കാടിനേക്കാളും നിഗൂഢമായ മനുഷ്യമനസുകള്‍; പഴുതടച്ച തിരക്കഥയുടെ കരുത്തില്‍ കിഷ്‌കിന്ധാ കാണ്ഡം

Rating:
4.5/5

ചില സിനിമകളുണ്ട്, കണ്ട് തീര്‍ന്നാലും നമ്മളെ ആ ലോകത്ത് തന്നെ പിടിച്ചിരുത്തുന്നവ. നെഞ്ചിലൊരു ഭാരമായി അവശേഷിക്കുന്നവ. വാക്കുകള്‍ തൊണ്ടയില്‍ വന്ന് തങ്ങി നില്‍ക്കും. തിരിച്ചു പോകാന്‍ ആഗ്രഹിക്കാത്ത, എന്നാല്‍ മുന്നോട്ട് പോകാന്‍ അനുവദിക്കാതെ നിന്നിടത്തു തളച്ചിടുന്നവ. അത്തരത്തിലൊരു സിനിമയാണ് കിഷ്‌കിന്ധാ കാണ്ഡം. ഒരിക്കല്‍ അകത്ത് കയറിക്കഴിഞ്ഞാല്‍, പിന്നെ എത്ര ശ്രമിച്ചാലും വിടാതെ മനസില്‍ കേറുന്നെരു കാടുപോലൊരു സിനിമ.

പതിഞ്ഞ താളത്തില്‍, യാതൊരു സിനിമാറ്റിക് ഗിമ്മിക്കുകള്‍ക്കും നില്‍ക്കാതെ കഥ പറയുന്ന സിനിമ. കാതടപ്പിക്കുന്ന പശ്ചാത്തല സംഗീതമോ സ്‌ഫോടനാത്മകമായ രംഗങ്ങളോ ഇല്ലാതെയാണ് ദിന്‍ജിത്ത് അയ്യത്താന്‍ കഥ പറയുന്നത്. തന്റെ മുന്‍ സിനിമയായ കക്ഷി അമ്മിണിപ്പിള്ളയില്‍ നിന്നും കിഷ്‌കിന്ധാ കാണ്ഡത്തിലേക്ക് എത്തുമ്പോള്‍ സംവിധായകന്‍ എന്ന നിലയില്‍ അടിമുടി നവീകരിക്കപ്പെട്ടൊരു ദിന്‍ജിത്തിനെ കാണും. അന്നും ഇന്നും ഒപ്പമുള്ളത് ആസിഫ് അലിയാണ്. പക്ഷെ ആ ആസിഫേയല്ല, കിഷ്‌കിന്ധയിലെ അജയന്‍.

Kishkinda Kaandam

സിനിമ ആരംഭിക്കുന്നത് പൊലീസ് സ്റ്റേഷനില്‍ വച്ചാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ നാട്ടിലെ തോക്ക് ലൈന്‍സുള്ളവരെല്ലാം അവരുടെ തോക്ക് സ്‌റ്റേഷനില്‍ എത്തിക്കേണ്ടതിന്റെ അവസാന ദിവസം. പക്ഷെ ഒരാളുടെ തോക്ക് മാത്രം എത്തിയില്ല, വിമുക്ത ഭടനായ അപ്പുപിള്ളയുടെ തോക്കാണ് എത്തേണ്ട്. അടുത്ത സീന്‍ രജിസ്റ്റര്‍ ഓഫീസാണ്. ആസിഫ് അലിയും അപര്‍ണ ബാലമുരളിയുമാണ് വരനും വധുവും. അവര്‍ ആരെന്നോ, എങ്ങനെ അവര്‍ വിവാഹത്തിലേക്ക് എത്തിയെന്നോ എന്നൊന്നും നമുക്കപ്പോള്‍ അറിയില്ല. പക്ഷെ അവിടെ ആരംഭിക്കുകയാണ് കിഷ്‌കിന്ധാ കാണ്ഡം. യാതൊരു സിനിമാറ്റിക് ഇന്‍ട്രോയുടെ ജാഡകളുമില്ലാതെ.

രണ്ട് രീതികളിലാണ് തിരക്കഥകള്‍ രചിക്കപ്പെടുന്നത്. ഒന്നാമത്തേതില്‍ ഓരോ കഥാപാത്രത്തേയും സിറ്റുവേഷനും കൃത്യമായി പ്ലേസ് ചെയ്ത് തന്ന ശേഷം കഥയിലേക്ക് കടക്കുന്നവ. രണ്ടാമത്തേത് യാതൊരു മുന്നൊരുക്കത്തിനും സമ്മതിക്കാതെ നേരെ കഥയിലേക്ക് കടക്കുന്നവ. രണ്ടാമത്തേതാണ് കിഷ്‌കിന്ധാ കാണ്ഡത്തിന്റെ രീതി. പോകെ പോകെയാണ് സിനിമ നമുക്ക് ആരൊക്കെ എന്താണെന്നും ആരാണെന്നും പറഞ്ഞു തരുന്നത്.

മിസ്റ്ററി ത്രില്ലര്‍ എന്നു പറയുമ്പോഴും സൈക്കോളജിക്കല്‍ ത്രില്ലറിന്റേയും സ്വഭാവം പുലര്‍ത്തുന്നുണ്ട് കിഷ്‌കിന്ധാ കാണ്ഡം. പൊതുവെ നന്നായി തുടങ്ങുന്ന ത്രില്ലറുകള്‍ പോലും തേര്‍ഡ് ആക്ടിലേക്ക് എത്തുമ്പോള്‍ കാറ്റ് പോയ ബലൂണാകുന്നത് കാണാം. സ്‌റ്റേജ് സെറ്റിംഗിലൂടെ നേടിയെടുക്കുന്ന 'ഹൈപ്പിനെ' സാധൂകരിക്കാനായി ക്ലൈമാക്‌സിലെ റിവീലിംഗ് ഓഫ് ദ മിസ്റ്ററി പരാമവധി ഞെട്ടിപ്പിക്കുന്നത് ആക്കുക എന്നതായിരിക്കും ലക്ഷ്യം. എന്നാല്‍ പലപ്പോഴും ആ ശ്രമം പരാജയപ്പെടുന്നതാണ് കാണുക. ആസിഫിന്റെ തന്നെ കൂമന്‍ അത്തരത്തിലൊരു സിനിമയുടെ മികച്ച ഉദാഹരണം.

ഇവിടെയാണ് കിഷ്‌കിന്ധാ കാണ്ഡം വ്യത്യസ്തമാകുന്നത്. ക്ലൈമാക്‌സില്‍ നിന്നും പിന്നിലോട്ട് എഴുതിയ സിനിമ ആയിരിക്കുമ്പോഴും കിഷ്‌കിന്ധാ കാണ്ഡം 'രഹസ്യത്തില്‍' മാത്രം ആശ്രയിക്കുന്ന സിനിമയല്ല. നിഗൂഢതകള്‍ നിറഞ്ഞൊരു ലോകവും അതിനേക്കാളും നിഗൂഢരായ മനുഷ്യരേയും സൃഷ്ടിക്കുന്ന സിനിമയാണ് കിഷ്‌കിന്ധാ കാണ്ഡം. അപര്‍ണയിലൂടെയാണ് പ്രേക്ഷകര്‍ അവിടേക്ക് എത്തുന്നതും മുന്നോട്ട് സഞ്ചരിക്കുന്നതും. എന്നാല്‍ അപര്‍ണയേയും നമുക്ക് പൂര്‍ണമായി മനസിലാക്കുക അസാധ്യമാണ്. മൂന്ന് കഥാപാത്ര സൃഷ്ടിയില്‍ തന്നെ തിരക്കഥാകൃത്ത് നമുക്ക് മുന്നിലൊരു നിഗൂഢതയുടെ മറയിട്ടിട്ടുണ്ട്.

വിവാഹം കഴിച്ച് അജയനൊപ്പം വീട്ടിലേക്ക് എത്തുന്ന അപര്‍ണയ്‌ക്കൊപ്പമാണ് നമ്മളും അവിടേക്ക് എത്തുന്നത്. കാടിനോട് ചേര്‍ന്നാണ് അജയന്റെ വീട്. ആ വലിയ വീട്ടില്‍ അജയനും അച്ഛനും മാത്രമാണുള്ളത്. ചുറ്റിനും കാട്. ആ കാട്ടില്‍ നിറയെ വാനരന്മാരും. ഫോറസ്റ്റ് ഉദ്യോഗസ്ഥനാണ് അജയന്‍. അച്ഛന്‍ റിട്ടയര്‍ഡ് പട്ടാളക്കാരനും. പോകെ പോകെ നമ്മള്‍ അജയനേയും അപ്പു പിള്ളയേയും അപര്‍ണയേയും ശിവദാസനേയും സുമദത്തനേയും പ്രസാദിനേയുമൊക്കെ അറിയും. കഥാപാത്രങ്ങളെ കാഴ്ചക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിന് പകരം കാഴ്ചക്കാരെ ആ ലോകത്തേക്ക് കൊണ്ടു പോവുകയാണ് തിരക്കഥാകൃത്ത് ചെയ്തിരിക്കുന്നത്.

സിനിമയിലെ മിസ്റ്ററിയോട് അടുക്കത്തിനൊപ്പം തന്നെ കഥാപാത്രങ്ങളേയും നമ്മള്‍ മനസിലാക്കുന്നു. രഹസ്യ തേടിയുള്ള യാത്ര ക്യാരക്ടര്‍ സ്റ്റഡിയ്ക്കുള്ളത് കൂടിയായി മാറുകയാണ്്. ഈ യാത്രയിലാണ് പുറമെ കാണുന്നതിന് അപ്പുറം അവര്‍ക്ക് മറ്റ് പല മുഖങ്ങളുണ്ടെന്ന് തിരിച്ചറിയുന്നതും. കാഴ്ചക്കാരെക്കൂടി പങ്കാളികളാക്കി കൊണ്ടാണ് സിനിമയിലെ അന്വേഷണം പുരോഗമിക്കുന്നത്. കാണാതായ തോക്കില്‍ നിന്നുമാണ് കിഷ്‌കിന്ധാ കാണ്ഡം ആരംഭിക്കുന്നത്, അത് പിന്നീട് കാണാതായ ചാച്ചുവിലേക്കും അപ്പുപിള്ളയുടെ കാണാതായ ഓര്‍മ്മകളിലേക്കുമൊക്കെ സഞ്ചരിക്കുന്നു.

ബാഹുല്‍ രമേഷ് എഴുതിയ പഴുതടച്ച തിരക്കഥ തന്നെയാണ് സിനിമയുടെ ആത്മാവ്. അദ്ദേഹം തന്നെ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. തന്റെ എഴുത്തിലെ ലോകത്തെ വിഷ്വലി കൂടി അടയാളപ്പെടുത്താനുള്ള അധിക സാധ്യത അദ്ദേഹം മനോഹരമായി ഉപയോഗിച്ചിട്ടുണ്ട്. അതിനൊപ്പം നില്‍ക്കുന്നതാണ് മുജീബ് മജീദിന്റെ സംഗീതം. ഒരിടത്തും 'വീഴാന്‍ പോകുന്ന സിനിമയെ ലിഫ്റ്റ് ചെയ്യാന്‍' എന്ന നിലയില്‍ സംഗീതം ഉപയോഗിച്ചിട്ടില്ല. മറിച്ച് സന്ദര്‍ഭം ആവശ്യപ്പെടുന്ന ഡ്രാമയാണ് സംഗീതത്തിലേക്ക് കൊണ്ടു വന്നിരിക്കുന്നത്.

'മര്യാദ പുരുഷോത്തമനായ' ശ്രീരാമന്റെ ധാര്‍മികത ചോദ്യം ചെയ്യുന്നപ്പെടുന്ന ഇടമാണ് രാമായണത്തിലെ കിഷ്‌കിന്ധ കാണ്ഡം. ദിന്‍ജീത്തിന്റെ സിനിമയും ധാര്‍മികതയും കരുതലും തമ്മിലുള്ളൊരു തീരാത്ത സംവാദത്തിന്റെ കഥയാണ്. മറവിയില്‍ നിന്നും ഓര്‍മ്മയിലേക്കും ഓര്‍മ്മയില്‍ നിന്നും മറവയിലേക്കും അറിഞ്ഞും അറിയാതേയും സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ചില മനുഷ്യരുടെ കഥ.

Kishkinda Kaandam

മലയാള സിനിമയിലെ പാട്രിയാര്‍ക്കല്‍ ഫിഗറുകളിലെ ഗോഡ്ഫാദറാണ് അഞ്ഞൂറാന്‍. ആ എന്‍എന്‍ പിള്ളയുടെ മകന്‍ വിജയരാഘവന്‍ തന്റെ കരിയറിന്റെ ഈ ഘട്ടത്തില്‍ പാട്രിയാര്‍ക്കല്‍ ഫിഗറുകളെ തുടര്‍ച്ചയായി നവീകരിച്ചു കൊണ്ടിരിക്കുകയാണ്. പൂക്കാലം, പേരില്ലൂര്‍ പ്രിമിയര്‍ ലീഗ്, ആന്റണി, ഇപ്പോഴിതാ കിഷ്‌കിന്ധാ കാണ്ഡം. ഈയ്യടുത്തിറങ്ങിയ വിജയരാഘവന്റെ വൃദ്ധന്‍ വേഷങ്ങള്‍ ഓരോന്നും വ്യത്യസ്തമാണ്. ഓരോരുത്തര്‍ക്കും ഓരോ ശരീരഭാഷയാണ്. ഇനിയും തേച്ചാല്‍ ഇനിയും മിനുങ്ങുമെന്ന് അദ്ദേഹം കാണിച്ചു തന്നു കൊണ്ടിരിക്കുന്നു.

പലപ്പോഴും സിനിമ ഒരു വഴിക്കും ആസിഫ് മറ്റൊരു വഴിക്കും എന്ന അവസ്ഥ കാണാറുണ്ട്. എന്നാല്‍ കിഷ്‌കിന്ധാ കാണ്ഡം ആസിഫ് അലിയിലെ നടനെ പൂര്‍ണമായും ആദരിക്കുന്നതാണ്. കുറച്ച് നാള്‍ മുമ്പിറങ്ങിയ അഡിയോസ് അമീഗോസില്‍ വളരെ ലൗഡ് ആയ കഥാപാത്രമായിരുന്നു ആസിഫിന്റേത്. കിഷ്‌കിന്ധയിലേക്ക് എത്തുമ്പോള്‍ അജയന്‍ മിതഭാഷിയാണ്. തീര്‍ത്തും വ്യത്യസ്തരായ രണ്ടു പേര്‍. പക്ഷെ രണ്ടു കഥാപാത്രങ്ങളേയും ഓരോ സത്യസന്ധതയോടെ അവതരിപ്പിക്കാനാകുന്നുണ്ട് ആസിഫിന്.

കഥാപാത്രത്തിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ മാത്രം പ്രകടനത്തില്‍ കൊണ്ടു വരാന്‍ സാധിക്കുന്നൊരു സത്യസന്ധതയുണ്ട് ആസിഫിന്റെ ഭാവങ്ങളില്‍. അതുകൊണ്ടാണ് അജയന്റെ വള്‍നറബിലിറ്റിയും ദൗര്‍ബല്യവുമൊക്കെ ഇത്ര ഹൃദയസ്പര്‍ശിയായി മാറുന്നത്. കിഷ്‌കിന്ധാ കാണ്ഡം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ്. അപ്പുപിള്ളയും അജയനും തമ്മില്‍ സംസാരിക്കുന്നൊരു രംഗമുണ്ട് സിനിമയില്‍. വാക്കുകള്‍ക്ക് കാണിച്ചു തരാന്‍ സാധിക്കാത്ത, അവരുടെ ബന്ധത്തിന്റെ ആഴം രണ്ട് അഭിനേതാക്കള്‍ തങ്ങളുടെ ശരീരഭാഷയിലേക്ക് കൊണ്ടു വരുന്നത് സുന്ദരമായ കാഴ്ചയാണ്.

ചിത്രത്തിലെ പ്രേക്ഷകന്റെ പ്രതിനിധിയാണ് അപര്‍ണ ബാലമുരളി. എന്നാല്‍ പൂര്‍ണമായും ഒരു പാലം മാത്രമായി മാറുന്നില്ല അപര്‍ണ. മറ്റ് കഥാപാത്രങ്ങളെ പോലെ തന്നെ ഒരുതരം അണ്‍പ്രെഡിക്റ്റബലിറ്റി അപര്‍ണയ്ക്കുമുണ്ട്. അത് നിലനിര്‍ത്താന്‍ അപര്‍ണയിലെ നടിയ്ക്ക് സാധിച്ചിട്ടുമുണ്ട്. സമീപകാലത്ത് അപര്‍ണയ്ക്ക് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേത്. ആസിഫിന്റേയും വിജയരാഘന്റേയും പ്രകടനങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ പോലും മുങ്ങിപ്പോകുന്നില്ല അപര്‍ണ.

ടേല്‍ ഓഫ് ത്രീ വൈസ് മങ്കീസ് എന്ന ടാഗ് ലൈനോടു കൂടിയാണ് സിനിമയെത്തുന്നത്. തന്റെ ഇന്നലെകള്‍ ഇല്ലാതാകുന്ന അപ്പുപിള്ളയും കാണുന്നതിനപ്പുറത്തേക്കുള്ള സത്യം കേള്‍ക്കാന്‍ സാധിക്കാത്ത അപര്‍ണയും കാണുകയും കേള്‍ക്കുകയും ചെയ്തിട്ടും സംസാരിക്കാന്‍ സാധിക്കാത്ത അജയനും. ചുറ്റുമുള്ള കുരങ്ങന്മാരുടെ സാന്നിധ്യം സിനിമയിലെ പ്ലോട്ട് പോയന്റുകള്‍ മാത്രമല്ല. മനുഷ്യന്റെ പ്രിമിറ്റീവായ ചോയ്‌സുകളെ ഓര്‍മ്മപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട് അവര്‍. ധാര്‍മികതയ്ക്കും നിയമത്തിനും മുമ്പുണ്ടായത് കരുതലാണെന്ന് ഓര്‍മ്മപ്പെടുത്തുന്ന ഭൂതകാലത്തിന്റെ പ്രതിനിധികള്‍.

Read more about: asif ali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X