യല്‍ മീഡിയയുമുള്ള, ദളിതര്‍ കോളേജ് ഹോസ്റ്റലുകളില്‍ തൂങ്ങി ചാകുന്ന, ഫാസിസത്തിലേക്ക് അതിവേഗം നടന്നടുക്കുന്ന ഇന്ത്യയില്‍ ജന ഗണ മന എന്നത് വളരെ പ്രധാനപ്പെട്ടൊരു സിനിമയാണ്. നാളിതുവരെ നമ്മള്‍ എന്ത് ചെയ്തുവെന്നും എന്തായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും ഇനി എന്താണ് ചെയ്യേണ്ടതെന്നും ഓര്‍മ്മപ്പെടുത്തുന്ന സിനിമ. It might not be a perfect movie, but it has its heart at the right place!

  Read more about: prithviraj suraj venjaramoodu
  English summary
  Jana Gana Mana RIses Voice For The Present Indian Realites, Jana Gana Mana Review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X