ഇരുട്ടില്‍ തപ്പുന്ന ഓസ്ലര്‍! കാമിയോ ആവേശത്തിനപ്പുറം ഉറക്കം തൂങ്ങുന്ന സിനിമ
(Spoiler Alert)
മലയാള സിനിമയിലെ ബോയ് നെക്‌സ്റ്റ് ഡോര്‍ ഇമേജുള്ള താരമാണ് ജയറാം. സമീപകാലത്തെ തുടര്‍പരാജയങ്ങള്‍ക്കും ഇടവേളയ്ക്കും ശേഷമുള്ള തന്റെ തിരിച്ചുവരവിന് മിഥുന്‍ മാനുവല്‍ തോമസിന്റെ കൈ പിടിക്കുകയായിരുന്നു ജയറാം. മലയാള സിനിമയുടെ മാറിയ കാലത്ത്, ജയറാമിന് എത്രത്തോളം സ്വയം പുതുക്കാനും കാലത്തിനൊപ്പം സഞ്ചരിക്കാനും സാധിക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരം തേടിയാണ് ഓസ്ലറിലേക്ക് എത്തുന്നത്.
തൃശ്ശൂര്‍ എസിപിയാണ് ജയറാമിന്റെ എബ്രഹാം ഓസ്ലര്‍. തന്റെ ഭൂതകാലത്തെ ദുരന്തത്തിന്റെ ട്രോമയും പേറിയാണ് അയാള്‍ ജീവിക്കുന്നത്. അതയാളുടെ ഉറക്കം നഷ്ടപ്പെടുത്തുകയും ഹാലൂസിനേഷനിലേക്ക് വരെ എത്തിക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെയിരിക്കെ നഗരത്തിലെ വലിയൊരു ആശുപത്രിയില്‍ വച്ചൊരു കൊലപാതകം നടക്കുന്നു. പിന്നാലെ തുടര്‍ കൊലപാതകങ്ങളും അരങ്ങേറുന്നു (Obviously!). കേസ് ഓസ്ലറിലേക്ക് എത്തുന്നു. തുടർന്ന് കൊലപാതകിയിലേക്ക് എത്താന്‍ ഓസ്ലറും അയാളുടെ ടീമും നടത്തുന്ന അന്വേഷണമാണ് സിനിമ.

അഞ്ചാം പാതിരയുടെ സംവിധായകനാണ് മിഥുന്‍ മാനുവല്‍. മലയാളത്തിലെ ത്രില്ലര്‍ സിനിമകളില്‍ ലക്ഷണമൊത്ത ഒന്നായിരുന്നു അഞ്ചാം പാതിര. ആ അച്ചില്‍ പിന്നീട് പലരും ത്രില്ലറുണ്ടാക്കാന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും പരാജയപ്പെടുകയുമൊക്കെ ചെയ്തിട്ടുണ്ട്. എന്നാല്‍ അഞ്ചാം പാതിര പോലെ ഒന്നല്ല ഓസ്ലര്‍ എന്നാണ് മിഥുന്‍ മാനുവില്‍ പ്രീ റിലീസ് ഇന്റര്‍വ്യുകളിലെല്ലാം പറഞ്ഞിരുന്നത്. പക്ഷെ അഞ്ചാം പാതിരയുടെ നിഴല്‍ ഓസ്ലറില്‍ ഉടം നീളം കാണാം.
അഞ്ചാം പാതിരയുടേത് പോലെ തന്നെയാണ് ഓസ്ലറിന്റേയും തുടക്കം. ജയിലില്‍ കഴിയുന്ന കുറ്റവാളിയെ കാണാനെത്തുന്ന നായക കഥാപാത്രം. തുടര്‍ന്നുണ്ടാകുന്ന കൊലപാതക പരമ്പരയും ഫ്‌ളാഷ് ബാക്കുമെല്ലാം ആ ടോണിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. പക്ഷെ എഴുത്തിലും ട്രീറ്റ്‌മെന്റിലും വ്യത്യസ്ത പുലര്‍ത്താനും സാധിച്ചിട്ടുണ്ട്.
അസാധാരണമായ ഒന്നല്ലെങ്കില്‍ കൂടിയും ഡീസന്റായൊരു പ്രിമൈസ് ഓസ്ലറിനുണ്ട്. പുതുമയുള്ളൊരു എംഒയുള്ള കൊലയാളിയും. എന്നാല്‍ അവിടെ നിന്നും മുന്നോട്ട് സഞ്ചരിക്കാന്‍ സിനിമയ്ക്ക് സാധിക്കുന്നില്ല. ഓര്‍ത്തിരിക്കുന്ന സന്ദര്‍ഭങ്ങളൊന്നും നല്‍കാതെ, ഇമോഷണലി കണക്ട് ചെയ്യാന്‍ സാധിക്കാതെയാണ് ഓസ്ലര്‍ കടന്നു പോകുന്നത്.
ഇരുട്ടില്‍ തപ്പുക എന്നൊരു പ്രയോഗമുണ്ട്. അക്ഷരാര്‍ത്ഥത്തിലും അല്ലാതെയും അത് തന്നെയായിരുന്നു ഓസ്ലറില്‍ സംഭവിച്ചത്. ത്രില്ലര്‍ മൂഡ് നിലനിര്‍ത്താനായി ഇരുട്ടിനെ കൂട്ടുപിടിച്ചൊരുക്കിയ ഫ്രെയിമുകള്‍. തീര്‍ത്തും പ്രവചനീയമായിരുന്നു കഥ. ത്രില്ലടിപ്പിക്കാനോ വാഹ് മൊമന്‍റ് നല്‍കാനോ സാധിക്കാത്ത തിരക്കഥ. അതിനെ എലിവേറ്റ് ചെയ്യാന്‍ ശ്രമിക്കുന്ന ഡയലോഗുകള്‍ നാടകീയമാവുകയും ചെയ്തു. അതോടെ സിനിമയും കാഴ്ചക്കാരും തമ്മിലുള്ള അകലം കൂടുന്നു.
താന്‍ എഴുതിയതും സംവിധാനം ചെയ്തതുമായ മുന്‍ സിനിമകളിലെല്ലാം മിഥുന്‍ മാനുവില്‍ നേരിട്ട രണ്ട് പ്രശ്‌നങ്ങളായിരുന്നു ജെനറിക്ക് ആയ ഫ്‌ളാഷ് ബാക്കുകളും സ്പൂണ്‍ ഫീഡിംഗും. അത് ഓസ്ലറിലും ആവര്‍ത്തിക്കുന്നത് കാണാം. ബില്‍ഡപ്പുകളുടെ ആദ്യ പകുതിയില്‍ നിന്നും ഫ്‌ളാഷ് ബാക്കിലേക്ക് കടക്കുമ്പോള്‍ സിനിമ ടോണില്‍ മാറ്റം വരുത്തുമ്പോഴും തീര്‍ത്തും സാധാരണമായി മാറുകയാണ്. എവിടേയും കാഴ്ചക്കാരുടെ ബുദ്ധിയെ വെല്ലുവിളിക്കാനോ ചിന്തകളെ അട്ടിമറിക്കാനോ തിരക്കഥയ്ക്ക് സാധിക്കുന്നില്ല.
ജയറാമിനെ സംബന്ധിച്ച് ഓസ്ലര്‍ സമീപകാലത്ത് മലയാളത്തില്‍ ലഭിച്ച ഏറ്റവും മികച്ച കഥാപാത്രം തന്നെയാണ്. തന്റെ സ്ഥിരം മാനറിസങ്ങളോ ശരീരഭാഷയോ ഒന്നും ഇല്ലാതെ തന്നെ ഓസ്ലറിനെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അത് ചിത്രത്തിനും ഫ്രഷ് ഫീല്‍ നല്‍കുന്നുമുണ്ട്. എന്നാല്‍ തുടക്കത്തില്‍ ഓസ്ലറെ കുറിച്ചുണ്ടായിരുന്ന ആകാംഷ മുന്നോട്ട് പോകവെ നിലനിര്‍ത്താന്‍ സാധിച്ചിട്ടില്ല. തുടക്കത്തില്‍ ട്രോമയും ഹാലുസിനേഷനുമൊക്കെയുള്ള ഓസ്ലറുടെ പേഴ്‌സണല്‍ ട്രാക്ക് എവിടെയോ വച്ച് സിനിമ മറക്കുന്നു.
ഒരുപാട് ചോദ്യങ്ങളും ലൂസ് എന്‍ഡുകളും കൂടെ ബാക്കിയാക്കിയാണ് ഓസ്ലര്‍ അവസാനിക്കുന്നത്. ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പ്രേക്ഷകരുടെ യുക്തിയ്ക്ക് വിടുന്നതില്‍ തെറ്റില്ല. പക്ഷെ ചില ചോദ്യങ്ങള്‍ സിനിമ തന്നെ മറക്കുന്നതോ? മെഡിക്കല്‍ പ്രൊസീജ്യറുകള്‍ വിശദമായി അവതരിപ്പിക്കാന്‍ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ കൊലയാളിയുടെ മോഡസ് ഓപ്പിറാണ്ടിയ്ക്ക് അപ്പുറത്തേക്ക് അതുകൊണ്ട് സിനിമയ്ക്ക് ഗുണമുണ്ടാകുന്നില്ല.
ഓസ്ലറുടെ യുഎസ്പികളില്‍ ഒന്ന് ജയറാമിന്റെ തിരിച്ചുവരവ് ആണെങ്കില്‍ മറ്റേത് മമ്മൂട്ടിയുടെ കാമിയോ ആണ്. റിലീസിന് തൊട്ട് മുമ്പ് വരെ ഒളിപ്പിച്ചുവെച്ച ആ രഹസ്യം പൊട്ടിക്കുമ്പോള്‍ തീയേറ്ററില്‍ അഡ്രിനാലിന്‍ റഷ് ഉണ്ടാക്കാന്‍ മിഥുന്‍ മാനുവലിന് സാധിച്ചിട്ടുണ്ട്. തേനി ഈശ്വറിന്റെ ഫ്രെയിമും മിഥുന്‍ മുകുന്ദന്റെ സംഗീതവും ഈ രംഗത്തെ എലിവേറ്റ് ചെയ്യുന്നുണ്ട്. എന്നാല്‍ മമ്മൂട്ടിയെ പോലൊരു താരം ആ കഥാപാത്രത്തിന്റെ സാധ്യതകളെ ലിമിറ്റ് ചെയ്യുകയാണ്. ഒരുപക്ഷെ മറ്റൊരു താരമായിരുന്നുവെങ്കില്‍ ഒരു നിമിഷത്തെ ആവേശത്തിന് അപ്പുറത്തേക്ക് ആ കഥാപാത്രത്തെ കൊണ്ടു പോകാന്‍ സാധിക്കുമായിരുന്നു.

സ്‌ക്രീന്‍ ടൈം കുറവെങ്കിലും ജഗദീഷും അനശ്വര രാജനും തങ്ങളുടെ രംഗങ്ങള്‍ ഓര്‍ത്ത് ഇരിക്ക തക്കതാക്കുന്നുണ്ട്. അനശ്വര്യയുടേതൊരു ടെംപ്ലേറ്റ് കഥാപാത്രമാണെങ്കില്‍ കൂടിയും. അതേസമയം ജഗദീഷ്, തന്റെ സമീപകാലത്തെ പ്രകടന മികവ് ഓസ്ലറിലും ആവര്‍ത്തിക്കുന്നു.
യൂണീക് ആയതൊന്നും നല്‍കാതെ, കണ്ടിറങ്ങുന്നവരുടെ മനസില്‍ എന്തെങ്കിലും ബാക്കിയാക്കാന്‍ സാധിക്കാത്ത പോകുന്നിടത്താണ് മിഥുന്‍ മാനുവല്‍ എന്ന സംവിധായകന്‍ നിരാശപ്പെടുത്തുന്നത്. ഒപ്പം, തന്റെ എഴുത്തില്‍ സ്ഥിരമായി കൊണ്ടു വരുന്ന പാറ്റേണ്‍ ബ്രേക്ക് ചെയ്യാനുള്ള സമയവും എത്തിയിരിക്കുന്നു. അതേസമയം, ജയറാമിന് തിരിച്ചുവരാനുള്ള വഴിയുടെ കാര്യത്തില്‍ തെറ്റ് പറ്റിയിട്ടില്ല. തന്നിലെ താരത്തേയും നടനേയും അര്‍ഹിക്കുന്ന സിനിമകളിലേക്കുള്ള യാത്ര ജയറാം തുടങ്ങിയെന്ന് വേണം കരുതാന്‍. പക്ഷെ തിരിച്ചുവരവ് പൂര്‍ത്തിയാക്കാന്‍ ഇനിയുമേറെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു.


Click it and Unblock the Notifications











