For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിഷ്ണുവും ശിവനും മിത്തില്‍ നിന്നും ഭൂമിയിലേക്ക്; കന്നഡയില്‍ നിന്നുമൊരു ലോകോത്തര സിനിമ

  |

  Rating:
  4.5/5

  ആദ്യമായി കണ്ട കന്നഡ സിനിമ ഉളിദവരു കണ്ടാന്തെ ആയിരുന്നു. രക്ഷിത് ഷെട്ടിയൊരുക്കിയ ആ മാസ്റ്റര്‍പീസിലാണ് പുലിവേഷ എന്ന പുലികളി ആദ്യമായി കാണുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം സമാനമായ രീതിയില്‍ വീണ്ടും പുലിവേഷയുടെ താളം ആവേശിച്ചു കൊണ്ട് മറ്റൊരു സിനിമ വന്നിരിക്കുകയാണ്. ഗരുഡ ഗമന വൃഷഭ വാഹന.

  വിഷ്ണു-ശിവന്‍-ബ്രഹ്‌മാവ് മിത്തിനെ വച്ചൊരുക്കിയ ഗ്യാങ്സ്റ്റര്‍ മൂവിയാണ് ഗരുഡ ഗമന വൃഷഭ വാഹന. ഹരി-ഹര പോലുള്ള മിത്ത് മുമ്പും സിനിമയായിട്ടുട്ടെങ്കിലും അതിന്റെയൊക്കെ എക്‌സ്ട്രീം ആണ് ഗരുഡ ഗമന വൃഷഭ വാഹന (വിഷ്ണുവും ശിവനും) ഹിന്ദു മിത്തോളജിയാണെങ്കിലും യൂണിവേഴ്‌സലായിട്ടുള്ള പ്ലോട്ടാണ്. അവതരണ രീതി കൊണ്ടും അസാധ്യ പ്രകടനങ്ങള്‍ കൊണ്ടും ആ പ്ലോട്ടിനെ ഉയരങ്ങളിലെത്തിക്കുകയാണ് രാജ് ബി ഷെട്ടി. തമാശയുടെ ഒറിജിനലായ ഒരു മൊട്ടെയ കഥെ എന്ന ആദ്യ സിനിമയുടെ നേരെ വിപരീത ദിശയില്‍ സഞ്ചരിക്കുന്ന സിനിമയാണ് ഇത്തവണ രാജ് ഒരുക്കിയിരിക്കുന്നത്.

  വള്‍നറബിള്‍ ആയ അധ്യാപകനില്‍ നിന്നും തനിക്ക് മുന്നിലുള്ള എന്തിനേയും ശിഥിലമാക്കാന്‍ ശേഷിയുള്ള, തരിമ്പും ഭയമില്ലാത്ത ശിവയായി രാജ് തകര്‍ത്താടുകയാണ്. കൊലയ്ക്ക് ശേഷം മഴയത്തുള്ള പുലിവേഷ (പുലികളി) താണ്ഡവമായ് മാറുന്നത് കണ്ണ് ചിമ്മാതെ കണ്ടിരുന്നു പോകും. മുറ്റത്ത് കുഴി കുത്തി കൊണ്ടിരിക്കുന്ന കുട്ടിയായ ഹരിയില്‍ നിന്നുമാണ് സിനിമയുടെ കഥ തുടങ്ങുന്നത്. തൊട്ടരികിലെ പൊട്ടക്കിണറില്‍ നിന്നും ശിവയെ ഹരിയുടെ അമ്മയാണ് കണ്ടെത്തുന്നത്. ദേഹം മുഴുവന്‍ മുറിപ്പാടുകളുമായി പുഴുവരിച്ച് ദുര്‍ഗന്ധം വമിക്കുന്ന ശരീരമായിരുന്നു ശിവ. മരിച്ചുവെന്ന് എല്ലാവരും ഉറപ്പിച്ചിരിക്കെ ശിവയുടെ ജീവന്റെ തുടിപ്പ് കാണുന്നു. എല്ലാവരും ഭയന്ന് ഓടുമ്പോള്‍ ഹരി ശിവയെ കണ്ണ് ചിമ്മാത നോക്കി നില്‍ക്കുകയാണ്. ആ നിമിഷം മുതല്‍ ഹരി ശിവയുടെ ഭക്തനായി മാറുകയാണ്. പാതാളത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ശിവയുടെ എന്‍ട്രി. മിത്തിലെ ശിവനെ പോലെ തന്നെ എവിടെ നിന്നു വന്നുവെന്നോ ശിവയുടെ ഭൂതകാലമോ ആര്‍ക്കുമറിയില്ല.

  ഹരിയായ് വരുന്നത് ഋഷഭ് ഷെട്ടിയാണ്. കന്നഡ സിനിമയിലെ നവതരംഗത്തിലെ മറ്റൊരു സംവിധായകന്‍ കൂടിയാണ് അദ്ദേഹം. കാലത്തിന് അനുസരിച്ച് അവതാരങ്ങള്‍ മാറ്റുന്ന വിഷ്ണുവിനെ പോലെ ഹരിയിലെ മാറ്റങ്ങള്‍ ആണ് സിനിമ. ഹരിഹര സംഗമത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ഹരിയും ശിവയും തമ്മിലുണ്ടായിരുന്നത് സൗഹൃദത്തില്‍ കവിഞ്ഞൊരു ബന്ധമാണെന്ന് കൂടി വായിച്ചെടുക്കാം. ത്രയത്തിലെ മൂന്നാമനും, നേരിട്ട് ആക്ഷനില്‍ പങ്കെടുക്കാതെ തന്റെ ബുദ്ധിയിലൂടെ ലൈഫ് സര്‍ക്കിള്‍ മുന്നോട്ട് നയിക്കുന്ന ബ്രഹ്‌മാവ്. ഇവിടെയത് ബ്രഹ്‌മയ്യ എന്ന എസ്‌ഐയാണ്. ഈ മൂന്ന് പേരും തമ്മിലുള്ള യുദ്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. വലിയ ട്വിസ്റ്റുകളോ അപ്രതീക്ഷിതമായ ഇവന്റുകളോ സിനിമയിലില്ല. ഊഹിക്കാവുന്ന കഥയാണ്. പക്ഷെ ഓരോ രംഗത്തേയും ട്രീറ്റ് ചെയ്തിരിക്കുന്ന രീതിയും അവ സിനിമയുടെ മൊത്തം യാത്രയില്‍ സൃഷ്ടിക്കുന്ന സ്വാധീനവുമെല്ലാം ചിത്രത്തെ വളരെയധികം എന്‍ഗേജിംഗ് ആക്കുകയാണ്.

  മിത്തിനെ കുറിച്ച് ഒരു ധാരണയുമില്ലാതെ കണ്ടാലും മനസിലാക്കാനും പൂര്‍ണമായും ആസ്വദിക്കാനും കഴിയുന്നതാണ് രാജിന്റെ തിരക്കഥ. ലോക്കല്‍ ഈസ് ഇന്റര്‍നാഷണല്‍ എന്ന് പറയുന്നത് പോലെ യൂണിവേഴ്‌സലാണ് സിനിമ. മാംഗ്ലൂര്‍ എന്ന നാടും പുലിവേഷയുമൊക്കെ സിനിമയുടെ പശ്ചാത്തലത്തിന് അപ്പുറം കഥയുമായി ഇഴുകിചേര്‍ന്നു കിടക്കുന്നത് സിറ്റി ഓഫ് ഗോഡ് പോലുള്ള സിനിമകള്‍ ഓര്‍മ്മപ്പെടുത്തുന്നു. ക്യാമറയും പശ്ചാത്തല സംഗീതവും സിനിമയ്ക്ക് നല്‍കുന്ന ഫീല്‍ പറഞ്ഞ് അറിയിക്കാനാവില്ല. വെറുതെ കേള്‍ക്കുമ്പോള്‍ ഭക്തിഗാനം എന്ന് തോന്നുന്ന പാട്ടുകള്‍ സിനിമയിലെ ഗോറി രംഗങ്ങളെ കൂടുതല്‍ ഭീതിദമാക്കുന്നു. കേന്ദ്രകഥാപാത്രങ്ങളുടെ ക്യാരക്ടര്‍ ആര്‍ക്കും, അവര്‍ക്ക് നല്‍കിയിരിക്കുന്ന യുണിക് ട്രെയ്റ്റുകളുമെല്ലാം എടുത്ത് തിരക്കഥയിലെ എടുത്ത് പറയേണ്ട മികവാണ്. ടറാന്റിനോയുടെ കാല്‍പാദങ്ങളോടുള്ള ഒബ്‌സെഷന്‍ കണ്ടിട്ടുണ്ട്. ഇവിടെ രാജ് കാല്‍പാദങ്ങള്‍ മാത്രം കാണിച്ച് വിറപ്പിക്കുന്നുണ്ട്.

  Recommended Video

  ദിലീപിനെ ന്യായീകരിക്കാൻ വന്ന ഒമർ ലുലു പോസ്റ്റ് മുക്കി കണ്ടംവഴി ഓടി | FilmiBeat Malayalam


  'ദൈവങ്ങള്‍' സൂപ്പര്‍ പവര്‍ ഇല്ലാത്ത സാധാരണ മനുഷ്യര്‍ ആണെങ്കില്‍ അവര്‍ ചെയ്യുന്ന വയലന്‍സിനോട് തോന്നുക ഭക്തിയായിരിക്കില്ല മറിച്ച് ഭയമായിരിക്കും. ആ ഭയമാകും ചുറ്റുമുള്ളവരെ നിയന്ത്രിക്കുകയും അവരുടെ ഭക്തരാക്കി മാറ്റുകയും ചെയ്യുക. പക്ഷെ എത്ര പവര്‍ഫുള്‍ ആണേലും ലൈഫ് സര്‍ക്കിള്‍ പൂര്‍ത്തിയാക്കേണ്ടി വരികയും പലപ്പോഴും നമ്മള്‍ ചെറുതെന്ന് കരുതുന്ന സംഭവങ്ങളാകും ജീവിതത്തെ മാറ്റിമറിക്കുക എന്നു കൂടെ സിനിമ പറയുന്നു. മിത്തിന് പുറമെ, പവര്‍ എന്നതിനെ മസില്‍ പവറായും മണി പവറായും ഉന്നത ബന്ധമായും സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്. പവര്‍ ഷിഫ്റ്റുകളേയും അധികാരത്തോടുള്ള മനുഷ്യന്റെ ഒടുങ്ങാത്ത അഭിനിവേശവും വര്‍ഗ വ്യത്യാസവും സിനിമയില്‍ കാണാം. കിണര്‍, നായ, വീട് തുടങ്ങിയ മെറ്റഫറുകളിലൂടെ മിത്തിനേയും റിയാലിറ്റിയേയും സിനിമ അടയാളപ്പെടുത്തുന്നുണ്ട്.

  ബോളിവുഡിന് ഗ്യാങ്‌സ് ഓഫ് വസീപൂരും മലയാളത്തിന് അങ്കമാലി ഡയറീസും തമിഴിന് ആരണ്യ കാണ്ഡവുമൊക്കെ നല്‍കിയത് പോലൊ കന്നഡ സിനിമയ്ക്ക് ലഭിച്ചിരിക്കുന്ന ആഗോള സിനിമയാണ് ഗരുഡ ഗമന വൃഷഭ വാഹന. 2021 ലെ ഏറ്റവും മികച്ച ഇന്ത്യന്‍ സിനിമകളില്‍ ആദ്യ സ്ഥാനങ്ങളില്‍ ഒന്ന് എന്തുകൊണ്ടും അര്‍ഹിക്കുന്ന സിനിമ.

  Read more about: review
  English summary
  raj b shetty starrer garuda gamana vrishabha vahana movie review in malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X