For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വാക്കുകള്‍ക്ക് അതീതം ഫഹദ് ഫാസില്‍! വികാരങ്ങളുടെ കുത്തൊഴുക്ക് നല്‍കി മലയന്‍കുഞ്ഞ്

  |

  Rating:
  4.0/5

  വീണ്ടുമൊരിക്കല്‍ കൂടി ഫഹദ് ഫാസില്‍ മലയോരങ്ങളിലേക്ക് കുടിയേറുകയാണ്. അന്ന് ഭാവന സ്റ്റുഡിയോസിലെ മഹേഷ് ആയിട്ടായിരുന്നുവെങ്കില്‍ ഇന്ന് കുടിയേറ്റം അനിക്കുട്ടനായിട്ടാണ്. മഹേഷ് സൗമ്യനും സല്‍സ്വഭാവിയുമായ അടുത്ത വീട്ടിലെ പ്രിയപ്പെട്ട ചേട്ടനും കൂട്ടുകാരനുമൊക്കെയായിരുന്നു. അനിക്കുട്ടനെന്ന അനില്‍കുമാര്‍ പക്ഷെ പ്രിയപ്പെട്ടവനല്ല, അയല്‍വീട്ടിലും നാട്ടിന്‍പുറത്തെ മൈതാനത്തുമൊക്കെ കണ്ടിട്ടുള്ള ചൂടനായ, ആളുകളോട് അടുപ്പം കാണിക്കാത്ത ആ മൊരടന്‍ ചേട്ടനാണ്.

  Also Read: 'എവിടെയാണെങ്കിലും നീയിന്ന് ഒരുപാട് സന്തോഷിക്കുന്നുണ്ടാകും...'; സച്ചിയെ ഓർത്ത് പൃഥ്വി

  മഹേഷിന്റേയും അനിക്കുട്ടന്റേയും ജീവിത പരിസരത്തില്‍ സാമ്യമുണ്ടെങ്കിലും സാഹചര്യങ്ങളും ജീവിതാവസ്ഥയുമൊക്കെ അവരെ വ്യത്യസ്തരാക്കുന്നതാണ്. മഹേഷിനുണ്ടായിരുന്നത് അപ്പന്‍ മാത്രമായിരുന്നു. അനിക്കുട്ടനുള്ളത് അമ്മ മാത്രവും. ഒരാള്‍ നിഷ്‌കളങ്കമായ ചിരിയോടെ എല്ലാവരുടേയും പ്രിയപ്പെട്ടവനാകുമ്പോള്‍ മറ്റൊരാള്‍ എല്ലാവരേയും തന്നില്‍ നിന്നും അകറ്റുന്നു. ഇത് രണ്ടും ചെയ്തിരിക്കുന്നത് ഒരേ നടനാണ്, ഫഹദ് ഫാസില്‍.

  മഹേഷ് നാരായണന്റെ തിരക്കഥയില്‍ സജിമോന്‍ സംവിധാനം ചെയ്ത ചിത്രമാണ് മലയന്‍കുഞ്ഞ്. സര്‍വൈവല്‍ ത്രില്ലറിന്റെ രൂപത്തില്‍ ശക്തമായൊരു രാഷ്ട്രീയം പറയാനുള്ള ശ്രമമാണ് മലയന്‍കുഞ്ഞ്. ക്യാമറയ്ക്ക് പിന്നില്‍ സജിമോനും മഹേഷ് നാരയണനും എആര്‍ റഹ്‌മാനും, ക്യാമറയ്ക്ക് മുന്നില്‍ ഫഹദ് ഫാസിലും ജാഫര്‍ ഇടുക്കിയുമടക്കമുള്ള അഭിനേതാക്കളും അത്ഭുതം സൃഷ്ടിക്കുകയാണ് മലയന്‍കുഞ്ഞില്‍.

  യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നു നില്‍ക്കുന്ന സമീപനത്തോടെയാണ് മലയന്‍കുഞ്ഞ് ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ആദ്യ പകുതിയും രണ്ടാം പകുതിയും തീര്‍ത്തും വ്യത്യസ്തമായ രണ്ട് തരത്തിലായിരിക്കും പ്രേക്ഷകരുമായി സംവദിക്കുക. ആദ്യ പകുതിയെ തിരക്കഥാകൃത്തും ഛായാഗ്രഹകനുമായ മഹേഷ് നാരായണനും സംവിധായകന്‍ സജിമോനും ഉപയോഗിച്ചിരിക്കുന്നത് അനിക്കുട്ടന്റെ സ്വഭാവ പരിസരത്തേയും ജീവിത പരിസരത്തേയും അടയാളപ്പെടുത്താനാണ്.

  തന്റെ ജീവിത്തിലുണ്ടായ ദുരന്തങ്ങള്‍ തീര്‍ത്ത ആഘാതവും പേറിയാണ് അനിക്കുട്ടന്‍ കഴിയുന്നത്. വീട്ടില്‍ അവനും അമ്മയും മാത്രം. അധികം കൂട്ടുകാരില്ല, അയല്‍വീട്ടുകാരുമായി പോലും സൗഹൃദമില്ല. വീടിനോട് ചേര്‍ന്നുള്ള ഒറ്റമുറിയില്‍ തന്റെ ഇലക്ട്രോണിക്‌സ് പണിയുമായി ജീവിക്കുകയാണ് അനിക്കുട്ടന്‍. അപരനെ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത, ജാതിചിന്ത പേറുന്ന, അവനവനിലേക്ക് തന്നെ ഒതുങ്ങി കൂടുന്നവനാണ് അനിക്കുട്ടന്‍.

  ഫഹദ് എന്ന നടനും സജിമോന്‍ എന്ന സംവിധായകനും വലിയ ബഹളൊന്നുമില്ലാതെ, ചെറിയ സന്ദര്‍ഭങ്ങളിലൂടേയും മുഖഭാവങ്ങളിലൂടേയും അനിക്കുട്ടന്‍ ആരാണെന്ന് പറഞ്ഞു തരികയാണ്. അനിക്കുട്ടനെ അടുത്ത വീടുകളിലോ നാട്ടിന്‍പുറത്തെ കവലയിലോ ചിലപ്പോഴെങ്കില്‍ നമ്മളില്‍ തന്നെയോ നമ്മള്‍ കണ്ടിട്ടുണ്ട്. അയാളുടെ ചെയ്തികളേയും സ്വഭാവത്തേയും നമുക്ക് അംഗീകരിക്കാന്‍ സാധിച്ചെന്ന് വരില്ല. ഇവന്‍ ജയിച്ചുകാണമെന്ന് പ്രേക്ഷകരെ തോന്നിപ്പിക്കുന്ന നായകനുമല്ല അനിക്കുട്ടന്‍.

  കേന്ദ്ര കഥാപാത്രത്തേയും കഥാപരിസരവും അടയാളപ്പെടുത്തിയ ആദ്യപകുതിയ്ക്ക് ശേഷം സിനിമ അതിവേഗം തന്നെ രണ്ടാം പകുതിയിലേക്ക് കടക്കുകയാണ്. ഇവിടെ സിനിമയൊരു സര്‍വൈവല്‍ ത്രില്ലറായി മാറുകയാണ്. രണ്ടാം പകുതിയില്‍ മലയന്‍കുഞ്ഞ് എന്ന സിനിമ ഒരു റീലേ മത്സരത്തെ ഓര്‍മ്മിപ്പിക്കുകയാണ്. ഫഹദ് ഫാസിലെന്ന നടനും സജിമോന്‍ എന്ന മേക്കറും മഹേഷ് നാരായണന്‍ എന്ന ക്യാമറമാനും എആര്‍ റഹ്‌മാന്‍ എന്ന സംവിധായകനും ഒരേ മനസോടെ ഒരേ ലക്ഷ്യം വച്ചുകൊണ്ട് ബാറ്റണ്‍ കൈമാറി കൈമാറി മുന്നോട്ട് കുതിക്കുകയാണ്.

  ആദ്യപകുതി കളം ഒരുക്കാനുള്ളതായിരുന്നുവെങ്കില്‍ രണ്ടാം പകുതി ആ കളത്തില്‍ നിലയുറപ്പിച്ച് നിന്ന് ഉയര്‍ന്ന് കുതിക്കാനുള്ളതായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ സിനിമ നായകന് മുന്നില്‍ വെക്കുന്ന വെല്ലുവിളികള്‍ പ്രതീക്ഷിച്ചത്ര വലുതായിരുന്നുവോ എന്നത് സംശയമാണ്. എന്നിരുന്നാലും ക്ലൈമാക്‌സിലേക്ക് എത്തുമ്പോഴേക്കും ഒരുപാട് വികാരങ്ങളിലൂടെ നയിക്കാന്‍ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്.

  മഴയേയും മഴക്കാലത്തേയും പൊതുവെ കാല്‍പ്പനികവത്കരിക്കുക എന്നതാണ് മലയാള സിനിമയുടെ ശീലം. അങ്ങനെയാണ് മഴ നമുക്ക് ക്ലാരയാകുന്നത്. പക്ഷെ വ്യക്തിപരമായി മഴ ക്ലാരയല്ല. മഴ ചിലര്‍ക്ക് സന്തോഷവും കുളിരുമൊക്കെ കൊണ്ടു വരുമെങ്കിലും ചിലര്‍ക്കെങ്കിലും മഴ കൊണ്ടുവരുന്നത് ഭീതിയും എകാന്തതയുമൊക്കെയാണ്. ചിത്രത്തിന്റെ തുടക്കം മുതല്‍ തന്നെ മഴയെ അവതരിപ്പിക്കുന്നത് കാല്‍പ്പനികതയുടെ ആനുകൂല്യമില്ലാതെയാണ്. അതുകൊണ്ട് തന്നെ മഴയും മഴത്ത് ചോര്‍ന്നൊലിക്കുന്ന ആ വീടും പരിസരവുമൊക്കെ സിനിമയുമായൊരു ഇമോഷണല്‍ ലോക്കുണ്ടാക്കുന്നുണ്ട്.

  സിനിമയുടെ അവസാന രംഗങ്ങള്‍ പുത്തുമലയിലും പെട്ടിമുടിയിലുമെല്ലാമുണ്ടായ ഉരുള്‍പൊട്ടലുകളെ ഓര്‍മ്മിപ്പിക്കുന്നതാണ്. ആദ്യം അകലെ നിന്നും പിന്നീട് അടുത്തു നിന്നും കണ്ട ആ കാഴ്ചകളിലേക്കുള്ള തിരിച്ചുപോക്ക് കൂടിയാകുമ്പോള്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ് വല്ലാത്തൊരു ഭാരം ഹൃദയത്തില്‍ ബാക്കിയാക്കുന്നുണ്ട്.

  പ്രകടനത്തിന്റെ കാര്യത്തില്‍ ഫഹദ് ഫാസിലെന്ന നടന്‍ ഒരിക്കല്‍ കൂടി അത്ഭുതപ്പെടുത്തുകയാണ്. എങ്ങനെയാണ് ഒരു മനുഷ്യന് ഇത്ര അനായാസം മറ്റൊരു മനുഷ്യനായി മാറാന്‍ സാധിക്കുന്നത്. ആദ്യം മുതല്‍ അവസാനം വരെ സ്‌ക്രീനില്‍ കണ്ടത് അനിക്കുട്ടനെയായിരുന്നു. താനല്ലാതെ മറ്റൊരാള്‍ക്കും സാധിക്കാത്തത്ര കയ്യടക്കത്തോടെയാണ് ഫഫദ് ഒരു കഥാപാത്രമായി മാറുന്നത്. പ്രകടനത്തില്‍ ജാഫര്‍ ഇടുക്കി കൊണ്ടുവരുന്ന റിലേറ്റബിലിറ്റി പ്രശംസനീയമാണ്. കുറച്ച് രംഗങ്ങളില്‍ മാത്രമുണ്ടാകുമ്പോഴും ഈ മനുഷ്യനെ എനിക്ക് കാലങ്ങളായി അറിയാമല്ലോ എന്നൊരു തോന്നലുണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.

  എആര്‍ റഹ്‌മാന്‍ എന്ന സംഗീത സംവിധായകന്റെ ക്രാഫ്റ്റ് മലയന്‍കുഞ്ഞ് എന്ന സിനിമയിലെ വൈകാരിക നിമിഷങ്ങളെ ഒരുപാട് ലിഫ്റ്റ് ചെയ്യുന്നുണ്ട്. എആര്‍ റഹ്‌മാന്‍ ആണിത് ചെയ്യുന്നതെന്ന് കാഴ്ചക്കാരോട് വിളിച്ച് പറയാതെ ഓരോ രംഗത്തേയും കാഴ്ചക്കാരുമായി കണക്ട് ചെയ്യിക്കാനാണ് അദ്ദേഹം ശ്രമിച്ചിരിക്കുന്നത്. രണ്ടാം പകുതിയില്‍ പ്രത്യേകിച്ചും.

  മഹേഷിന്റെ തിരക്കഥയും ക്യാമറയും ഒരുപോലെ സിനിമയെ മുന്നോട്ട് നയിക്കുന്നതാണ്. ആദ്യ പകുതിയില്‍ തിരക്കഥാകൃത്തെന്ന നിലയില്‍ ചിത്രത്തെ നയിക്കുന്ന മഹേഷ് രണ്ടാം പകുതിയില്‍ ഛായാഗ്രാഹകന്‍ എന്ന നിലയിലാണ് ആ ചുമതല നടപ്പിലാക്കുന്നത്. രണ്ട് റോളും മഹേഷ് ഗംഭീരം. സജിമോന്‍ എന്ന സംവിധായകന്‍ ആദ്യ സിനിമയിലൂടെ പ്രതീക്ഷ നല്‍കുന്ന പേരായി മാറിയിരിക്കുകയാണ്.

  സര്‍വൈവല്‍ ത്രില്ലറായ മലയന്‍കുഞ്ഞ് അതിന്റെ രാഷ്ട്രീയം കൊണ്ടുകൂടിയുമൊരു സര്‍വൈവല്‍ ത്രില്ലറാണ്. അനിക്കുട്ടന് രക്ഷപ്പെടാനുള്ളത് കഴുത്തൊപ്പം എത്തി നില്‍ക്കുന്ന ചെളിയില്‍ നിന്നുമാത്രമല്ല അത്രത്തോളം തന്നെ അവനെ മൂടിക്കഴിഞ്ഞ ജാതി ബോധത്തില്‍ നിന്നു കൂടിയാണ്. ഈ രാഷ്ട്രീയം സിനിമ ഒരിടത്ത് വാക്കുകളിലൂടെ തന്നെ പറയുന്നുണ്ട്. അത് വേണ്ടായിരുന്നുവെന്നാണ് തോന്നുന്നത്. ക്ലൈമാക്‌സിലേക്ക് എത്തുമ്പോള്‍ ആ രാഷ്ട്രീയം വളരെ വ്യക്തമായി തന്നെ സിനിമയ്ക്ക് ബോധ്യപ്പെടുത്താന്‍ സാധിക്കുന്നുണ്ട്.

  ഒരുപാട് വികാരങ്ങളിലൂടെ സഞ്ചരിക്കുന്ന, തീയേറ്ററിന്റെ സൗകര്യങ്ങള്‍ ചൂഷണം ചെയ്തു തന്നെ കാണേണ്ടൊരു സിനിമയാണ് മലയന്‍കുഞ്ഞ്. പ്രകടനം കൊണ്ടും മേക്കിംഗ് കൊണ്ടും ഒരു മാസ്റ്റര്‍പീസ്.

  English summary
  Malayankunju Review: Fahadh Faasil Shine Again In This Survival Thriller With A Political Punch
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X