കാറ്റിന് ചോരയുടെ മണമുള്ള കൊത്ത; ആക്ഷന്‍ ഹീറോയിലേക്കുള്ള ദുല്‍ഖറിന്റെ പരിണാമം

2012 ല്‍ സെക്കന്റ് ഷോയിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ കരിയര്‍ ആരംഭിക്കുന്നത്. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ കരിയറിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ദുല്‍ഖര്‍ വീണ്ടുമൊരു ഗ്യാങ്‌സ്റ്ററായി എത്തുകയാണ്. അന്ന് ലാലുവായി സിനിമയുടെ ലോകത്തേക്ക് കടന്നു വന്ന പയ്യന്‍ ഇന്ന് കൊത്തയുടെ രാജാവാണ്. പാന്‍ ഇന്ത്യന്‍ താരത്തിലേക്കും ആക്ഷന്‍ ഹീറോയിലേക്കുമുള്ള പത്ത് വര്‍ഷത്തെ ദുല്‍ഖറിന്റെ യാത്രയുടെ പുതിയൊരു ഘട്ടം.

സിനിമയുടെ പേര് പോലെ തന്നെ കൊത്തയുടെ രാജാവായ രാജുവിന്റെ ഉയര്‍ച്ചയും വീഴ്ച്ചയും വാഴ്ച്ചയുമാണ് കഥാതന്തു. മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ എന്ന ബാനറോടെ വരുന്ന സിനിമയില്‍ നിന്നും പ്രതീക്ഷിക്കാവുന്ന സ്‌റ്റോറി ലൈന്‍ തന്നെയാണ് കിങ് ഓഫ് കൊത്ത പിന്തുടരുന്നത്. ക്രിമിനലുകള്‍ ഭരിക്കുന്ന കൊത്തയെന്ന നാട്. അവിടുത്തെ രാജാവാണ് രാജു. ഗുണ്ടയായ അച്ഛനെ ആരാധിച്ച് ഗ്യാങ്‌സ്റ്ററായി മാറിയവനാണ് രാജു.

King Of Kotha

അവന് ചുറ്റും എന്തിനും തയ്യാറായ സുഹൃത്തുക്കളുടെ സംഘമുണ്ട്. സുഹൃത്തുക്കളില്‍ ഏറ്റവും പ്രിയപ്പെട്ടവന്‍ കണ്ണനാണ്. സ്വന്തം വീട് വിട്ട രാജുവിന് വീടായി മാറിയത് കണ്ണനാണ്. കൊത്തയിലെ ലോ ആന്റ് ഓര്‍ഡര്‍ രാജുവാണ്. കൊത്തയിലെ രാവും പകലും രാജുവിന്റെ ഉത്തരവ് കാത്തു നില്‍ക്കുന്നു. ഈ ലോകത്തിലേക്ക് ചിലരുടെ കടന്നു വരവുകളും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്. തീര്‍ത്തും പ്രഡിക്ടബിളായ, ടിപ്പിക്കല്‍ ഗ്യാങ്സ്റ്റര്‍ മൂവി.

പക്ഷെ കിങ് ഓഫ് കൊത്തയെ തുടക്കം മുതല്‍ ഒടുക്കം വരെ പുള്‍ ഓഫ് ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്‍ എന്ന താരമാണ്. പത്ത് വര്‍ഷമെടുത്ത ദുല്‍ഖറിന് ഇതുപോലൊരു കഥാപാത്രത്തെ സ്‌ക്രീനിലെത്തിക്കാന്‍. അതുപോലെ തന്നെയൊരു യാത്രയാണ് ചിത്രത്തിലെ രാജുവിന്റേത്. ലക്ഷ്യബോധമില്ലാതെ, ഇന്നില്‍ ജീവിക്കുന്ന ചെറുപ്പക്കാരനില്‍ നിന്നും ഒരു പെന്‍സില്‍ കൊണ്ടും ബ്ലെയ്ഡു കൊണ്ടും വരെ എതിരാളികളെ തീര്‍ക്കാന്‍ സാധിക്കുന്നത്. ഗ്യാങ്സ്റ്ററിലേക്കുള്ള ദുല്‍ഖറിന്റെ വളര്‍ച്ച സിനിമയുടെ അവസാനത്തിലേക്ക് എത്തുമ്പോഴാണ് പൂര്‍ണമാകുന്നത്.

ആദ്യ പകുതിയിലാണ് രാജുവിന്റെ ഒറിജിന്‍ സ്‌റ്റോറി. ഈ ഭാഗത്ത് സിനിമ ദുര്‍ബലമാകുന്നുണ്ട്. തിരക്കഥയിലെ പിഴവുകളും മേക്കിംഗിലെ നാടകീയതയും മാസ് സിനിമയ്ക്ക് വേണ്ട ഗ്രിപ്പ് ഇല്ലാത്ത ലേസി ഡയലോഗുകളും ഈ ഭാഗത്ത് സിനിമയെ ദുര്‍ബലമാക്കുന്നുണ്ട്. എന്നാല്‍ ദുല്‍ഖര്‍ തന്റെ സ്‌ക്രീന്‍ പ്രസന്‍സു കൊണ്ടും താരപരിവേഷം കൊണ്ടും ഇവിടെ സിനിമയെ എന്‍ഗേജിംഗാക്കി നിലനിര്‍ത്തുകയാണ്.

രണ്ടാം പകുതിയിലാണ് കാത്തിരിപ്പ് അക്ഷരാര്‍ത്ഥത്തിലും അല്ലാതെയും അവസാനിക്കുന്നത്. രണ്ടാം പകുതിയില്‍ ആക്ഷന്‍ ഹീറോയിലേക്കുള്ള ദുല്‍ഖറിന്റെ വളര്‍ച്ച പൂര്‍ണമാവുകയാണ്. പശ്ചാത്തല സംഗീതത്തിന്റേയും മേക്കിംഗിന്റേയും കരുത്തു കൂടിയാകുമ്പോള്‍ ദുല്‍ഖര്‍ മാസ് നായികനായി പരിണമിക്കുകയാണ്. ക്ലൈമാക്‌സിലെ സംഘട്ടത്തില്‍ സിനിമയുടേയും ആരാധകരുടേയും കാത്തിരിപ്പ് അര്‍ത്ഥപൂര്‍ണമാവുന്നു.

പ്രകടനത്തില്‍ ദുല്‍ഖറിനൊപ്പം തന്നെ സിനിമയെ പുള്‍ ഓഫ് ചെയ്യുന്നത് ഷബീര്‍ കല്ലറയ്ക്കലാണ്. വണ്‍ ലൈന്‍ കഥാപാത്രത്തെ തന്റെ സ്‌ക്രീന്‍ പ്രസന്‍സിലൂടേയും, വേറിട്ട അഭിനയ ശൈലി കൊണ്ടും ഷബീര്‍ മനോഹരമാക്കുന്നുണ്ട്. ചിലപ്പോഴാക്കെ ഷബീറിന്റെ കണ്ണന് ഇതിലും മികച്ചൊരു തിരക്കഥ അര്‍ഹിക്കുന്നതായി പോലും തോന്നിപ്പിക്കുന്നുണ്ട്. സറപ്പാട്ട പരമ്പരയിലെ ഡാന്‍സിംഗ് റോസിലേക്ക് എത്തുമ്പോള്‍ വേറെ തന്നൊരാളായി മാറുകയാണ് ഷബീര്‍. സീനുകള്‍ കുറവാണെങ്കിലും ഷമ്മി തിലകനും ഓര്‍ത്തിരിക്കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ഒരുപക്ഷെ മറ്റൊരാള്‍ ചെയ്തിരുന്നുവെങ്കില്‍ കോമഡിയായി മാറേണ്ട കഥാപാത്രത്തെ തന്റെ ശൈലിയിലൂടെ അവതരിപ്പിച്ച ചെമ്പന്‍ വിനോദ് തിയേറ്ററില്‍ ഓളം തീര്‍ക്കുന്നുണ്ട്. അതേസമയം, ഐശ്വര്യ ലക്ഷ്മിയുടെ കഥാപാത്രം കുറേക്കൂടി ഡെപ്ത്ത് അര്‍ഹിച്ചിരുന്നു. പ്രത്യേകിച്ചും സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ ഡലയോഗുകളിലൊന്ന് ഐശ്വര്യയുടേത് ആകുമ്പോള്‍. തന്നിലേല്‍പ്പിച്ച ജോലി ഗോകുല്‍ സുരേഷും വൃത്തിയായി ചെയ്തിട്ടുണ്ട്. പക്ഷെ കുറേക്കൂടി പെര്‍ഫോം ചെയ്യാനുള്ള സാധ്യത ബാക്കിവെക്കുന്നുണ്ട് ഗോകുലിന്റെ കഥാപാത്ര സൃഷ്ടി.

King Of Kotha

സംവിധായന്‍ എന്ന നിലയില്‍ തുടക്കം അഭിലാഷ് ജോഷി മോശമാക്കുന്നില്ല. നിമിഷ രവിയുടെ ക്യാമറയും അഭിലാഷിന്റെ മേക്കിംഗും തിരക്കഥയുടെ ദൗര്‍ബല്യങ്ങളെ വിദഗ്ധമായി മറച്ചുവെക്കുന്നുണ്ട്. ജേക്ക്‌സ് ബിജോയുടെ പശ്ചാത്തല സംഗീതം മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറിന് യോജിച്ചത് തന്നെ. അതേസമയം പാട്ടുകള്‍ മനസില്‍ തങ്ങി നില്‍ക്കുന്നതല്ല.

ആക്ഷന്‍ ഹീറോയിലേക്കുള്ള ദുല്‍ഖറിന്റെ പരിണാമം എന്നതാണ് കിങ് ഓഫ് കൊത്തയുടെ യുഎസ്പി. പ്രേക്ഷകര്‍ അത് ആഗ്രഹിച്ചാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ആ പ്രതീക്ഷയെ കാക്കാന്‍ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. തനിക്ക് ഇന്നുള്ള പാന്‍ ഇന്ത്യന്‍ റീച്ച് പരിഗണിക്കുമ്പോള്‍ കിങ് ഓഫ് കൊത്ത ദുല്‍ഖറിന്റെ കരിയറിലെ നിര്‍ണായക സിനിമയായി മാറുമെന്ന് പ്രതീക്ഷിക്കാം.

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X