For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയുടെ മന്നാടിയാർക്ക് മമ്മൂട്ടിയിലൂടെ മറുപടി നല്‍കി റത്തീന; താരത്തിനും ഉയരെ മഹാ നടന്‍!

  |

  Rating:
  3.0/5

  തന്റെ മകനൊപ്പം ജീവിക്കുന്ന റിട്ടയര്‍ഡ് പോലീസ് ഉദ്യോഗസ്ഥനാണ് മമ്മൂട്ടിയുടെ കഥാപാത്രം. അയാളും മകനും തമ്മിലുള്ള ബന്ധത്തിലൂടെ കഥ പറഞ്ഞു തുടങ്ങി ജാതി രാഷ്ട്രീയത്തിലേക്കും ഇസ്ലാമോഫോബിയയിലേക്കുമൊക്കെ വിരല്‍ ചൂണ്ടുന്നൊരു സിനിമയാണ് പുഴു. സിനിമയുടെ തുടക്കം മുതല്‍ തന്നെ കാത്തിരിക്കാതെ കാര്യത്തിലേക്ക് കടക്കുകയാണ് റത്തീന. പതിഞ്ഞ താളത്തില്‍, പുഴു എന്ന പേരിനെ ഓര്‍മ്മിപ്പിക്കും വിധം, ആണ് സിനിമയുടെ സഞ്ചാരം. ടോക്‌സിക് പാരന്റിംഗ് എന്ന മലയാള സിനിമ സാധാരണവത്കരിച്ച വിഷയത്തെ അതിന്റെ എല്ലാ ഭീകരതയും, ട്രോമയും കാഴ്ചക്കാരില്‍ അനുഭവപ്പെടുത്തിയാണ് സിനിമ തുടങ്ങുന്നത്.

  Also Read: ജാസ്മിന് പെട്ടെന്ന് എന്ത് സംഭവിച്ചു; ബിഗ് ബോസിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് താരം, ഒപ്പം ഒരു ആവശ്യവും...

  പതിയെ സിനിമ അതിന്റെ ജാതി രാഷ്ട്രീയത്തിലേക്കും കടക്കുന്നു. സവര്‍ണ ബ്രാഹ്‌മണാധികാരത്തിന്റെ പ്രിവിലേജുകളില്‍ ജീവിക്കുകയും അതിന്റെ അധികാരബോധത്തോടെ മറ്റുള്ളവരോട് പെരുമാറുകയും ചെയ്യുന്ന കേന്ദ്രകഥാപാത്രത്തെ ഒട്ടും ജസ്റ്റിഫൈ ചെയ്യാന്‍ സിനിമ മുതിരുന്നില്ല. മമ്മൂട്ടിയുടെ കഥാപാത്രം ചുറ്റുമുള്ള കഥാപാത്രങ്ങളില്‍ ഉളവാക്കുന്ന ഭയവും അസ്വസ്ഥതയും കാഴ്ചക്കാരിലും ഉളവാക്കുന്നുണ്ട്. സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന ജാതീയതയും മുസ്ലീം വിരുദ്ധതയുമൊക്കെ ചിത്രം മറയില്ലാതേയും മടി കൂടാതെയും കാണിച്ചു തരുന്നുണ്ട്.

  പൊതുവെ അമ്മയില്ലാത്ത കുട്ടിയെ നോക്കുന്ന അച്ഛന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നിടത്ത് അവര്‍ ചെയ്യുന്നതിനെയെല്ലാം 'നിന്റെ നല്ലതിന് വേണ്ടി' എന്നൊരു നന്മയില്‍ കൊണ്ടു കെട്ടാറുണ്ട്, സിനിമയും സമൂഹവും. എന്നാല്‍ പുഴുവിലെ കുട്ടന്‍ അത് വാക്കാല്‍ പറയുമ്പോഴും കാഴ്ചക്കാരോട് സിനിമ പറയുന്നത് അയാളൊരു നല്ല അച്ഛനല്ലെന്നും നല്ല മനുഷ്യനല്ലെന്നും തന്നെയാണ്. ഒരുകാലത്ത് മന്നാഡിയരായും മേലേടത്ത് രാഘവന്‍ നായര്‍ ആയും ഗ്ലോറിഫൈ ചെയ്യപ്പെട്ട അതേ മമ്മൂട്ടിയിലൂടെ കാലം നല്‍കിയ മറുപടി കൂടിയാണ് പുഴുവെന്ന് പറയാം. ഒരുപക്ഷെ ഒരു ഇരുപത് കൊല്ലം മുമ്പായിരുന്നുവെങ്കില്‍ ഇതേ സ്വഭാവ സവിശേഷതകള്‍ നായകന്റേതായിരുന്നേനെ.

  പുഴു എന്ന സിനിമ തുടക്കം മുതല്‍ ഒടുക്കം വരെ മമ്മൂട്ടിയെന്ന നടനില്‍ ആണ് ആശ്രയിച്ചിരിക്കുന്നത്. മമ്മൂട്ടിയെന്ന മെഗാ താരത്തെ പിന്‍സീറ്റിലേക്ക് ഇരുത്തി, മമ്മൂട്ടിയെ മഹാനടന്‍ ഡ്രൈവിംഗ് സീറ്റിലേക്ക് വന്നിരിക്കുകയാണ്. ഒരു നടന്‍ എന്ന നിലയില്‍ ഓരോ ദിവസവും അപ്പ്‌ഡേറ്റഡാകാനും തന്നെ തേച്ച് മിനുക്കാനുമുള്ള മമ്മൂട്ടിയുടെ അഭിനയദാഹം എത്രത്തോളമുണ്ടെന്ന് പുഴു കാണിച്ചു തരുന്നുണ്ട്. സമീപകാലത്തൊന്നും കാണാത്തൊരു മമ്മൂട്ടിയെ പുഴുവില്‍ കാണാം.

  മകന്റെ കരങ്ങള്‍ കൂട്ടിപ്പിടിച്ചു കൊണ്ട് ശബ്ദമുയര്‍ത്താതെ തന്നെ ഭയപ്പെടുത്തുന്ന രംഗത്തിലും, തനിക്ക് അരികിലേക്ക് താന്‍ താഴ്ന്നവരെന്ന് കരുതുന്നവര്‍ വരുമ്പോള്‍ അയാള്‍ അനുഭവിപ്പിക്കുന്ന അറപ്പുമെല്ലാം വളരെ സട്ടിലായ ഭാവങ്ങളിലൂടെ മമ്മൂട്ടി അടയാളപ്പെടുത്തുന്നുണ്ട്. സമൂഹം അതിന്റെ ഓരങ്ങളിലേക്ക് മാറ്റി നിര്‍ത്തിയവരോടുള്ള പുച്ഛവും വെറുപ്പുമെല്ലാം മമ്മൂട്ടിയുടെ ശരീരഭാഷയില്‍ നിന്നും വായിച്ചെടുക്കാം.

  മമ്മൂട്ടി കഴിഞ്ഞാല്‍ പ്രകടനം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നത് മകനായി എത്തുന്ന ആണ്. അതേസമയം പാര്‍വതി എന്ന താരത്തിന്റെ കാസ്റ്റിംഗ് മികച്ചൊന്നായിരുന്നുവെങ്കിലും പാര്‍വതിയെ പോലൊരു നടിയെ വേണ്ടുവോളം ഉപയോഗപ്പെടുത്താന്‍ സിനിമയ്ക്ക് സാധിച്ചോ എന്നതില്‍ സംശയമുണ്ട്. കുട്ടപ്പന്‍ എന്ന അപ്പുണ്ണി ശശിയുടെ കാസ്റ്റിംഗ് സിനിമയ്ക്ക് അകത്തും പുറത്തും കയ്യടി അര്‍ഹിക്കുന്നൊരു തീരുമാനമാണ്.

  അതേസമയം മമ്മൂട്ടിയെന്ന നടനെ മാത്രം ആശ്രയിക്കുന്നൊരു സിനിമയുമാകുന്നുണ്ട് പുഴു. കേന്ദ്രകഥാപാത്രമടക്കം മിക്ക കഥാപാത്രങ്ങളുടെ പശ്ചാത്തലം വ്യക്തമാക്കാനോ ശരിയായി എസ്റ്റാബ്ലിഷ് ചെയ്യാനോ തിരക്കഥയില്‍ ശ്രമിച്ചിട്ടില്ല. അപ്പുണ്ണിയുടെ കുട്ടപ്പനും പാര്‍വതിയുമൊക്കെ ഒറ്റവരി കഥാപാത്രങ്ങളാണ്. മമ്മൂട്ടിയുടെ കഥാപാത്രത്തിനും ഈ പരിമിധി ഉണ്ടെങ്കിലും അദ്ദേഹത്തിലെ നടന്‍ അതിനെ രക്ഷിച്ചെടുക്കുന്നുണ്ട്.

  അതുവരെ പറഞ്ഞ രാഷ്ട്രീയത്തില്‍ നിന്നും വളരെ പെട്ടെന്നുള്ളൊരു ലീപ്പാണ് സിനിമയുടെ ക്ലൈമാക്‌സ്. മുമ്പേ കഥാപാത്രങ്ങളുടെ വ്യക്തിത്വവും പശ്ചാത്തലവും അടയാളപ്പെടുത്തിനതില്‍ വന്ന പിഴവ് പ്രതീക്ഷിച്ച ഇംപാക്ട് നല്‍കാതെ പോകുന്നുണ്ട്. ജാതിയില്‍ നിന്നും ഇസ്ലാമോഫോബിയയിലേക്കുള്ള പെട്ടെന്നുള്ള ചാട്ടവും ട്വിസ്റ്റുമൊക്കെ വേഗത്തില്‍ എന്തൊക്കയോ പറഞ്ഞു തരാന്‍ നടത്തിയ ശ്രമം വിജയിച്ചോ എന്നത് സംശയമാണ്. അതേസമയം റത്തീന എന്ന സംവിധായക തന്റെ വരവറിയിച്ച സിനിമയാണ് പുഴു. ആദ്യ സിനിമയില്‍ തന്നെ മലയാളത്തിന്റെ മെഗാതാരത്തെ വച്ചു കൊണ്ട് ശക്തമായ രാഷ്ട്രീയം സംസാരിക്കാന്‍ തയ്യാറായ റത്തീന പ്രതീക്ഷ നല്‍കുന്നൊരു അരങ്ങേറ്റമാണ്.

  Recommended Video

  CBI 5 Movie Review | മമ്മൂക്കക്ക് സിബിഐ 5 മൈലേജ് കുറക്കുമോ ?

  കാലത്തിന്റെ തിരുത്തല്‍ എന്ന നിലയിലും മമ്മൂട്ടിയെന്ന നടന്റെ പുതുക്കല്‍ എന്ന നിലയിലും വളരെ പ്രധാനപ്പെട്ടൊരു സിനിമയാണ് പുഴു.

  Read more about: mammootty parvathy
  English summary
  Puzhu Movie Review A Reinvented Mammootty Saves The Shaky But Political Movie Directed By Ratheena PT
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X