മാജിക് തുടരും! മോഹന്‍ലാല്‍ എന്ന നടനും താരത്തിനുമുള്ള ലക്ഷണമൊത്ത ട്രിബ്യൂട്ട്: തുടരും റിവ്യു
മലയാളി ജീവിതത്തിന്റെ ഭാഗമായ പേരാണ് മോഹന്‍ലാല്‍ എന്നത്. ടിപ്പിക്കല്‍ ഹീറോ-ഫാന്‍ ബന്ധമല്ല മലയാളികള്‍ക്ക് മോഹന്‍ലാലുമായുള്ളത്. മലയാളി വൈകാരികതയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് മോഹന്‍ലാല്‍ എന്ന താരം. ആ നടനും താരത്തിനുമുള്ള ലക്ഷണമൊത്തൊരു ട്രിബ്യൂട്ടാണ് തരുണ്‍ മൂര്‍ത്തി ഒരുക്കിയ തുടരും.
സംവിധായകന്‍ പല അഭിമുഖങ്ങളിലും തന്റെ സിനിമയെക്കുറിച്ചുള്ള അമിത പ്രതീക്ഷ കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എങ്കിലും ട്രെയ്‌ലറും ടീസറും നല്‍കിയ ദൃശ്യം വൈബ് കാണാതെ പോകാനാകില്ലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ദൃശ്യം വന്നത് പോലെ തന്നെ വലിയ പ്രൊമോഷണല്‍ ബഹളങ്ങളൊന്നുമില്ലാതെയാണ് തുടരവും റിലീസിനെത്തുന്നത്. സ്‌ക്രീനിലും ദൃശ്യം പോലെ തന്നെ പാക്കേജ് ചെയ്തിരിക്കുന്ന ചിത്രമാണ് തുടരും.

പതിഞ്ഞ താളത്തില്‍, കളിയും ചിരിയും തമാശകളിലൂടെയാണ് തുടരും ആരംഭിക്കുന്നത്. വിന്റേജ് മോഹന്‍ലാല്‍ എന്ന് ഇപ്പോള്‍ വിളിക്കുന്ന, ബോയ് നെക്‌സ്റ്റ് ഡോര്‍ ഇമേജുള്ള മോഹന്‍ലാലിനെയാണ് ആദ്യ പകുതിയില്‍ കാണാന്‍ സാധിക്കുന്നത്. അല്‍പ്പം കൂടി നീണ്ടു പോയിരുന്നുവെങ്കില്‍ കൈ വിട്ടു പോകാമായിരുന്നൊരു ബാലന്‍സിംഗ് ആക്ടാണ് ആദ്യ പകുതി. പഴയ മോഹന്‍ലാല്‍ സിനിമകളുടേയും മറ്റും റഫറന്‍സുകളും മോഹന്‍ലാല്‍-ശോഭന കോമ്പോയുടെ ക്യൂട്ട് ആന്റ് ചാമിംഗ് നിമിഷങ്ങളുമൊക്കെയാണ് ഈ ഭാഗത്ത്.
സമീപകാലത്ത് ആരാധകരും സിനിമാക്കാരും ഒരുപോലെ ആവര്‍ത്തിച്ച് സംസാരിക്കുന്നൊരു കള്‍ട്ടാണ് പഴയ മോഹന്‍ലാല്‍ എന്നത്. എല്ലാവരേയും പോലെ തരുണ്‍ മൂര്‍ത്തിയും പഴയ മോഹന്‍ലാലിന്റെ ആരാധകനാണെന്ന് ആദ്യ ഭാഗത്തില്‍ കാണാം. പഴയ മോഹന്‍ലാല്‍ എന്നത് നമ്മുടെയൊക്കെ വ്യക്തിപരവും സാമൂഹികപരവുമായ നൊസ്റ്റാള്‍ജിയയുടെ സൃഷ്ടിയും ഭാഗവുമാണ്. മോഹന്‍ലാല്‍ എന്ന നടന്‍ ഇന്നിന്റെ നടന്‍ കൂടിയാണ്. കാലത്തിന് അനുസരിച്ചുള്ള മാറ്റം അദ്ദേഹത്തിലെ അഭിനേതാവിനും താരത്തിനും സംഭവിച്ചിട്ടുണ്ട്.
അങ്ങനെയുള്ള ഇന്നത്തെ മോഹന്‍ലാലിന് വേണ്ടിയുള്ളതാണ് സിനിമയുടെ രണ്ടാം പകുതി. ആദ്യ ഭാഗത്തെ ദൃശ്യം മോഡല്‍ ഫീല്‍ഗുഡ് മൊമന്റ്‌സില്‍ നിന്നും ഡ്രാസ്റ്റിക് ആയൊരു ഷിഫ്റ്റ് നടത്തുകയാണ് ഇന്റര്‍വെല്ലിന് തൊട്ട് മുമ്പായി സിനിമ. പിന്നീടങ്ങോട്ട് കാണുന്നത് വിന്റേജ് മോഹന്‍ലാലിനെയല്ല, പുതിയകാലത്തിന്റെ സൃഷ്ടിയായ, പുതിയ കാലം ആവശ്യപ്പെടുന്ന മോഹന്‍ലാലിനെയാണ്. അഭിനയത്തില്‍ തന്റെ പഴയ കഥാപാത്രങ്ങളെയൊന്നും ആവര്‍ത്തിക്കാതെ പുതിയൊരു ഷണ്‍മുഖനെയാണ് മോഹന്‍ലാല്‍ സ്‌ക്രീനില്‍ അവതരിപ്പിക്കുന്നത്.
നല്ല സംവിധായകന്റെ കയ്യില്‍ കിട്ടിയാല്‍, തനിക്ക് ഇനിയും പുതിയൊരു കഥാപാത്രമായി മാറാന്‍ ഒരു പ്രതിസന്ധിയും തടസമാകില്ലെന്ന് മോഹന്‍ലാല്‍ കാണിച്ചു തരുന്നുണ്ട്. വളരെ ഗ്രൗണ്ടഡ് ആയിരിക്കെ തന്നെ ഡെവിളിഷാകാന്‍ സാധിക്കുന്ന ഷണ്‍മുഖനെ മോഹന്‍ലാല്‍ രണ്ടാം പകുതിയി കാണിച്ചു തരുന്നുണ്ട്. വൈകാരിക രംഗങ്ങളില്‍ അയാള്‍ അനുഭവിക്കുന്ന തളര്‍ച്ചയും നിസ്സഹായതയും കാഴ്ചക്കാരുടെ കൂടി ശ്വാസം മുട്ടിക്കുന്നതാണ്.
ദൃശ്യത്തിലെ ജോര്‍ജ് കുട്ടി തന്റെ കുടുംബത്തിന് വേണ്ടി ഒരു സത്യം മറച്ചുവെക്കുകയാണ് ചെയ്യുന്നത്. ഇവിടെ തന്റെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി സത്യം തുറന്നു കാണിക്കാനുള്ള ശ്രമമാണ് ഷണ്‍മുഖം നടത്തുന്നത്. മുണ്ടുമടക്കി കുത്തി ഏതൊരു എതിരാളിയേയും ഇടിച്ചിടുന്ന മോഹന്‍ലാല്‍ ഒരുപാട് കണ്ടിട്ടുള്ള കാഴ്ചയാണ്. പക്ഷെ അങ്ങനൊരു ടിപ്പിക്കല്‍ ഹീറോയല്ല ഷണ്‍മുഖന്‍ അയാള്‍ മുണ്ടു മടക്കി കുത്തുന്നത്, തനിക്ക് മുന്നില്‍ മറ്റൊരു വഴിയുമില്ലാത്ത സാഹചര്യത്തിലാണ്.
പ്രകടനം കൊണ്ട് മോഹന്‍ലാല്‍ ഒരിക്കല്‍ കൂടി വിസ്മയിപ്പിക്കുമ്പോള്‍ ഷോ സ്റ്റിലര്‍ ആകുന്നത് പ്രകാശ് വര്‍മയാണ്. ആഡ് ഫിലിം മേക്കറായ പ്രകാശ് വര്‍മയുടെ സിഐ ജോര്‍ജ് സമീപകാലത്ത് കണ്ട ഏറ്റവും മികച്ച പ്രതിനായകന്മാരില്‍ ഒരാളും, പ്രകടനങ്ങളില്‍ ഒന്നുമാണ്. ചിരിച്ചു കൊണ്ട് കഴുത്തറക്കുന്ന, ഇന്റിമിഡേറ്റിംഗ് ആയ കോള്‍ഡ് ബ്ലഡഡ് കഥാപാത്രം. തുടക്കം മുതല്‍ അവസാനം വരെ തീര്‍ത്തും അപ്രവചീനയമായ പ്രകടനം. ഹീ ഈസ് ഹിയര്‍ ടു സ്റ്റെ. പരിചിതമല്ലാത്ത മുഖം എന്നത് കൂടി അദ്ദേഹത്തിന്റെ കാസ്റ്റിംഗിനെ സഹായിച്ചിട്ടുണ്ട്.
തരുണ്‍ മൂര്‍ത്തിയുടെ സിനിമകളില്‍ ബിനു പപ്പു എന്ന നടനെ ഉപയോഗപ്പെടുത്തുന്നത് ശ്രദ്ധേയമാണ്. ഇത്തവണയും മികച്ചൊരു കഥാപാത്രത്തെ തന്നെ തരുണ്‍ ബിനു പപ്പുവിന് നല്‍കിയിട്ടുണ്ട്. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് സമ്മാനിച്ചിട്ടു കൊണ്ട് ബിനു അതിനോട് നീതി പുലര്‍ത്തുകയും ചെയ്യുന്നു. ശോഭന-മോഹന്‍ലാല്‍ രംഗങ്ങള്‍ നൊസ്റ്റാള്‍ജിക് ആണ്. എന്നാല്‍ ശോഭന എന്ന താരത്തേയും നടിയേയും കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുമായിരുന്നു. തന്റേതായ രംഗങ്ങളില്‍ അവര്‍ അത് ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
സിനിമയുടെ മൂഡ് മാറുന്നതിന് അനുസരിച്ച് മാറുന്ന ഫ്രെയ്മിംഗിലൂടേയും ലൈറ്റിംഗിലൂടേയും ഷാജി കുമാര്‍ എന്ന ഛായാഗ്രാഹകനും സിനിമയെ എലിവേറ്റ് ചെയ്യുന്നുണ്ട്. ലൈറ്റ് ആയ രംഗങ്ങളുള്ള ആദ്യ പകുതിയില്‍ ഓരോ ഫ്രെയിമും പരമാവധി മനോഹരമാക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ കൂടുതലും വൈഡ്, മിഡ് ഷോട്ടുകള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ടൈറ്റ് ആയ ഫ്രെയ്മുകളും ഷിലൗട്ടുകളുമൊക്കെയായി രണ്ടാം ഭാഗം ഇന്റെന്‍സ് ആക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ഫോക്ക് ടച്ചുള്ള പശ്ചാത്തല സംഗീതം കൊണ്ട് രംഗങ്ങളെ ലിഫ്റ്റ് ചെയ്യാന്‍ ജേക്‌സ് ബിജോയ്ക്കും സാധിച്ചിട്ടുണ്ട്. സിനിമയുടെ ടോണിന് അനുസരിച്ച് കട്ടുകളുടെ ഒഴുക്ക് നിയന്ത്രിക്കാന്‍ നിഷാദ് യൂസുഫ് എന്ന എഡിറ്റര്‍ക്കും സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്‌ക്കൊരു നഷ്ടം തന്നെയാണ്.
രണ്ട് ടോണിലും സിനിമയെ എന്‍ഗേജിംഗ് ആക്കി നിര്‍ത്താന്‍ തരുണ്‍ മൂര്‍ത്തിയെന്ന സംവിധായകന് സാധിച്ചിട്ടുണ്ട്. തന്റെ മുന്‍ സിനിമകളായ ഓപ്പറേഷന്‍ ജാവയിലും സൗദി വെള്ളക്കയിലും കാണിച്ച റിയലിസ്റ്റിക് അപ്രോച്ച് അല്ല തുടരുമില്‍ തരുണ്‍ മൂര്‍ത്തി സ്വീകരിച്ചിരിക്കുന്നത്. മുന്‍ സിനിമകളിലേത് പോലെ തന്നെ ട്വിസ്റ്റുകളെ അമിതമായി ആശ്രയിക്കാതെ, വൈകാരികതയിലൂന്നിയാണ് അദ്ദേഹം ഇത്തവണയും കഥ പറയുന്നത്. അതുകൊണ്ട് തന്നെ കഥയില്‍ നിന്നും പ്രേക്ഷകര്‍ ഒരിക്കലും ഡിറ്റാച്ച്ഡ് ആകുന്നത്.
കെആര്‍ സുനിലും തരുണും ചേര്‍ന്നെഴുതിയ തിരക്കഥ തന്നെയാണ് തുടരും സിനിമയുടെ ആത്മാവ്. വലിയ ട്വിസ്റ്റുകളോ, അമാനുഷികതയോ ഇല്ലാത്ത, ഒട്ടും അഹങ്കാരമില്ലാത്തൊരു സിനിമയാണ് ഇരുവരും ചേര്‍ന്ന് എഴുതിയിരിക്കുന്നത്. അതേസമയം, പതിഞ്ഞ താളത്തില്‍ നിന്നും ടോപ് ഗിയറിലേക്ക് ഷിഫ്റ്റ് ചെയ്യുമ്പോള്‍ തിരക്കഥയ്ക്ക് ഗ്രിപ്പ് നഷ്ടമാകുന്നുണ്ട്. റിയലിസ്റ്റിക് അപ്രോച്ചുള്ള ത്രില്ലറില്‍ നിന്നും തീര്‍ത്തും ജെനറിക് ആയൊരു റിവഞ്ച് ഡ്രാമയിലേക്കാണ് സിനിമ വന്ന് നില്‍ക്കുന്നത്.

ആക്ഷന്‍ രംഗങ്ങളും വൈകാരിക രംഗങ്ങളുമൊക്കെയായി രണ്ടാം ഭാഗം വേഗത്തിലാണ് സഞ്ചരിക്കുന്നത്. എന്നാല്‍ അവസാന ഭാഗങ്ങളില്‍ അതുവരെ ഉണ്ടായിരുന്ന ലാളിത്യം സിനിമയ്ക്ക് നഷ്ടമാവുകയാണ്. മോഹന്‍ലാല്‍ എന്ന നടനും താരത്തിനുമുള്ള ട്രിബ്യൂട്ടുകള്‍ക്കിടയില്‍ കണ്‍ഫ്യൂഷന്‍ അടിച്ച് നില്‍ക്കുന്നൊരു സംവിധായകനെ അവിടെ കാണാം. അവസാന രംഗങ്ങള്‍ വലിച്ചുനീട്ടി തന്നിലെ ഫാന്‍ബോയിയെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്ന സംവിധായകനെ അവിടെ കാണാം. ഒന്ന് കൂടി ട്രിം ചെയ്ത്, കുറച്ചു കൂടി കണ്‍വിന്‍സിംഗായി അവതരിപ്പിക്കാന്‍ സാധിച്ചുവെങ്കില്‍ ജെനറിക് റിവഞ്ച് ഡ്രാമയില്‍ നിന്നും മുകളിലേക്ക് പോകാന്‍ സിനിമയ്ക്ക് സാധിച്ചേനെ. പ്രത്യേകിച്ചും സമീപകാലത്ത് മോഹന്‍ലാല്‍ ഇത്രയും വൈകാരികമായി കണക്ട് ചെയ്യുന്നൊരു കഥാപാത്രം ചെയ്തിട്ടില്ലെന്നിരിക്കെ.
കഥാന്ത്യത്തില്‍ ചിത്രം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ആ രാഷ്ട്രീയത്തോട് തീര്‍ത്തും വിരുദ്ധമായ കണ്ണിന് കണ്ണ് എന്ന സമീപനാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത് എന്നത് വിരോധാഭാസമാണ്. മലയാളിക്ക് എത്ര കണ്ടാലും മതിവരാത്ത കാഴ്ചയാണ് ആനയും മോഹന്‍ലാലും എന്നാണ് പറയുക. അത് അക്ഷരാര്‍ത്ഥത്തില്‍ തന്നെ സിനിമ അവതരിപ്പിക്കുന്നുണ്ട്, മോഹന്‍ലാലിനെ കാടിറങ്ങിയ ഒറ്റയാനോട് ഉപമിച്ചുക്കൊണ്ട്. ആ കാഴ്ച മലയാളിയ്ക്ക് ആവേശമാകുന്നതില്‍ അത്ഭുതമില്ല.


Click it and Unblock the Notifications











