ആകാശം വിട്ട് ജനങ്ങളിലേക്ക് തിരിച്ചു വരുന്ന താരം; കയ്യടി അനശ്വരയ്ക്ക് കൂടിയുള്ളത്

പത്ത് വര്‍ഷം മുമ്പ്. ഇതുപോലൊരു ഡിസംബര്‍ മാസത്തില്‍ അധികം ബഹളങ്ങളൊന്നുമില്ലാതെ ഒരു സിനിമ വന്നു. ആദ്യ ഷോയ്ക്ക് പോലും മിക്ക തീയേറ്ററുകളിലും സീറ്റുകള്‍ പലതും ഒഴിഞ്ഞു കിടന്നു. പക്ഷെ ആ ദിവസം കഴിയുമ്പോഴേക്കും മാറി മറഞ്ഞത് മലയാള സിനിമയുടെ തന്നെ തലവരയായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും ആ സിനിമയെക്കുറിച്ച് സിനിമാ പ്രേമികള്‍ സംസാരിച്ച് നിര്‍ത്തിയിട്ടില്ല. ദേശവും ഭാഷയും കടന്ന് ഇപ്പോഴും ആ സിനിമ സഞ്ചരിക്കുന്നു. ദൃശ്യം ആയിരുന്നു ആ സിനിമ. സംവിധാനം ജീത്തു ജോസഫ്, നായകന്‍ മോഹന്‍ലാല്‍.

ദൃശ്യമിറങ്ങി പത്ത് വര്‍ഷം കഴിഞ്ഞ് ആ ജോഡി വീണ്ടുമെത്തുകയാണ്. പത്ത് വര്‍ഷത്തിനിടെ അവര്‍ പലവട്ടം കൈ കോര്‍ത്തു. ഒരുമിച്ച് വളര്‍ന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തുവും നേരുമായി വരുമ്പോള്‍ സാഹചര്യങ്ങള്‍ ഏതാണ്ട് ദൃശ്യത്തിന്റേത് പോലെ തന്നെയാണ്. പ്രൊമോഷന്‍ ബഹളങ്ങളോ തീയേറ്ററിന് മുന്നില്‍ ആരാധകരുടെ കാത്തിരിപ്പോ ഒന്നുമില്ല. തൊട്ടടുത്ത തീയേറ്ററില്‍ സമീപകാലത്ത് ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ തിരിച്ചുവരവ് നടത്തിയ ഷാരൂഖ് ഖാന്‍. പാന്‍ ഇന്ത്യന്‍ ഹൈപ്പുമായി സലാര്‍ നാളെ ഓടിത്തുടങ്ങാനും കാത്തിരിക്കുന്നു.

Neru Review

കോര്‍ട്ട് റൂം ഡ്രാമയാണ് നേര്. കോര്‍ട്ട് റൂം ഡ്രാമകള്‍ മലയാളത്തില്‍ കഴിഞ്ഞ കുറച്ച് നാളുകളായി പതിവ് കാഴ്ചയാണ്. ജനഗണമന പോലെ അതിനാടകീയതും സൗദി വെള്ളക്ക പോലെ സാധാരണവുമായ കോര്‍ട്ട് റൂം ഡ്രാമകള്‍ പോയ കുറച്ച് കാലത്തിനുള്ളില്‍ തന്നെ നമ്മള്‍ കണ്ടിട്ടുള്ളതാണ്. ഇതിന് രണ്ടിനും ഇടയിലൂടെ സഞ്ചരിക്കുന്ന സിനിമയാണ് നേര്. റിയലിസത്തില്‍ നിന്നും പുറപ്പെടുകയും അതിനാടകയീതയിലേക്ക് കടക്കുകയും ചെയ്യാതെ. ആന്റ് ഇറ്റ് വര്‍ക്ക്‌സ്!

സാറ എന്ന പെണ്‍കുട്ടി പീഡനത്തിന് ഇരയാകുന്നിടത്താണ് നേര് ആരംഭിക്കുന്നത്. സാക്ഷികളോ മതിയായ തെളിവുകളോ ഇല്ല. ഇരയാകട്ടെ അന്ധയും. ഈ പ്രീമൈസില്‍ നിന്നുമാണ് നേര് കഥ പറഞ്ഞ് തുടങ്ങുന്നത്. ജീത്തുവിന്റെ പതിവ് രീതി പോലെ പതിഞ്ഞ താളത്തില്‍ തുടങ്ങി ഇന്റര്‍വെല്ലോടെ ഗ്രീപ്പിംഗ് ആയി മാറുന്ന രീതിയല്ല നേരിന്റേത്. തുടക്കത്തില്‍ തന്നെ സിനിമ പ്രധാന കഥയിലേക്ക് കടക്കുകയാണ്. ജീത്തുവിന്റെ ഏറ്റവും മികച്ച ആദ്യപകുതിയാകും നേര്.

കുറ്റാന്വേഷണമോ പ്രതിയെ കണ്ടത്തലോ അല്ല നേരിന്റെ ലക്ഷ്യം. അതിനപ്പുറത്ത് കോടതിയില്‍ കുറ്റം തെളിയിക്കുക എന്നതാണ്. ദൃശ്യത്തില്‍ ജോര്‍ജ്കുട്ടിയുടെ ശ്രമം കുറ്റം മറച്ചുവെക്കാനാണെങ്കില്‍ ഇവിടെയത് തെളിയിച്ചെടുക്കാനാണ്. അന്ന് പ്രതി സ്ഥാനത്തുണ്ടായിരുന്ന നായകന്‍ ഇന്ന് നില്‍ക്കുന്നത് വാദിയ്‌ക്കൊപ്പമാണ്. വളരെ രസകരമായൊരു ടേബിള്‍ ഫ്‌ളിപ്പ്.

കോര്‍ട്ട് റൂമിലെ വാദപ്രതിവാദങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമയില്‍ ട്വിസ്റ്റുകളോ ടേണുകളോ ഇല്ല. അതില്ലാതെ തന്നെ പ്രേക്ഷകരെ ഹുക്ക് ചെയ്ത് നിലനിര്‍ത്താന്‍ ജീത്തുവിന് സാധിച്ചിട്ടുണ്ട്. കോര്‍ട്ടിലെ നടപടിക്രമങ്ങള്‍ അവതരിപ്പിക്കാനും, അതിനെ സാധാരണ പ്രേക്ഷകരുമായി കണക്ട് ചെയ്യിപ്പിക്കാനും നേരിന് സാധിച്ചിട്ടുണ്ട്. ഇതുവരേയും തന്റെ ഏറ്റവും വലിയ ആയുധമായി ലോകം കണക്കാക്കിയിരുന്ന ട്വിസ്റ്റുകളെ ഉപേക്ഷിച്ച ജീത്തുവിനെയാണ് നേരില്‍ കാണുന്നത്. കോര്‍ട്ട് റൂം ഡ്രാമയായതിനാല്‍ തന്നെ സിനിമ കൂടുതലും റിലൈ ചെയ്തിരിക്കുന്നത് ഡയലോഗുകളിലാണ്. ജീത്തുവിന്റെ സിനിമയില്‍ നാടകീയതയ്ക്ക് വലിയ സ്ഥാനമുണ്ട്. നേരിലെ ഡയലോഗുകളിലും അതുണ്ട്. പക്ഷെ മിനിമലാണ്.

കഴിഞ്ഞ കുറേനാളുകളായി മോഹന്‍ലാല്‍ എന്ന പെര്‍ഫോമറെ നഷ്ടപ്പെട്ടൊരു ഫീലായിരുന്നു. ''ഐ ഹാവ് ലോസ്റ്റ് മൈ ടച്ച്'' എന്ന് പറയുന്നത് കഥാപാത്രമാണോ അതോ മോഹന്‍ലാല്‍ തന്നെയാണോ എന്ന് തോന്നിപ്പിക്കും വിധം തന്നെ. തന്റെ കഥാപാത്രത്തെ പോലെ തന്നെ പതിയെ ആത്മവിശ്വാസം നേടിയെടുത്ത് തന്റെ ടച്ചിലേക്ക് തിരികെ വരുന്ന മോഹന്‍ലാലിനെ നേരില്‍ കാണാം.

പഴയ കാല മോഹന്‍ലാലിനെ വീണ്ടെടുക്കാനോ പുതിയകാലത്തെ മോഹന്‍ലാലിനെ ആഘോഷിക്കാനോ നേര് ശ്രമിച്ചിട്ടില്ല. പകരം സട്ടിലായ എക്‌സ്പ്രഷനുകൡലൂടേയും ശരീരചലനങ്ങളിലൂടേയും കഥാപാത്രമായി മാറുകയാണ് മോഹന്‍ലാല്‍. പൊതുവെ മോഹന്‍ലാല്‍ സിനിമകളില്‍ മോഹന്‍ലാല്‍ എന്ന പെര്‍ഫോമര്‍ക്ക് ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളായിരിക്കും മറ്റ് കഥാപാത്രങ്ങള്‍. എന്നാല്‍ ഇവിടെയാണ് നേര് വ്യത്യസ്തമാകുന്നത്.

തന്റെ അഴിഞ്ഞാട്ടമോ മാസ് പ്രസന്‍സോ ഇല്ലാതെ, ഒരു ഓരത്തേക്ക് മാറി നില്‍ക്കുന്ന മോഹന്‍ലാലാണ് നേരിലുള്ളത്. മറ്റുള്ളവര്‍ക്ക് പെര്‍ഫോം ചെയ്യാനുള്ള സ്‌പേസ് വിട്ടു നല്‍കി കൊണ്ട് മാറി നില്‍ക്കുന്ന സൂപ്പര്‍ താരം. ചിത്രത്തിലെ ആദ്യ കയ്യടി രംഗം അനശ്വര രാജനുള്ളതാണ്. ഈ രംഗത്തില്‍ മോഹന്‍ലാലിന്റേത് സഹനടന്റെ വേഷം മാത്രമാണ്. ആ അര്‍ത്ഥത്തില്‍ തങ്ങളുടെ ഏറ്റവും മികച്ച ആയുധങ്ങള്‍ മാറ്റി വച്ചു കൊണ്ട് സ്വയം നവീകരിക്കാന്‍ ശ്രമിക്കുന്ന മോഹന്‍ലാലും ജീത്തുവുമാണ് നേരത്തിലുള്ളത്.

മോഹന്‍ലാല്‍ ചിത്രമായിരിക്കുമ്പോഴും മോഹന്‍ലാലിന്റേത് മാത്രമാകുന്നില്ല നേര്. എല്ലാ അര്‍ത്ഥത്തിലും ഈ ചിത്രം അനശ്വര രാജന്റേത് കൂടെയാണ്. ചിത്രത്തിലെ യഥാര്‍ത്ഥ പ്രൊട്ടഗോണിസ്റ്റ് അനശ്വരയുടെ സാറ തന്നെയാണ്. മോഹന്‍ലാലിനെ പോലൊരു താരമുള്ള സിനിമയില്‍ 'രക്ഷപ്പെടുത്തേണ്ട കുട്ടി' എന്ന ഇമേജില്‍ ഒതുങ്ങിപോകാന്‍ സാധ്യതയുണ്ടായിരുന്ന കഥാപാത്രമായിരുന്നു സാറയുടേത്. എന്നാല്‍ തിരക്കഥാകൃത്തുകള്‍ സാറയ്ക്ക് കൃത്യമായ ആര്‍ക്കും പ്രാധാന്യവും നല്‍കിയിട്ടുണ്ട്.

Neru Review

അനശ്വരയുടെ പ്രകടനമാണ് നേര് കണ്ടിറങ്ങുമ്പോഴുള്ള ഏറ്റവും നല്ല ഓര്‍മ്മ. മോഹന്‍ലാല്‍, സിദ്ധീഖ് എന്നീ രണ്ട് ഒപ്പം നില്‍ക്കുന്നവരെ തിന്നുകളയുന്ന അഭിനേതാക്കള്‍ക്കൊപ്പം പിടിച്ചു നില്‍ക്കാന്‍ മാത്രമല്ല, ചിലപ്പോഴൊക്കെ സിനിമയെ ഇമോഷണലി ലിഫ്റ്റ് ചെയ്യാനും അനശ്വരയ്ക്ക് സാധിച്ചിട്ടുണ്ട്. അനശ്വരയുടെ കരിയര്‍ ബെസ്റ്റ് തന്നെയാണ് നേര്. മോഹന്‍ലാല്‍ സിനിമകളില്‍ അത്തരമൊരു കാഴ്ച അപൂര്‍വ്വമാണ്. പിന്നെ സിദ്ധീഖ്, ഇന്നും തന്നിലെ സ്‌റ്റേജ് സ്റ്റീലിംഗ് പെര്‍ഫോമറെ സിദ്ധീഖ് ലൈവാക്കി നിര്‍ത്തുന്നത് മനോഹരമായ കാഴ്ചയാണ്. തന്റെ കഴിഞ്ഞ സിനിമകളിലൊക്കെ പുലര്‍ത്തുന്ന മികവ് ജഗദീഷ് നേരിലും തുടരുന്നുണ്ട്. അദ്ദേഹത്തിന്റെ 2024 ലെ പ്രകടനങ്ങള്‍ കാണേണ്ടത് തന്നെയായിരിക്കും.

നേരിലെ ഏറ്റവും ഇംപാക്ടുണ്ടാക്കിയ രംഗം അതിന്റെ ക്ലൈമാക്‌സായിരുന്നു. കോര്‍ട്ട് റൂം ഡ്രാമയുടെ അവസാനം പ്രതീക്ഷിക്കുന്ന നെടുനീളന്‍ ഡയലോഗ് കസര്‍ത്തോ കയ്യടി രംഗങ്ങളോ നേരിലില്ല. ഡയലോഗ് പോലുമില്ലാതെ പ്രേക്ഷകരുമായി കമ്യൂണിക്കേറ്റ് ചെയ്താണ് ചിത്രത്തിന്റെ അവസാന മിനുറ്റുകള്‍ അവസാനിക്കുന്നത്. സമീപകാലത്തെ ഏറ്റവും മികച്ച എന്‍ഡ് സീനുകളിലൊന്ന്.

ഒടുവിലായി വിജയമോഹന്‍ ഒന്നും മിണ്ടാതെ ആള്‍ക്കൂട്ടത്തിലേക്ക് നടന്ന് മറയുകയാണ്. തനിക്ക് വേണ്ടി കയ്യടിക്കുകയും തനിക്കൊപ്പം ചിരിക്കുകയും കരയുകയുമൊക്കെ ചെയ്ത, പ്രേക്ഷകരിലേക്കുള്ള മോഹന്‍ലാലിന്റെ ഇറങ്ങി നടത്തം കൂടിയാണത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X