Don't Miss!
- Lifestyle
Daily Rashi Phalam: സാമ്പത്തികമായി സുരക്ഷിതത്വം അനുഭവപ്പെടും, നല്ല ദിനം; രാശിഫലം
- News
ഭൂരഹിതരായ മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും ഒരു വർഷത്തിനുള്ളിൽ ഭൂമി അനുവദിക്കും: മന്ത്രി കെ രാധാകൃഷ്ണൻ
- Finance
അടുത്ത വര്ഷത്തിനുള്ളില് 70% നേട്ടം; മികച്ച ഭാവി സാധ്യതയുള്ള 9 ഓഹരികള്
- Sports
IND vs ZIM: ശുബ്മാന് ഗില് ഓപ്പണറാവണ്ട, മൂന്നാം നമ്പര് ബെസ്റ്റ്!, മൂന്ന് കാരണങ്ങളിതാ
- Automobiles
ബോൺ ഇലക്ട്രിക് എസ്യുവി കൺസെപ്റ്റുകൾ പരിചയപ്പെടുത്തി Mahindra, ഒരുങ്ങുന്നത് പുതിയ സബ്-ബ്രാൻഡിനു കീഴിൽ
- Technology
സ്വാതന്ത്രദിനത്തിൽ സ്മാർട്ട്ഫോണുകൾക്ക് ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്
- Travel
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവാഘോഷങ്ങള്ക്ക് രാജ്യം ഒരുങ്ങി... ചെങ്കോട്ടയിലെ ചടങ്ങുകള് പരിചയപ്പെടാം....
പൂര്ണത തേടുന്ന അപൂര്ണാനന്ദനും അപൂര്വ്വ സിനിമയും; മഹാവീര്യര്, ഒരു കള്ട്ടിനുള്ള ഒരുക്കം!
ആയിരത്തിലധികം ദിവസങ്ങള് പിന്നിട്ടു ഒരു നിവിന് പോളി സിനിമ തീയേറ്ററുകളിലേക്ക് എത്തിയത്. ഇടയ്ക്ക് ഇറങ്ങേണ്ടിയിരുന്ന തുറമുഖം പല കാരണങ്ങള് ഇപ്പോഴും ശാപമോക്ഷത്തിനായി കാത്തിരിക്കുകയാണ്. ആരാധകരുടെ ആ കാത്തിരിപ്പിന് ഇന്ന് അവസാനമായിരിക്കുകയാണ്. 1983യും ആക്ഷന് ഹീറോ ബിജുവും നിവിന് പോളിയ്ക്ക് നല്കിയ എബ്രിഡ് ഷൈന് സംവിധാനം ചെയ്യുന്ന മഹാവീര്യര് ആണ് ആ സിനിമ. മറ്റൊരു യുവതാരമായ ആസിഫ് അലിയും ഒപ്പമുണ്ട്. സഹതാരങ്ങളുടെ പട്ടികയില് ലാലും ലാലു അലക്സും സിദ്ധീഖുമടക്കമുള്ളവര്. വിഖ്യാത എഴുത്തുകാരന് എം മുകുന്ദന്റെ കഥയെ ആസ്പദമാക്കി ഒരുക്കിയ ടൈം ട്രാവല്-ഫാന്റസി ചിത്രം.
ഒരു പരീക്ഷണ ചിത്രം എന്ന നിലയില് തീര്ത്തും വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ ആ ചലച്ചിത്രാവിഷ്കാരമാണ് മഹാവീര്യര്. താരതമ്യം ചെയ്യാനോ, ഒത്തുനോക്കാനോ ഇതുപോലൊരു സിനിമ മലയാളത്തില് മുമ്പുണ്ടായിട്ടില്ല എന്നുറപ്പിച്ച് പറയാം. ഇന്നൊരു പക്ഷെ മഹാവീര്യര് എല്ലാവിധം പ്രേക്ഷകരും ഒരുപോലെ സ്വീകരിക്കുന്ന സിനിമയായെന്ന് വരില്ല, പക്ഷെ ഭാവിയിലൊരു കള്ട്ടായി മാറാനുള്ള എല്ലാ സാധ്യതകളുമുള്ളൊരു ചിത്രമാണ് മഹാവീര്യര്.

രണ്ട് കാലത്തിലായി നീണ്ടു കിടക്കുന്നൊരു സാങ്കല്പ്പിക ടൈം ട്രാവല് ചിത്രമാണ് മഹാവീര്യര്. പതിനെട്ടാം നൂറ്റാണ്ടില് നിന്നും ഇന്നത്തെ കാലത്തിലേക്ക് എത്തി നില്ക്കുന്നൊരു കഥയും ഇന്നത്തെ കാലത്തില് തന്നെ നടക്കുന്ന മറ്റൊരു കഥയും. ഈ രണ്ട് കഥകളും ഒരുമിക്കുന്നത് ഒരു കോടതി മുറിയ്ക്കുള്ളില് വച്ചും.
എല്ലാ അര്ത്ഥത്തിലും പുതുമയുള്ള സിനിമയാണെങ്കിലും എബ്രിഡ് ഷൈനിന്റെ മുന് സിനിമകളായ ആക്ഷന് ഹീറോ ബിജുവിലും പൂമരത്തിലും കണ്ടിട്ടുള്ളത് പോലെ പ്രത്യക്ഷത്തില് പരസ്പരം ബന്ധമില്ലെന്ന് തോന്നിപ്പിക്കുന്ന രംഗങ്ങള് ചേര്ത്തുവെക്കപ്പെടുന്ന സിനിമയാണ് മഹാവീര്യര്. ആക്ഷന് ഹീറോ ബിജുവില് ഒരു പോലീസ് സ്റ്റേഷനില് വരുന്ന വിവിധ കേസുകളിലൂടെ കഥ പറയുമ്പോള് ഇവിടെ അതൊരു കോടതിയായി മാറുന്നുവെന്ന് മാത്രം.

സിനിമ തുടങ്ങുന്നത് പതിനെട്ടാം നൂറ്റാണ്ടില് നിന്നുമാണ്. രാത്രി ഉറക്കത്തില് നിന്നും എഴുന്നേല്ക്കുന്ന രാജാവിന് എക്കിളെടുക്കുന്നു. എക്കിള് മാറ്റാന് അദ്ദേഹം വെള്ളം തേടുന്നു. വെള്ളം കുടിച്ചിട്ടും എക്കിള് മാറുന്നില്ല. വീണ്ടും വെള്ളം കുടിക്കുന്നു. ഇതോടെ മൂത്രശങ്ക വരുന്നു. വീണ്ടും എക്കിള്, വീണ്ടും വെളളം കുടി, വീണ്ടും മൂത്രശങ്ക. ഈ സൈക്കിള് തുടരുന്നതോടെ രാജാവിന്റെ സ്വസ്ഥത നഷ്ടമാകുന്നു. രാജഭരണം താറുമാറാകുന്നു. ഒടുവില് രാജാവിന്റെ രോഗം മാറ്റാനായി രാജകല്പ്പന നടപ്പിലാക്കി കൊടുക്കാന് മന്ത്രി വീരഭദ്രന് ഇറങ്ങിത്തിരിക്കുന്നു.
അവിടെ നിന്നും സിനിമ നേരെ 2021 ലേക്ക് വരുന്നു. ഒരു പുലര്ച്ചെ അമ്പലത്തിന്റെ ആലിന്തറയിലൊരു സന്യാസി പ്രത്യക്ഷപ്പെടുന്നു. അയാളുടെ ദിവ്യശക്തിയില് ആ ഗ്രാമം അമ്പരന്നു നില്ക്കെ ചില സംഭവങ്ങള് അരങ്ങേറുന്നു. ഒടുവില് അതൊരു കേസിലേക്കും തുടര്ന്ന് കോടതിയിലേക്കും എത്തുന്നു.

പിന്നീടൊരു കോര്ട്ട് റൂം ഡ്രാമയായി മാറുകയാണ് മഹാവീര്യര്. ആദ്യ പകുതി നിവിന് പോളി എന്ന നടന്റേതും താരത്തിന്റേതുമാണ്. ലാലു അലക്സും സിദ്ധീഖുമൊക്കെ തങ്ങളുടെ അനുഭവ സമ്പത്തിന്റെ കരുത്ത് പ്രകടമാക്കുമ്പോള് അഭിനയത്തിലെ അനായാസതകൊണ്ടും ഒഴുക്കു കൊണ്ടും നിവിന് പോളിയും ആദ്യ പകുതി കയ്യടക്കുകയാണ്. ആക്ഷന് ഹീറോ ബിജുവിലേതിന് സമാനമായി ഒന്നിന് പിറകെ ഒന്നായി കേസുകള് കോടതിയ്ക്ക് മുന്നിലെത്തുന്നതും അതിന് പരിഹാരം കണ്ടെത്തുകപെടുകയും ചെയ്യുന്നു.
ആക്ഷന് ഹീറോ ബിജുവില് പിന്നീട് വിമര്ശനങ്ങള്ക്ക് ഇടയാക്കിയത് പോലെ ഒരു കപ്പിളിനെ മഹാവീര്യറിന്റെ ആദ്യപകുതിയിലും കാണാം. രണ്ടാം പകുതിയിലേക്ക് കടക്കുന്നതോടെ മഹാവീര്യര് ഫാന്റസിയിലേക്കും ടൈം ട്രാവലിംഗിലേക്കും കടക്കുന്നു. ആദ്യ പകുതിയില് നിന്നും തീര്ത്തും വ്യത്യസ്തമായൊരു ട്രാക്കാണ് രണ്ടാം പകുതിയില്. നേരത്തെയുണ്ടായിരുന്ന ഡാര്ക്ക് ഹ്യൂമറിനൊപ്പം മിസ്റ്ററി കൂടി ചേര്ത്താണ് രണ്ടാം പകുതി കഥ പറയുന്നത്.
രണ്ട് കാലഘട്ടത്തെക്കുറിച്ച് സംസാരിക്കുന്ന സിനിമ രണ്ട് കാലത്തും സ്ത്രീയെ എങ്ങനെയാണ് കാണുന്നത് എന്ന് പറയാന് ശ്രമിക്കുന്നുണ്ട്. പതിനെട്ടാം നൂറ്റാണ്ടില് രാജാവിന്റെ ഇച്ഛ നിറവേറ്റാനുള്ള വസ്തു മാത്രമായിരുന്ന സ്ത്രീ ഇന്നത്തെ കാലത്തും ഒരു വസ്തു മാത്രമായി തുടരുന്നുവെന്ന് സിനിമ കാണിച്ചു തരുന്നുണ്ട്. രാജവാഴ്ച എങ്ങനെ അവള്ക്ക് നീതി നിഷേധിച്ചുവോ, അവളുടെ മേല് അതിക്രമം നടത്തിയോ അതുപോലെ തന്നെ ഇന്നത്തെ നീതിവ്യവസ്ഥയും നിയമപാലകരും അവള്ക്ക് സംരക്ഷണത്തിന് പകരം നല്കുന്നത് പീഡനങ്ങളും അപമാനവും മാത്രമാണ്.

അതുവരെ ചിരി നല്കി കൊണ്ടിരുന്ന സിനിമ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള് കുറേക്കൂടി ഡാര്ക്ക് ആയി മാറുകയാണ്. ഇവിടങ്ങളിലെ രംഗങ്ങള് കാഴ്ചക്കാരില് അസ്വസ്ഥതയുണ്ടാക്കുന്നതും എല്ലാകാലത്തും സ്ത്രീകള്ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങളെ എങ്ങനെയാണ് സിസ്റ്റം കാണുന്നതെന്നും കാണിച്ചു തരുന്നു. അന്നും ഇന്നും സിസ്റ്റം എന്നത് അധികാരകേന്ദ്രങ്ങളെ തൃപ്തിപ്പെടുത്താനും തങ്ങളുടെ സ്വാര്ത്ഥ താല്പര്യങ്ങളെ സംരക്ഷിച്ചു നിര്ത്താനും ശ്രമിക്കുന്നതായും കാണാം.
സിനിമയുടെ അവസാന രംഗങ്ങള് കോടതിയ്ക്കും പ്രേക്ഷകര്ക്കും ഒരു പോലെ ഒരുപാട് കാര്യങ്ങളിലേക്കുള്ള കണ്ണുതുറപ്പിക്കുന്നതാകുന്നുണ്ട്. എന്നിരുന്നാലും സിനിമയിലെ ആദ്യ പകുതിയിലെ ദമ്പതികളുടെ രംഗം സിനിമയൊരുക്കിയവര് മുന്നോട്ട് വെക്കാന് ഉദ്ദേശിച്ച രാഷ്ട്രീയത്തിന്റെ നേര്വിപരീതമായാണ് അനുഭവപ്പെട്ടത്. ഇത് സംവിധായകന്റെ രാഷ്ട്രീയ സത്യസന്ധതയെ തന്നെ സംശയത്തില് നിര്ത്തുന്നതാണ്. ആക്ഷന് ഹീറോ ബിജുവില് നേരിട്ട വിമര്ശനങ്ങള് എബ്രിഡ് ഷൈന് പൂര്ണമായും ഉള്ക്കൊണ്ടോ എന്ന സംശയം ആത്മാര്ത്ഥമായും ഉണ്ട്.
നായികയെ അവതരിപ്പിച്ചിരിക്കുന്ന രീതിയും, മര്മ്മപ്രധാന രംഗത്തില് സ്ത്രീയ്ക്ക് നേരെയുള്ള അതിക്രമം അവതരിപ്പിച്ചതിലെ മെയില് ഗേസും അസ്വസ്ഥപ്പെടുത്തുന്നതാണ്.

നടന് എന്ന നിലയില് നിവിന് പോളി അനായാസമായ അഭിനയത്തിലൂടെ തന്റെ രംഗങ്ങള് കൈയ്യടക്കുമ്പോള് സ്ക്രീന് പ്രസന്സിലൂടേയും സട്ടിലായ ഭാവങ്ങളിലൂടേയും ആസിഫും കഥാപാത്രത്തെ മികച്ചതാക്കുന്നുണ്ട്. പക്ഷെ ചിത്രത്തിലെ ഷോ സ്റ്റീലേഴ്സ് വെറ്ററന്മാരായ ലാലു അലക്സും സിദ്ധീഖും ലാലും വിജയ് മേനോനുമാണ്.
എല്ലാവര്ക്കും ഒരുപോലെ അംഗീകരിക്കാനും തള്ളാനും സാധിക്കാത്തൊരു സിനിമയായിരിക്കും മഹാവീര്യര്. പക്ഷെ മുന്മാതൃകകളില്ലാത്തൊരു സിനിമ മലയാളത്തില് ഒരുക്കുന്നതിലൂടെ എബ്രിഡ് ഷൈന് നടത്തിയത് ധീരമായൊരു ചുവടുവെപ്പു തന്നെയാണ്. ചില രംഗങ്ങളിലെ വ്യക്തതയില്ലായ്മയും രംഗങ്ങള് പരസ്പരം ബന്ധപ്പെടുത്തുന്നതിലെ അപൂര്ണതയും ഉള്ളപ്പോഴും വ്യത്യസ്തമായൊരു സിനിമാ അനുഭവമാണ് മഹാവീര്യര്. കാഴ്ചക്കാരുടെ യുക്തിയ്ക്കും കാഴ്ചപ്പാടിനും അനുസരിച്ച് വായിച്ചെടുക്കാന് സാധിക്കുന്ന സിനിമ എന്ന നിലയില് മഹാവീര്യര് ഭാവിയില് ചര്ച്ചയാകുമെന്നുറപ്പാണ്.
-
'എന്നേക്കുമുള്ള പ്രിയ സുഹൃത്ത്, ബിഗ് ബോസിലെ സുഹൃത്തുക്കൾ യാത്രക്കിടെ കണ്ടുമുട്ടിയപ്പോൾ, ചിത്രങ്ങളുമായി അമൃത
-
'അപ്പൂപ്പന്റെ കൈയ്യിലിരിക്കുന്ന കൊച്ചുമകൾ'; ഹൃദയം നിറച്ച ചിത്രത്തെ കുറിച്ച് താര കല്യാൺ!
-
നന്നായി അഭിനയിച്ചാൽ മമ്മൂക്ക അപ്പോൾ തന്നെ പറയും, അങ്ങനെ ചെയ്യുന്ന വളരെ കുറച്ചുപേരെ ഉള്ളു: സോനാ നായർ