കാലത്തോട് സംസാരിക്കുന്ന സിനിമ; കാതല്‍ എന്ന ചരിത്രസന്ധിയില്‍ മമ്മൂട്ടിയുടെ നായകന്‍
ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം തീയേറ്ററുകളിലെത്തിയ തമിഴ് ചിത്രം ജിഗര്‍തണ്ട ഡബ്ബിള്‍ എക്‌സ് പറയുന്നുണ്ട് സിനിമയാണ് ഏറ്റവും വലിയ ആയുധമെന്ന്, നമ്മള്‍ കലയെ അല്ല കല നമ്മളയെയാണ് തിരഞ്ഞെടുക്കുന്നത്. ഇന്നിതാ തൊട്ടിപ്പുറത്ത് ആ ചിന്തയുടെ ആള്‍രൂപമായി മാറിയിരിക്കുകയാണ് മമ്മൂട്ടി എന്ന നായകനും കാതല്‍ എന്ന സിനിമയും. തന്റെ കരിയറിന്റെ ഈ ഘട്ടത്തില്‍ മമ്മൂട്ടിയെന്ന താരം മമ്മൂട്ടിയെന്ന കലാകാരന് വഴി മാറിക്കൊടുക്കുകയാണ്.
അപ്പ്‌ഡേഷന്‍ എന്നൊക്കെ വിളിക്കപ്പെടുന്ന മാറ്റത്തിന്റെ പീക്കില്‍, അല്ലെങ്കില്‍ അതിന്റെ ഏറ്റവും ഇന്ററസ്റ്റിംഗ് ആയ ഫേസിലേക്കുള്ള ജംഗ്ഷനില്‍ എത്തി നില്‍ക്കുന്ന മമ്മൂട്ടിയെയാണ് കാതലില്‍ കാണുന്നത്. സ്‌ക്രീനില്‍ മമ്മൂട്ടിയെന്നാല്‍ ലക്ഷണമൊത്തെ നായകനും ആണൊരുത്തനുമാണ്. അതല്ലാത്ത കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും മമ്മൂട്ടിയെന്ന താരത്തിന്റെ നിര്‍മ്മിതിയില്‍ അയാളുടെ ആണ്‍ ഇമേജ് വളരെ പ്രധാനപ്പെട്ടതാണ്. അങ്ങനെയുള്ള മമ്മൂട്ടി തന്നെ താനാക്കിയ ഇമേജിനെ തന്നെ ഫ്‌ളിപ്പ് ചെയ്യാന്‍ ശ്രമിക്കുകയാണ് കാതലില്‍.

തനിക്ക് സമൂഹത്തോട് പറയാനുള്ളത് പറയാനുള്ള മീഡിയയമായി സിനിമയെ ഉപയോഗിക്കുന്ന സംവിധായകനാണ് ജിയോ ബേബി. പലപ്പോഴും പരസ്യമായി പറയാന്‍ തയ്യാറാകാത്ത വിഷയങ്ങളായിരിക്കും ജിയോ ബേബി സംസാരിക്കുക. എന്നാല്‍ പൊതുവ 'വിളിച്ച് പറയുക' എന്നൊരു ശീലം ജിയോ ബേബി സിനിമകള്‍ പുലര്‍ത്താറുണ്ട്. പക്ഷെ കാതലിലേക്ക് എത്തുമ്പോള്‍ അങ്ങനെ പറയുന്ന ജിയോ ബേബിയെ അധികം കാണാനില്ല. മറിച്ച് സംസാരിക്കുന്ന ഫ്രെയിമുകളാണ് കാതലിലുള്ളത്.
നടനെന്ന നിലയില്‍ തന്നെ ആവേശിപ്പിക്കുന്ന കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാനായി സമീപകാലത്തായി മമ്മൂട്ടി പുലര്‍ത്തുന്ന ആത്മാര്‍ത്ഥതയ്ക്കാണ് ആദ്യ കയ്യടി നല്‍കേണ്ടത്. മമ്മൂട്ടിയല്ലാതെ മറ്റൊരു നടന്‍ ഇത് ചെയ്യുമോ എന്ന സംശയത്തേക്കാളുപരിയായി, മമ്മൂട്ടിയെന്ന താരം തന്നെ ഈ സിനിമ ചെയ്യേണ്ടിയിരുന്നു എന്ന ചരിത്ര നിയോഗത്തിനാണ് പ്രാധാന്യം. പ്രകടനത്തിലെ സൂക്ഷ്മതയിലൂടെ മാത്യു എന്ന കഥാപാത്രത്തെ മമ്മൂട്ടി അതിമനോഹരമാക്കുമ്പോള്‍ മമ്മൂട്ടി എന്ന താരം ചിത്രം പറയുന്ന വിഷയത്തിന്റെ ഗൗരവ്വവും പ്രാധാന്യവും പ്രേക്ഷകരിലേക്ക് എത്തിക്കാനും സഹായിക്കും.
നാടും നാട്ടുകാരും ബഹുമാനിക്കുന്ന, സാര്‍ എന്ന് അഭിസംബോധന ചെയ്യുന്ന, മാത്യു ദേവസിയാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ഭാര്യയും എഴുത്തുകാരിയുമായ ഓമനയായി ജ്യോതിക എത്തുന്നു. ഇവരുടെ മകളും മാത്യുവിന്റെ അച്ഛന്‍ ദേവസിയും അടങ്ങുന്നതാണ് ആ കുടുംബം. മാത്യുവിന്റേയും ഓമനയുടേയും ദാമ്പത്യ ജീവിതത്തിന്റെ കാതലിലേക്കാണ് സിനിമ ഇറങ്ങിച്ചെല്ലുന്നത്. അത് അവസാനിക്കുന്നത് മാത്യുവിന്റെ കാതലിലേക്കും. വളരെ കണ്‍ട്രോള്‍ഡ് ആയിട്ടാണ് മമ്മൂട്ടിയും ജ്യോതികയും അഭിനയിച്ചിരിക്കുന്നത്. പതിഞ്ഞ താളത്തില്‍ കഥ പറഞ്ഞു പോകുന്ന സിനിമ ഒരിക്കല്‍ പോലും അനാവശ്യ നാടകീയതയിലേക്ക് കടക്കുന്നില്ല. പകരം സട്ടിലായ ഭാവങ്ങളിലൂടെയാണ് കഥാപാത്രങ്ങള്‍ സംവദിക്കുന്നത്.
മ്യാതുവിന്റെ പേടിയും ആശങ്കയും അയാള്‍ അനുഭവിക്കുന്ന കൂട്ടിലടയ്ക്കപ്പെട്ട അവസ്ഥയുമെല്ലാം മമ്മൂട്ടി, പ്രകടനത്തിന്റെ ആര്‍ഭാടമില്ലാതെ സൂക്ഷ്മമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. സമീപകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ മമ്മൂട്ടി വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. ഓരോ സിനിമ കഴിയുന്തോറും ഇയാളില്‍ നിന്നും കിട്ടാന്‍ ഇനിയുമുണ്ടല്ലോ എന്ന് തോന്നിപ്പിക്കുകയാണ് അദ്ദേഹം. റോഷാക്കില്‍ നിന്നും നന്‍പകലില്‍ നിന്നുമെല്ലാം കാതലിലെത്തി നില്‍ക്കുമ്പോള്‍ ഇതുവരെ കാണാത്തൊരു മമ്മൂട്ടിയെ കാണാം. മാത്യുവിന്റെ ആത്മസംഘര്‍ഷത്തെ അത്രമാത്രം തീവ്രമായി കണക്ട് ചെയ്യാന്‍ മമ്മൂട്ടി സാധിക്കുന്നതു കൊണ്ട് അയാളുടെ മുഖത്തെ ചിരി കാഴ്ചക്കാരുടെ മുഖത്തും വിടരും. ആ കരച്ചില്‍ നമ്മളുടെ ഹൃദയത്തിലും വന്നടിക്കും.
മലയാളത്തിലേക്കുള്ള ജ്യോതികയുടെ തിരിച്ചുവരവ് അതിശക്തമാണ്. സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന വീട്ടമ്മയായും, തന്റെ പങ്കാളിയുടെ ഉള്ളറിഞ്ഞ ഭാര്യയായും ജ്യോതിക മനസ് തൊടുന്നു. ചിത്രത്തിലെ സര്‍പ്രൈസിംഗ് ആയ പ്രകടനം സുധി കോഴിക്കോടിന്റേതാണ്. തങ്കച്ചന്‍ എന്ന കഥാപാത്രത്തിന്റെ സൃഷ്ടിയിലെ സെന്‍സിറ്റിവിറ്റി അത്രത്തോളം തന്നെ ഉള്‍ക്കൊണ്ടുള്ളതാണ് സുധിയുടെ അഭിനയം.

സംവിധായകന്‍ എന്ന നിലയില്‍ ജിയോ ബേബി കയ്യടി അര്‍ഹിക്കുന്ന മറ്റൊന്ന് ചിത്രം പറയുന്ന വിഷയം മുന്നോട്ട് വെക്കുന്ന ട്രൊമാറ്റിക് സന്ദര്‍ഭങ്ങളുടെ സാധ്യതകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല എന്നതിലാണ്. മറിച്ച് വ്യക്തിപരമായ യാത്രയില്‍ ശ്രദ്ധിച്ച് acceptance എന്ന കാതലിലേക്കാണ് സിനിമ ഫോക്കസ് ചെയ്യുന്നത്. അതാണ് ആ യാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടവും.
വാക്കുകളിലൂടെ മാത്രമാകാതെ, വിഷ്വലുകളിലൂടെയും കഥ പറയാന്‍ ശ്രമിക്കുന്ന ജിയോ ബേബിയും, തന്റെ താരപരിവേഷന്റെ ഗ്ലാസ് സീലിംഗ് തകര്‍ത്ത മമ്മൂട്ടിയുമാണ് കാതലിന്റെ കാതല്‍. തീയേറ്ററില്‍ കാതലിന്റെ വിജയ പരാജയങ്ങള്‍ പ്രവചിക്കാനാകില്ല. പക്ഷെ, മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ കാതല്‍ വളരെ പ്രധാനപ്പെട്ടൊരു സിനിമയാണ്. വര്‍ഷങ്ങളോളം അടക്കിവച്ചൊരു വീര്‍പ്പുമുട്ട് അവസാനിച്ചത് പോലൊരു സുഖം നല്‍കുന്ന സിനിമ. ജീവിതത്തോട് ചേര്‍ന്നു നിന്ന്, കാലത്തോട് സംസാരിക്കുന്ന സിനിമയാണ് കാതല്‍. ഇതൊരു തുടക്കം മാത്രമായിരിക്കുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications