For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അപകടം പിടിച്ചൊരു ഞാണിന്മേല്‍ക്കളി; ഹിന്ദുത്വ പൊതുബോധത്തിന്റെ യുക്തി പേറുന്ന കുരുതി

  |

  Rating:
  2.0/5
  Star Cast: Prithviraj Sukumaran, Roshan Mathew, Shine Tom Chacko
  Director: Manu Warrier

  മനുഷ്യര്‍ പരസ്യമായി മതവിദ്വേഷം പറയുന്ന, പ്രചരിപ്പിക്കുന്ന കാലത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. ഈയ്യൊരു പശ്ചാത്തലത്തിലേക്ക് കടന്നു വരുന്ന ആമസോണ്‍ പ്രൈമിന്റെ ഏറ്റവും പുതിയ റിലീസാണ് കുരുതി. നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് അനീഷ് പള്ളിയാല്‍ ആണ്. പൃഥ്വിരാജ്, റോഷന്‍ മാത്യു, മാമുക്കോയ, നസ്ലന്‍, സ്രിന്ദ, മണികണ്ഠന്‍ ആചാരി, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, നവാസ് വള്ളിക്കുന്ന് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

  മതം, മത വിദ്വേഷം തുടങ്ങിയ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നൊരു ഹോം ഇന്‍വേഷന്‍ ചിത്രമാണ് കുരുതി. കഥ നടക്കുന്നത് ഒരു ഗ്രാമീണ മേഖലയിലാണ്. മണ്ണിടിച്ചിലില്‍ തകര്‍ന്നു പോയ രണ്ട് കുടുംബങ്ങള്‍. ഭാര്യയേയും മകളേയും നഷ്ടപ്പെട്ട ഇബ്രാഹിം ആണ് നായകന്‍. തന്റെ സഹോദരന്‍ റസൂലിനും വാപ്പ മൂസയ്ക്കുമൊപ്പമാണ് ഇബ്രാഹിം താമസിക്കുന്നത്. അയല്‍വാസികളായ സുമതിയും സഹോദരന്‍ പ്രേമനുമാണ് രണ്ടാമത്തെ കുടുംബം. പ്രേമന് തന്റെ ഭാര്യയെയാണ് മണ്ണിടിച്ചിലില്‍ നഷ്ടമായത്. സുമതി വിവാഹമോചിതയാണ്.

  ദുരിതം കൊണ്ട് ഒരുമിക്കപ്പെട്ട ഈ രണ്ടു കുടുംബങ്ങള്‍ ഒരുമിച്ച് കഴിയുന്നൊരു സ്വാഭാവിക ജീവിത പരിസരത്തിലേക്ക് ഒരു രാത്രി ചിലര്‍ കടന്നു വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ഒരു രാത്രിയുടെ കഥയാണ് ചിത്രം പറയുന്നതെന്ന് പറയാം.

  പതിയെ തുടങ്ങി ടെന്‍ഷന്‍ ബില്‍ഡ് ചെയ്ത് മുന്നോട്ട് പോകുന്ന ചിത്രമാണ് കുരുതി. സ്‌ഫോടാത്മകമായൊരു വിഷയം കൈകാര്യം ചെയ്യുന്ന സിനിമ തുടക്കം മുതല്‍ അവസാനം വരെ അതിനാടകീയമായാണ് കഥ പറഞ്ഞിരിക്കുന്നത്. വര്‍ഷങ്ങളായി പറഞ്ഞു തേഞ്ഞൊരു വിഷയത്തെ കൂടുതല്‍ വയലന്റായ രംഗങ്ങളോടും പശ്ചാത്തല സംഗീതത്തോടെയും അവതരിപ്പിക്കുകയാണ് സിനിമ ചെയ്യുന്നത്. വീട്ടിനകത്ത് രണ്ട് വിഭാഗക്കാര്‍ തമ്മില്‍ നടക്കുന്ന സംഭാഷണങ്ങള്‍ അര്‍ത്ഥ രഹിതമായ വാട്‌സ് ആപ്പ് സംവാദങ്ങളെ ഓര്‍മ്മിപ്പിക്കുന്ന നാടകീയതോടെയാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

  ചിത്രം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം അത്യന്തം അപകടം പിടിച്ച ഒന്നാണ്. ഹിന്ദു-മുസ്ലീം വര്‍ഗ്ഗീയതയെക്കുറിച്ച് പറയുന്ന സിനിമ ശ്രമിക്കുന്നത് അപകടകരമായൊരു ഞാണിന്മേല്‍ കളിക്കാണ്. ഭൂരിപക്ഷ വര്‍ഗ്ഗീയതയും ന്യൂനപക്ഷ വര്‍ഗ്ഗീതയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍ പോലെയാണെന്ന് പറഞ്ഞുവെക്കാന്‍ ശ്രമിക്കുന്ന സിനിമ പിന്തുടരുന്നത് ഹിന്ദുത്വ പൊതു ബോധത്തെയാണ്. ഹിന്ദു-മുസ്ലീം വിദ്വേഷം ചര്‍ച്ച ചെയ്യുന്ന സിനിമ ഹിന്ദു മതവാദിയേയും മുസ്ലീം മതവാദിയേയും അവതരിപ്പിക്കുന്നത് ഏതോ വാട്‌സ് ആപ്പ് ചര്‍ച്ചയില്‍ നിന്നും രൂപീകരിച്ച കഥാപാത്രങ്ങളെന്ന ലാഘവത്തോടെയാണ്.

  ഇസ്ലാമോഫോബിയ അതിന്റെ എല്ലാ മുഖംമൂടികളും ഉപേക്ഷിച്ച് പുറത്ത് വന്നു കൊണ്ടിരിക്കുന്ന, അതിനെ മുന്നില്‍ നിന്ന് നയിക്കുന്ന ഹിന്ദുത്വ ഭരിക്കുന്നൊരു നാട്ടില്‍ ആണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. ഈയ്യൊരു പരിസരത്തില്‍ കഥ പറയുന്ന സിനിമയിലെ മുസ്ലീം കഥാപാത്രങ്ങളുടെ വയലന്‍സ് സ്വാഭാവികമായ ഒന്നായി മാറുന്നത് തീര്‍ത്തും അപകടകരമാണ്. നമ്മളും അവരും ആയി മനുഷ്യരെ വേര്‍തിരിക്കേണ്ടത് ആരുടെ ആവശ്യമാണെന്നും അതിനായി ശ്രമിച്ചു കൊണ്ടിരിക്കുന്നത് ആരൊക്കെയാണെന്നതും നമുക്ക് അറിയാം.

  സിനിമയിലെ ഹിന്ദുത്വവാദികളായ രണ്ടു പേരും ആയുധമെടുക്കുന്നതും അക്രമ മാര്‍ഗ്ഗം സ്വീകരിക്കുന്നതും എങ്ങനെയെന്നത് ശ്രദ്ധേയമാണ്. ഒരാള്‍ തെറ്റിദ്ധരിക്കപ്പെട്ട യുവാവ് ആകുമ്പോള്‍ മറ്റേയാള്‍ 'ലോജിക്കല്‍' ആയൊരു പ്രതിപ്രവര്‍ത്തനം എന്ന നിലയിലാണ് അക്രമിയായി മാറുന്നത്. എന്നാല്‍ മറുവശത്തുള്ള മുസ്ലീം കഥാപാത്രങ്ങളെ സംബന്ധിച്ച് അക്രമം എന്നത് സ്വാഭാവികമായൊരു തിരഞ്ഞെടുപ്പും തീവ്ര മതവിശ്വാസികളും അന്താരാഷ്ട്ര ബന്ധങ്ങളുള്ള തീവ്രവാദിയുമായി മാറുന്നു. വേണ്ടി വന്നാല്‍ അക്രമിക്കാന്‍ സജ്ജരായി നില്‍ക്കുകയാണ് അവര്‍. ഹിന്ദുമതവാദി നടത്തിയ അക്രമത്തെക്കുറിച്ച് നമ്മള്‍ കേള്‍ക്കുന്നുണ്ട്. അതിനായി അവന്‍ മുന്നോട്ട് വെക്കുന്ന ന്യായീകരണം വാട്‌സ് ആപ്പ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലഭിച്ച ആയിരം ഫോര്‍വേഡുകളില്‍ നിന്നും രൂപീകരിക്കപ്പെടുന്നതാണ്. എന്നാല്‍ മറുവശത്തുള്ള മുസ്ലീം മതവാദികളുടെ വയലന്‍സിന്‍രെയെല്ലാം ഉത്തരവാദിത്തം അവരുടെ തീവ്രമതവിശ്വാസത്തിനും അവര്‍ക്കും മാത്രമാണ്.

  കാലങ്ങളായി ഹിന്ദുത്വ പൊതുബോധം സൃഷ്ടിച്ചെടുത്തൊരു നരേറ്റീവിലൂടെയാണ് സിനിമ സഞ്ചരിക്കുന്നതെന്ന് നമുക്ക് ബോധ്യപ്പെടും. സിനിമയെ സിനിമയായി കണ്ടുകൂടെ, രാഷ്ട്രീയം മാറ്റി വച്ച് കാണൂ, എല്ലാവരും കണക്കാണ് എന്നൊക്കെയുള്ള പൊള്ളയായ വാദങ്ങള്‍ സഹായിക്കുക ആരെയെന്ന് വ്യക്തമായി അറിയുന്നൊരു കാലത്ത് കുരുതിയുടെ രാഷ്ട്രീയം അപകടം പിടിച്ചതാണെന്നും ഒരര്‍ത്ഥത്തില്‍ ഹിന്ദു-മുസ്ലീം വിദ്വേഷത്തെ ആളിക്കത്തിക്കാന്‍ പോലും സഹായിക്കുന്ന ഒന്നായി മാറാന്‍ വരെ സാധ്യതയുള്ളതാണെന്ന് പറയേണ്ടി വരും.

  Recommended Video

  Prithviraj’s new movie Kuruthi is a socio-political thriller | FilmiBeat Malayalam

  പ്രകടനത്തിലേക്കും വന്നാല്‍ മാമുക്കോയ എന്ന പ്രതിഭ തന്നെയാണ് സ്‌കോര്‍ ചെയ്യുന്നത്. കോമഡിയും മാസും സെക്കന്റുകളുടെ വ്യത്യാസത്തില്‍ അസാധ്യ കൈയ്യടക്കത്തോടെ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. പക്ഷെ അത് തിരക്കഥയിലെയോ കഥാപാത്ര സൃഷ്ടിയിലേയോ മികവല്ല, മറിച്ച് അനുഭവ സമ്പന്നനായൊരു അഭിനേതാവിന്റെ മികവാണ്. പൃഥ്വിരാജ് തന്റെ നാടകീയമായ എന്‍ട്രി മുതല്‍ അവസാനം വരെ അതിനാടകീയമായാണ് അഭിനയിച്ചിരിക്കുന്നത്. ഡയലോഗ് ഡെലിവറികളിലും ഭാവങ്ങളിലും സ്വാഭാവികത കൊണ്ടു വരാന്‍ സാധിച്ചിട്ടില്ല. അതേസമയം റോഷന്റെ സട്ടിലായ പ്രകടനം ആ കഥാപാത്രത്തിന്റെ വൈകാരിക തലം വ്യക്തമാക്കുന്നുണ്ട്. സ്രിന്ദയുടെ സട്ടിലായ ഭാവ വ്യത്യാസങ്ങളും അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ ഷൈന്‍ ടോം ചാക്കോ, നവാസ് വള്ളിക്കുന്ന് എന്നീ താരങ്ങള്‍ നല്ല തുടക്കം ലഭിക്കുകയും പിന്നീട് വേണ്ട തരത്തില്‍ ഉപയോഗകപ്പെടുത്താന്‍ ആവാതെ വരികയും ചെയ്തവരാണ്.

  സൂക്ഷ്മ പരിശോധനയില്‍ കേന്ദ്ര കഥാപാത്രം ഒരു ക്യാരക്ടറിനും വ്യക്തമായൊരു ആര്‍ക്കില്ലാതെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ക്യാമറയും പശ്ചാത്തല സംഗീതവും സിനിമയുടെ ത്രില്ലര്‍ സ്വഭാവത്തിന് ചേരുന്നതാണ്. അതേസമയം പാട്ടുകള്‍ ഓര്‍ത്തിരിക്കാന്‍ പാകത്തിനുള്ളതായിരുന്നില്ല.

  സമീപകാലത്തിറങ്ങിയ നായാട്ടും മാലിക്കുമൊക്കെ ദളിത് വിരുദ്ധതയും മുസ്ലീം വിരുദ്ധതയും മറ്റ് പലതിന്റേയും മറവിലൂടെ ഒളിച്ചു കടത്താനുള്ള ശ്രമമായിരുന്നുവെങ്കില്‍ കുരുതി യാതൊരു മറയുമില്ലാതെ ഇസ്ലാം വിരുദ്ധത പറയുന്നൊരു സിനിമയാണ്.

  English summary
  Prithviraj Starrer Kuruthi Movie Review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X