For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവിത രാഷ്ട്രീയം പറയുന്ന ജയ് ഭീം; അടിച്ചമര്‍ത്തപ്പെടുന്നവരുടെ ശബ്ദമായി മാറുന്ന സിനിമ

  |

  Rating:
  4.0/5

  വിസാരണൈ, പരിയേറും പെരുമാള്‍, അസുരന്‍, കര്‍ണന്‍, മണ്ടേല തുടങ്ങിയ രാഷ്ട്രീയ സിനിമകള്‍ സമ്മാനിച്ച തമിഴ് സിനിമാലോകത്തു നിന്നും മറ്റൊരു സിനിമ കൂടി കാഴ്ചക്കാരന്റെ ഉറക്കം കെടുത്തിക്കളയാനായി എത്തിയിരിക്കുകയാണ്, ജയ് ഭീം. സിനിമയൊരുക്കുക എന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണെന്ന് ഓര്‍മ്മിപ്പിക്കുന്ന സിനിമകളുടെ നിരയിലേക്ക്, സമീപകാലത്തെ ഏറ്റവും പ്രധാനപ്പെട്ട സിനിമകളിലൊന്നായി മാറുകയാണ് ജയ് ഭീം. ജയ് ഭീം എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന ചിത്രം.

  വെള്ളയണിഞ്ഞ് സുന്ദരിയായി ശിവദ; ചിത്രങ്ങള്‍ കാണാം

  തമിഴ് സിനിമയിലെ സൂപ്പര്‍ താരം സൂര്യ കേന്ദ്ര കഥാപാത്രവും നിര്‍മ്മാതാവുമായ സിനിമ പക്ഷെ ഒരു താരത്തെ ആഘോഷിക്കാനുള്ള സിനിമയല്ല. മറിച്ച്, ഇന്നും സമൂഹത്തിന്റെ അരികുകളിലേക്ക് തള്ളി മാറ്റി നിര്‍ത്തപ്പെട്ട, അഡ്രസ് ഇല്ലാത്ത, സമൂഹം എന്ന ചിന്തയുടെ ഭാഗം പോലും ആയി പരിഗണിക്കപ്പെടാത്ത ജീവിതങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് ടിജെ ജ്ഞാനവേല്‍ എന്ന സംവിധായകന്‍ മൂന്ന് മണിക്കൂറിനടത്തുള്ള ചിത്രത്തിലൂടെ കാഴ്ചക്കാരെ കൊണ്ടു പോകുന്നത്.

  1993 ല്‍ നടന്നൊരു സംഭവമാണ് ചിത്രം പറയുന്നത്. ജസ്റ്റിസ് കെ ചന്ദ്രുവിന്റെ വക്കീല്‍ ജീവിതത്തിലെ ഒരു കേസാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നത്. സംഭവം നടന്ന് രണ്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നമ്മുടെ നാട്ടിലെ ജാതിവ്യവ്യസ്ഥ അതുപോലെ തന്നെ നിലനില്‍ക്കുകയാണ്. ഈയൊരു സാഹചര്യത്തില്‍ ചരിത്രത്തെ മറവയില്‍ നിന്നും മോചിപ്പിക്കുന്ന സിനിമയെന്ന നിലയില്‍ ജയ് ഭീമിന്റെ പ്രധാന്യം വളരെ വലുതാണ്. സൂര്യ കെ ചന്ദ്രു വക്കീലായി എത്തുമ്പോള്‍ മലയാളി നടി ലിജോ മോള്‍ സെന്‍ഗിണിയും കെ മണികണ്ഠന്‍ രാജാക്കണ്ണുമായി എത്തുന്നു. പ്രകാശ് രാജ്, രജിഷ വിജയന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

  ചരിത്രം പറയുന്ന സിനിമകളില്‍ പലപ്പോഴും വ്ാണിജ്യ ചേരുവകള്‍ കുത്തിനിറച്ച് ചരിത്രത്തെ വികലമാക്കുന്നത് കണ്ടിട്ടുണ്ട്. നായകനെ ചുറ്റിപ്പറ്റി മാത്രം കഥ പറയുന്ന, ചില ഇന്‍സിഡന്റുകളെ ചെക്ക് ലിസ്റ്റ് ചെയ്ത് അവതരിപ്പിക്കുന്നതാണ് നടപ്പരീതി. എന്നാല്‍ അത്തരം സിനിമകള്‍ക്കൊരു അപവാദമാണ് ജയ് ഭീം. ചിത്രം പറയുന്ന ചരിത്രത്തോട് പരാമവധി നീതി പുലര്‍ത്തുന്ന സിനിമയാണ് ജയ് ഭീം. ആളുകളുടെ പേരുകളിലോ നടന്ന സംഭവങ്ങളിലോ മാറ്റങ്ങള്‍ വരുത്താനോ ചരിത്രം വളച്ചൊടിച്ച് ലാര്‍ജന്‍ ഓഡിയന്‍സിനെ തൃപ്തിപ്പെടുത്താനോ ജ്ഞാനവേല്‍ ശ്രമിച്ചിട്ടില്ല. ചരിത്രം പറയുമ്പോള്‍ വസ്തുതകള്‍ക്കുള്ള പ്രാധാന്യം എന്താണെന്ന തിരിച്ചറിവോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.


  ജാതി എന്ന, ഇന്നും മനുഷ്യരെ അവരും നമ്മളുമാക്കി തരം തിരിക്കുന്ന ജീവിതാവസ്ഥയെ ചിത്രം ശക്തമായി തന്നെ ചോദ്യം ചെയ്യുന്നുണ്ട്. പോലീസ് എന്ന ഭരണകൂടത്തിന്റെ കൂടം ഉപയോഗിച്ച് അരികുവത്കരിക്കപ്പെട്ട മനഷ്യരെ പീഡിപ്പിക്കുന്നത് ചിത്രം അവതരിപ്പിക്കുമ്പോള്‍ അത് കാഴ്ചക്കാരുടെ ഉള്ളില്‍ വ്യവസ്ഥിതയോടുള്ള അമര്‍ഷമായി മാറുകയാണ്. സിനിമയുടെ തുടക്കം തന്നെ പൊളിറ്റിക്കലാണ്. ജയിലില്‍ നിന്നും ഇറങ്ങുന്നവരെ കാത്തു നില്‍ക്കുന്ന കുടുംബക്കാരേയും പോലീസിനേയുമാണ് ഇവിടെ കാണുന്നത്. പുറത്തേക്ക് വരുന്നവരുടെ ജാതി ചോദിച്ച് മാറ്റി നിര്‍ത്തുന്നു, താഴ്ന്ന ജാതിയില്‍ പെട്ടവരെ പിന്നീട് പോലീസ് തങ്ങളുടെ തെളിയിക്കാത്ത കേസുകളിലെ പ്രതികളായും സ്റ്റേഷന്‍ നിറക്കാനായുമായും വീതിച്ചെടുക്കുകയാണ്. നിസഹരായി പോലീസ് വാഹനത്തിന് പിന്നാലെ ഓടുന്ന വൃദ്ധനായ ദളിതനിലൂടെയാണ് ആ രംഗം അവസാനിപ്പിക്കുന്നത്.

  സമൂഹം മനുഷ്യനായി പോലും അംഗീകരിക്കാന്‍ തയ്യാറാകാത്ത മനുഷ്യര്‍ക്ക് ആശ്രയം എന്നത് നീതിപീഠമാണെന്ന് ചിത്രം പറയുന്നു. അതേസമയം കോടതിയില്‍ മാത്രം വിശ്വാസം അര്‍പ്പിക്കുകയല്ല ചന്ദ്രു ചെയ്യുന്നത്. തന്റെ പോരാട്ടത്തിനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ് ചന്ദ്രുവിന് കോടതി. കോടതിയില്‍ നിന്നും നീതി ലഭിച്ചില്ലെങ്കില്‍ താന്‍ തെരുവിലിറങ്ങി പോരാടുമെന്ന് ചന്ദ്രു വ്യക്തമാക്കുന്നുണ്ട്. സമകാലിക ഇന്ത്യയില്‍ ആ പ്രസ്താനയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. സമരത്തോടുള്ള പൊതുബോധത്തെ ഒറ്റ ഡയലോഗില്‍ സിനിമ തള്ളിക്കളയുന്നു. ദളിത് രാഷ്ട്രീയത്തിന്റേയും ഇടത് രാഷ്ട്രീയത്തിന്റേയും പ്രാധാന്യം ഓരോ ഫ്രെയിമിലും ചിത്രം വിളിച്ചു പറയുന്നതായി കാണാം. ദളിത്-ഇടത് രാഷ്ട്രീയത്തെ തങ്ങളുടെ സിനിമയെ മാര്‍ക്കറ്റ് ചെയ്യാനുള്ള ടൂളായി മാത്രം കാണാതെ, എങ്ങനെയാണ് ഈ രാഷ്ട്രീയങ്ങള്‍ മനുഷ്യരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടു വരുന്നതെന്ന് ചിത്രം യാതൊരു സംശയത്തിനും ഇടയില്ലാതെ കാണിച്ചു തരുന്നുണ്ട്.

  ദളിത് സ്ത്രീയുടെ പിന്നാലെ വരുന്ന പോലീസ് വണ്ടിയും അമ്മാ വന്ന് വണ്ടിയിലേറ് എന്ന് അപേക്ഷിക്കുന്ന പോലീസുകാരനും അതിന് സാക്ഷ്യം വഹിക്കുന്ന തെരുവും സവര്‍ണനും ഒരു ഓര്‍മ്മപ്പെടുത്തലാണ്. ദളിതനോടും ആദിവാസിയോടും പോലീസ് കാണിക്കുന്ന ക്രൂരതയും നീതിനിഷേധവും അവതരിപ്പിച്ച വിസാരണൈ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായി മാറുന്നുണ്ട് ജയ് ഭീം. ശബ്ദിക്കാന്‍ പോലും അനുവാദമില്ലാത്തവരുടെ ശബ്ദമായി മാറുകയാണ് ജയ് ഭീം.

  സൂര്യ എന്ന താരത്തിന് പകരം ചന്ദ്രുവെന്ന വക്കീലായി മാറുകയാണ് സൂര്യ. താന്‍ പറയുന്ന ഓരോ വാക്കും ഒരു സിനിമയിലെ ഡയലോഗ് എന്നതിന് അപ്പുറം തന്റെ തന്നെ ഉള്ളില്‍ നിന്നും വരുന്ന, നിരാശയും അമര്‍ഷവുമൊക്കെയെന്ന നിലയിലയാണ് സൂര്യ അവതരിപ്പിച്ചിരിക്കുന്നത്. കട്ടപ്പനയിലെ ഹൃത്വിക് റോഷനിലൂടെ മലയാളികള്‍ക്ക് പരിചിതയായി മാറിയ നടിയാണ് ലിജോ മോള്‍. എന്നാല്‍ ലിജോ മോളെന്ന നടിയെ നമ്മള്‍ ഇതുവരേയും തരിച്ചറിഞ്ഞിരുന്നില്ലെന്ന് താരത്തന്റെ പ്രകടനം ഓര്‍മ്മപ്പെടുത്തുന്നു. സെന്‍ഗിണിയുടെ വികാരങ്ങളും വിചാരങ്ങള്‍ അത്രമേല്‍ ഹൃദയസ്പര്‍ശിയാക്കിയാണ് ലിജോ മോള്‍ അവതരിപ്പിച്ചിരിക്കുന്നത്.

  ആശയറ്റ് വീണു പോയിട്ടും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍, ഇനിയുമൊരു സെന്‍ഗിണിയുണ്ടാകരുതെന്ന ബോധ്യത്തോടെ തന്റെ ഭര്‍ത്താവിന്റെ ജീവന് വിലയിട്ട വ്യവസ്ഥയുടെ മുഖത്ത് നോക്കി പൊരുതി തോറ്റാലും കുഴപ്പമില്ലെന്ന് പറഞ്ഞു കൊണ്ട് മകളേയും ചേര്‍ത്തു പിടിച്ച് ഇറങ്ങി പോകുന്ന, പോലീസിനെ തനിക്ക് പിന്നാലെ തെരുവിലൂടെ നടത്തുന്ന സെന്‍ഗിണിയായി ലിജോ മോള്‍ കാഴ്ചവച്ചിരിക്കുന്ന പ്രകടനം ഗംഭീരമാണ്.

  ഐശ്വര്യ റായി ബച്ചന് ഇത്രയും സമ്പത്ത് ഉണ്ടോ, കോടികൾ വരുന്ന ഒന്നിലധികം വീടുകൾ, കാറുകൾ...

  Recommended Video

  Suriya’s ‘Jai Bhim’ to premiere November 2 on Amazon Prime Video | Filmibeat Malayalam

  കാള്‍ മാക്‌സും അംബേദ്കറും പെരിയാറും മുന്നോട്ട് വച്ച രാഷ്ട്രീയത്തെ ചിത്രം അതിന്റെ ഹൃദയത്തില്‍ ആഹാനിച്ചിട്ടുണ്ട്. കേരളത്തില്‍ ഇടത് രാഷ്ട്രീയത്തിന് ശക്തമായ വേരുണ്ടായിട്ടും മലയാള സിനിമയില്‍ കമ്യൂണിസം എന്നത് പലപ്പോഴും വികലമായ ക്യാരിക്കേച്ചറോ വില്‍പ്പനയ്ക്കുള്ള ചരക്കോ ആയി മാറാറുണ്ട്. പലപ്പോഴും നല്ല കമ്മ്യൂണിസ്റ്റിനേയും മോശം കമ്യൂണിസ്റ്റിനേയും സൃഷ്ടിക്കുന്നതും കാണാം. എന്നാല്‍ അത്തരം ഗിമ്മിക്കുക്കളോട് നോ പറഞ്ഞ് രാഷ്ട്രീയ സത്യസന്ധത കാണിച്ചുവെന്ന നിലയിലും ജയ് ഭീം പ്രസ്‌ക്തമായൊരു സിനിമയാകുന്നു.

  സിനിമയുടെ ഏറ്റവും ഒടുവിലത്തെ ഫ്രെയിം ഉടനെയൊന്നും മനസില്‍ നിന്നും മായില്ല. ഒപ്പം, ഗാന്ധിയും നെഹ്രുവും നേതാജിയുമുള്ള വേദിയില്‍ എന്തുകൊണ്ട് അംബേദ്കര്‍ ഇല്ലെന്ന ചന്ദ്രുവിന്റെ ചോദ്യവും. അതിനുള്ള ഉത്തരത്തിലുണ്ട് ജയ് ഭീം എന്ന സിനിമയുടെ പ്രസക്തി.

  Read more about: suriya lijo mol
  English summary
  Suriya And Lijo Mol Starrer Jai Bhim Is One Of The Most Relevant Cinema In Recent TImes
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X