Don't Miss!
- News
ശ്രീജിത്തിനെ മാറ്റിയ ശേഷം ദിലീപ് കേസ് മരവിച്ചു; പിണറായി ഉത്തരം പറയേണ്ടി വരുമെന്ന് അഡ്വ അജകുമാര്‍
- Finance
റൈറ്റ് ട്രാക്കില്‍! ആകര്‍ഷകമായ മൂല്യവും; ഈ കുഞ്ഞന്‍ ഓഹരിയില്‍ നേടാം 60% ലാഭം
- Travel
പച്ചപ്പ് പേരില്‍ മാത്രമേയുള്ളൂ... അന്റാര്‍ട്ടിക്ക മുതല്‍ എസ്റ്റോണിയ വരെ...ലോകത്തിലെ തണുപ്പന്‍ രാജ്യങ്ങള്‍
- Sports
IPL 2022: ഫൈനലില്‍ ആരൊക്കെ? സ്വാനിന്റെ വമ്പന്‍ പ്രവചനം
- Lifestyle
തുളസി ഗണപതിഭഗവാന് സമര്‍പ്പിക്കരുത്: കാരണം ഇതെല്ലാമാണ്
- Technology
ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ചെയ്ത് കൂടാത്ത കാര്യങ്ങൾ
- Automobiles
പുത്തൻ RC 390 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ച് KTM, വില 3.14 ലക്ഷം രൂപ
ത്രില്ലര്‍ ഫോര്‍മുലയെ ഉടച്ചു വാര്‍ക്കുന്ന സല്യൂട്ട്; സ്ഥിരം പോലീസ് സിനിമകള്‍ക്ക് ഒരു ബദല്‍
താരത്തില്‍ നിന്നും സൂപ്പര്‍ താര പദവിയിലേക്കുള്ള ഒരു താരത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണയാക സ്ഥാനം കല്‍പ്പിച്ച് നല്കിയിരിക്കുന്നതാണ് പോലീസ് വേഷങ്ങള്‍. മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളെല്ലാം പോലീസായി കയ്യടി നേടി തങ്ങളുടെ സൂപ്പര്‍ താര പദവിയുറപ്പിച്ചവരാണ്. ദുല്‍ഖര്‍ സല്‍മാനും താരത്തില്‍ നിന്നും സൂപ്പര്‍ താരമായി മാറിയിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് ദുല്‍ഖറിന്റെ മുഴുനീള പോലീസ് വേഷത്തിലുള്ളൊരു സിനിമ വരുന്നത്. ക്യാമറയുടെ പിന്നില്‍ സംവിധായകന്റെ വേഷത്തില്‍ റോഷന് ആന്‍ഡ്രൂസും തിരക്കഥാകൃത്തുകളായി ബോബി-സഞ്ജയ്മാരും. ഒരു സൂപ്പര്‍ കോപ്പ് സിനിമയൊരുക്കാനുള്ള കോപ്പുകളെല്ലാം ഭദ്രം. എന്നാല്‍ അതിന് മുതിരാതെ തീര്‍ത്തും വ്യത്യസ്തവും അധികമാരും സഞ്ചരിച്ചിട്ടില്ലാത്തതുമായ പാതയാണ് സല്യൂട്ട് തിരഞ്ഞെടുത്തിരിക്കുന്നത്.
കുറ്റാന്വേഷണ-ത്രില്ലര്‍ സിനിമകളുടെ സ്ഥിരം ഫോര്‍മാറ്റിനെ ഉടച്ചുവാര്‍ക്കുക എന്ന ശ്രമമാണ് തിരിച്ചുവരവില്‍ റോഷന് ആന്‍ഡ്രൂസും ബോബി-സഞ്ജയ് കൂട്ടുകെട്ടും ചെയ്തിരിക്കുന്നത്. കുറുപ്പ് ബിഗ് ബജറ്റ് ചിത്രത്തിന് ശേഷം ദുല്‍ഖര്‍ സല്മാന് വരുന്നതും തന്റെ താരപദവിയെ അണ്ടര്‍പ്ലേ ചെയ്യുന്നൊരു സിനിമ എന്ന നിലയിലാണ്. ഒര്‍ത്ഥത്തിലും ഒരു സ്റ്റാര്‍ വെഹിക്കിള്‍ അല്ല സല്യൂട്ട്. പതിഞ്ഞ താളത്തില്‍ കഥ പറഞ്ഞു പോകുന്ന ഓഫ് ബീറ്റായ ചിത്രമാണ് സല്യൂട്ട്. അതുകൊണ്ട് തന്നെ തീയേറ്റര്‍ കാഴ്ചയില്‍ പ്രതീക്ഷിക്കുന്നൊരു ആഘോഷ ചിത്രമാകാനുള്ള സാധ്യത കുറവാണ്. സല്യൂട്ടിന് ഒടിടി റിലീസ് എന്ന ഓപ്ഷന് തിരഞ്ഞെടുക്കുന്നതിലൂടെ നിര്‍മ്മാതാവെന്ന നിലയില്‍ ദുല്‍ഖര്‍ നടത്തിയതൊരു മികച്ച നീക്കമെന്ന് പറയേണ്ടി വരും.

അതിബുദ്ധിമാന്മാരും നീതി ബോധമുള്ളവരുമായ പോലീസ് ഉദ്യോഗസ്ഥരാണ് പൊതുവെ നമ്മുടെ സിനിമകളിലെ നായകന്മാര്. എന്നാല്‍ അത്തരത്തിലുള്ളൊരു പോലീസുകാരനല്ല ദുല്‍ഖറിന്റെ അരവിന്ദ് കരുണാകരന്. സാധാ ബുദ്ധിയും സാധാ നീതി ബോധമുള്ള, ഒരു സാധാ എസ്ഐ ആണ് ചിത്രത്തിലെ നായകന്. താന്‍ കൂടി ഭാഗമായൊരു ഇരട്ടകൊലപാതക കേസ് അന്വേഷണ ടീമിന്റെ ഭാഗത്തു നിന്നുമുണ്ടായ അനീതിയില്‍ തകര്‍ന്ന് ജോലിയില്‍ നിന്നും ലീവെടുത്ത് പോയിരിക്കുകയായിരുന്നു അരവിന്ദ്്. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ മടങ്ങിയെത്തേണ്ടി വരുന്ന അരവിന്ദ് പഴയ കേസിലേക്ക് അവിചാരിതമായി എത്തിപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ അവതരിപ്പിക്കുന്നത്. ഇതേ സംവിധായകന്-തിരക്കഥാകൃത്ത് കൂട്ടുകെട്ട് മുമ്പൊരുക്കിയ മുംബൈ പോലീസിലേത് പോലൊരു ആത്മസംഘര്‍ഷം അനുഭവിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് സല്യൂട്ടില്‍ കാണുന്നത്.

ദുല്‍ഖര്‍ എന്ന താരത്തെ ഫോക്കസ് ചെയ്തൊരു പോലീസ് സിനിമ എന്നതിലുപരിയായി കേസ് അന്വേഷണത്തിന് കൂടുതല്‍ പ്രധാന്യം നല്കി പോലീസ് നടപടിക്രമങ്ങള്‍ വളരെ ഡീറ്റെയ്ലിംഗോടെ അവതരിപ്പിക്കുകയാണ് ചിത്രം ചെയ്യുന്നത്. സിനിമയുടെ ആദ്യത്തെ അരമണിക്കൂറില്‍ പലിയടത്തായി ചിതറി കിടക്കുന്ന തിരക്കഥ പക്ഷെ പ്രധാന കഥയിലേക്ക് കടക്കുന്നതോടെ ട്രാക്കിലാവുകയാണ്. അരുണിന്റെ കുടുംബ പശ്ചാത്തലവും 'വനവാസ കാലവും' ഒക്കെ തുടക്കത്തില്‍ വേണ്ടത്ര എന്‍ഗേജിംഗ് ആയല്ല ഒരുക്കിയിരിക്കുന്നത്. എന്നാല്‍ കേസിലേക്ക് കടക്കുമ്പോള്‍ ബോബി-സഞ്ജയ് എന്ന തിരക്കഥാകൃത്തുകളും റോഷന് ആന്‍ഡ്രൂസ് എന്ന സംവിധായകനും തങ്ങളുടെ സ്ട്രോംഗ് ഏരിയയിലേക്ക് പ്രവേശിക്കുന്നതായി കാണാം. ദുല്‍ഖറിന്റെ അഭിനയത്തിലും ഈ മാറ്റം കാണാന്‍ സാധിക്കുന്നതാണ്. കഥാപാത്രത്തിന്റെ മാനറിസങ്ങളില്‍ അരവിന്ദ് കരുണാകരനേക്കാള്‍ ദുല്‍ഖര്‍ സല്‍മാനെയാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്.

കുറ്റാന്വേഷണ സിനിമകളില്‍ പൊതുവെ കാണുന്ന ഗിമ്മിക്കുകളോ, ലൗഡ് ആയ പശ്ചാത്തല സംഗീതമോ സല്യൂട്ടില്‍ ഉപയോഗിച്ചിട്ടില്ല. പകരം പതിയെ ടെന്‍ഷന്‍ ബില്‍ഡ് ചെയ്യുന്ന പശ്ചാത്തല സംഗീതവും ക്യാമറയുടെ ചലനങ്ങളുമാണ് സിനിമയുടെ മൂഡ് സെറ്റ് ചെയ്യുന്നത്. സിനിമയുടെ താളം ഡേവിഡ് ഫിഞ്ചറുടെ സിനിമകളെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ളതാണ്. ട്വിസ്റ്റിന് പിന്നാലെ ട്വിസ്റ്റ് തരുന്നതിന് പകരം പതിയെ ആകാംഷ ജനിപ്പിച്ച് മിസ്റ്ററി ക്രിയേറ്റ് ചെയ്യാനാണ് ചിത്രത്തില്‍ ശ്രമിച്ചിരിക്കുന്നത്. ഇതിലൂടെ മലയാളത്തിലെ ത്രില്ലര്‍ സിനിമകളുടെ സ്ഥിരം വാര്‍പ്പുമാതൃകളെ ഉപേക്ഷിച്ചിരിക്കുകയാണ് റോഷന് ആന്‍ഡ്രൂസ്.

അതേസമയം എല്ലാ അര്‍ത്ഥത്തിലും വിജയിച്ചൊരു പരീക്ഷണമായും സല്യൂട്ട് മാറുന്നില്ല. പലപ്പോഴും 'അവിചാരിതകള്‍' കഥയുടെ ഗതിയെ മുന്നോട്ട് കൊണ്ടു പോകാനും നായകനെ തന്റെ ചോദ്യത്തിലുള്ള ഉത്തരത്തിലേക്ക് എത്തിക്കാനും സഹായിക്കുന്നതായി കാണാം. അവിചാരിതകള്‍ സിനിമയില്‍ സ്വാഭാവികമാണെങ്കിലും അവ തുടര്‍ സംഭവമാകുന്നത് ലേസി റെറ്റിംഗിന്റെ തെളിവാണ്. കൊവിഡ് കാലത്ത് ഒരുക്കിയ സിനിമയെന്ന നിലയില്‍ പ്രൊഡക്ഷനിലും കണ്ടിന്യുവിറ്റിയിലും സല്യൂട്ടിന് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ദുല്‍ഖറിന്റെ ഗെറ്റപ്പ് ചെയ്ഞ്ചുകള്‍ അതില്‍ മുഴച്ചു നില്ക്കുന്ന ഒന്നാണ്. ഒരുപക്ഷെ അതാകാം തുടക്കത്തില്‍ കഥാപാത്രത്തിലേക്ക് അടുക്കുന്നതില്‍ നിന്നും കാഴ്ചക്കാരെ തടയുന്നതും. ഡയന പെന്റി അവതരിപ്പിച്ച കാമുകിയുടെ വേഷവും അരുണിന്റെ ലാര്‍ജര്‍ ഫാമിലിയുടെ ഡീറ്റെയിലിംഗുമെല്ലാം സിനിമയുടെ കഥാഗതിയെ പുരോഗമിക്കുന്നതില്‍ നിന്നും തടയുന്നുണ്ട്. നായികയുടെ സാന്നിധ്യം ചിത്രത്തിന് ഒരുതരത്തിലും ഗുണം ചെയ്യുന്നില്ല, അരുണിന് രാത്രി പുറത്തേക്കുള്ള വാതില്‍ തുറന്ന് കൊടുക്കയെന്നതല്ലാതെ.

എടുത്ത് പറയേണ്ട പ്രകടനം മനോജ് കെ ജയന്റേതാണ്. സമീപകാലത്തായി അദ്ദേഹത്തെ കൂടുതലും കണ്ടിരിക്കുന്നത് നായകന്റെ വഴികാട്ടിയായോ ഹാപ്പി ഗോയിംഗ് കഥാപാത്രമായോ ആണ്. അതില്‍ നിന്നും വ്യത്യസ്തമായി കുറേക്കൂടി ഷെയ്ഡുകളുള്ള കഥാപാത്രമാണ് മനോജ് കെ ജയന് അവതരിപ്പിക്കുന്ന അജിത്ത് കരുണാകരന്. ചേട്ടനും അനിയനുമിടയിലെ സ്നേഹവും ഭിന്നതയും അടയാളപ്പെടുത്തുന്നതിലും മനോജ് കെ ജയന്റെ പ്രകടനം നിര്‍ണായകമാണ്. അയാള്‍ രക്ഷപ്പെട്ടു എന്ന ഒറ്റ വാചകത്തില്‍ തന്റെ കഥാപാത്രത്തിന്റെ ആന്തരിക സംഘര്‍ഷം വിളിച്ചു പറയാന്‍ മനോജ് കെ ജയന് സാധിച്ചിട്ടുണ്ട്. മലയാള സിനിമയ്ക്ക് മനോജ് കെ ജയനെ ഇനിയും ഒരുപാട് ഉപയോഗിക്കാനുണ്ട്.

ചിത്രത്തിന്റെ ക്ലൈമാക്സ് ടിപ്പിക്കല്‍ കുറ്റാന്വേഷണ സിനിമകളുടേതല്ല. ദുല്‍ഖറിനെ പോലൊരു താരത്തിന്റെ ആരാധകരെയും തൃപ്തിപ്പെടുത്താന്‍ സാധിച്ചെന്ന് വരില്ല. എന്നാല്‍ ചിത്രത്തിന്റെ അതുവരെയുള്ള കഥാഗതിയും അവതരണ രീതിയും പരിഗണിക്കുമ്പോള്‍ കൃത്യമായ ഇടത്തു തന്നെയാണ് സിനിമ ലാന്റ് ചെയ്തിരിക്കുന്നത്. കാഴ്ചക്കാരും നായകന് ഒപ്പം കേസ് അന്വേഷിക്കുമ്പോള്‍ ചിലപ്പോഴൊക്കെ അവര്‍ക്ക് സര്‍പ്രൈസ് നല്‍കുക എന്നതും മികച്ചൊരു ട്വിസ്റ്റാണ്. വണ്‍, കാണെക്കാണെ എന്ന ചിത്രങ്ങളില്‍ നിന്നും ബോബി സഞ്ജയ്ക്കും പ്രതി പൂവന് കോഴിയില്‍ നിന്നും റോഷന് ആന്‍ഡ്രൂസിന്റേയും തിരിച്ചുവരവാണ് സല്യൂട്ട്. തങ്ങളുടെ കരുത്ത് കിടക്കുന്നത് ത്രില്ലറുകളിലാണെന്നും, അവിടെ പല വാര്‍പ്പുമാതൃകകളേയും തകര്‍ക്കാന്‍ തങ്ങള്‍ക്കാകുമെന്നും ഈ കൂട്ടുകെട്ട് തെളിയിക്കുന്നു. അതോടൊപ്പം തന്നെ കുറുപ്പിനേക്കാള്‍ ദുല്‍ഖര്‍ എന്ന നടന്റെ സൂഷ്മ ഭാവങ്ങള്‍ കണ്ട, എന്നിലെ കാഴ്ച്ചക്കാരനെ എന്‍ഗേജ്ഡ് ആക്കിയ സിനിമ കൂടിയാണ് സല്യൂട്ട്.