കെജിഎഫിന്റെ അതേ അച്ചില്‍ വാര്‍ത്തെടുത്ത സലാര്‍; ബാക്കിയാകുന്നത് ബില്‍ഡപ്പും വിരസതയും

മീമുകളിലൊക്കെ നിറഞ്ഞു നില്‍ക്കുന്ന, മിഥുനം സിനിമയിലെ വിഖ്യാതമായൊരു രംഗമുണ്ട്. നെടുമുടി വേണുവിന്റെ മന്ത്രവാദി ഇപ്പോ പൊട്ടിക്കും ഇപ്പോ പൊട്ടിക്കും എന്ന് പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ സഹികെട്ട് ജഗതി തേങ്ങയുടയ്ക്ക് സ്വാമി എന്ന് വിളിച്ച് പറയുന്നത്. ആ രംഗമാണ് പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സലാര്‍ കണ്ടു കൊണ്ടിരിക്കെ മനസില്‍ ഓടിയെത്തിയത്. ബില്‍ഡപ്പില്‍ നിന്നും ബില്‍ഡപ്പിലേക്ക് പോകുന്ന സിനിമ. ഈ സമയം പ്രേക്ഷകര്‍ മിഥുനത്തിലെ ഇന്നസെന്റ് ആയാല്‍ തെറ്റ് പറയാനാകില്ല.

പൊതുവെ സംവിധായകരും തിരക്കഥാകൃത്തുകളുമൊക്കെ തങ്ങളുടെ കഥ പറയാനുള്ള പശ്ചാത്തലം ഒരുക്കുന്നതില്‍ നിന്നും വ്യത്യസ്തമാണ് പ്രശാന്ത് നീലിന്റെ രീതി. അതിനായി പ്രശാന്ത് ആദ്യം ചെയ്യുക തന്റേതായൊരു ലോകം സൃഷ്ടിച്ചെടുക്കുക എന്നതാണ്. പൊതു സമൂഹത്തിന്റെ ഒരു രീതിയും പിന്തുടരാത്ത, താന്‍ സൃഷ്ടിച്ച സാമൂഹിക ക്രമം പാലിക്കുന്നൊരു ലോകം. ഉഗ്രത്തിലും കെജിഎഫിലും ഇപ്പോള്‍ സലാറിലുമെല്ലാം അങ്ങനൊരു ലോകം സൃഷ്ടിച്ചെടുത്തിട്ടുണ്ട്.

Salaar

ആ ലോകത്തെ മനുഷ്യരുടെ പ്രവര്‍ത്തികള്‍ക്കും ചിന്തകള്‍ക്കും വാക്കുകള്‍ക്കും സാമാന്യ മനുഷ്യരുടെ ലോകവുമായി യാതൊരു ബന്ധവും കാണില്ല. പ്രശാന്തിന്റെ ഈ സിനിമാറ്റിക് ലോകത്തെ മനസിലാക്കുകയും ആസ്വദിക്കുകയും ചെയ്യാന്‍ ഒരുക്കമാകുന്നവര്‍ക്കുള്ളതാണ് അദ്ദേഹത്തിന്റെ സിനിമകള്‍. അതുകൊണ്ട് തന്നെ സലാറിന് ടിക്കറ്റെടുക്കുമ്പോള്‍ അതില്‍ കുറഞ്ഞതോ കൂടുതലോ പ്രതീക്ഷിക്കേണ്ടതില്ല.

മുന്‍ സിനിമകളിലേത് പോലെ തന്റെ ലോകം സൃഷ്ടിച്ചെടുക്കുന്നതില്‍ സലാറിലും പ്രശാന്ത് വിജയിച്ചിട്ടുണ്ട്. വിഷ്വലുകള്‍ കൊണ്ട് മാസ് അപ്പീലുണ്ടാക്കാനും സാധിച്ചിട്ടുണ്ട്. എന്നാല്‍ മൊത്തത്തില്‍ ഒരു തണുത്ത അനുഭവമാണ് സലാര്‍. കെജിഎഫിനെ ഓര്‍മ്മിപ്പിക്കുന്ന കളര്‍ ടോണും, ആമ്പിയന്‍സും, മേക്കിംഗ് രീതിയും, എഡിറ്റിംഗുമെല്ലാം ആകുമ്പോഴും കെജിഎഫ് തന്ന അഡ്രിനാലിന്‍ റഷും മാസ് ഫീലും നല്‍കാന്‍ സലാറിന് സാധിക്കുന്നില്ല.

പ്രഭാസിന്റെ ദേവയും പൃഥ്വിരാജിന്റെ വരദരാജ മന്നാറും തമ്മിലുള്ള സൗഹൃദത്തിന്റേയും രക്തരൂക്ഷിതമായ ഖാന്‍സാറിന്റെ ചരിത്രവുമാണ് സലാര്‍ പറയുന്നത്. കെജിഎഫിന് വേണ്ടി ഉപയോഗിച്ച അതേ മീറ്ററില്‍ തന്നെയാണ് പ്രശാന്ത് സലാറും ഒരുക്കിയിരിക്കുന്നത്. മേക്കിംഗില്‍ മാത്രമല്ല, പശ്ചാത്തലവും ചില രംഗങ്ങളുമെല്ലാം കെജിഎഫിനെ ഓര്‍മ്മിപ്പിക്കുന്നതാണ്. മറ്റ് ചിലപ്പോഴൊക്കെ ബാഹുബലിയും.

അവിടെ റോക്കി ഭായ് ഒരു ദൗത്യവുമായി കെജിഎഫിലേക്ക് എത്തുന്നത് പോലെ ഇവിടെ ദേവ ഖാന്‍സാറിലെത്തുന്നതും ഒരു ലക്ഷ്യവുമായാണ്. അവിടെ അറിഞ്ഞും അറിയാതെയും റോക്കി ഒരുപാട് പേരുടെ രക്ഷകനും ദൈവുമായി മാറുമ്പോള്‍ ഇവിടേയും അത് തന്നെ സംഭവിക്കുന്നു. തങ്ങളുടെ ലക്ഷ്യം മാറ്റുന്നതില്‍ പോലും റോക്കിയും ദേവയും സാമ്യത പുലര്‍ത്തുന്നുണ്ട്. ഒരുപക്ഷെ റോക്കി ഭായിയുടെ കഥകള്‍ കേട്ട് വളര്‍ന്ന ഫാന്‍ ബോയ് ആയിരിക്കാം ദേവ!

ലോജിക്കിനെ പടിക്ക് പുറത്ത് നിര്‍ത്തിയ ആക്ഷന്‍ രംഗങ്ങളാണെങ്കിലും ഇമോഷണലി തന്റെ സിനിമയെ പ്രേക്ഷകരുമായി കണക്ട് ചെയ്യാന്‍ സാധിക്കുന്ന സംവിധായകനാണ് പ്രശാന്ത് നീല്‍. എന്നാല്‍ സലാറില്‍ ആ ഒരു കണക്ഷന്‍ സാധിച്ചെടുക്കാനാകുന്നില്ല. സിനിമയുടെ ആദ്യ പകുതി രണ്ടാം പകുതിയിലേക്കുള്ള ബില്‍ഡപ്പും രണ്ടാം പകുതി അടുത്ത പടത്തിലേക്കുള്ള ബില്‍ഡപ്പും ഇതിനിടയില്‍ വരുന്നവരും പോകുന്നവരുമെല്ലാം നായകന് വേണ്ടി ബില്‍ഡപ് ചെയ്യുകയുമാണ്. ആദ്യപകുതിയുടെ അവസാനത്തോടെയാണ് സിനിമ ട്രാക്കിലേക്ക് ആകുന്നത് തന്നെ.

എന്നാല്‍ രണ്ടാം പകുതി തുടങ്ങുന്നിടത്ത് സിനിമ വീണ്ടും പഴയ താളത്തിലേക്ക് തിരികെ പോകുന്നു. പിന്നെയൊന്ന് ഉറക്കമുണരുന്നത് അവസാന ഭാഗങ്ങളിലെത്തുമ്പോഴാണ്. കാഴ്ചക്കാരുമായി ഇമോഷണലി കണക്ട് ചെയ്യാന്‍ സാധിക്കാത്തതും സിനിമയെ എലിവേറ്റ് ചെയ്യുന്ന രംഗങ്ങളുടെ അഭാവവുമെല്ലാം സലാറിനെ വിരസമാക്കുകയാണ്.

Salaar

അതേസമയം പ്രഭാസിനെ സംബന്ധിച്ച് സലാര്‍ തിരിച്ചു വരവ് തന്നെയാണ്. ബാഹുബലി സീരീസിന് ശേഷം കണ്ടിരിക്കാന്‍ പറ്റുന്ന രീതിയില്‍ പ്രഭാസിനെ അവതരിപ്പിച്ചത് പ്രശാന്ത് നീല്‍ തന്നെയാണ്. മേലനങ്ങാതെയുള്ള ആക്ഷനും അഭിനയവുമൊക്കെയാണെങ്കിലും അത്യാവശ്യം സ്‌ക്രീന്‍ പ്രസന്‍സില്‍ പിടിച്ചു നില്‍ക്കാന്‍ പ്രഭാസിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ പൃഥ്വിരാജിനെ സംബന്ധിച്ച് സലാര്‍ മികച്ചൊരു തീരുമാനം തന്നെയായിരുന്നു. നായകന്റെ അടി കൊള്ളാനുള്ള വില്ലനോ, നായകന് വേണ്ടി ബലിയാടാകുന്ന കൂട്ടുകാരനോ അല്ല പൃഥ്വിരാജ്.

പൃഥ്വിരാജ് എന്ന താരത്തേയും നടനേയും കൃത്യമായി തന്നെ പ്രശാന്ത് നീല്‍ ഉപയോഗിച്ചിട്ടുണ്ട്. രണ്ടാം ഭാഗത്തിലായിരിക്കും പൃഥ്വിരാജിന് കൂടുതല്‍ ഷൈന്‍ ചെയ്യാനുള്ള രംഗങ്ങളുണ്ടാവുക. ശ്രിയ റെഡ്ഡി, ബോബി സിന്‍ഹ, ജഗപതി ബാബു, ഈശ്വരി റാവു തുടങ്ങിയവരെല്ലാം ടെബ്ലേറ്റ് ഭാവങ്ങളുമായി പ്രഭാസിന് കട്ട വെല്ലുവിളി തന്നെ ഉയര്‍ത്തുന്നുണ്ട്. പക്ഷെ വിന്നര്‍ ശ്രുതി ഹാസന്‍ തന്നെയായിരിക്കും. റോക്കി ഭായിയും അമ്മയും തമ്മിലുള്ള ആത്മബന്ധം പോലെ ദേവയും അമ്മയും തമ്മിലുള്ള ബോണ്ടും സിനിമയുടെ കോര്‍ ഇമോഷണുകളിലൊന്നാണ്. പ്രശാന്തിന്റെ എല്ലാ ലോകത്തും ഏറ്റവും വലിയ പോരാളി അമ്മ തന്നെ.

രവി ബസുറിന്റെ പശ്ചാത്തല സംഗീതം കെജിഎഫിനായി ഒരുക്കി വച്ചിരുന്നതിന്റെ ബാക്കിയെടുത്തത് വീശിയത് പോലെയുണ്ട്. സിനിമയെ ലിഫ്റ്റ് ചെയ്യാന്‍ അദ്ദേഹത്തിന്റെ സംഗീതത്തിന് സാധിക്കുന്നില്ല. എഡിറ്റിംഗില്‍ ബ്ലാക്ക് ഔട്ടിന്റെ അമിതമായ ഉപയോഗവും സിനിമയുടെ ഒഴുക്കിനെ ബാധിച്ചിട്ടുണ്ട്. മികച്ച ആക്ഷന്‍ രംഗങ്ങളിലും ഈ എഡിറ്റിംഗ് കല്ലുകടിയാണ്.

സലാര്‍ രണ്ടാം ഭാഗത്തിനുള്ള ബില്‍ഡ് അപ്പ് മാത്രമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. യഥാര്‍ത്ഥ കളി കാണാന്‍ കിടക്കുന്നതേയുള്ളൂ. പക്ഷെ അന്ന് കളി കാര്യമായില്ലെങ്കില്‍ കളി മാറും.

Read more about: prabhas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X