ദുര്‍ബലമായ തിരക്കഥയുടെ അതിദുര്‍ബലമായ മേക്കിംഗ്; വാക്ക് പാലിക്കാതെ പിഎസ് 2
മാസ്റ്റര്‍ പീസ് എന്നൊന്നും പറയത്തില്ലെങ്കിലും അത്യാവശ്യം വര്‍ക്കായൊരു സിനിമയായിരുന്നു വ്യക്തിപരമായി പൊന്നിയിന്‍ സെല്‍വന്‍ 1. രണ്ടാം ഭാഗം കാണാനുള്ള ആകാംഷയും ജനിപ്പിക്കാനായിരുന്നു. പക്ഷെ രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ സമ്പൂര്‍ണ നിരാശയാണ്. ആദ്യം ഭാഗം കണ്ടവര്‍ പലരും കഥ മനസിലായില്ല, കുറച്ചു കൂടി സിമ്പിളാക്കാമായിരുന്നു എന്നൊക്കെ അഭിപ്രായപ്പെട്ടിരുന്നു. രണ്ടാം ഭാഗം ചെയ്ത ശേഷം ഏതോ സിനിമയില്‍ സലീം കുമാര്‍ ചോദിച്ച പോലെ എന്തേ കൂടുതല്‍ സിമ്പിളായിപ്പോയി എന്ന് ചോദിക്കുന്നുണ്ടാകും മണിരത്‌നം.
സിനിമ നല്ലതോ ചീത്തയോ ആകട്ടെ, അതില്‍ കാഴ്ചക്കാര്‍ക്ക് റൂട്ട് ചെയ്യാനും ഇന്‍വെസ്റ്റ് ചെയ്യാനുമൊക്കെയായ ഒരു ട്രാക്ക് ഉണ്ടാകാറുണ്ട്. ആദ്യ ഭാഗത്തില്‍ അത് വന്തിയതേവന്റെ യാത്രയായിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ അങ്ങനൊരു ട്രാക്കേയില്ല. ഇത് തീര്‍ത്തിട്ട് വേണം ഒരു കല്യാണത്തിന് പോകാനെന്ന മൂഡിലാണ് എഡിറ്റിംഗ്. ആരൊക്കയോ എവിടെയൊക്കയോ കയറി വരുന്നു, നാടകം കണക്ക് ഡയലോഗ് പറയുന്നു പോകുന്നു. ഒരു ഫ്‌ളോയുമില്ല കണ്ടിന്യുയിറ്റിയുമില്ല.

മണിരത്‌നം തന്നെയാണോ ഇത് എടുത്തത് എന്നു പോലും ഉറപ്പില്ല. ഒന്നാം ഭാഗം എടുത്തപ്പോഴേക്കും ആശാന്‍ മടുത്തു, ഇനി നിങ്ങളാരേലും ചെയ്യെന്ന് പറഞ്ഞ് ഇന്റേന്‍ഷിപ്പ് പിള്ളേരെക്കൊണ്ട് പണിയെടുപ്പിച്ചത് പോലുണ്ട്. പൊതുവെ പെരിഫെറല്‍ ആയൊരു കഥാപാത്രത്തേയും സീനിനേയും പോലും മേക്കിംഗിലും ഫ്രെയിം സെറ്റിംഗിലും അദ്ദേഹം ഓവര്‍ ദി ടോപ്പ് ആക്കാറുണ്ട്. പക്ഷെ ഇതിലങ്ങനൊരു രംഗം പോലുമില്ല.
ആദ്യ ഭാഗത്തില്‍ ഓര്‍ത്തുവെക്കാവുന്ന ചില ഫ്രെയിംസും രംഗങ്ങളുമൊക്കെയുണ്ട്. കുന്തവിയും നന്ദിനിയും തമ്മിലുള്ള കൂടിക്കാഴ്ച പോലെ. രണ്ടാം ഭാഗത്തില്‍ ആകെ മണിരത്‌നം പണിയെടുത്ത സീന്‍ കരികാലന്റേയും നന്ദിനിയുടേയും കൂടിക്കാഴ്ചയിലാണ്. അത് തന്നെ രാവണിലെ സീനിനെ ഓര്‍മ്മിപ്പിക്കുന്ന ഫ്രെയിം സെറ്റിംഗാണ്. ഇന്റര്‍വല്‍ പഞ്ചൊക്കെ കാറ്റ് പോയ ബലൂണ്‍ പോലായിരിക്കുന്നു. ഇതേ രംഗം തന്നെ കുറേക്കൂടി നല്ല ഫ്രെയിം സെറ്റിംഗ് ആയിരുന്നുവെങ്കില്‍ കുറേക്കൂടി ഇംപാക്ട് സൃഷ്ടിക്കാനായേനെ.
ഒരു കഥാപാത്രത്തിനും പ്രൊമിസ് ചെയ്തത് പോലൊരു ആര്‍ക്കോ റെസലൂഷനോ നല്‍കാനായിട്ടില്ല. ആദ്യ ഭാഗത്ത് വലിയ മിസ്റ്ററിയായി അവതരിപ്പിച്ച മന്ദാകിനിയുടെ കഥാപാത്രമൊക്കെ വഴിപോക്കരെ പോലെ വന്ന് പോവുകയാണ്. ആദ്യഭാഗത്ത് കയ്യടി വാങ്ങിയ തൃഷയ്ക്കും ഐശ്വര്യ ലക്ഷ്മിയ്ക്കും ശോഭിതയ്ക്കുമൊന്നും ഇതിലൊരു റോളുമില്ലെന്നത് കടുത്ത നിരാശയായിപ്പോയി. കാര്‍ത്തിയെ പോലും ഇടയ്ക്ക് കാണുമ്പോ ഓ ഇയാളിതിലുണ്ടായിരുന്നല്ലോ എന്ന് ചിന്തിച്ചു പോയി. ബാക്കി ആളുകളുടെ കാര്യം അപ്പോ പറയണ്ടല്ലോ.
കാര്‍ത്തി-ജയറാം സീനുകള്‍ ആദ്യ ഭാഗത്തില്‍ തീയേറ്ററില്‍ ഓളമുണ്ടാക്കിയ ഒന്നാണ്. പക്ഷെ രണ്ടാം ഭാഗത്തിലേക്ക് വരുമ്പോള്‍ ആ സാധ്യതയൊന്നും വേണ്ട വിധം ഉപയോഗിച്ചിട്ടില്ല. പല സബ് പ്ലോട്ടുകളും വഴിയില്‍ വച്ച് മറന്നു പോയിരിക്കുന്നു മണിരത്‌നം. കഥാപാത്രങ്ങളൊക്കെ നിലപാട് മാറ്റുന്നതും ചേരി മാറുന്നതുമൊക്കെ വസ്ത്രം മാറുന്ന ലാഘവത്തോടെയാണ്. ഒരു എക്‌സ്‌പ്ലേഷനും തരാതെയാണ് പല കഥാപാത്രങ്ങളുടേയും ഡെവലപ്പ്‌മെന്റുകള്‍.
ആദ്യ ഭാഗത്തില്‍ കാഴ്ചക്കാരെ ഗ്ലൂ ചെയ്ത് നിര്‍ത്തിയൊരു ഘടകമായിരുന്നു നന്ദിനി-കുന്തവി പോര്. ആണുങ്ങള്‍ വാളും കരുത്തും കൊണ്ട് നേരിടുമ്പോള്‍ ബുദ്ധികൊണ്ട് പരസ്പരം മത്സരിക്കുന്ന സ്ത്രീകള്‍. രണ്ടാം ഭാഗത്തിലേക്ക് വരുമ്പോള്‍ ഇവര്‍ എങ്ങനെയായിരിക്കും പരസ്പരം തോല്‍പ്പിക്കുക എന്നതൊരു ആകാംഷയായിരുന്നു. എന്നാല്‍ അങ്ങനൊരു ട്രാക്കിലേക്ക് കടക്കാന്‍ പോലും രണ്ടാം ഭാഗം തയ്യാറാകുന്നില്ല.

ഫ്‌ളാഷ് ബാക്ക് രംഗങ്ങളും കഥാപാത്രങ്ങളുടെ രഹസ്യങ്ങളുമൊന്നും ഒട്ടും ഇംപാക്ട് ഇല്ലാതെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ക്ലൈമാക്‌സിലേക്ക് എത്തുമ്പോള്‍ കാഴ്ചക്കാര്‍ക്ക് കഥാപാത്രങ്ങളുമായി ഉണ്ടാകണം എന്ന് കരുതപ്പെടുന്ന കണക്ഷന്‍ ഒക്കെ വെള്ളത്തില്‍ വരച്ച വര പോലെ മാഞ്ഞ് പോവുകയാണ്.
സിനിമയാക്കാന്‍ തിരഞ്ഞെടുത്ത പുസ്തകത്തോടും, തന്നില്‍ വിശ്വാസം അര്‍പ്പിച്ച വലിയൊരു താരനിരയോടും മണിരത്‌നം എന്ന സംവിധായകന്‍ നീതിപാലിച്ചുവോ എന്നത് ചോദ്യം ചിഹ്നമായി അവശേഷിക്കുന്നു. വളരെ ദുര്‍ബലമായൊരു തിരക്കഥയുടെ അതിലും ദുര്‍ബലമായൊരു എക്‌സിക്യൂഷനാണ് പൊന്നിയിന്‍ സെല്‍വന്‍ 2. ചിത്രം കണ്ടിറങ്ങുമ്പോള്‍ മനസിലേക്ക് വന്നൊരു ആഗ്രഹം, വിക്രത്തെ പ്രച്ഛന്ന വേഷവും രാജാപ്പാര്‍ട്ട് നാടകമോ അല്ലാതെ സാധാരണ കാമുകനായി വീണ്ടും കാണണം എന്നതാണ്.


Click it and Unblock the Notifications











