സൂപ്പര്‍ സ്റ്റാറിന് വഴിയൊരുക്കാന്‍ ഒതുങ്ങി നടക്കുന്ന രാഷ്ട്രീയം; വിരസം വേട്ടയാന്‍
റിസള്‍ട്ട് എന്തു തന്നെയാണെങ്കിലും വേട്ടയാന്‍ പ്രധാനപ്പെട്ടൊരു സിനിമയാണ്. കുറഞ്ഞപക്ഷം തമിഴ് സിനിമയ്‌ക്കെങ്കിലും. കാലങ്ങളായി ഗുണ്ടകളെ അടിച്ചൊതുക്കുന്ന, വില്ലന്മാരെ വെടിവച്ചിടുന്ന പൊലീസ് ആണ് മാസ് നായകന്‍. രജനീകാന്തിന്റെ തന്നെ ഈയ്യടുത്തിറങ്ങിയ ജയ്‌ലര്‍ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്ന്. ഈ നടപ്പുരീതിയെ ചോദ്യം ചെയ്യുന്ന സിനിമയാണ് വേട്ടയാന്‍. എന്‍കൗണ്ടര്‍ കില്ലിംഗിനേയും പൊലീസ് അതിക്രമത്തേയും ചോദ്യം ചെയ്യുന്ന സിനിമ, അതില്‍ രജനീകാന്ത് നായകനായി എത്തുന്നു എന്നത് പ്രധാനപ്പെട്ട വസ്തുതയാണ്.
മുമ്പ് കാലയിലും കബാലിയിലുമൊക്കെ രജനീകാന്തിനെ വച്ച് തന്റെ രാഷ്ട്രീയം പറയാന്‍ പാ രഞ്ജിത്ത് ശ്രമിച്ചിട്ടുണ്ട്. അതേ വഴിയാണ് ടി ജെ ജ്ഞാനവേലും തിരഞ്ഞെടുത്തിരിക്കുന്നത്. പക്ഷെ ഇടയ്‌ക്കെപ്പോഴെ ജ്ഞാനവേലിന് വഴി തെറ്റിയെന്ന് മാത്രം.

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളാണ് അമിതാഭ് ബച്ചനും രജനീകാന്തും. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരുടേയും പാതകള്‍ കൂട്ടിമുട്ടുകയാണ് വേട്ടയാനില്‍. ഒരു വശത്ത് അന്നത്തേത് പോലെ ഇന്നും തിരയ്ക്ക് തീപിടിപ്പിക്കുന്ന സൂപ്പര്‍ താരമായി രജനി. മറുവശത്താകട്ടെ പഴയ ആഗ്രി യങ് മാന്‍ കാലത്തിന്റെ തെറ്റ് തിരുത്താന്‍ ശ്രമിക്കുന്ന കഥാപാത്രമാണ്.
വേട്ടയാന്‍ ആരംഭിക്കുന്നത് അമിതാഭ് ബച്ചനില്‍ നിന്നുമാണ്. എന്‍കൗണ്ടര്‍ കില്ലിംഗിന് കയ്യടിക്കുന്നസിസ്റ്റത്തെ തിരുത്താന്‍ ശ്രമിക്കുന്ന സത്യദേവ് ആണ് ബച്ചന്റെ കഥാപാത്രം. സമാന്തരമായാണ് രജനിയുടെ വേട്ടയാന്റെ കഥ നടക്കുന്നത്. കുറ്റവാളികളെ യാതൊരു ദയയുമില്ലാതെ കൊന്ന് തള്ളുന്ന പൊലീസ് ആണ് വേട്ടയാന്‍. ഒരു ഘട്ടത്തില്‍ ഇരുവരും മുഖാമുഖം വരുന്നിടത്താണ് ടിജെ ജ്ഞാനവേലിന്റെ സിനിമ ആരംഭിക്കുന്നത്.
ആദ്യ പകുതി ടിപ്പിക്കല്‍ തമിഴ് ആക്ഷന്‍ സിനിമയാണ് വേട്ടയാന്‍. ജയ് ഭീം പോലൊരു സിനിമയെടുത്ത സംവിധായകന്‍ തന്നെയാണോ ഇതെന്ന് സംശയം തോന്നിപ്പിക്കുന്ന വിധം കൊമേഷ്യല്‍. രണ്ടാം പകുതിയിലേക്ക് കടക്കുന്നതോടെ സിനിമ അതുവരെയുള്ള സ്വന്തം യാത്രയേയും പ്രേക്ഷകരുടെ ബോധ്യങ്ങളേയും ചോദ്യം ചെയ്യുകയാണ്. മലയാളത്തില്‍ മുമ്പ് ജന ഗണ മന ചെയ്തതു പോലൊരു സ്വിച്ചിംഗ് ഓഫ് ദ ടേബിള്‍.
ചിത്രത്തിലൊരിടത്ത് ഫഹദ് ഫാസിലിന്റെ ക്യാരക്ടര്‍ പറയുന്നത് പോലെ ലെയ്‌സ് പാക്കറ്റ് പോലെയാണ് വേട്ടയാന്‍. എന്തൊക്കെയോ ഉണ്ടെന്ന് തോന്നിപ്പിക്കും. പക്ഷെ ഉള്ളില്‍ ഒന്നുമില്ല. എന്‍കൗണ്ടര്‍ കില്ലിംഗ് പോലെ വളരെ ഗൗരവ്വമുളള വിഷയത്തെ രജനീകാന്തിന്റെ സ്റ്റാര്‍ഡമിനോട് ചേര്‍ത്തുവെക്കാന്‍ ശ്രമിച്ച് പരാജയപ്പെടുകയാണ് ജ്ഞാനവേല്‍. തന്റെ പൊളിറ്റിക്‌സില്‍ നിന്നും വ്യതിചലിക്കാതിരിക്കാന്‍ അദ്ദേഹം പരാമവധി ശ്രമിക്കുമ്പോഴും പ്രവചനീയമായൊരു തിരക്കഥയും പ്രസംഗം പോലെ പൊളിറ്റിക്‌സ് പറയുന്നതും നിരാശപ്പെടുത്തുന്നു.
എന്‍കൗണ്ടര്‍ കില്ലിംഗിനെ ഗ്ലോറിഫൈ ചെയ്യുന്നതിനെ ചോദ്യം ചെയ്യുന്നതാണ് സിനിമ. പക്ഷെ സിനിമ തന്നെ പൊലീസ് രാജിനെ മാസ് ബിജിഎം നല്‍കി ആഘോഷിക്കുമ്പോള്‍ കൂടെ കയ്യടിക്കുന്ന പ്രേക്ഷകരെ പ്രതിചേര്‍ക്കുന്നത് ശരിയാണോ? ആരാധകരുടെ കയ്യടികള്‍ക്ക് വേണ്ടി സിനിമ ചെയ്യുന്ന നായകനാണ് രജനീകാന്ത്. വേട്ടയാനിലെ പൊലീസ് ഉദ്യോഗസ്ഥനും ആ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. എന്നാല്‍ ഒരു ഘട്ടത്തില്‍ അയാള്‍ക്ക് മാറ്റം സംഭവിക്കുന്നു. പക്ഷെ എന്ത് മാറ്റം? താന്‍ ചെയ്ത പ്രവര്‍ത്തികളില്‍ അയാള്‍ക്ക് കുറ്റ ബോധമുണ്ടായെന്ന് പറയുന്നു. പക്ഷെ എത്രത്തോളം? പ്രായശ്ചിത്തമായി അയാള്‍ എന്താണ് ചെയ്തത്? അയാളുടെ കുറ്റബോധം ആത്മാര്‍ത്ഥമായിരുന്നോ? ഈ ചോദ്യങ്ങള്‍ക്കൊന്നും സിനിമ ഉത്തരം നല്‍കുന്നില്ല, അതിന് തടസമായി നില്‍ക്കുന്നത് രജനീകാന്ത് എന്ന സൂപ്പര്‍ താരമാണ്. വേട്ടയാനും പ്രേക്ഷകര്‍ക്കും ഇടയില്‍ മറ സൃഷ്ടിക്കുകയാണ് രജനിയുടെ സ്റ്റാര്‍ഡം.
രജനിയ്ക്കും ബച്ചനും പുറമെ മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റിതിക സിംഗ്, ദുഷറ വിജയന്‍ തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട് ചിത്രത്തില്‍. എല്ലാം നല്ല അഭിനേതാക്കളെന്ന് തെളിയിച്ചവര്‍. പക്ഷെ അവരെ ബഹുമാനിക്കുന്നൊരു തിരക്കഥയൊരുക്കാന്‍ സാധിച്ചിട്ടില്ല. ഷെര്‍ലക് ഹോംസിന് വാട്‌സണ്‍ എന്നത് പോലെയാണ് രജനിയ്ക്ക് ഫഹദ് എന്നാണ് ചിത്രത്തിലെ വെപ്പ്. തന്റെ സ്‌ക്രീന്‍ പ്രസന്‍സും അഭിനയത്തിലെ അനായാസതയും കൊണ്ട് ഫഹദ് വരുന്ന രംഗങ്ങള്‍ ആസ്വാദ്യകരമാകുന്നുണ്ട്. പക്ഷെ ഫഹദിനെ പോലൊരു നടനേയും താരത്തേയും ആ കഥാപാത്രം അര്‍ഹിക്കുന്നില്ല. യാതൊരു ആര്‍ക്കുമില്ലാത്തൊരു കഥാപാത്രത്തെ തന്റെ പ്രകടനം കൊണ്ട് മാത്രം ലിഫ്റ്റ് ചെയ്യുകയാണ് ഫഹദ്.

രജനിയുടെ ഭാര്യയാണ് ചിത്രത്തിലെ മഞ്ജുവിന്റെ കഥാപാത്രം. നായകന്റെ ഭാര്യ എന്നതിനപ്പുറം ഒരു ഐഡന്റിറ്റിയും ആ കഥാപാത്രത്തിനില്ലെന്നതാണ് വസ്തുത. ഒരൊറ്റ മാസ് രംഗവും പാട്ടിലെ എനര്‍ജിയും മാത്രമാണ് മഞ്ജുവിന്റെ കഥാപാത്രം ബാക്കിയാക്കുന്ന ഓര്‍മ്മ. ടിപ്പിക്കല്‍ സൈഡ് കിക്ക് പൊലീസ് ഉദ്യോഗസ്ഥ വേഷമാണ് റിതികയുടേത്. ജീവിതത്തില്‍ കിക്ക് ബോക്‌സറായ റിതികയുടെ ആക്ഷന്‍ രംഗം പോലും അലസമായാണ് ചിത്രീകരിച്ചിരിക്കുന്നത്. നായകനും നായകന്റെ കൂട്ടുകാരനും കോഫി ഉണ്ടാക്കി കൊടുക്കേണ്ടി വരുന്ന ഐപിഎസ് ഉദ്യോഗസ്ഥ ജ്ഞാനവേലിന്റെ സിനിമയില്‍ അപ്രതീക്ഷിത കാഴ്ചയാണ്. രജനിയ്ക്കല്ലാതെ ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാനുണ്ടായിരുന്നത് ദുഷറയ്ക്ക് മാത്രമാണ്. എന്നാല്‍ ആ കഥാപാത്ര സൃഷ്ടിയും കാലഹരണപ്പെട്ടതാണ്.
ശരാശരി തിരക്കഥയേയും തന്റെ സംഗീതം കൊണ്ട് അനിരുദ്ധ് ലിഫ്റ്റ് ചെയ്യുന്നത് കാണാറുണ്ട്. എന്നാല്‍ ഇവിടെ അനിരുദ്ധും ജ്ഞാനവേലും തമ്മില്‍ കണ്ടിട്ടുണ്ടോ എന്ന് സംശയം തോന്നിപ്പോകും. രണ്ടു പേരും പ്രസന്റ് ചെയ്യാന്‍ ശ്രമിച്ചത് രണ്ട് സിനിമകളായിരുന്നു.
ഇത്ര വലിയ ബജറ്റില്‍, ഇത്ര വലിയ താരനിര അഭിനയിക്കുന്നൊരു സിനിമ എന്ന നിലയില്‍ കൊമേഷ്യല്‍ എലമെന്റുകള്‍ ചേര്‍ക്കേണ്ടി വന്നതാണ് വേട്ടയാന്‍ നേരിട്ട പ്രതിസന്ധി. ഒരുപക്ഷെ കുറഞ്ഞ ബജറ്റില്‍, ജയ് ഭീം ചെയ്തതു പോലെ ജ്ഞാനവേലിന്റെ സോണില്‍ തന്നെ ഒരുങ്ങിയിരുന്നുവെങ്കില്‍ വേട്ടയാന്‍ എന്നെന്നും നിലനില്‍ക്കുന്നൊരു സിനിമയായിരുന്നേനെ.


Click it and Unblock the Notifications