For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാകാതെ കുറ്റവും ശിക്ഷയും

  |

  മലയാളത്തിന്റെ സിനിമാ സങ്കല്‍പ്പത്തിലെ നടപ്പുരീതികളില്‍ നിന്നും മാറി നടക്കുന്ന സംവിധായകനാണ് രാജീവ് രവി. ആദ്യ സിനിമയായ അന്നയും റസൂലും പിന്നാലെ വന്ന ഞാന്‍ സ്റ്റീവ് ലോപ്പസും കമ്മട്ടിപ്പാടവുമെല്ലാം അത്തരത്തില്‍ മലയാള സിനിമയ്ക്ക് ദീര്‍ഘദൂരം സഞ്ചരിക്കാനുള്ള പാതയൊരുക്കിയവയായിരുന്നു. അതുകൊണ്ട് തന്നെ രാജീവ് രവി തന്റെ നാലാം സിനിമയുമായി എത്തുമ്പോള്‍ സിനിമാപ്രേമികളില്‍ പ്രതീക്ഷയുണ്ടാകുന്നത് സ്വഭാവികമാണ്. ഒപ്പം മലയാള സിനിമയിലെ ചെറുപ്പക്കാരില്‍ പ്രതിഭ തെളിയിച്ച നടന്‍ ആസിഫ് അലിയും.

  കുറെ നാളുകള്‍ക്ക് ശേഷമാണ് ഒരു പെണ്ണ് വസ്ത്രം അഴിക്കാന്‍ പറയുന്നത്, ഹൗസില്‍ നടന്ന സംഭവത്തെ കുറിച്ച് ജാസ്മിന്‍

  ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ സിബി തോമസിന്റെ ഔദ്യോഗിക ജീവിതത്തിലെ ഒരു കേസാണ് കുറ്റവും ശിക്ഷയും എന്ന സിനിമയുടെ ആധാരം. സിബിയും ശ്രീജിത്ത് ദിവാകരനും ചേര്‍ന്നൊരുക്കിയതാണ് സിനിമയുടെ തിരക്കഥ. കേരളത്തില്‍ നടന്നൊരു ജ്വല്ലറി മോഷണക്കേസിലെ പ്രതികളെ തേടി ഉത്തരേന്ത്യയിലെ ഒരു തിരുട്ട് ഗ്രാമത്തിലെ കേരള പോലീസ് സംഘം നടത്തുന്ന യാത്രയാണ് ചിത്രം അവതരിപ്പിക്കുന്നത്.

  മുമ്പ് സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെ സിബി തോമസ് തന്നെ പറഞ്ഞിട്ടുള്ള കഥയിലെ ആകാംഷയും ഉദ്വേഗവുമെല്ലാം കാഴ്ചക്കാര്‍ നേരത്തെ തന്നെ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. അതില്‍ രാജീവ് രവി എന്ന സംവിധായകന്റെ കണ്ണിലൂടെ കാണുക എന്നതായിരുന്നു ചിത്രത്തിലേക്ക് എത്തിക്കുന്ന ആകാംഷ. എന്നാല്‍ സിനിമ കണ്ടിറങ്ങുമ്പോള്‍ സിബി തോമസിന്റെ വാക്കുകളിലുണ്ടായിരുന്ന ഉദ്വേഗമോ രാജീവ് രവിയുടെ ഡയറക്ടര്‍ ടച്ചോ കുറ്റവും ശിക്ഷയും എന്ന സിനിമയില്‍ കാണാന്‍ സാധിക്കുന്നില്ല. പ്രതീക്ഷകള്‍ക്കൊപ്പം ഉയരാതെ നിരാശപ്പെടുത്തുന്നൊരു അനുഭവമായി മാറുകയാണ് കുറ്റവും ശിക്ഷയും.

  താരങ്ങളുടെ പ്രകടനവും സുരേഷ് രാജന്റെ ഛായാഗ്രഹണവും ഒഴിച്ച് നിര്‍ത്തുമ്പോള്‍ സിനിമ എന്‍ഗേജിംഗ് ആകേണ്ടയിടത്ത് പരാജയപ്പെടുന്നുണ്ട്. ശക്തമായൊരു തിരക്കഥയുടെ അഭാവമാണ്, മികച്ചൊരു പ്ലോട്ടിനെ അര്‍ഹിക്കുന്ന തലത്തിലേക്ക് എത്തുന്നതില്‍ നിന്നും തടയുന്നത്. ഇത്തരത്തിലുള്ള കുറ്റാന്വേഷണ സിനിമകളുടെ മുന്‍ മാതൃകകള്‍ പിന്തുടരാതെ രാജീവ് രവിയുടെ സോണായ സ്ലോ പേസിലൂടെയാണ് സിനിമ കഥ പറയുന്നത്. എന്നാല്‍ ഒരു സ്ലോ ബേണര്‍ ആയി മാറാനും സിനിമയ്ക്ക് സാധിക്കുന്നില്ല. പോലീസ് പ്രൊസീജ്യറുകളിലെ ഡീറ്റെയ്‌ലിംഗോ, കുറ്റാന്വേഷണത്തിന്റെ ആകാംഷയോ നല്‍കാന്‍ സിനിമയ്ക്ക് സാധിച്ചിട്ടില്ല.

  കേരളത്തില്‍ നിന്നും ഉത്തരേന്ത്യയിലേക്ക് കുറ്റാന്വേഷണം കടക്കുമ്പോള്‍ പേപ്പറില്‍ അത് പകരുന്ന ത്രില്ല് തിരക്കഥയില്‍ കാണാന്‍ സാധിക്കുന്നില്ല. കഥയിലെ നിര്‍ണായക സന്ദര്‍ഭങ്ങളെ വേണ്ടത്ര ഇംപാക്ട്ഫുള്‍ ആക്കാന്‍ സാധിക്കുന്നില്ല. കഥാപാത്രങ്ങളുടെ ആര്‍ക്ക് പരുവപ്പെടുത്തുന്നതിലും അവരെ അടയാളപ്പെടുത്തുന്നതിലും സിനിമ പരാജയപ്പെടുന്നുണ്ട്.


  ചിത്രത്തില്‍ മികച്ചു നിന്നത് ആസിഫ് അലി എന്ന നടന്റെ പ്രകടനം തന്നെയായിരുന്നു. സാജന്‍ ഫിലിപ്പ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഉള്ളില്‍ 'കുറ്റവും ശിക്ഷയും' തമ്മില്‍ നടക്കുന്ന വടം വലിയില്‍ അയാള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം അഭിനയിച്ച് ഫലിപ്പിക്കാന്‍ ആസിഫിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ അതിനെ പിന്തുണയ്ക്കാന്‍ തിരക്കഥയ്ക്ക് സാധിക്കുന്നില്ല. കഥാന്ത്യത്തില്‍ സാജന്‍ തന്റെ ഭൂതകാലത്തെക്കുറിച്ചും തനിക്കുണ്ടായ മാറ്റത്തെക്കുറിച്ചുമൊക്കെ സംസാരിക്കുമ്പോള്‍ അതിന്റെ തീവ്രത അനുഭവിക്കാന്‍ കാഴ്ചക്കാര്‍ക്ക് സാധിക്കാതെ വരികയാണ്.

  അതേസമയം രാജീവ് രവിയിലെ സംവിധായകന്‍ തന്റെ രാഷ്ട്രീയം പറയുവാനുള്ള ശ്രമങ്ങളും ചിത്രത്തില്‍ നടത്തുന്നതായി കാണാം. മികച്ചൊരു ഛായാഗ്രഹകന്‍ കൂടിയായ രാജീവിന്റെ സിനിമയ്ക്കായി സുരേഷ് രാജന്‍ ഒരുക്കിയ ഫ്രെയിമുകള്‍ നിലവാരമുള്ളതായിരുന്നു. സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ തുടങ്ങിയവര്‍ തങ്ങളുടെ ജോലി ഭംഗിയായി തന്നെ ചെയ്തിട്ടുണ്ട്. പക്ഷെ ആ കഥാപാത്രങ്ങളൊന്നും വേണ്ടത്ര ഡീറ്റെയ്‌ലിംഗ് ഇല്ലാത്തതിനാല്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാതെ കടന്നു പോവുകയാണ്.

  മികച്ചൊരു സംവിധായകനും താരനിരയും കഥാതന്തുവും ഉണ്ടായിരുന്നിട്ടും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ പോയ സിനിമയാവുകയാണ് കുറ്റവും ശിക്ഷയും.

  Read more about: asif ali
  English summary
  Kuttavum Shikshayum Movie Review Asif Ali Starrer Directed By Rajeev Ravi Is Big Letdown
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X