For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാഞ്ഞങ്ങാടു നിന്നും മണ്ണില്‍ വേരാഴ്ത്തിയ ഒരു ലോക സിനിമ!

  |

  മെയ്ഡ് ഇന്‍ കാഞ്ഞങ്ങാട്, എന്ന ടാഗ് ലൈനോടെയാണ് തിങ്കളാഴ്ച നിശ്ചയം സോണി ലൈവിലൂടെ കാഴ്ചക്കാരുടെ മുന്നിലേക്ക് എത്തുന്നത്. മെയ്ഡ് ഇന്‍ കാഞ്ഞങ്ങാട് ആണെങ്കിലും തിങ്കളാഴ്ച നിശ്ചയം മെയ്ഡ് ഫോര്‍ യൂണിവേഴ്‌സല്‍ സിനിമയാണ്. രണ്ട് ദിവസത്തെ കഥയാണ് തിങ്കളാഴ്ച നിശ്ചയം അവതരിപ്പിക്കുന്നത്. രണ്ട് ദിവസം കൊണ്ട് ഒരുപാട് മനുഷ്യരേയും അവരുടെ ജീവിതങ്ങളേയും അവതരിപ്പിക്കുകയും അവയെ കാഴ്ചക്കാരില്‍ ബാക്കിയാക്കി കടന്നു പോവുകയും ചെയ്യുകയാണ് തിങ്കളാഴ്ച നിശ്ചയം എന്ന സിനിമ.

  ഫിലിം ഫെസ്റ്റിവലില്‍ മികച്ച അഭിപ്രായം നേടിയ സിനിമയുടെ ഒടിടി റിലീസിന് ഏറെ പ്രതീക്ഷയോടെയായിരുന്നു സിനിമാപ്രേമികള്‍ കാത്തു നിന്നത്. ആ കാത്തിരിപ്പ് തരിമ്പും വെറുതെയായില്ലെന്ന് പറയാം. ഫെസ്റ്റിവല്‍ സിനിമകളുടെ ആരാധകരെ മാത്രം ലക്ഷ്യം വച്ചുള്ള സീരിയസായൊരു സിനിമയല്ല, മറിച്ച് എല്ലാ തരത്തിലുള്ള സിനിമാ പ്രേമികളേയും തൃപ്തിപ്പെടുത്താന്‍ സാധിക്കുന്ന സിനിമയാണ് തിങ്കളാഴ്ച നിശ്ചയം. കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ആണ് കഥാ പശ്ചാത്തലം എങ്കിലും, ഭാഷാ ശൈലിയൊന്ന് മാറ്റിവച്ചാല്‍ കേരളത്തില്‍ എവിടേയും നടക്കുന്നൊരു സിനിമയാകും തിങ്കളാഴ്ച നിശ്ചയം. സ്വന്തം വീട്ടിലോ, അല്ലെങ്കില്‍ തൊട്ടടുത്ത വീട്ടിലോ എന്ന പോലെ നമുക്ക് പരിചിതമായ കഥ. രണ്ട് വീടിന് അപ്പുറം അകലയല്ലാത്ത വിധം തിങ്കളാഴ്ച നിശ്ചയം നമ്മളോട് ചേര്‍ന്നു നില്‍ക്കുന്നു.

  thinkalazhcha nishchayam

  പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു വിവാഹ നിശ്ചയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സൂജയാണ് വധു. രമാകാന്തന്‍ എന്ന യുവാവുമായിട്ടാണ് സുജയുടെ വിവാഹ നിശ്ചയം നടക്കാന്‍ പോകുന്നത്. ഗള്‍ഫുകാരനാണ് കാന്തന്‍. സുജയുടെ അച്ഛന്‍ വിജയന്‍ എന്ന കുവൈത്ത് വിജയനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. മൂത്ത മകള്‍ സുരഭിയുടേത് പ്രണയ വിവാഹമായിരുന്നു. അതുകൊണ്ട് തന്നെ രണ്ടാമത്തെ മകളെ തന്റെ ഇഷ്ടത്തിന് അനുസരിച്ചുള്ള ഒരാള്‍ക്ക് തന്നെ വിവാഹം കഴിപ്പിച്ചു കൊടുക്കുക എന്ന വാശി വിജയനുണ്ട്. ശനിയാഴ്ചയായിരുന്നു പെണ്ണുകാണല്‍. വരന് ബുധനാഴ്ച തിരികെ പോകേണ്ടതിനാല്‍ തിങ്കളാഴ്ച തന്നെ നിശ്ചയം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഈ രണ്ട് ദിവസം കൊണ്ട് വിജയന്റെ വീട്ടില്‍ നടക്കുന്ന സംഭവബഹുലമായ രംഗങ്ങളിലൂടെയാണ് സംവിധായകന്‍ സെന്ന ഹെഗ്‌ഡെ കാഴ്ചക്കാരെ കൊണ്ടു പോകുന്നത്.

  പേര് പോലെ തന്നെ ഗള്‍ഫിനെ സ്‌നേഹിക്കുന്ന വ്യക്തിയാണ് വിജയന്‍. തന്റെ നാട്ടിലെ ജനാധിപത്യ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെട്ട, കുവൈത്തിലേത് പോലെ രാജഭരണം ആണ് മികച്ചതെന്ന് അടിയുറച്ച് വിശ്വസിക്കുന്ന വ്യക്തിയാണ് വിജയന്‍. അങ്ങനെയുള്ള വിജയന്‍ തന്റെ വീട്ടിലും നടപ്പിലാക്കുന്നത് സമാനമായൊരു രാജഭരണമാണ്. പ്ലാസ്റ്റിക് കസേര അട്ടിയിട്ടൊരു സിംഹാസനത്തിലിരുന്ന് തന്റെ കുടുംബത്തിലുള്ളവരുടെ മേല്‍ സ്വന്തം ഇഷ്ടം അയാള്‍ അടിച്ചേല്‍പ്പിക്കുന്നുണ്ട്. സ്ത്രീകളുടെ ശബ്ദത്തിന് ചുണ്ടിന് കുറുകെ വിരല്‍ വച്ച് വിലങ്ങിടുന്നുണ്ട്. മാറ്റത്തിന് തയ്യാറാകാത്തൊരു പിടിവാശിക്കാരനായ പാട്രിയാര്‍ക്ക് ആണ് വിജയന്‍.

  ഇതൊരു സീരീയസ് ആയ പശ്ചാത്തലം ആണെങ്കിലും ഒരു നിമിഷം പോലും സ്വയം ഗൗരവ്വം നടിക്കാത്ത ക്ലീന്‍ എന്റര്‍ടെയ്‌നര്‍ ആണ് തിങ്കളാഴ്ച നിശ്ചയം. കാഴ്ചക്കാരെ ചിരിപ്പിക്കുക എന്ന ഉദ്ദേശത്തോട് കൂടി ഡയലോഗുകള്‍ എഴുതി ചേര്‍ക്കുന്നതിന്റെ ബാധ്യതയില്ലാത്ത, സാഹചര്യങ്ങളുടെ തമാശകള്‍ കൊണ്ട് തന്നെ പൊട്ടിച്ചിരിപ്പിക്കുകയാണ് തിങ്കളാഴ്ച നിശ്ചയം. തീര്‍ത്തും അപ്രതീക്ഷിതമായ സമയത്ത് കടന്നു വരുന്ന അഴലിന്റെ ആഴങ്ങളില്‍ പോലുള്ള പാട്ടുകളുടെ റഫറന്‍സുകള്‍ സൃഷ്ടിക്കുന്ന ചിരി വളരെ വലുതാണ്. കാസര്‍ഗോഡ് ഭാഷയുടെ ഭംഗിയും താളവും മുമ്പൊരു സിനിമയിലും കാണാത്ത വിധം അവതരിപ്പിക്കുന്നുണ്ട് സിനിമ.

  കഥാപാശ്ചാത്തലവും ഭാഷ ശൈലയിലും കാഞ്ഞങ്ങാടിനെ അടയാളപ്പെടുത്തുന്നതാണെങ്കിലും തിങ്കളാഴ്ച നിശ്ചയം ഒരു യൂണിവേഴ്‌സല്‍ സിനിമയാണ്. സ്വന്തം വീട്ടിലോ അടുത്ത വീട്ടിലോ നടന്നൊരു വിവാഹ നിശ്ചയത്തിന് കണ്ടവര്‍ തന്നെയാണ് ഇവിടേയുമുള്ളത്. വിജയനും സുജയും മുതല്‍ ഒരു രംഗത്തില്‍ മാത്രം വന്ന് പോകുന്ന ആപ്പെ ഡ്രൈവര്‍ വരെ നമ്മള്‍ ജീവിതത്തില്‍ ഒരുനൂറ് വട്ടം കണ്ടിട്ടുള്ളവരാണ്. രണ്ട് മിനുറ്റ് മുമ്പ് മാത്രം കണ്ട കഥാപാത്രങ്ങള്‍ വരെ, ഇവരെ എവിടെയോ കണ്ടത് പോലുണ്ടല്ലോ എന്ന് തോന്നിപ്പിക്കുന്ന അത്ര പരിചിതം. അത്രമേല്‍ സൂക്ഷ്മമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള, മണ്ണില്‍ വേരുകള്‍ ആഴ്ത്തിയിട്ടുള്ള കഥാപാത്രങ്ങളാണ് ചിത്രത്തിലേത്.

  തുടക്കത്തിലെ രണ്ട് മിനുറ്റ് ഒഴികെ ഒരിക്കല്‍ പോലും സിനിമ വിജയന്റെ ആ പഴയ വീട് വിട്ടു പോകുന്നേയില്ല. എന്നിട്ടും ആ നാടിന്റെ സ്വഭാവവും ഓരോ കഥാപാത്രത്തിന്റേയും പശ്ചാത്തലവും പിന്‍കഥകളുമെല്ലാം വ്യക്തമായി തന്നെ വരച്ചിടുന്നുണ്ട് ചിത്രം. ഡീറ്റെയ്‌ലിംഗിലാണ് കാര്യം.

  കഥാപാത്രങ്ങളിലൂടെ കഥപറയാതെ, വിവാഹ നിശ്ചയം നടക്കുന്നൊരു വീട്ടില്‍ ക്യാമറ വെച്ചത് പോലെ മാറി നിന്ന് താന്‍ പറയാന്‍ ഉദ്ദേശിച്ച വിഷയങ്ങളെ അവതരിപ്പിക്കുകയാണ് സംവിധായകന്‍. കഥാപാത്രങ്ങള്‍ ആകാതെ വര്‍ഷങ്ങളായി തങ്ങള്‍ ജീവിക്കുന്ന ജീവിതത്തിന്റെ തുടര്‍ച്ചയിലെന്നത് പോലെ ജീവിക്കുകയാണ് ഓരോ അഭിനേതാക്കളും. ചെറിയൊരു രംഗത്തില്‍ വന്ന് പോകുന്ന കഥാപാത്രം പോലും അത്രമേല്‍ ജീവനുള്ളതാണ്. ഏറ്റവും എടുത്ത് പറയേണ്ടത് വിജയന്‍ ആയി എത്തിയ മനോജ് കെ.യുവിന്റെ പ്രകടനമാണ്. ഒറ്റവാക്കില്‍ നെഗറ്റീവ് എന്ന് തോന്നാവുന്ന കഥാപാത്രത്തെ ജീവനുള്ളതാക്കി മാറ്റുകയാണ് അദ്ദേഹം. വിജയന്റെ ദേഷ്യവും പിടിവാശിയും മാത്രമല്ല, പ്രണയവും സ്‌നേഹവുമെല്ലാം കാഴ്ചക്കാരിലേക്ക് അനായാസം എത്തുന്നു. ഒരു നിമിഷത്തിന്റെ വ്യത്യാസത്തിലാണ് ഗൗരവ്വത്തില്‍ നിന്നും ഹാസ്യത്തിലേക്കും തിരിച്ചും സഞ്ചരിക്കുന്നത്.

  കന്നഡ നാടിന്റെ വികാരം..ആരാണീ പുനീത് രാജ്‌കുമാർ എന്ന ഇതിഹാസം

  വളരെ ലൈറ്റ് ഹാര്‍ട്ടഡായൊരു എന്റര്‍ടെയ്‌നര്‍ എന്ന നിലയില്‍ ആസ്വദിക്കാന്‍ സാധിക്കുന്ന എന്നാല്‍ അതേസമയം വ്യക്തിസ്വാതന്ത്ര്യം, ജനാധിപത്യം, കുടുംബ വ്യവസ്ഥ, പാട്രിയാര്‍ക്കി തുടങ്ങിയ വിഷയങ്ങളെ ആക്ഷേപ ഹാസ്യത്തിലൂടെ ചിന്താ വിഷയമാക്കുകയും ചെയ്യുകയാണ് സിനിമ. യൂണിവേഴ്‌സലായ തീമൂകളെ സമൂഹത്തിന്റെ ചെറു യൂണിറ്റായ കുടുംബത്തിലേക്ക് സന്നിവേശിപ്പിക്കുകയാണ് സെന്ന ഹെഗ്‌ഡെ. കഥയുടെ പശ്ചാത്തലം കൊണ്ട് നാടിനോട് ചേര്‍ന്നു നില്‍ക്കുമ്പോഴും മേക്കിംഗില്‍ ഇന്റര്‍നാഷണല്‍ ആവുകയാണ് തിങ്കളാഴ്ച നിശ്ചയം. ഒരര്‍ത്ഥത്തില്‍ ഡീറ്റെയ്‌ലിംഗിലെ പോത്തേട്ടന്‍ ബ്രില്യന്‍സും മേക്കിംഗില്‍ ലിജോയുടെ അങ്കമാലി ഡയറീസിനേയും ഓര്‍മ്മിപ്പിക്കുന്ന ലോക്കലീ ഇന്റര്‍നാഷണല്‍ സിനിമ.

  Read more about: review
  English summary
  thinkalazhcha nishchayam movie directed by senna hegde review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X