ചിരിയോര്‍മ്മകള്‍ നല്‍കി യാത്രയാക്കുന്ന പേരില്ലൂര്‍; വിരുന്നുകാരെ നാട്ടുകാരാക്കുന്ന മാജിക്
കുഞ്ഞിരാമന്റെ നാടായ ദേശത്തെ ആരും മറന്നിട്ടുണ്ടാകില്ല. 2015ല്‍ ബേസില്‍ ജോസഫ് ഒരുക്കിയ കുഞ്ഞിരാമായണത്തിലൂടെയാണ് സിനിമാപ്രേമികള്‍ ദേശത്തേക്ക് വണ്ടി കയറുന്നത്. അവിടെ ചെന്നിറങ്ങിയവരാരും പെട്ടെന്ന് തിരിച്ചു പോയിട്ടുണ്ടാകില്ല. കവലയിലിരുന്ന് വെല്‍ഡണ്‍ വാസുവിന്റെ ഗീര്‍വാണം കേട്ടും, കുഞ്ഞിരാമന്റെ ഗള്‍ഫിലേക്കുള്ള പോക്കു വരവുകള്‍ കണ്ടും, കട്ട് പീസ് കുട്ടന്റേയും ലാലുവിന്റേയും പുതിയ മണ്ടത്തരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുമൊക്കെ കുറച്ച് നാള്‍ അവിടെ കൂടെ പോരുമ്പോള്‍ ദേശത്തേയും കൂടെ കൂട്ടിയാകും മടങ്ങി വന്നിട്ടുണ്ടാവുക.
ദേശത്തിന്റെ കഥാകാരനായ ദീപു പ്രദീപ് വീണ്ടുമൊരു നാടിന്റെ കഥയുമായി എത്തുകയാണ് പേരില്ലൂര്‍ പ്രീമിയര്‍ ലീഗിലൂടെ. ആകാശ പറമ്പിന്റേയും പാതാളക്കുഴിയുടേയും നടുവിലായി സ്ഥിതി ചെയ്യുന്ന കൊച്ച് സ്വര്‍ഗമാണ് പേരില്ലൂര്‍. ആ നാട്ടിലേക്ക്, തന്റെ അമ്മാവന് പകരം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്തുകയാണ് മാളവിക.

മാളവികയിലൂടെയാണ് പേരില്ലൂരിലേക്ക് നമ്മളെത്തുന്നത്. എങ്കിലും പേരില്ലൂര്‍ പ്രീമിയര്‍ ലീഗ് മാളവികയുടെ മാത്രം കഥയല്ല. പേര് പോലെ തന്നെ പേരില്ലൂരുകാരുടെ കഥയാണ്. മാളവികയോട് അമ്മായി പറയുന്നത് പോലെ തലയ്ക്ക് സ്ഥിരതയില്ലാത്ത നാട്ടുകാരുടേയും വര്‍ഷങ്ങളായി അവരുടെ പഞ്ചായത്ത് പ്രസിഡന്റായി ഭരിച്ച് നടക്കുന്ന പീതാംബരന്‍ മാസ്റ്ററുടേയും കഥയാണ്.
കുഞ്ഞിരാമായണത്തിലേത് പോലെ തന്നെ മനോഹരമായി ഒരു 'അസാധാരണ' ഗ്രാമം സൃഷ്ടിച്ചെടുക്കാന്‍ ദീപു പ്രദീപിന് സാധിച്ചിട്ടുണ്ട്. രണ്ട് നാടും കഥാപാത്രങ്ങളും തമ്മില്‍ സാമ്യതകളും കാണാന്‍ സാധിക്കും. കല്യാണം കഴിക്കാന്‍ വേണ്ടി മാത്രം ഗള്‍ഫില്‍ നിന്നും ലീവിന് വരുന്ന കുഞ്ഞിരാമനായിരുന്നു ദേശത്തെ കഥാനായകന്‍ എങ്കില്‍ പേരില്ലൂരില്‍ അത് ശ്രീക്കുട്ടനാണ്. രണ്ടിടത്തും നായകന്റെ ജീവിതത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന തുണ്ട് പടം പോലും കാണാം.
കുഞ്ഞിരാമയണത്തോട് സാമ്യത പുലര്‍ത്തുമ്പോഴും പേരില്ലൂരിന് സ്വന്തമായൊരു ആത്മാവ് നല്‍കാന്‍ ദീപുവിനും സംവിധായകന്‍ പ്രദീപ് ചന്ദ്രനും സാധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റേയും പഞ്ചായത്ത് ഭരണത്തിന്റേയും പശ്ചാത്തലത്തിലാണ് സീരീസ് കഥ പറയുന്നത്. അതിനൊപ്പമൊരു പ്രണയകഥയും. എങ്കിലും പേരില്ലൂര്‍ പ്രീമയര്‍ ലീഗൊരു പൊളിറ്റിക്കല്‍ സറ്റയറോ ഫീല്‍ഗുഡ് പ്രണയകഥയോ മാത്രമാകുന്നില്ല. പേരില്ലൂര്‍ പ്രീമിയര്‍ ലീഗ് എല്ലാ അര്‍ത്ഥത്തിലും പേരില്ലൂരുകാരുടെ കഥയാണ്.
ചിത്രകഥകളില്‍ നിന്നും ഇറങ്ങി വന്നതു പോലെയാണ് പേരില്ലൂരിലെ ഓരോ മനുഷ്യരും. കേമന്‍ സോമന്‍, സൈക്കോ ബാലചന്ദന്‍, അലസന്‍ രാജേഷ്, തുമ്പിക്കുട്ടന്‍, കാണാതായ കുഞ്ഞിപ്പ, ദുബായ് ബാബു, മോഷ്ടിക്കാനറിയാത്ത കള്ളന്‍ സത്യരാജും കക്കാനും നിക്കാനും അറിയുന്ന ഭാര്യ ശീലാവതിയും തുടങ്ങി പേരില്ലൂരിലെ ഓരോ കഥാപാത്രങ്ങളും മനോഹരമായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. പേരില്ലൂരിന്റെ അതിര്‍ത്തി കടക്കുന്നതോടെ നമ്മളും അവരുടെ ജീവിതങ്ങളുടെ ഭാഗമായി മാറുകയാണ്.
കുഞ്ഞിരാമായണത്തിലേത് പോലെ ക്യാരിക്കേച്ചര്‍ സ്വഭാവം പാലിക്കുമ്പോഴും മേക്കിംഗില്‍ വ്യത്യസ്തമാകാന്‍ പേരില്ലൂര്‍ പ്രീമിയര്‍ ലീഗിന് സാധിച്ചിട്ടുണ്ട്. ക്യാരിക്കേച്ചര്‍ സ്വഭാവം എഴുത്തില്‍ തന്നെയുള്ളതിനാല്‍ താരങ്ങളുടെ പ്രകടനവും അത്തരത്തിലാണ്. എന്നാല്‍ അതിരു കടന്നു പോകുന്നുമില്ല. നിഖിലയുടെ മാളവികയും സണ്ണി വെയ്‌ന്റെ ശ്രീക്കുട്ടനും ഇരുവരുടേയും ഏറ്റവും മികച്ച കഥാപാത്രങ്ങളുടെ ഗണത്തില്‍ പെടും. കോമഡിയില്‍ കൂടുതല്‍ സാധ്യതയുള്ള നടിയായി നിഖില വിമല്‍ തോന്നിപ്പിക്കുന്നുണ്ട്. തന്റെ കഥാപാത്രം അനുഭവിക്കുന്ന മാനസിക സംഘര്‍ഷം അവതരിപ്പിച്ചു കൊണ്ടു തന്നെ കോമഡി വര്‍ക്കൗട്ടാക്കാന്‍ നിഖിലയ്ക്ക് സാധിച്ചിട്ടുണ്ട്.
വിജയരാഘവന്‍ എന്ന വെറ്ററന്‍ തന്റെ പ്രകടനം കൊണ്ട് സീരീസാകെ നിറഞ്ഞു നില്‍ക്കുന്നത് മനോഹരമായ കാഴ്ചയാണ്. പഞ്ചവടി പാലത്തിലെ ദുശാസന കുറുപ്പിനെ ഓര്‍മ്മിപ്പിക്കുന്ന കഥാപാത്രമാണ് പീതാംബരന്‍ മാസ്റ്റര്‍. സമീപത്തായി അദ്ദേഹം ചെയ്ത പ്രായമായ, കഥാപാത്രങ്ങളില്‍ പുലര്‍ത്തിയ വേരിയേഷനുകള്‍ ആ നടന്റെ റേഞ്ച് വെളിവാക്കുന്നതാണ്.
അശോകന്‍ അവതരിപ്പിച്ച കേമന്‍ സോമന്‍ രസകരമായൊരു സൃഷ്ടിയാണ്. ഇന്നു വരെ തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടില്ലാത്ത, എന്നാല്‍ ഓരോ തവണ പരാജയപ്പെടുമ്പോഴും തന്റെ ഷര്‍ട്ടിന്റെ കോളറൊന്ന് പിടിച്ച് നേരയിട്ട് വീട്ടില്‍ പണിയുണ്ടെന്ന് പറഞ്ഞ് ഇറങ്ങി നടക്കുന്ന സോമന്‍. അടുത്ത തിരഞ്ഞെടുപ്പില്‍ വീണ്ടും പുഞ്ചിരിയോടെ, ജയിക്കുമെന്ന ആത്മവിശ്വാസത്തോടെ നേരിടുന്ന സോമന്‍. പരാജയങ്ങളില്‍ തളാരാത്ത ആ മനക്കരുത്തിന് നാട്ടുകാര്‍ അറിഞ്ഞിട്ട പേരാണ് കേമന്‍ സോമന്‍. അശോകനെ പോലൊരു താരത്തിന് അറിഞ്ഞ് പെര്‍ഫോം ചെയ്യാനുള്ളത് കേമന്‍ സോമനിലുണ്ടായിരുന്നു.
അജു വര്‍ഗ്ഗീസിന്റെ സൈക്കോ ബാലചന്ദ്രനും മറക്കാനാകാത്ത കഥാപാത്രമാണ്. കുഞ്ഞിരാമായണത്തിലെ കട്ട് പീസ് കുട്ടനില്‍ നിന്നും ഒരുപാട് കാതങ്ങള്‍ അകലെയാണ് സൈക്കോ ബാലചന്ദ്രന്‍ എന്ന ബാ.ച. വരുന്ന ഓരോ രംഗത്തിലും ഇയാളിത് എന്താകും ഒപ്പിക്കാന്‍ പോവുന്നത് എന്നൊരു ആകാംഷ ഉടനീളം നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. പ്രകടനം കൊണ്ട് അജുവും കഥാപാത്രത്തെ ഗംഭീരമാക്കുന്നു. സമീപകാലത്ത് ചെയ്ത കഥാപാത്രങ്ങളില്‍ നിന്നുമുള്ളൊരു ഡീവിയേഷനാണ് അജുവിന് സൈക്കോ ബാലചന്ദ്രന്‍. സീരീസിലെ ഓരോ കഥാപാത്രത്തിനും നല്‍കിയിരിക്കുന്ന ഡീറ്റെയ്‌ലിംഗ് അത്ഭുതപ്പെടുത്തുന്നതാണ്. മണിക്കൂറുകളോളം ഏത് കഥാപാത്രത്തെക്കുറിച്ചും സംസാരിച്ചിരിക്കാമെങ്കിലും വ്യക്തിപരമായി ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍ കേമന്‍ സോമനും സൈക്കോ ബാലചന്ദ്രനുമാണ്.

ചില തമാശകള്‍ കാലം തള്ളിക്കളഞ്ഞതാണെങ്കില്‍ കൂടിയും തുടക്കം മുതല്‍ അവസാനം വരെ ചിരിപ്പിക്കാനും ആകാംഷ നിലനിര്‍ത്താനും പേരില്ലൂര്‍ പ്രീമിയര്‍ ലീഗിന് സാധിച്ചിട്ടുണ്ട്. മുഖ്യമായും സിനിമയുടെ മാറിയ കാലത്ത് നഷ്ടമായിക്കൊണ്ടിരിക്കുന്ന ഗ്രാമം തിരിച്ചു പിടിക്കാന്‍ സാധിച്ചു എന്നത് പേരില്ലൂര്‍ പ്രീമിയര്‍ ലീഗിന്റെ വിജയമാണ്. അതേസമയം, അവസാനത്തിലേക്ക് എത്തുമ്പോഴേക്കും പ്രധാനപ്പെട്ട ചില കഥാപാത്രങ്ങളുടെ ആര്‍ക്കിലുണ്ടാകുന്ന മാറ്റമടക്കം ചില കല്ലുകടികളും സീരീസ് ബാക്കിയാക്കുന്നുണ്ട്.
എന്നിരുന്നാലും പേരില്ലൂരിലേക്കുള്ള, അവിടുത്തെ കഥകളിലേക്കുള്ള യാത്ര ഒരിക്കലും നഷ്ടമാകില്ല. തിരിച്ചു പോരുമ്പോള്‍ ഓര്‍ത്തിരിക്കാന്‍ നല്ല ചിരിയോര്‍മ്മകള്‍ നല്‍കി തന്നെയാകും പേരില്ലൂര്‍ യാത്രയാക്കുക. അപ്പോഴേക്കും മാളവികയെ പോലെ നമ്മളും ഒരു പേരില്ലൂര്‍ സ്വദേശിയായിട്ടുണ്ടാകും. മിക്കവാറും നമുക്കും അവരൊരു പേരിട്ടു കാണും!
NB: എന്ത് കുതന്ത്രം പയറ്റിയും ജയിക്കുന്ന പീതാംബരന്മാരുടെ ലോകത്ത് എത്ര പരാജയപ്പെട്ടാലും പുഞ്ചിരിയോടെ വീണ്ടും ശ്രമം തുടരുന്ന കേമന്‍ സോമനാകാന്‍ ശ്രമിക്കുക.


Click it and Unblock the Notifications











