കൂവി തോല്‍പ്പിക്കുന്നവരെ മുള്ളി തോല്‍പ്പിക്കുന്ന നായകന്‍; താഴാന്‍ മടിച്ച്, ഉയരാന്‍ ശ്രമിക്കാത്ത പുഷ്പ

ആദ്യം തന്നെ, പുലര്‍ച്ചെ എഴുന്നേറ്റ് നാല് മണിയുടെ ഷോ കണ്ട് സ്വയം രക്തസാക്ഷിത്വം വഹിച്ചവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ശിരസ് കുനിക്കുന്നു.

കൂലിത്തൊഴിലാളിയില്‍ നിന്നും അധോലോക നേതാവിലേക്കുള്ള പുഷ്പയുടെ വളര്‍ച്ച കണ്ട സിനിമയായിരുന്നു പുഷ്പ ദ റൈസ്. അധോലോക നേതാവായുള്ള പുഷ്പയുടെ തേര്‍വാഴ്ചയാണ് പുഷ്പ ദ റൂള്‍ പറയുന്നത്. മാസിന്റേയും സ്വാഗിന്റേയും പര്യായമായിരുന്നു ആദ്യ ഭാഗത്തിലെ അല്ലു അര്‍ജുന്‍. രണ്ടാം ഭാഗത്തിലേക്ക് വരുമ്പോള്‍ പ്രതീക്ഷ നല്‍കിയ കാരണങ്ങളില്‍ പ്രധാനം ഫഹദ് ഫാസിലിന്റെ വില്ലന്‍ ആയിരുന്നു. ആദ്യ ഭാഗത്തില്‍ അവസാന മണിക്കൂറുകളിലാണ് ഫഹദ് എത്തുന്നത്. അതിനാല്‍ രണ്ടാം ഭാഗത്തില്‍ അല്ലു അര്‍ജുന്‍-ഫഹദ് ഫാസില്‍ മത്സരം തന്നെയായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ സകല പ്രതീക്ഷകളേയും അസ്ഥാനത്താക്കുന്നൊരു അനുഭവമായിരുന്നു പുഷ്പ ടു ദ റൂള്‍.

Pushpa 2

ആദ്യ ഭാഗത്തിലേത് പോലെ തന്നെ രണ്ടാം ഭാഗവും എഴുതിയിരിക്കുന്നത് സുകുമാര്‍ ആണ്. ടിപ്പിക്കല്‍ മാസ് ഹീറോ ആയിരിക്കുമ്പോഴും വള്‍നറബിലിറ്റിയും ക്യാരക്ടര്‍ ഫ്‌ളോസുമുള്ളവരായിരിക്കും സുകുമാറിന്റെ നായകന്മാര്‍. വണ്‍ ലൈന്‍ നായകന്‍ ആകുന്നതിനു പകരം കൃത്യമായൊരു ആര്‍ക്കും അവര്‍ക്കുണ്ടാകും. എന്നാല്‍ അത്തരത്തിലുള്ള യാതൊന്നും പുഷ്പ ടുവിന്റെ എഴുത്തില്‍ കാണാന്‍ സാധിക്കില്ല. ആദ്യ ഭാഗത്തില്‍ നിന്നും രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ പുഷ്പ സര്‍വ്വശക്തനും സര്‍വ്വവ്യാപിയുമായി തീര്‍ന്നൊരു ഡോണ്‍ ആണ്. പരിണാമം പൂര്‍ത്തിയാക്കിയ നായകന്‍.

പുഷ്പയെന്ന മാസ് ഹീറോയുടെ ക്രിപ്‌റ്റോനെറ്റ് ആയിരുന്നു അയാളുടെ ഭൂതകാലം. തന്റെ ഐഡന്റിറ്റി ചോദ്യം ചെയ്യപ്പെടുന്നതിന് അനുസരിച്ചായിരുന്നു പുഷ്പയുടെ വളര്‍ച്ച. എന്നാല്‍ രണ്ടാം ഭാഗത്തില്‍ തന്റെ ദൗര്‍ബല്യങ്ങളെയെല്ലാം അതിജയിച്ചൊരു പുഷ്പയെയാണ് കാണുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ പുഷ്പയുടെ ആന്തരിക സംഘര്‍ഷങ്ങളിലേക്കും വികാരങ്ങളിലേക്കും കടന്നു ചെല്ലാന്‍ സാധിക്കുന്നേയില്ല. അതുകൊണ്ട് തന്നെ അയാളുടെ യാത്ര കാഴ്ചക്കാരില്‍ നിന്നും വളരെ അകലെയാണ്.

പുഷ്പയുടെ ക്യാരക്ടറില്‍ മാത്രമല്ല, ഈ വളര്‍ച്ച ഇല്ലായ്മ കാണാന്‍ സാധിക്കുക. ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍ക്കൊന്നും യാതൊരു ആര്‍ക്കുമില്ല. ആദ്യ ഭാഗത്തിലെ വില്ലന്മാര്‍ രണ്ടാം ഭാഗത്തില്‍ ഉണ്ടെങ്കിലും അവരും തീയേറ്ററിലിരിക്കുന്ന പ്രേക്ഷകരും തമ്മില്‍ വലിയ വ്യത്യാസങ്ങളൊന്നുമില്ല. രശ്മികയുടെ ശ്രീവല്ലിയെ ശ്രീവള്ളിയാക്കുന്നതോടെ ആ ഭാഗവും ശുഭം. പണ്ട് റോക്കി ഭായ് തന്റെ ഭാര്യയ്ക്ക് കാറ്റ് കിട്ടാന്‍ ഹെലികോപ്റ്റര്‍ പറത്തിയത് എത്രയോ നിസാരം എന്ന് തോന്നിപ്പിക്കുന്നതാണ് ശ്രീവല്ലിയ്ക്ക് വേണ്ടിയുള്ള പുഷ്പയുടെ ചെയ്തികള്‍.

എങ്കിലും പ്രതീക്ഷിച്ചിരുന്നൊരു ക്യാരക്ടര്‍ ഫഹദിന്റെ ഭവന്‍വര്‍ സിംഗ് ഷെഖാവത്ത് ആയിരുന്നു. വലുതെന്തൊ വരാനിരിക്കുന്നു എന്ന തോന്നല്‍ നല്‍കിയാണ് ആദ്യ ഭാഗത്തിലെ ഫഹദിന്റെ എന്‍ട്രി. എന്നാല്‍ ഫഹദ് ഫാസില്‍ എന്നെ താരത്തേയും അഭിനേതാവിനേയും പരിഹസിക്കുന്നതാണ് അദ്ദേഹത്തിന്റെ കഥാപാത്ര സൃഷ്ടി. അദ്ദേഹത്തിലെ നടന് ശ്വാസം വിടാനുള്ള ഇടം പോലും എഴുത്ത് നല്‍കിയിട്ടില്ല.

പുഷ്പയുടെ സിന്‍ഡിക്കേറ്റിനുള്ളിലെ വളര്‍ച്ചയുടെ ഒപ്പം തന്നെ വൈകാരിക യാത്രയും കാണിക്കുന്നതായിരുന്നു ഒന്നാം ഭാഗം, അതെത്ര മെലോഡ്രമാറ്റിക് ആണങ്കിലും. എന്നാല്‍ ഇവിടെ ആ ഒഴുക്ക് സിനിമയ്ക്കില്ല. അവസാന നിമിഷം ഓര്‍മ്മ വന്നപ്പോള്‍ എവിടെയെങ്കിലും വെക്കണമല്ലോ എന്നു കരുതി തിടുക്കത്തില്‍ കുത്തിക്കയറ്റിയത് പോലെ തോന്നുന്നതാണ് ഫാമിലി ഇമോഷണ്‍ രംഗങ്ങള്‍. അതുകൊണ്ട് തന്നെ ആ രംഗങ്ങളിലെ വൈകാരികത ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല.

ആദ്യ ഭാഗം പോലെ തന്നെ അല്ലു അര്‍ജുന്റെ ഷോ ആണ് രണ്ടാം ഭാഗവും. സ്ഥിരം സോണില്‍ നിന്നും അല്ലു അര്‍ജുന്‍ പുറത്ത് വന്ന ചിത്രമായിരുന്നു പുഷ്പ. സ്വാഗു കൊണ്ട് പുഷ്പയെ അയാള്‍ തന്റെ മറ്റ് നായകന്മാരില്‍ നിന്നും വ്യത്യസ്തനാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രകടനത്തിന്റെ കാര്യത്തില്‍ തന്റെ തന്നെ അനുകരണമായി മാറിയിരിക്കുകയാണ് അല്ലു അര്‍ജുന്‍. എഴുത്തുകൂടി കൈവിടുന്നിടത്ത് അല്ലു അര്‍ജുന് ഒന്നും ചെയ്യാനില്ല. ഒപ്പം അഭിനയിച്ച മറ്റാര്‍ക്കും തന്നെ അഭിനയിക്കാനുള്ള സ്‌പേസുമില്ല. ആകെ ഉണ്ടായിരുന്നത് ഫഹദിനായിരുന്നു. എന്നാല്‍ ഫഹദിനും ലിഫ്റ്റ് ചെയ്യാന്‍ സാധിക്കാത്ത അത്ര മോശം കഥാപാത്ര സൃഷ്ടിയായിരുന്നു ഭന്‍വര്‍ സിംഗ്.

ദേശീയ പുരസ്‌കാരം ലഭിക്കുമെന്ന് രശ്മിക മന്ദാനയ്ക്ക് ആത്മവിശ്വാസം നല്‍കിയത് രണ്ടാം പകുതിയിലെ ഒരു രംഗമാണെന്നാണ് തോന്നുന്നത്. ആ രംഗമൊഴിച്ചാല്‍ രശ്മികയ്ക്ക് സ്വാമി, സ്വാമി എന്ന് വിളിക്കാന്‍ മാത്രമേ യോഗമുള്ളു. തുടര്‍ച്ചയായി ഇങ്ങനെ മോശം നായികമാര്‍ രശ്മികയ്ക്കായി സൃഷ്ടിക്കപ്പെടുന്നുവെന്നത് അമ്പരപ്പിക്കുന്ന കണ്‍സിസ്റ്റന്‍സിയാണ്.

Pushpa 2

ബാക്കിയൊന്നും ശരിയായില്ലെങ്കിലും മേക്കിംഗില്‍ പിടിക്കാന്‍ ഇത്തരം സിനിമകള്‍ക്ക് സാധിക്കാറുണ്ട്. എന്നാല്‍ അതിനുള്ള ശ്രമവും സിനിമയില്‍ കാണുന്നില്ല. സംഘട്ടന രംഗങ്ങള്‍ കൊണ്ട് ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കുന്നവരാണ് സുകുമാറും അല്ലു അര്‍ജുനും. എന്നാല്‍ കാഴ്ച്ചക്കാരില്‍ ഇടിമുഴക്കം പോലെ തോന്നിപ്പിക്കേണ്ട സംഘട്ടനം ഉണ്ടാകേണ്ടിടത്ത് വരുന്നത് മന്ദമാരുതന്‍ ആണ്. പുഷ്പയില്‍ ബാക്കിയുണ്ടായിരുന്ന കനല്‍ പോലും ആ കാറ്റില്‍ കെട്ടടങ്ങും.

സിനിമയുടെ പശ്ചാത്തല സംഗീതം തരക്കേടില്ലാത്തതായിരുന്നു. എന്നാല്‍ ഗാനങ്ങളും വൈകാരിക രംഗങ്ങളിലെ പശ്ചാത്തല സംഗീതവും നിലവാരമുള്ളതായിരുന്നില്ല. ആദ്യ ഭാഗത്തിലെ പാട്ടുകള്‍ ഏറെക്കുറെ എല്ലാം തന്നെ വേറിട്ട് നില്‍ക്കുന്നവയായിരുന്നുവെങ്കില്‍ ആ വിജയം ആവര്‍ത്തിക്കാനുള്ള പാഴ് ശ്രമമാണ് രണ്ടാം ഭാഗത്തിന്റെ സംഗീതം. പാട്ടുകളൊന്നും തന്നെ ഓര്‍ത്തിരിക്കാന്‍ സാധിക്കുന്നതല്ല. വൈകാരിക രംഗങ്ങളിലെ സംഗീത കണ്ണീര്‍ പരമ്പരകളെ നാണിപ്പിക്കുന്നതാണ്.

മോശം എഴുത്തും, അത്ര തന്നെ മോശം എടുപ്പും കൊണ്ട് വികലമാക്കിക്കളഞ്ഞൊരു സൃഷ്ടിയാണ് പുഷ്പ ടു ദ റൂള്‍. ഇതിനൊരു മൂന്നാം ഭാഗം കൂടി വരുന്നുണ്ടെന്ന് അറിയുന്നിടത്ത് പുഷ്പ തന്റെ എതിരാളികളെ മാത്രമല്ല പ്രേക്ഷകരെ പോലും വെല്ലുവിളിക്കുകയാണ്.

Read more about: allu arjun fahadh faasil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X