twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മേര്‍ ഓഫ് ഈസ്റ്റ്ടൗണ്‍; മുറിപ്പാടുകളുടേയും ഇരകളുടേയും നാട്

    |

    Rating:
    4.0/5
    Star Cast: Kate Winslet, Julianne Nicholson, Jean Smart
    Director: Brad Ingelsby

    മേര്‍ ഓഫ് ഈസ്റ്റ് ടൗണ്‍, ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഗംഭീരം. അങ്ങനെ വേണം കേറ്റ് വിന്‍സ്‌ലെറ്റ് പ്രധാന വേഷത്തിലെത്തുന്ന എച്ച്ബിഒ മാക്‌സിന്റെ ഈ മിനി സീരിസിനെ വിശേഷിപ്പിക്കാന്‍. ഒരു ക്രൈം ഡ്രാമ സീരീസായ മേര്‍ ഓഫ് ഇസ്റ്റ്ടൗണിനെ വ്യത്യസ്തമാക്കുന്നത് അത് കേവലം ക്രൈമില്‍ മാത്രം ഫോക്കസ് ചെയ്യാതെ, അതുമായി ബന്ധപ്പെട്ട വ്യക്തികളുടെ വികാരങ്ങള്‍ക്ക് കൂടി പ്രധാന്യം നല്‍കുന്നു എന്നതു കൊണ്ടാണ്. കംപാഷന്‍, മിസ്ട്രി എന്നീ രണ്ട് ഘടകങ്ങളുടെ സുന്ദരമായൊരു കൂടിച്ചേരല്‍ ആണ് മേര്‍ ഓഫ് ഈസ്റ്റ്ടൗണ്‍.

    മേര്‍ ഓഫ് ഈസ്റ്റ്ടൗണ്‍ എന്ന പേരിലായിരുന്നു ആദ്യം ശ്രദ്ധ ഉടക്കിയത്. എന്തുകൊണ്ടാകാം ഒരു കുറ്റാന്വേഷണ കഥയ്ക്ക് ഇത്തരത്തിലൊരു പേരിട്ടത്? പക്ഷെ സീരീസിന്റെ ആദ്യ രംഗത്തില്‍ തന്നെ അതിന്റെ ഉത്തരം ലഭിക്കുന്നുണ്ട്. അതിരാവിലെ പരാതി അറിയിക്കാനായി ഒരു വൃദ്ധ പോലീസിനെ ബന്ധപ്പെടുകയാണ്. പോലീസ് സ്‌റ്റേഷനിലേക്ക് വിളിക്കുന്നതിന് പകരം അവര്‍ വിളിക്കുന്നത് ഡിറ്റക്ടീവായ മേറിന്റെ വീട്ടിലേക്കാണ്. ഫോണ്‍ എടുത്ത് കാര്യം തിരക്കിയ ശേഷം മേര്‍ പറയുന്നുണ്ട്, നിങ്ങളോട് പറഞ്ഞിട്ടില്ലേ എന്നെ വിളിക്കരുത് സ്റ്റേഷനിലേക്കാണ് വിളിക്കേണ്ടത് എന്ന്. എന്നാലും മേര്‍ അവിടേക്ക് എത്തുന്നു അവരുടെ പരാതി കേള്‍ക്കുന്നു.

    1

    ഈസ്റ്റ്ടൗണ്‍ എന്ന ചെറു പട്ടണത്തില്‍ നടക്കുന്ന ക്രൈമിന്റെ അന്വേഷണമാണ് എഴ് എപ്പിസോഡുകളുള്ള പരമ്പരയില്‍ അവതരിപ്പിക്കുന്നത്. ചെറുപട്ടണമായത് കൊണ്ട് തന്നെ അവിടെയുള്ള എല്ലാ വ്യക്തികള്‍ക്കും പരസ്പരം അറിയുകയും പരസ്പരം പലതരത്തില്‍ ബന്ധമുള്ളവരുമായിരിക്കും. അതാണ് തന്നെയാണ് മേര്‍ എന്ന ഡിറ്റക്ടീവിനെ നേരിട്ട് വിളിക്കാന്‍ ആ വൃദ്ധയേയും പ്രേരിപ്പിച്ചത്. പോലീസിന് മുന്നിലെത്തുന്ന കേസുകളിലെ പ്രതികള്‍ പോലും അവര്‍ക്ക് കുട്ടിക്കാലം മുതല്‍ക്കെ അറിയുന്നവരായിരിക്കും.

    2

    മേര്‍ എന്ന പോലീസ് ഉദ്യോഗസ്ഥയുടെ കുറ്റാന്വേഷണ-വ്യക്തി ജീവിതങ്ങളും ഈസ്റ്റ്ടൗണ്‍ എന്ന ഗ്രാമത്തിലെ മറ്റ് ജീവിതങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നത് കൊണ്ടു തന്നെ കഥയുടെ മുന്നോട്ടുള്ള പോക്കിലും ആ നാടിനെ അവതരിപ്പിച്ചു കൊണ്ടാണ്, അല്ലെങ്കില്‍ ആ ചെറുപട്ടണം തന്നെ ഒരു കഥാപാത്രമായി മാറുന്നൊരു ആഖ്യാന ശൈലിയാണ് സീരിസ് സ്വീകരിച്ചിരിക്കുന്നത്.

    പൊതുവെ കുറ്റാന്വേഷണ സീരീസുകളില്‍ കാണുന്ന സൂപ്പര്‍ കോപ്പ് അല്ല മേര്‍. ആദ്യ കാഴ്ചയില്‍ തന്നെ മേറിനെ അവതരിപ്പിക്കുന്നത് ഒരു വിജയിച്ചു നില്‍ക്കുന്നൊരു പോലീസുകാരിയായിട്ടല്ല. തുടക്കത്തില്‍ മേറിനെ ഇഷ്ടപ്പെടാനുള്ള കാരണങ്ങളേക്കാള്‍ മേറിനെ വെറുക്കാനുള്ള കാരണങ്ങളാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. മേര്‍ ഒരു പോലീസ് ഉദ്യോഗസ്ഥ മാത്രമല്ല, അവരൊരു മകളാണ്, അമ്മയാണ്, മുത്തശ്ശിയാണ്, സമീപകാലത്ത് വിവാഹ ബന്ധം വേര്‍ പെടുത്തിയവളാണ്. ഇതിന്റെയെല്ലാം ഉത്തരവാദിത്തങ്ങളും ബാധ്യതകളും മുറിപ്പാടുകളുമെല്ലാം പേറിയാണ് മേര്‍ ജീവിക്കുന്നത്. ജീവിതത്തില്‍ നേരിട്ട ട്രോമകളുടെ ശേഷിപ്പുകളും അവളിലുണ്ട്.

    3

    തുടക്കത്തില്‍ തന്നെ മേര്‍ അവതരിപ്പിക്കപ്പെടുന്നത് ഒരു പരാജയപ്പെട്ട ഡിറ്റക്ടീവ് ആയിട്ടാണ്. ഒരു കൊല്ലത്തോളമായി അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താനാകാതെ പരാജയപ്പെട്ടു പോയൊരു കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥയാണവര്‍. സ്വന്തം പ്രശ്‌നങ്ങളേയും പ്രതിസന്ധികളേയേും നേരിടുന്നതിനൊപ്പം എങ്ങനെയാണ് പ്രൊഫഷണല്‍ ജീവിതവും മേര്‍ മുന്നോട്ട് കൊണ്ടു പോകുന്നതെന്നാണ് സീരീസ് അവതരിപ്പിക്കുന്നത്.

    മേര്‍ എന്ന കേന്ദ്രകഥാപാത്രത്തില്‍ ഫോക്കസ് ചെയ്തു പോകുമ്പോഴും മറ്റ് കഥാപാത്രങ്ങള്‍ക്കെല്ലാം വ്യക്തിത്വം നല്‍കിയിട്ടണ്ടെന്നതാണ് സീരീസിനെ കൂടുതല്‍ ഹൃദയസ്പര്‍ശിയാക്കുന്നത്. വില്ലന്‍-ഹീറോ, നന്മ-തിന്മ, നല്ലവര്‍-ചീത്തവര്‍ എന്ന ബൈനറികളിലേക്കൊന്നും മാറ്റി നിര്‍ത്താതെ ഓരോ കഥാപാത്രത്തേയും കംപാഷനോടുകൂടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ക്രൈമിനേക്കാള്‍ അത് അതുമായി ബന്ധപ്പെട്ട ജീവിതങ്ങളിലുണ്ടാക്കുന്ന വൈകാരികമായ പ്രതിഫലനങ്ങളിലടക്കമാണ് സീരീസ് ശ്രദ്ധിച്ചിരിക്കുന്നത്. ഓരോ എപ്പിസോഡും ക്ലിഫ് ഹാംഗറില്‍ അവസാനിപ്പിക്കാനായി ട്വിസ്റ്റുകളേക്കാള്‍ ആശ്രയിച്ചിരിക്കുന്നത് അത് ചുറ്റുമുള്ള കഥാപാത്രങ്ങളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളിലാണ്.

    4

    ഒന്നോ ഒന്നിലധികമോ ക്രൈം സംഭവിക്കുന്നു, അതിന്റെ ഉത്തരത്തിലേക്ക് എത്തുന്നു എന്ന സ്ഥിരം പാറ്റേണിന് അപ്പുറത്തേക്ക് അതിന് ശേഷം എന്ത് സംഭവിക്കാം എന്ന സാധ്യത കൂടി അവതരിപ്പിക്കുന്നിടത്താണ് മേര്‍ ഓഫ് ഈസ്റ്റ്ടൗണ്‍ കൂടുതല്‍ ഹൃദയസ്പര്‍ശിയായി മാറുന്നത്. ഓരോ കഥാപാത്രങ്ങളേയും അത്യന്തികം അനുകമ്പയോടെയും എമ്പതറ്റിക് ആയുമാണ് സൃഷ്ടിച്ചിരിക്കുന്നത്. എടുത്ത് പറയണ്ട മറ്റൊരു വസ്തുത, സീരീസില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്കുള്ള പ്രാധാന്യമാണ്. പൊതുവെ ഇത്തരം കഥകളില്‍ സ്ത്രീകള്‍ രണ്ടാംനിരക്കാര്‍ ആയി മാറ്റിനിര്‍ത്തപ്പെടുന്നതായാണ് കാണാറുള്ളത്. എന്നാല്‍ മേര്‍ ഓഫ് ഈസ്റ്റ്ടൗണ്‍ കഥയുടെ ഗതികള്‍ നിര്‍ണയിക്കുന്നത് മാത്രമല്ല, കഥയെ മുന്നോട്ട് കൊണ്ടു പോകുന്നതും ലീഡ് ചെയ്യുന്നതുമെല്ലാം സ്ത്രീകഥാപാത്രങ്ങളാണെന്നതാണ്. ബ്ലാക്ക് ഓര്‍ വൈറ്റ് എ്ന്നീ കള്ളികളില്ലാതെ തന്നെ സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ടെന്നതും സ്ത്രീകള്‍ക്കിടയിലുണ്ടാകുന്ന സ്വാഭാവികമയൊരു ഐക്യപ്പെടലിനെ വലിയ ഡ്രാമയില്ലാതെ അവതരിപ്പിച്ചുവെന്നതിലും സീരീസ് കൈയ്യടി അര്‍ഹിക്കുന്നുണ്ട്.

    5

    മേര്‍ ആയി എത്തുന്ന കേറ്റ് വിന്‍സ് ലെറ്റിന്റെമാസ്റ്റര്‍ ക്ലാസ് പ്രകടനമാണ് സീരീസിന്റെ അടിത്തറ. സീരിസിന്റെ ഫിനാലെയ്ക്ക് ശേഷമുള്ള മേക്കിംഗ് വീഡിയോയില്‍ കേറ്റ് സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ അവരുടെ ആക്‌സന്റിലുള്ള മാറ്റം നമുക്ക് വ്യക്തമാകും. കഥാപാത്രത്തിലേക്ക് എല്ലാ അര്‍ത്ഥത്തിലും ഇറങ്ങി ചെന്നു കൊണ്ടാണ് കേറ്റ് മേറിനെ അവതരിപ്പിച്ചിരിക്കുന്നത്. മേറിന്റെ സുഹൃത്തായെത്തിയ ജുലിയാന്‍ നിക്കോള്‍സണും വര്‍ണനാതീതമായ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. എടുത്ത് പറയേണ്ട പ്രകടനം ജീന്‍ സ്മാര്‍ട്ടിന്റേതാണ്. മേറിന്റെ അമ്മ ഹെലനായി, സീരീസിലെ കോമഡി റിലീഫായി മാറുകയാണ് ജീന്‍. ജീനും കേറ്റും തമ്മിലുള്ള കെമിസ്ട്രി പല രംഗങ്ങളേയും വാക്കുകള്‍ക്കും കാഴ്ചകള്‍ക്കും അപ്പുറത്തേക്ക് കൂട്ടി കൊണ്ടു പോകുന്നതാണ്.

    Recommended Video

    സന്തോഷം പങ്കുവച്ച് ആശ ശരത് | FilmiBeat Malayalam

    ഒരേസമയം നിഗൂഢത നിറഞ്ഞൊരു കുറ്റാന്വേഷണ കഥയും ഇമോഷണല്‍ ഡ്രാമയുമാണ് മേര്‍ ഓഫ് ഈസ്റ്റ്ടൗണ്‍. ഒരുപക്ഷെ, ഈ വര്‍ഷം ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച മിനി സീരീസ്.

    Read more about: review റിവ്യൂ ott
    English summary
    Kate Winslet Starrer Mare Of Easttown Review In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X