twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മനുഷ്യമനസിന്റെ നിഗൂഢതകളിലേക്ക്, മനുഷ്യത്വം നശിച്ച ലോകത്തേക്ക് ഒരു യാത്ര!

    |

    Rating:
    4.0/5

    ഒരു പെയിന്റിംഗോ കവിതയോ ഒരേസമയം ഒന്നിലധികം പേര്‍ കാണുകയോ വായിക്കുകയോ ചെയ്താല്‍ അതില്‍ ഓരോരുത്തരും ഓരോ അര്‍ത്ഥങ്ങള്‍ കണ്ടെത്തും. തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് ഒരേ ചിത്രവും ഒരേ വരികളും ആണെങ്കില്‍ പോലും അതിന് അവരോരുത്തരും നല്‍കുന്ന നിര്‍വചനങ്ങള്‍ അവരവരുടെ ഭാവനകളെ ആശ്രയിച്ചിരിക്കും. താന്‍ കണ്ട ചിത്രത്തിലെ രംഗത്തിന്റെ തൊട്ട് മുമ്പും ശേഷവുമുള്ള രംഗം ഓരോരുത്തരും സങ്കല്‍പ്പിക്കുന്നതും വ്യത്യസ്തമായിരിക്കും. ഒരു വാക്കിന് തന്നെ ഓരോരുത്തരും നല്‍കുന്ന അര്‍ത്ഥനവും നിര്‍വചനവും വ്യത്യസ്തമായിരിക്കും. അതുപോലൊരു സൃഷ്ടിയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി. കാഴ്ചക്കാരന്‍ എന്താണോ കാണാനും കേള്‍ക്കാനും മനസിലാക്കാനും ആഗ്രഹിക്കുന്നത്, കാഴ്ചയില്‍ നിന്നും വായിച്ചെടുക്കുന്നത് എന്താണോ അതിനനുസരിച്ച് രൂപം മാറുന്ന മാടന്‍.

    കടലിനെ ചൂടൂപിടിപ്പിച്ച് പൂജ; താരസുന്ദരിയുടെ ഹോട്ട് ചിത്രങ്ങള്‍കടലിനെ ചൂടൂപിടിപ്പിച്ച് പൂജ; താരസുന്ദരിയുടെ ഹോട്ട് ചിത്രങ്ങള്‍

    തന്റെ തൊട്ട് മുമ്പിറങ്ങിയ, നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ജല്ലിക്കട്ട് എന്ന സിനിമയില്‍ ലിജോ ജോസ് പെല്ലിശ്ശേരി മനുഷ്യന്റെ അടിസ്ഥാന ചോതനകളെക്കുറിച്ചും അവയുടെ കയോട്ടിക് സ്വഭാവവുമായിരുന്നു പറയാന്‍ ശ്രമിച്ചത്. ജല്ലിക്കട്ടിലെ പോത്ത് ഓടിക്കയറിയ വനമാണ് ചുരുളിയിലേത്. ജല്ലിക്കട്ടില്‍ താന്‍ പറയാന്‍ ആരംഭിച്ച ചിന്തയുടെ തുടര്‍ച്ചയാണ് ലിജോ ജോസ് പെല്ലിശ്ശേരി ചുരുളിയില്‍ അവതരിപ്പിക്കുന്നത്.

    മനുഷ്യ മനസിന്റെ ഇരുണ്ട അറയില്‍ അവന്‍ ഒളിപ്പിച്ച് വച്ചിരിക്കുന്ന, സമൂഹത്തിന്റെ സദാചാരവും നിയമവ്യവസ്ഥയും കാരണം ഒളിച്ചു വെക്കേണ്ടി വരുന്ന മൃഗീയമായ കാമനകളെയും അത്തരം നിയന്ത്രണങ്ങളില്ലാത്തൊരു ലോകത്ത് എങ്ങനെ ആ കാമനകള്‍ മനുഷ്യനെ ജയിക്കുന്നുവെന്നും ചുരുളി അവതരിപ്പിക്കുന്നു.

    ചുരുളി

    രാജ്യം കണ്ട ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായ കുറുപ്പിന്റെ കഥ പറയുന്ന കുറുപ്പ് തീയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കെ ഒടിടിയിലെത്തിയ ചുരുളി പറയുന്നതും ഒരു പിടികിട്ടാപ്പുള്ളിയെ പിടിക്കാനുള്ള ശ്രമത്തെക്കുറിച്ചാണ്. മയിലാടുമ്പാറ ജോയ് എന്ന പേര് മാത്രം കൈമുതലാക്കി, അയാളെ പിടിക്കാനായി ചുരുളി എന്ന വനത്തിലുള്ളിലെ ഗ്രാമത്തിലേക്ക് എത്തുകയാണ് ആന്റണിയും ഷാജിവനും. രഹസ്യ പോലീസുകാരാണ് ഇരുവരും. ജീപ്പിലൂടെയാണ് യാത്ര. സഹയാത്രികരായി കുറച്ച് പേരുമുണ്ട്. എല്ലാവരും വളരെയധികം സൗമ്യരും സദാ ചിരിക്കുന്നവരും. വലിയ കുണ്ടും കുഴികളും കടന്ന് ജീപ്പ് ഒരു പാലത്തിന് മുന്നിലെത്തി നില്‍ക്കുന്നു. യാത്രക്കാരെ ഇറക്കി നടത്തിച്ച ശേഷം, സ്വര്‍ഗത്തിലേക്കുള്ള മുടിപ്പാലത്തെ ഓര്‍മ്മിപ്പിക്കുന്ന ആ പാലം കടന്നതോടെ അതുവരെ സൗമ്യരായി പെരുമാറിയുന്നവരുടെ ഭാവവും വാക്കുകളുമെല്ലാം മാറുകയാണ്.

    കുറ്റവാളികളുടെ  സ്വര്‍ഗഭൂമി

    മനുഷ്യര്‍ സദാചാരത്തേയും നാട്ടിലെ നിയമവ്യവസ്ഥയേയും പേടിച്ച് പുറത്ത് പറയാന്‍ മടിക്കുന്ന, ചെയ്യാന്‍ ഭയപ്പെടുന്ന കാര്യങ്ങള്‍ക്കൊന്നും യാതൊരു നിയന്ത്രണവുമില്ലാത്ത ഇടമാണ് കുറ്റവാളികളുടെ ഈ സ്വര്‍ഗഭൂമി. അവിടുന്നങ്ങോട്ടുള്ള യാത്രയിലും ജീവിതത്തിലും ജോസും ഷാജിവനും തെറികളുടെ കുത്തൊഴുക്കിലൂടെയാണ് സഞ്ചരിക്കുന്നത്. പരിഷ്‌കൃത സമൂഹം പരസ്യമായി പ്രയോഗിക്കാന്‍ മടിക്കുന്നതാണ് ഈ തെറിവാക്കുകളില്‍ പലതും. കള്ളുകുടിക്കാനും വ്യഭിചരിക്കാനും കൊല്ലാനും ബലാത്സംഗം ചെയ്യാനും ഉള്ളില്‍ ആഗ്രഹമുണ്ടായിട്ടും ചെയ്യാന്‍ സാധിക്കാന്‍ സമൂഹം അനുവദിക്കാത്തതിനാലും, അത്തരക്കാരെ നിയന്ത്രിക്കാനുള്ള നിയമത്തില്‍ നിന്നും ഓടി വന്നവരാണ് ചുരുളിയിലുള്ളത്.

    തുടര്‍ന്നങ്ങോട്ട് അവര്‍ക്ക് നേരിടേണ്ടി വരുന്ന വിചിത്രമായ അനുഭവങ്ങളിലൂടേയും നീഗൂഢരായ മനുഷ്യരിലൂടെയുമാണ് ചുരുളി കടന്നു പോകുന്നത്. തന്റെ മുന്‍ സിനിമകള്‍ പോലെ തന്നെ നടപ്പുരീതികളോടൊക്കെ തന്നെയും മുഖംതിരിച്ചു കൊണ്ട് സ്വന്തമായി വഴിയുണ്ടാക്കി സഞ്ചരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്‍. ജല്ലിക്കട്ടില്‍ നിന്നും ചുരുളിയിലേക്ക് എത്തുമ്പോള്‍ കുറേക്കൂടി സങ്കീര്‍ണമായി മനുഷ്യ കാമനകളേയും മനുഷ്യന്റെ ഉള്ളിലെ മൃഗത്തേയുമെല്ലാം അവതരിപ്പിക്കുന്നുണ്ട് ലിജോ ജോസ്. എന്നാല്‍ ചിത്രം കാണുന്നയാളോട് നേരിട്ട് സംവദിക്കാന്‍ അദ്ദേഹം തയ്യാറാകുന്നില്ല. പകരം കാഴ്ചക്കാരുടെ ഭാവനകള്‍ക്കും ചിന്തകള്‍ക്കും തന്റെ സിനിമയെ വിട്ടു നല്‍കുകയാണ് ചെയ്തിരിക്കുന്നത്.

    ടൈം ലൂപ്പ്

    ടൈം ലൂപ്പ് എന്ന മലയാള സിനിമയില്‍ ആരും സഞ്ചരിക്കാതെ കിടന്നൊരു കാട്ടുപാതയിലൂടെയാണ് ലിജോയുടെ സഞ്ചാരം. അതിലേക്ക് മാടന്‍ എന്ന സങ്കല്‍പ്പത്തെക്കൂടി ചേര്‍ത്തുവച്ചു കൊണ്ടാണ് ലിജോ ചുരുളിയൊരുക്കിയിരിക്കുന്നത്. ഈ രണ്ടും വ്യത്യസ്തമായ തിയറികളായി നില്‍ക്കുന്നതും അതേസമയം അവ ഒരുമിച്ച് സഞ്ചരിക്കുന്ന തിയറിയായും ഒരുപോലെ ചുരുളിയില്‍ നിന്നും വായിച്ചെടുക്കാന്‍ സാധിക്കുന്നുണ്ട്.

    ചിത്രം എന്താണ് പറയുന്നതെന്ന് ഒരിക്കല്‍ പോലും ലിജോ നേരിട്ട് കാഴ്ചക്കാരോട് പറയുന്നില്ല. ഒരു കാട് ഓരോ തവണ കാണുമ്പോഴും വ്യത്യസ്തമായിരിക്കും എന്നത് പോലെ ഒരോ കാഴ്ചയിലും വ്യത്യസ്തമായി മാറുന്ന, അതിന്റെ തന്നെ ലൂപ്പില്‍ കാഴ്ചക്കാരെ കുരുക്കിയിടുന്ന ആഖ്യാനരീതിയാണ് ചുരുളിയുടേത്. തങ്ങളുടെ ചിന്തകള്‍ക്കും ഭാവനയ്ക്കും അനുസരിച്ച് ചിത്രത്തില്‍ നിന്നും വായിച്ചെടുക്കാവുന്ന തിയറികള്‍ പലതുണ്ട്. ആ തിയറികളെയെല്ലാം സാധൂകരിക്കാവുന്ന കാരണങ്ങളും കണ്ടെത്താനാകും. ആ അര്‍ത്ഥത്തില്‍ മികച്ചൊരു പെയിന്റിംഗ് പോലെ, കവിത പോലെ ചുരുളിയെന്ന സിനിമയുടെ നിലനില്‍പ്പും ഭംഗിയും ആരംഭിക്കുന്നത് ചിത്രം കണ്ട് കഴിഞ്ഞ ശേഷം കാഴ്ചക്കാരുടെ മനസിലാണ്.

    അഭിനേതാവിന്റെ ആഴം

    ലിജോയുടെ മുന്‍സിനിമകളിലെന്നത് പോലെ തന്നെ ചര്‍ച്ചിനോടും കപടസദാചാരത്തോടുമുള്ള എതിര്‍പ്പ് ചുരുളിയിലും വായിച്ചെടുക്കാം. ഷാപ്പ് പള്ളിയായി മാറുന്നതും പകല്‍ വെളിച്ചത്തില്‍ പെങ്ങളേ എന്ന് വിളിച്ച സ്ത്രീയോടൊപ്പം രാത്രിയുടെ ഇരുട്ടില്‍ ശയിക്കുന്നതും അതിനുദാഹരണം. ചെമ്പന്‍ വിനോദ് ജോസും വിനയ് ഫോര്‍ട്ടുമാണ് ജോസും ഷാജിവനുമായി എത്തുന്നത്. തങ്ങളുടെ കഥാപാത്രത്തിലുണ്ടാകുന്ന മാറ്റങ്ങളും അവര്‍ അഭിമുഖീകരിക്കുന്ന അവസ്ഥകളോടുള്ള പ്രതികരണങ്ങളുമെല്ലാം ഇരുവരും നന്നായി അവതരിപ്പിച്ചിരിക്കുന്നു. ഷാപ്പുടമയായി എത്തിയ ജാഫര്‍ ഇടുക്കിയുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കനകം കാമിനി കലഹത്തിലെ പിടിവിട്ട കോമഡിയില്‍ നിന്നും ചുരുളിയിലെ നിഗൂഢത നിറഞ്ഞ കഥാപാത്രത്തിലേക്ക് എത്തുമ്പോള്‍ ജാഫര്‍ ഇടുക്കിയെന്ന അഭിനേതാവിന്റെ ആഴം അമ്പരപ്പെടുത്തുന്നതാണ്.

    മിന്നല്‍ മുരളി മുതല്‍ തല്ലുമാല വരെ ; വമ്പന്‍ ചിത്രങ്ങളുമായി ടൊവീനോ തോമസ്

     കഥയുടെ നിഗൂഢത

    താന്‍ പറയുന്ന കഥയുടെ നിഗൂഢതയും ഭീതിയുമൊക്കെ ചിത്രത്തിന്റെ വിഷ്വലുകളുടേയും ശബ്ദത്തിന്റേയും നിലനിര്‍ത്താന്‍ ലിജോയ്ക്ക് സാധിക്കുന്നുണ്ട്. ശബ്ദത്തിലൂടെ ചിത്രത്തിന് തീര്‍ത്തും ഭീതിതമായൊരു അന്തരീക്ഷം ഒരുക്കാന്‍ സാധിച്ചിട്ടുണ്ട്. വിനയ് തോമസിന്റെ കഥയെ ആസ്പദമാക്കിയൊരുക്കിയ സിനിമയിലെ ഡയലോഗുകളിലെ തെറികള്‍ മലയാള സിനിമയില്‍ ഇതുവരെ കാണാത്ത വിധം അസഹ്യമായിരിക്കുമെങ്കിലും ചുരുളി പോലൊരു ലോകത്ത് ആ ഭാഷ സ്വഭാവികമായ ഒന്നായി മാറുന്നുണ്ട്. എസ് ഹരീഷിന്റെ തിരക്കഥ സിനിമയ്ക്ക് സ്വന്തമായൊരു ഭാഷ തന്നെ നല്‍കുന്നതാണ്. രാത്രി രംഗങ്ങള്‍ ഒരുപാടുള്ള ചിത്രത്തിലെ മധു നീലകണ്ഠന്റെ ക്യാമറ വലിയ പ്രശംസ അര്‍ഹിക്കുന്നതാണ്.

    ചെറിയ ഇടവേളയ്ക്ക് ശേഷം മിയ വീണ്ടും അഭിനയത്തിലേയ്ക്ക്, ആശംസയുമായി ആരാധകർചെറിയ ഇടവേളയ്ക്ക് ശേഷം മിയ വീണ്ടും അഭിനയത്തിലേയ്ക്ക്, ആശംസയുമായി ആരാധകർ

    Recommended Video

    ചാക്കോയുടെ മകന്റെ വെളിപ്പെടുത്തൽ | Jithin Chacko Exclusive Interview | | Filmibeat Malayalam
    തൃപ്തിപെടുത്തുക

    വളരെ ലളിതമായി തുടങ്ങി, പൊടുന്നനെ സ്വഭാവം മാറുന്ന ചുരുളിക്കാരെ പോലെ തന്നെ സ്വഭാവം മാറുന്ന സിനിമ അവസാനിക്കുന്നതും പല ചോദ്യങ്ങളും ബാക്കി വച്ചു കൊണ്ടാണ്. ഉത്തരങ്ങള്‍ ലഭിക്കുന്ന ചോദ്യങ്ങള്‍ പോലെ തന്നെ ഉത്തരം ലഭിക്കാത്ത ഒരുപാട് ചോദ്യങ്ങളും തുടര്‍ ചോദ്യങ്ങളും ചുരുളി ബാക്കി വെക്കുന്നുണ്ട്. അതുകൊണ്ട് തന്നെ എല്ലാതരം കാഴ്ചക്കാരേയും ഒരുപോലെ തൃപ്തിപെടുത്തുക എന്നൊരു ലക്ഷ്യം ചുരുളിയ്ക്കില്ല. കല അങ്ങനെയാകണമെന്നുമില്ല. ചുരുളി ലിജോ ജോസ് പെല്ലിശ്ശേരി എന്ന ക്രാഫ്റ്റ്മാന് മാത്രം സാധ്യമാകുന്ന സിനിമയാണ്. ആരേയും തൃപ്തിപ്പെടുത്താനോ ഇംപ്രസ് ചെയ്യാനോ നില്‍ക്കാതെ തന്റെ ചിന്തകളുടെ കാട് കയറുകയും കൂടെ പോരുന്നോരെ കൂടെക്കൂട്ടുകയും ചെയ്യുന്ന ലിജോയുടെ സിനിമ.

    Read more about: lijo jose pellissery
    English summary
    Lijo Jose Pellissery Directed And Vinay Fort And Chemban Vinod Starrer Movie Churuli Review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X