twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നായാട്ടിന്റെ രാഷ്ട്രീയം ദളിത് വിരുദ്ധതയാണ്, പ്രകടനവും ക്രാഫ്റ്റുമെല്ലാം പിന്നീടാണ്

    |

    ഒരു സിനിമയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടത് ആ സിനിമ പറയുന്നത് എന്താണെന്നതാണ്. താരങ്ങളുടെ അഭിനയവും ഛായാഗ്രഹണവും എഡിറ്റിംഗും സംഗീതവുമെല്ലാം അതിനെ സപ്പോര്‍ട്ട് ചെയ്യാനുള്ള ടൂളുകളാണ്. അതിനാല്‍ ഒരു സിനിമയെ കുറിച്ച് ച‍ര്‍ച്ച ചെയ്യുമ്പോള്‍ ഏറ്റവും പ്രഥമമായി ച‍ര്‍ച്ച ചെയ്യേണ്ടത് ആ സിനിമ എന്താണ് മുന്നോട്ട് വെക്കുന്നത് എന്നതാണ്. മറ്റ് ഘടകങ്ങളെല്ലാം സെക്കന്‍ററി മാത്രമാണ്. ഇവിടെ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് കഴിഞ്ഞ ദിവസം നെറ്റ്ഫ്ളിക്സിലെത്തിയ നായാട്ട് എന്ന സിനിമയാണ്. ജോജു, നിമിഷ, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുടെ പ്രകടനത്തേയും ഷെെജുവിന്‍റെ ക്യാമറയും എല്ലാം അഭിനന്ദനം അ‍ര്‍ഹിക്കുന്ന ഘടകങ്ങളാകുമ്പോഴും നായാട്ട് ച‍ര്‍ച്ചയാകുന്നതും ച‍ര്‍ച്ചയാക്കപ്പെടേണ്ടതും ആകുന്നത് സിനിമ പറയുന്ന രാഷ്ട്രീയത്തിന്‍റെ പേരിലാകണം.

    നായാട്ട്

    എന്താണ് നായാട്ട് പറയുന്ന രാഷ്ട്രീയം? സിസ്റ്റം എന്ന വേട്ടമൃഗം നടത്തുന്ന നായാട്ടും അതില്‍ ജീവനും കൊണ്ടോടുന്ന ഒരുപറ്റം ആളുകളേയും കുറിച്ചാണ് നായാട്ട് പറയുന്നത്. തങ്ങള്‍ കൂടി ഭാഗമായിരുന്ന സിസ്റ്റം തങ്ങള്‍ക്കെതിരെ തന്നെ തിരിയുമ്പോള്‍ മൂന്ന് പോലീസുകാര്‍ നടത്തുന്ന ജീവന്മരണ ഓട്ടം. കേരളത്തിലെ പോലീസ് ഇത്രമേല്‍ സമ്മ‍ര്‍ദ്ദം അനുഭവിക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ട് എന്ന് തന്നെയാണ് ഉത്തരം. കേരളത്തില്‍ ആത്മഹത്യ ചെയ്ത പോലീസുകാരുടെ എണ്ണം പരിശോധിച്ചാല്‍ മാത്രം അവര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം മനസിലാക്കാന്‍ സാധിക്കും. പോലീസുകാര്‍ ഒരു കേസില്‍ പെടുമ്പോള്‍ പോലീസ് സംവിധാനം അവരെ പിന്തുണയ്ക്കാതെ അവരെ വേട്ടയാടുമോ എന്നാണ് മറ്റൊരു ചോദ്യം. നാളിതുവരെ നമ്മുടെ നാട്ടില്‍ നടന്ന പോലീസ് അതിക്രമങ്ങളില്‍ പോലീസ് ആര്‍ക്കൊപ്പം നിന്നുവെന്നും ആര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും പരിശോധിച്ചാല്‍ അതിനുള്ള ഉത്തരം ലഭിക്കും.

    നായാട്ട്

    സിനിമയിലേക്ക് വീണ്ടും വരുമ്പോള്‍ നമ്മള്‍ കാണുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ട് ഒരു സര്‍ക്കാര്‍ ദളിത് വോട്ട് ബാങ്ക് ലക്ഷ്യമിട്ട് തങ്ങളുടെ സിസ്റ്റത്തിന്റെ ഭാഗമായിരുന്നവരെ തന്നെ വേട്ടയാടുന്നതാണ്. ഇവിടെയാണ് നായാട്ട് എന്ന സിനിമ അതിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്നത്. ആ രാഷ്ട്രീയമാണ് ദളിത് വിരുദ്ധമാണെന്ന് പറയുന്നത്. കേരള പോലീസെന്ന, ദളിത് വിരുദ്ധതയ്ക്ക് പേരുകേട്ടൊരു സംവിധാനത്തെയും കേരളത്തിന്‍റെ മുഖ്യമന്ത്രിയേയും നിയന്ത്രിക്കാന്‍ തക്ക കരുത്ത് കേരളത്തിലെ ദളിത് സംഘടനകള്‍ക്കുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്ന് തന്നെയാണ് ഉത്തരം. ഇപ്പോഴും പൂര്‍ണമായും സംഘടിച്ചിട്ടില്ലാത്ത, സിസ്റ്റം നേരിട്ടും അല്ലാതേയും വേട്ടയാടുന്ന വിഭാഗമാണ് ദളിതര്‍. അങ്ങനെയുള്ളൊരു സമൂഹം കേരളത്തിലെ ഏറ്റവും ശക്തമായൊരു സംവിധാനത്തെ തങ്ങളുടെ ടൂളാക്കാന്‍ മാത്രം കരുത്തുള്ളവരാകുന്നത് അവിശ്വസനീയമാണ്.

    നായാട്ട്

    കാലങ്ങളായി നമ്മുടെ നാട്ടിലുള്ള ദളിത് വിരുദ്ധ കാഴ്ചപ്പാടുകളാണ് ദളിത‍ര്‍ തങ്ങള്‍ക്ക് നിയമം നല്‍കുന്ന 'പ്രത്യേക പരിഗണന' ഉപയോഗിച്ച് മറ്റുള്ളവരെ കേസില്‍ പെടുത്തുന്നുവെന്നതും സംവരണത്തിലൂടെ 'മെറിറ്റ്' ഇല്ലാതെ സ‍ര്‍ക്കാര്‍ ജോലി നേടുന്നുവെന്നതും. ഈ കാഴ്ചപ്പാടുകളോട് ചേ‍ര്‍ന്നു നില്‍ക്കുന്നതും ഇവയെ ഊട്ടിയുറപ്പിക്കുന്നതുമാണ് പ്രിയദ‍‍ര്‍ശന്‍ സിനിമകള്‍ പോലുള്ളവ. സമാനമായൊരു കാഴ്ചപ്പാട് സ്ത്രീപക്ഷവാദികള്‍ക്കെതിരേയും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിയമങ്ങളെക്കുറിച്ചും സമൂഹത്തില്‍ നിലനില്‍ക്കുന്നതായി കാണാം. ഈ വാദങ്ങളെല്ലാം മുന്നോട്ട് വെക്കുന്നത് വേട്ടക്കാര്‍ തന്നെയായിരിക്കുമെന്നതാണ് ഇതിലെ വസ്തുത. ഈ പറഞ്ഞ അതേ വാദത്തെ തന്നെ പിന്തുണയ്ക്കുന്നതാണ് നായാട്ടിന്‍റെ രാഷ്ട്രീയം.

    നായാട്ട്

    ദളിതന്‍ കുനിഞ്ഞ് നില്‍ക്കുന്ന കാലം കഴിഞ്ഞു സാറേ എന്നു പറയുന്നത് ഇന്നും കേരളത്തില്‍ ശക്തമായൊരു രാഷ്ട്രീയ നിലപാടായി മാറേണ്ട ഒന്നാണെന്നിരിക്കെ ഇവിടെ ഈ ഡയലോഗ് ഉപയോഗിച്ചിരിക്കുന്നത് പോലും തീ‍ര്‍ത്തും വിപരീതമായൊരു റിയാക്ഷന്‍ പ്രേക്ഷകനിലുണ്ടാക്കാനാണ്. നായന്മാരുടെ ദാരിദ്രത്തെക്കുറിച്ച് പറഞ്ഞ് കണ്ണീരൊഴുക്കുമ്പോള്‍ വില്ലനായി സംവരണത്തിലൂടെ ജോലി നേടിയ ദളിതനെ കാണിച്ചിരുന്ന കാലത്തു നിന്നും പോലീസിന്റെ സമ്മര്‍ദ്ദം പറയുന്നിടത്ത് ദളിത് അട്രോസിറ്റി ആക്ട് ദുരുപയോഗം ചെയ്യുന്ന ദളിതനെ വില്ലനാക്കേണ്ടി വരുന്നിടത്തേക്ക് മാറി എന്നത് മാത്രമാണ് നായാട്ടിലുണ്ടായിരിക്കുന്ന മാറ്റം. ആത്യന്തികമായി ചിത്രം പറഞ്ഞുവെക്കുന്നതോ അല്ലെങ്കില്‍ ചേര്‍ന്നു നില്‍ക്കുന്നതോ ദളിത് വിരുദ്ധതയോടാണ്. അതിനാല്‍, ജോജുവിന്‍റെ അഭിനയത്തെ കുറിച്ചും ഷെെജുവിന്‍റെ ക്യാമറയെ കുറിച്ചും മാ‍ര്‍ട്ടിന്റെ മേക്കിംഗിനെ കുറിച്ചുമെല്ലാം അടിപൊളി എന്നു പറയും മുമ്പ് ച‍‍ര്‍ച്ച ചെയ്യേണ്ടത് നായാട്ട് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയമാണ്. ആ രാഷ്ട്രീയം ദളിത് വിരുദ്ധതയാണ്. അത് വിമ‍‍ര്‍ശിക്കപ്പെട്ടിരിക്കണം.

    Recommended Video

    Nayattu Official Trailer Reaction | Filmibeat Malayalam
    നായാട്ട്

    ഇതിലെന്ത് ദളിത് വിരുദ്ധതയാണ് ഞങ്ങളൊന്നും കണ്ടില്ലല്ലോ എന്ന് പറയുന്ന ചിലരുണ്ട്. ആ കൂട്ടരോട് പറയാനുള്ളത്, രാത്രി സൂര്യനെ കാണുന്നില്ല എന്നു പറ‍ഞ്ഞാ സൂര്യനവിടെ ഇല്ലെന്നല്ലല്ലോ അ‍ര്‍ത്ഥം. ഇരുട്ട് ബാധിച്ചിരിക്കുന്നത് നിങ്ങളുടെ കണ്ണുകള്‍ക്കാണ്. കാത്തിരിക്കുക, ഇരുട്ട് മാറും വെളിച്ചം എന്നെങ്കിലും വരും.

    Read more about: review റിവ്യൂ
    English summary
    Nayattu Malayalam Movie Review: Kunchacko Boban And Nimisha Sajayan Starrer Is A Perfect Thriller
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X