ഇയ്യോബിന്റെ ചരിത്രവായന
ഇയ്യോബിന്റെ പുസ്തകം എന്ന പുതിയ ചിത്രം കണ്ട ശേഷം അമല്‍ നീരദ് എന്ന ചായാഗ്രാഹകനെയാണോ സംവിധായകനെയോ നിങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുകയെന്നൊരു ചോദ്യം ഉന്നയിച്ചാല്‍ മറുപടി പറയാന്‍ പ്രയാസമാകും. കാരണം ഒരാളിലെ തന്നെ രണ്ടു കലാകാരന്‍മാര്‍ പരസ്പരം മല്‍സരിച്ചൊരുക്കിയ ചിത്രമാണ് ഇയ്യോബിന്റെ പുസ്തകം എന്നുറപ്പിച്ചു പറയാന്‍ കഴിയും. മലയാള സിനിമ പുതിയൊരു ട്രന്‍ഡിലേക്കു കടക്കുന്നതിന്റെ സൂചനയാണ് ഈ ചിത്രം. തീര്‍ച്ചയായും നിറഞ്ഞ മനസ്സോടെ കണ്ടിരിക്കാവുന്ന ചിത്രം. അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിനു ശേഷം മൂന്നാറിന്റെ സൗന്ദര്യം ഒട്ടും ചോര്‍ന്നുപോകാതെ കാമറാമാന്‍ ഒപ്പിയെടുത്തിരിക്കുകയാണിവിടെ.
ഫഹദ് ഫാസില്‍ എന്ന നായകനണോ ജയസൂര്യ എന്ന വില്ലനാണോ ഈ ചിത്രത്തില്‍ നിങ്ങള്‍ കൂടുതല്‍ മാര്‍ക്കിടുക എന്നു ചോദിച്ചാലും കുഴങ്ങിപ്പോകും. അഭിനയിച്ച താരങ്ങളെല്ലാം ഒരേപോലെ തിളങ്ങിയ ചിത്രം അടുത്തൊന്നും മലയാളത്തിലുണ്ടായിട്ടില്ല. ഇയ്യോബിന്റെ ജീവിതം വിവിധ കാലഘട്ടത്തിലൂടെ അവതരിപ്പിച്ച ലാലിനെ നടനെയും കയ്യടിക്കാതെ വയ്യ. വിനായകന്‍, ചെമ്പന്‍ വിനോദ്, ജിനു ജോസഫ്, പത്മപ്രിയ, ഇഷാ ഷെര്‍വാണി, ലെന എന്നിങ്ങനെ ഓരോ കഥാപാത്രങ്ങളും സിനിമ തീര്‍ന്നാലും പ്രേക്ഷകര്‍ക്കൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.

കാലഘട്ട സിനിമയൊരുക്കുമ്പോള്‍ ഉണ്ടാകാവുന്ന ഡോക്യുമെന്ററി സ്വഭാവം ഒട്ടും ഇല്ലാതെയാണ് സിനിമയൊരുക്കിയിരിക്കുന്നത്. ആകെ മുഷിപ്പിക്കുന്നത് പാട്ടുകള്‍ മാത്രമാണ്. അതേപോലെ അമല പോള്‍ അവതരിപ്പിക്കുന്ന ഐറ്റം ഡാന്‍സും. അങ്ങനെയൊന്ന് ഈ സിനിമയില്‍ തീരെ ആവശ്യമില്ലായിരുന്നു. ചെയ്യുന്ന സിനിമകളിലെല്ലാം ഐറ്റം ഡാന്‍സ് നിര്‍ബന്ധമുള്ള ആളാണ് അമല്‍ നീരദ്. അതുകൊണ്ട് ആ ഭാഗം പ്രേക്ഷകര്‍ക്കു എഡിറ്റു ചെയ്യാം.
ബ്രിട്ടീഷ് ഭരണം അവസാനിക്കുകയും സ്വതന്ത്ര ഇന്ത്യ രൂപപ്പെടുകയും ചെയ്യുന്ന കാലഘട്ടത്തിലെ സിനിമയാണിത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടമാണെങ്കിലും കാഴ്ചയില്‍ ഒട്ടും പിശുക്കുകാട്ടാതെയാണ് അമല്‍ നീരദിലെ കാമറാമാന്‍ പ്രവര്‍ത്തിച്ചത്. ആ കാമറാമാന് പൂര്‍ണ പിന്തുണ നല്‍കുന്നതായിരുന്നു അയാളിലെ സംവിധായകനും.
നവാഗതനായ ഗോപന്‍ ചിദംബരത്തിന്റെതാണ് കഥയും തിരക്കഥയും. സംഭാഷണം എഴുതാന്‍ ശ്യാം പുഷ്‌കറും ഗോപനൊപ്പം ചേരുന്നു. ഇതൊരു ചരിത്ര സിനിമയല്ല. ചരിത്രകാലത്തെ പ്രണയവും പോരാട്ടവും പ്രതികാരവും പകയും കാമവുമെല്ലാമാണ്. അത് എക്കാലത്തും തുടരൊന്നു മനുഷ്യവികാരമാണെന്നാണ് ഇയ്യോബിന്റെ പുസ്തകം വായിച്ചു കഴിയുമ്പോള്‍ പ്രേക്ഷകര്‍ക്കു ബോധ്യമാകുന്നത്. ഈ ചരിത്ര വായന വെറുതെയാകില്ല എന്നുറപ്പാണ്.


Click it and Unblock the Notifications